Saturday 11 August 2018 03:39 PM IST : By സ്വന്തം ലേഖകൻ

രണ്ടു കാലുകളും ഇല്ല,എന്നിട്ടും നൃത്തച്ചുവടുകളിലൂടെ വിസ്മയിപ്പിക്കുന്നു! അതിശയിപ്പിക്കും ദേവിന്റെ കഥ

dev-11

നൃത്തമായിരുന്നു അവന്റെ ലഹരി. എപ്പോഴും നൃത്തം ചെയ്യാൻ കൊതിച്ച, നർത്തകനാകായി അറിയപ്പെടാൻ വേണ്ടി മാത്രം ജീവിച്ചവൻ. പക്ഷേ വിധി അവന്റെ ലക്ഷ്യത്തിലേക്കുള്ള വഴി മധ്യേ ഒരു കറുത്ത മറ തീർത്തു. ആ പത്തൊമ്പതുകാരന്റെ രണ്ടു കാലുകളും ഒരു തീവണ്ടിയുടെ രൂപത്തിലെത്തി അറുത്ത് മാറ്റി. കാലുകൾ നഷ്ടപ്പെട്ട നർത്തകൻ. ഇതിലും എത്രയോ നല്ലത് മരണമായിരുന്നു എന്ന് ദേവ് മിശ്രയെന്ന അവന് ഒരു നിമിഷത്തേക്കെങ്കിലും തോന്നിയിരിക്കാം.

ആ തോന്നലിന്റെ ഭാരവും പേറി ശിഷ്ടകാലം നിരാശനായി ജീവിക്കാൻ അവൻ തയാറായിരുന്നില്ല. വിധി പണിതുയർത്തിയ വൈകല്യമെന്ന കറുത്ത മറ അവൻ ആത്മവിശ്വാസം കൊണ്ട് തല്ലിയുടച്ചു. ദുരിതക്കടൽ നീന്തി നൃത്തത്തിന്റെ പാതയിൽ ഇരട്ടി ആവേശത്തോടെ വീണ്ടും നടക്കാൻ തുടങ്ങി. അവൻ തീരുമാനിച്ചു, ഒരു ദിവസം രാജ്യം ഉറ്റുനോക്കുന്ന ഒരു നൃത്ത വേദിയിൽ തനിക്കും നിൽക്കണം. മതിയാവോളം ആടി നിറയണം...

dev22

രണ്ടര വർഷം മുൻപാണ്. ബിഹാറില്‍നിന്നും ഹൈദരാബാദിലെ ജോലി സ്ഥലത്തേക്ക് പോകാന്‍ റെയില്‍വേ സ്റ്റേഷനില്‍ നിൽക്കുകയായിരുന്നു ദേവ്. പെട്ടെന്ന് തിരക്കിനിടയിൽ പെട്ട്, നിയന്ത്രണം വിട്ട് അവൻ പ്ലാറ്റ്ഫോമിൽ നിന്ന് ട്രാക്കിലേക്കു വീണു. പാഞ്ഞു വന്ന ട്രെയിൻ മുട്ടിനു മുകളിൽ കാലുകൾക്കു മീതേ കയറിയിറങ്ങിയതു മാത്രമേ ഓർമ്മയിലുള്ളൂ.

ബോധം വീണ്ടുകിട്ടുമ്പോൾ ആശുപത്രിയിലാണ്. തുടയുടെ പാതി മുതൽ ശരീരം ശൂന്യമായിരുന്നു... ദേവിന് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു അത്. എല്ലാ ലക്ഷ്യങ്ങളും ഒരു നിമിഷം കൊണ്ട് മനസ്സിൽ നിന്ന് മാഞ്ഞു പോയി. നിരാശയുടെ നിലയില്ലാ കയത്തിലേക്കുള്ള വീഴ്ച...

പക്ഷേ തളർന്നു കിടക്കാൻ പറ്റില്ല. ജീവിക്കണമെങ്കിൽ സ്വന്തമായി അധ്വാനിക്കണം, വയസായ അമ്മയുടെ ചികിത്സയും മറ്റും ശ്രദ്ധിക്കണം... പക്ഷേ എങ്ങനെ ? കുടുംബത്തിന്റെ ഉത്തരവാദിത്വം തന്റെ ചുമലിലാണെന്ന തിരിച്ചറിവിൽ അവൻ വേദനയും തളർച്ചയും മറന്നു. മുറിവുകളൊക്കെ ഉണങ്ങിത്തുടങ്ങിയതോടെ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ തീരുമാനിച്ചു. കൈ കുത്തി നടക്കാന്‍ ശ്രമം തുടങ്ങി. ശരിക്കും ഒരു രണ്ടാം ജൻമം...

അരയ്ക്കു താഴേക്കുള്ള കൃത്രിമക്കാലുകള്‍ നിര്‍മിക്കാൻ മൂന്നു വര്‍ഷം കഴിയുമെന്ന് ജയ്പൂരില്‍നിന്നും അറിഞ്ഞതോടെ ദേവ് ജൻമദേശമായ ബിഹാറില്‍നിന്നും മുംബൈയിലേക്ക് വന്നു.

dev-4444

കുര്‍ള സ്റ്റേഷനില്‍ വണ്ടിയിറങ്ങുമ്പോള്‍ ഒരു ജോഡി വസ്ത്രം മാത്രമായിരുന്നു കൈയിലുണ്ടായിരുന്നത്. ഒരു ടാക്സി ഡ്രൈവറുടെ കാരുണ്യത്താൽ വസ്ത്രങ്ങളും പണവും കിട്ടി, വഴിയോരത്ത് കിടക്കുവാനൊരു സ്ഥലവും. അവിടെയും ദൗര്‍ഭാഗ്യം വിട്ട് പോയില്ല. ബാഗും പണവും മോഷ്ടിക്കപ്പെട്ടു. എങ്കിലും തളര്‍ന്നില്ല. അലച്ചില്‍ തുടര്‍ന്നു. ഒടുവിലൊരു വ്യവസായി കനിഞ്ഞു, ഇരുന്നു സഞ്ചരിക്കാവുന്ന ഒരു മുചക്ര വണ്ടി കിട്ടി. ഇപ്പോൾ താമസവും ഉറക്കവും യാത്രയുമെല്ലാം അതിൽ.

കാലുകള്‍ അറുത്തുമാറ്റപ്പെട്ടെങ്കിലും നൃത്തമെന്ന ലഹരി അപ്പോഴും ശേഷിക്കുന്നുണ്ടായിരുന്നു. കുറച്ചു യുവാക്കള്‍ നൃത്തം പരിശീലിക്കുന്നത് കാണാനിടയായപ്പോള്‍ അവരോട് ആഗ്രഹം പറഞ്ഞു. അവര്‍ ദേവിനെയും ഒപ്പം കൂട്ടി. ഇപ്പോള്‍ ദിവസവും മണിക്കൂറുകളോളം നൃത്തപരിശീലനം. ഇടവേളകളില്‍ വരുമാനത്തിനായി ചെറുജോലികളും. അംഗപരിമിതിയുള്ള അവന്റെ നൃത്ത വേഗം ആരിലും അതിശയമുണർത്തും. പരിമിതികളെ സാധ്യതയാക്കി അവൻ പുതിയ വിസ്മയങ്ങള്‍ സൃഷ്ടിക്കുന്നു...

‘‘നര്‍ത്തകനാകണം ടെലിവിഷൻ റിയാലിറ്റി ഷോകളില്‍ പങ്കെടുക്കണം. എനിക്കത് സാധിക്കും. ഉറപ്പാണ്’’. ദേവിന്റെ വാക്കുകളിൽ ആത്മവിശ്വാസം.

dev333

മരണത്തിനും ജീവിതത്തിനുമിടയിലെ നൂൽപാലം കടന്ന് ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഈ ചെറുപ്പക്കാരൻ ഒരു മാതൃകയായി മാറുന്നു... ഒന്നും അപ്രാപ്യമല്ല എന്നതിന്...