Monday 13 April 2020 03:43 PM IST

അകന്നകന്നിരുന്ന് സൂരജും സാമും ഒക്കെ ചേർന്നൊരുക്കിയ കരുത്ത്‌

Shyama

Sub Editor

akannu

കൊച്ചി കളക്ടറുടെതടക്കം പല ഗവണ്മെന്റ് പേജിലൂടെയും ഇറങ്ങിയ ഒരു പാട്ട് നിമിഷ നേരം കൊണ്ട് എഫ്.ബിയിലെ വാളുകളായ വാളുകളിലും വാട്സ്ആപ്പ് ഗ്രൂപ്പുകളായ ഗ്രൂപ്പിലും ഒക്കെ കയറി, ആളുകൾ ഒരുമിച്ച് പാടുന്നിടം വരെ എത്തി നിൽക്കുന്നു. ഇതാണ് 'അകന്നകന്നിരുന്ന് നാം... ' എന്ന പാട്ടിന്റെ കഥ. സംഗീത സംവിധായാകനും ഗായകനും നടനുമൊക്കെയായ സൂരജ് എസ്. കുറുപ്പിന്റെ സംഗീതത്തിലും സ്വരത്തിലും ഇറങ്ങിയ പാട്ടിന്റെ വരികൾ സാം മാത്യുവിന്റേതാണ്.

"ഗവണ്മെന്റിന്റെ പി. ആർ. ഡിപ്പാർട്മെന്റിൽ ജോലിചെയ്യുന്ന വിനോദാണ് ഈ പാട്ടിന്റെ കാര്യം ആദ്യം പറഞ്ഞത്. അന്ന് കേരളത്തിന്റെ അവസ്ഥ ഇത്ര നിയന്ത്രണവിധേയമല്ല, ആളുകൾക്ക് ആത്മവിശ്വാസം നൽകുന്നൊരു പാട്ട് വേണം എന്നാണ് പറഞ്ഞത്." സൂരജ് പറയുന്നു. സൂരജ് മുൻപ് ജനസമ്പർക്ക പരിപാടിക്ക് വേണ്ടി ചെയ്ത 'നാം മുന്നോട്ട്' എന്നൊരു പാട്ടിന്റെ പരിചയം വഴി വന്നതായിരുന്നു ആ വിളി. "ഒരു മിനിറ്റ് നേരമുള്ളോരു പാട്ടെന്നാണ് അവർ പറഞ്ഞത്. എഴുത്തിനെ കുറിച്ചോർത്തപ്പോഴേ സാമിന്റെ മുഖമാണ് മനസ്സിൽ വന്നത്. അപ്പൊ തന്നെ സാമിനെ വിളിച്ചു പറഞ്ഞു. 'സഖാവ്' എന്ന കവിത എഴുതിയ അതെ സാം. ഞങ്ങൾ തമ്മിൽ സി.എം. എസ് കോളജിൽ പഠിച്ചത് മുതലുള്ള ബന്ധമാണ്. നീ എഴുതി അയച്ചിട്ട് ഞാൻ ട്യൂൺ ചെയ്യാമെന്ന് അവനോട് പറഞ്ഞത് ഫോൺ വെച്ചു. അന്ന് വൈകുന്നേരം അവനിത് എഴുതി അയച്ചു. രാവിലെ തന്നെ ഞാൻ ട്യൂൺ ചെയ്ത് പാടി നോക്കി വീട്ടിലിരുന്നു റെക്കോർഡ് ചെയ്ത് അയച്ചു കൊടുത്തു. കേട്ടതും അവർക്ക് നല്ല സന്തോഷമായെന്ന് പറഞ്ഞു.

ഇതെന്തോ ചെറിയ പ്രൊജക്റ്റിനു വേണ്ടിയാണെന്നാണ് ഞാൻ കരുതിയത്. ഇതിന്റെ കോർ കമ്മിറ്റിയിലുള്ള സിദ്ധാർഥ് ശിവ വിളിച്ച് ഒരു വീഡിയോ വന്നു നല്ല റീച് ഉണ്ട് ഇത് നിന്റേതാണോ എന്ന് ചോദിക്കുമ്പോഴാ പിന്നെ ഞാൻ സോഷ്യൽ മീഡിയയിൽ നോക്കിയത്. അപ്പൊ ദേ, എറണാകുളം കളക്ടർ സുഹാസ് ഐ.എ.എസ്.ഒക്കെ ഷെയർ ചെയ്തിരിക്കുന്നു. ജനങ്ങൾ ഏറ്റെടുത്തു എന്ന് പറയുന്നത് വലിയൊരു ആദരം കിട്ടുന്നതിന് തുല്യമാണ്...

കുറച്ചു നേരം കൂടി വേണമായിരുന്നു എന്നാളുകൾ പറയുന്നത് കേൾക്കുമ്പോഴും സന്തോഷം, അത് സാമിന്റെ ആ വരികളുടെ ശക്തിയാണ്!"

സ്വദേശം കോട്ടയമാണെങ്കിലും തൽക്കാലം നിയമങ്ങൾ പാലിച്ച് യാത്രയൊന്നും ചെയ്യാതെ കൊച്ചിയിലെ വീട്ടിൽ തന്നെയുണ്ട് സൂരജും ഭാര്യയും. ലോക്ക്ഡൗൺ ഒക്കെ നീങ്ങിയിട്ട് ഇനി ഉഷാറായി വീട്ടിൽ പോകാമെന്ന പ്രതീക്ഷയിലാണ് രണ്ടാളും. അതുവരെ കൂട്ടിന് വീട്ടിലെ പാട്ടും പാട്ടു നിറയുന്ന വാട്സാപ്പ് ഗ്രൂപ്പുകളും ഉണ്ടെന്ന്...