Saturday 09 November 2019 03:40 PM IST : By Harikishore IAS

കരിയറിനെ കുറിച്ച് ധീരമായ തീരുമാനം എടുത്തേ മതിയാകൂ; എത്ര നേരത്തേയാകുന്നോ അത്രയും നല്ലത്!

‘‘പന്ത്രണ്ടാം ക്ലാസ് വരെ കണ്ണൂരിൽ നവോദയ സ്കൂളിലാണ് പഠിച്ചത്. പത്താം ക്ലാസ്സിൽ നല്ല മാർക്കോടെ പാസായതിനു പിന്നാലെ പ്ലസ്ടുവിന് സയൻസ് എടുത്തു പഠിക്കാൻ ചേർന്നു. സ്വാഭാവികമായും എൻട്രൻസ് എഴുതി. മൂവായിരത്തിനടുത്താണ് റാങ്ക്. അതുകൊണ്ടു തന്നെ മിടുക്കന്മാരെടുക്കുന്ന ഇലക്ട്രോണിക്സും കംപ്യൂട്ടർ സയൻസുമൊന്നും കിട്ടിയില്ല. വീടി നടുത്ത് കണ്ണൂർ ഗവൺമെന്റ് എൻജിനീയറിങ് കോളജിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ അഡ്മിഷൻ കിട്ടിയതുകൊണ്ട് അവിടെ ചേർന്നു.

അധ്യാപകരായിരുന്നു അച്ഛനും അമ്മയും. അതുകൊണ്ടാകും, മോശമല്ലാത്ത രീതിയിൽ അന്നുമെന്നും പഠിച്ചിരുന്നു. യൂണിേവഴ്സിറ്റി ഫസ്റ്റ് റാങ്കോടെയാണ് എൻജിനീയറിങ് പാസായത്. അതുകഴിഞ്ഞ് കാൺപൂർ ഐ ഐടിയിൽ നിന്ന് ജിഇ ഫൗണ്ടേഷന്റെ സ്കോളർഷിപ്പോടെ എംടെക്കും നേടി.

എംടെക് ടു സിവിൽ സർവീസ്

എംടെക്കിന് പഠിക്കുന്ന കാലത്ത് പഠനം കഴിഞ്ഞ് മുന്നിൽ പിന്നെ, രണ്ടു ഓപ്ഷനുകളേ ഉ ള്ളൂ... ഒന്നുകിൽ ജോലിക്ക് കയറണം, അല്ലെങ്കിൽ പിഎച്ച്ഡി ചെയ്യണം. പക്ഷേ, സിവിൽ സർവീസിലേക്കു യുടേൺ നടത്താൻ എനിക്കു പ്രേരണയായ പല വ്യക്തികളെ അവിടെ വച്ചു കണ്ടുമുട്ടി. കംപ്യൂട്ടർ സയൻസിൽ അഖിലേന്ത്യാ തലത്തിൽ പത്താം റാങ്ക് നേടി എംടെക്കിനു ചേർന്ന സംഗീത് പോൾ എന്ന എന്റെ ഹോസ്റ്റൽ മേറ്റ് അതിലൊരാളാണ്. അദ്ദേഹത്തിന്റെ അടുത്ത ആഗ്രഹം ഫിനാൻസിൽ എം ബിഎ ചെയ്യണമെന്നാണ്. പഠനത്തിനിടെ ത ന്നെ അതിനു വേണ്ടി ശ്രമം തുടങ്ങി, ആദ്യ എ ൻട്രൻസിൽ തന്നെ അദ്ദേഹത്തിന് അഡ്മിഷനും കിട്ടി. ഇങ്ങനെ സ്വന്തം ഇഷ്ടത്തിന് കരിയർ തിരഞ്ഞെടുക്കാൻ ധൈര്യം കാണിക്കുന്ന കുറെപ്പേരെ കാൺപൂരിൽ കണ്ടു. അതാണ് എന്റെ കരിയറിലും നിർണായകമായത്.

മെക്കാനിക്കൻ എൻജിനീയറാകാൻ വേണ്ടിയാണോ ഞാൻ ജനിച്ചത് എന്നു സ്വയം ആ ഘട്ടത്തിൽ ചോദിച്ചു. വിവിധ കരിയർ ഓപ്ഷനുകളെ കുറിച്ച് ചിന്തിച്ചപ്പോഴാണ് സിവിൽ സർവീസ് മനസ്സിലേക്കു വന്നത്. സമൂഹത്തിനു വേണ്ടി നയപരമായ തീരുമാനങ്ങൾ കൈകൊണ്ട്, സേവനം ചെയ്യാൻ സാധിക്കുന്ന മേഖലയാണ് സിവിൽ സർവീസ് എന്നു മനസ്സിലാക്കിയതോടെ ഞാൻ തയാറെടുപ്പു തുടങ്ങി.

എംടെക് കഴിഞ്ഞ് നാട്ടിലെത്തി ആറു മാസം സ്വകാര്യ കോളജിൽ അധ്യാപകനായി. ആ സമയത്ത് ആദ്യമായി, 2005ൽ സിവിൽ സ ർവീസ് പ്രിലിമിനറി പരീക്ഷയെഴുതി. അതു പാസാകാത്തതുകൊണ്ട് ജോലി വിട്ട് മുഴുവൻ സമയം ഐഎഎസ് കോച്ചിങ്ങിനു ചേർന്നു. തിരുവനന്തപുരത്ത് കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിലെ ആറു മാസത്തെ പരിശീലനത്തിനു ശേഷം 2006ൽ ഒരിക്കൽ കൂ ടി എഴുതി. അപ്പോഴും പ്രിലിമിനറി പാസായില്ല. പിന്നെ, തിരുവനന്തപുരത്ത് ഒറ്റയ്ക്കു താമസിച്ച് പഠിക്കാൻ തുടങ്ങി. സിവിൽ സർവീസ് അക്കാദമിയുടെ ലൈബ്രറി നന്നായി ഉപയോഗിച്ചു. ഓപ്ഷനൽ സബ്ജക്ടായ മലയാളം ന ന്നായി പഠിക്കാനായി പാലായിലെ കോച്ചിങ് സെന്ററിലും തിരുവനന്തപുരത്തെ മിനി ടീച്ചറിന്റെയടുത്തും പോയി. 2007ൽ ആൾ ഇന്ത്യ തലത്തിൽ 14–ാം റാങ്കോടെ ഐഎഎസ് നേടി.

വഴികാട്ടിയത് ധൈര്യം

വിദ്യാഭ്യാസത്തിലും കരിയറിലും നമ്മുടെ വഴികൾ സ്വയം കണ്ടുപിടിക്കണമെന്നാണ് എന്റെ അനുഭവം. പക്ഷേ, വഴികാട്ടാൻ ഒരു മെന്റർ ഉണ്ടാകുന്നതും നല്ലതാണ്. നമ്മുടെ സ്വഭാവത്തിലെ പ്രത്യേകതകൾ പെട്ടെന്നു തിരിച്ചറിയാനാകുന്നത് അധ്യാപകർക്കോ അടുപ്പമുള്ള മറ്റുള്ളവർക്കോ ആകും. ആ പ്രത്യേകതകൾ വച്ചുതന്നെ നമ്മുടെ ജീവിതത്തിൽ ഇടപെടാനും അവർക്കു കഴിയും. നമ്മൾ തന്നെ നമ്മുടെ വഴി തേടി പോകുമ്പോൾ ഇത്തരം തിരിച്ചറിയലുകൾ വൈകിപ്പോയേക്കുമെന്നതാണ് പ്രശ്നം.

എന്നാൽ അങ്ങനെ സ്വയം തീരുമാനമെടുക്കാൻ നേരത്തേ തന്നെ കഴിയുന്നവരുമുണ്ട്. എന്റെ അമ്മാവന്റെ മകൻ സനൽ പഠിച്ചതൊക്കെ ഡൽഹിയിലാണ്. പണ്ടുമുതലേ സയൻസും എൻജിനീയറിങ്ങുമാണ് അവന് താൽപര്യം. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അവനൊരു പ്രഖ്യാപനം നടത്തി, സയൻസ് പഠിച്ച് സ യന്റിസ്റ്റാകും. അതിനുള്ള വഴിയും അവൻ ക ണ്ടുപിടിച്ചു. നാഷനൽ ടാലന്റ് സ്കോളർഷിപ്പോടു കൂടി പ്ലസ്ടു പാസായി. തുടർന്ന് ബെംഗളൂരു ഐഐഎസ്‌സിയിൽ നിന്ന് അപ്ലൈഡ് മാത്തമാറ്റിക്സിൽ ബിരുദാനന്തര ബിരുദമെടുത്തു. അതിനുശേഷം അമേരിക്കയിൽ ഉപരിപഠനം നടത്താനായി നാലു വർഷത്തെ പഠന പരിശ്രമം. ഇപ്പോഴവൻ അവിടെ പിഎച്ച്ഡി ചെയ്യുകയാണ്. ഇതേപോലെ കുട്ടികൾക്ക് സ്വന്തം ഭാവിയെ പറ്റി കരുത്തുള്ള തീരുമാനങ്ങൾ എടുക്കാൻ സാധിക്കുമ്പോൾ മികച്ച കരിയറിലേക്ക് അവർക്ക് എത്താനുമാകും.

മക്കളുടെ ഇഷ്ടത്തിന്റെ കൂടെ നിൽക്കുമ്പോഴും, അവരുടെ കരിയറിനെ കുറിച്ച് രക്ഷിതാക്കൾക്കു ഭയമുണ്ടാകും. സിവിൽ സർവീസിനു പഠിക്കുന്ന സമയത്ത് എന്റെ അച്ഛനും അ മ്മയും നല്ല സപ്പോർട്ടായിരുന്നു. ‘എത്ര നാൾ ഇങ്ങനെ പഠിച്ചു കൊണ്ടിരിക്കും, ഇതു കിട്ടിയില്ലെങ്കിൽ ഈ മൂന്നു വർഷം വെറുതേ പോകി ല്ലേ...’ എന്നൊക്കെ അവർക്ക് ഭയമുണ്ടായിരുന്നു എന്നു പിന്നീടാണ് തുറന്നു പറഞ്ഞത്. ആ സമയത്തെങ്ങാനും വേറേ ജോലി നോക്കിക്കൂടേ എന്ന് അവർ ചോദിച്ചിരുന്നെങ്കിൽ ചിലപ്പോൾ എന്റെ കരിയർ തന്നെ മാറിപ്പോയേനെ.

വിദ്യാഭ്യാസവും കരിയറും

ഒരു കുട്ടിയുടെ സർവതോന്മുഖമായ വികാസമാണ് വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്. സ്വഭാവം രൂപവത്കരിക്കുന്നതും വിജ്ഞാന മേഖല വികസിക്കുന്നതുമൊക്കെ അതിലൂടെയാണ്. കുറെക്കൂടി പ്രാക്ടിക്കലായി പറഞ്ഞാ ൽ, ഒരു കാര്യത്തെ കുറിച്ച് വ്യക്തതയോടെ ഉള്ള അറിവ് ഉണ്ടാകാൻ സാധിച്ചാൽ അത് നല്ല വിദ്യാഭ്യാസമായി. എന്നാൽ പലപ്പോഴും വിദ്യാഭ്യാസം ഒരു പ്രത്യേക ചട്ടക്കൂടിൽ ഒതുങ്ങും. പരീക്ഷ പാസാകാനും മാർക്ക് വാങ്ങാനും മാത്രമാകും പഠനം.

കരിയറിൽ തിളങ്ങണമെമെങ്കിൽ മികച്ച കോൺട്രിബ്യൂഷൻ ചെയ്യാൻ സാധിക്കുന്ന മേഖലയിൽ പ്രവർത്തിക്കാൻ കഴിയണം. ഏ റ്റവും താൽപര്യമുള്ള ജോലി ചെയ്യുമ്പോഴേ ആ പ്രവർത്തന മികവ് കിട്ടൂ. ഇക്കാര്യത്തിൽ EXCELLENCE is directly proportional to your PASSION എന്നാണ് എന്റെ തിയറി. മനസ്സിന് ഏറ്റവും ഇഷ്ടപ്പെട്ട തൊഴിലിൽ എത്തിച്ചേർന്നാലേ അതിൽ ഉയർന്ന നിലയിലെത്താനും, ഉയർന്ന നിലവാരത്തിലുള്ള പ്രവർത്തനം കാഴ്ച വയ്ക്കാനുമാകൂ. സ്വയം കണ്ടെത്തി കിട്ടുന്ന നേട്ടങ്ങൾക്ക് മധുരം കൂടുമെന്നു മാത്രമല്ല, ജോ ലിയിൽ നിന്നു കിട്ടുന്ന സന്തോഷവും വലുതായിരിക്കും. ഞാൻ ചെയ്യുന്ന ജോലിയിൽ എനിക്ക് അഭിമാനമുണ്ട് എന്നു പറയാനാകണം, ഏതു ജോലിക്കും അതിന്റേതായ മാന്യതയുമുണ്ട്.

ധീരമായ തീരുമാനം എടുക്കണം

അച്ഛനും അമ്മയ്ക്കും ജോലിയുണ്ടായിരുന്നതു കൊണ്ട് 25 വയസ്സുവരെ എനിക്ക് ജോലി കിട്ടിയില്ലെങ്കിലും വീട്ടിൽ വലിയ സാമ്പത്തിക പ്രശ്നമില്ലായിരുന്നു. എന്നാൽ എല്ലാവരുടെയും സ്ഥിതി അങ്ങനെയാകണമെന്നില്ല. പലർക്കും 20 വയസ്സിൽ തന്നെ ജോലിയില്‍ പ്രവേശിച്ച് വീട്ടിലേക്കുള്ള പണം സമ്പാദിക്കണമെന്ന സാഹചര്യം വരാറുണ്ട്. പെട്ടെന്ന് ജോലി വാങ്ങണമെന്ന പ്രഷർ കൂടി വരുമ്പോൾ ഇഷ്ടത്തിനു പിന്നാലെ പോകാൻ സമയമുണ്ടാകില്ല. പക്ഷേ, കരിയറിനെ കുറിച്ച് ആ ധീരമായ തീരുമാനം നിങ്ങൾ എടുത്തേ മതിയാകൂ. അത് എത്ര നേരത്തേയാകുന്നോ, വിജയത്തിലേക്കെത്താൻ അത്രയും സമയം കിട്ടും.