കോട്ടയം റെയിൽവേ സ്റ്റേഷന്റെ രണ്ടാം ഗേറ്റിലേക്കു ചെന്നാൽ കൂകിപ്പായുന്ന ട്രെയിൻ ശബ്ദങ്ങൾക്കൊപ്പം ഇരമ്പുന്ന ബുള്ളറ്റുകളുടെ ഒച്ചയും കേൾക്കാം. തൊട്ടടുത്തുള്ള ദിയ ബുള്ളറ്റ് വർക് ഷോപ്പാണിത്. രാപകലില്ലാതെ വർക് ഷോപ്പിൽ പണിയെടുക്കുന്ന ഉടമ ജോസഫ് ഡൊമനിക്കിനൊപ്പം സഹായികൾ കുറച്ചു പേരുണ്ടെങ്കിലും മുടി നീട്ടി വളർത്തിയ കക്ഷിയാണു കൂട്ടത്തിലെ സ്റ്റാർ.
‘മോനേ, ഈ വണ്ടിയൊന്നു നോക്കിയേ’ എന്നു ചോദിച്ചു വരുന്ന കുറച്ചു പേർക്കെങ്കിലും ദിവസവും അമളി പറ്റും. വർക് ഷോപ് ഉടമ ജോസഫിന്റെ മൂത്ത മകൾ ദിയ ജോസഫാണു ആ സ്റ്റാർ മെക്കാനിക്. പയ്യൻസല്ല അതെന്നു മനസ്സിലായ ചമ്മൽ മാറ്റാൻ പെൺകുട്ടികൾക്കെന്താ ഇവിടെ കാര്യമെന്നു ചോദിക്കാൻ വരട്ടെ. പഠനം കഴിഞ്ഞാലുടൻ റോയൽ എൻഫീൽഡിന്റെ ചെന്നൈ പ്ലാന്റിലേക്കു ജോലിക്കു ചെല്ലാൻ ക്ഷണം കിട്ടിയിരിക്കുകയാണു ദിയയ്ക്ക്.
ബുള്ളറ്റ് കുടുംബകാര്യം
ജോസഫ് ഡൊമനിക്കിനു നേരത്തേ മരയ്ക്കാർ മോട്ടേഴ്സിലായിരുന്നു ജോലി. പിന്നെ, സ്വന്തമായി വർക് ഷോപ് തുടങ്ങി. ജോസഫിന്റെ അനിയനും ബുള്ളറ്റ് മെക്കാനിക്കാണ്. കുടുംബവീടിന്റെ പിറകിലെ വർക് ഷോപ്പിലാണു താൻ പിച്ചവച്ചു തുടങ്ങിയതെന്നു ദിയ പറയുന്നു. ‘‘ബുള്ളറ്റുകളിൽ ഇരുത്തിയും റൈഡ് പോകും പോലെ ശബ്ദമുണ്ടാക്കിയുമൊക്കെയാണ് എന്നെ ഭക്ഷണം കഴിപ്പിച്ചിരുന്നതത്രേ. കുറച്ചു കൂടി മുതിർന്നപ്പോൾ തനിയെ ബുള്ളറ്റിൽ വലിഞ്ഞുകയറി ഓടിക്കുന്ന പോലെ അഭിനയിക്കുന്നതായി ഹോബി. പെട്ടെന്നു തീർക്കേണ്ട ജോലികളൊക്കെ പകൽ സമയത്തു ചെയ്ത ശേഷം രാത്രിയിരുന്നാണ് അച്ഛൻ എൻജിൻ പണി ചെയ്യുക. കോട്ടയം മെഡിക്കൽ കോളജിൽ നഴ്സായ അമ്മ ഷൈനും ഞാനും അനിയത്തി മരിയയുമൊക്കെ കൂട്ടിരിക്കും. ജോലിക്കിടെ അച്ഛൻ പറയും, ദിയേ ആ ചെറിയ സ്പാനറിങ്ങെടുത്തേ. കൂട്ടിരിപ്പും കൈസഹായവുമൊക്കെ ചെയ്യുമെങ്കിലും അന്നത്തെ വലിയ മോഹം ബുള്ളറ്റ് ഓടിക്കാൻ പഠിച്ചിട്ട് അനിയത്തിയുമായി ലോങ് ട്രിപ് പോണമെന്നായിരുന്നു.
റൈഡർ ടു മെക്കാനിക്
പത്താം ക്ലാസ്സിലെ വെക്കേഷനാണു കുറച്ചധികം സമയം വർക് ഷോപ്പിൽ നിൽക്കാൻ അവസരം കിട്ടിയത്. ബുള്ളറ്റുമായി വരുന്നവർ പറയുന്ന പരാതികൾ ബുക്കിൽ എഴുതിവയ്ക്കുന്ന ജോലിയാണ് ആദ്യം കിട്ടിയത്. പ്ലസ്ടുവിനു ചേർന്നതോടെ ലൈസൻസ് എടുക്കാനുള്ള സമയമായെന്ന തിരിച്ചറിവു വന്നു. അതോടെ മറ്റൊരു പേടി മനസ്സിൽ കയറി. റൈഡ് പോകുന്ന പോക്കിലെങ്ങാനും ബുള്ളറ്റ് കേടായാലോ. വല്ല കാട്ടിനുള്ളിലോ മറ്റോ ആണെങ്കിലോ...
സ്വന്തമായി കുറച്ചു ജോലികൾ പഠിച്ചിരുന്നാൽ ആ പ്രതിസന്ധി ഒഴിവാക്കാമല്ലോ എന്ന ചിന്ത കൊണ്ടാണ് അച്ഛനോടു ‘പണി പഠിപ്പിക്കാമോ’ എന്നു ചോദിച്ചത്. അപ്പോഴേക്കും കോവിഡും ലോക്ഡൗണുമൊക്കെയായി എല്ലാവരും വീട്ടിലിരിപ്പായിരുന്നു. ചോദ്യം കേട്ട പാടേ അച്ഛൻ സ്പാനർ കയ്യിലേക്കു വച്ചു തന്നു. കൂടെ ഒരു ഉപദേശവും, ‘വണ്ടിയിലെ ഓരോ പാർട്ടും പ്രധാനമാണ്. ചെറിയ സ്ക്രൂ പോലും മുറുക്കുന്നതിലെ വ്യത്യാസം യാത്രയിൽ അലോസരമുണ്ടാക്കും. നമ്മളെ വിശ്വസിച്ച് വണ്ടി ഏൽപ്പിക്കുന്നവരെ ബുദ്ധിമുട്ടിക്കാൻ ഇടയാക്കരുത്.’
ബുള്ളറ്റ് ഹെഡ് ലൈറ്റിന്റെ ബൾബ് മാറുക, ബ്രേക് മുറുക്കുക, ചെയിനിൽ ഓയിൽ ഇടുക പോലെയുള്ള ചെറിയ ചെറിയ ജോലികളാണ് ആദ്യം പഠിപ്പിച്ചത്. അതൊക്കെ ആവേശത്തോടെ ചെയ്യുന്നതു കണ്ടിട്ടാകണം എൻജിൻ ഓയിൽ ചെയ്ഞ്ച് ചെയ്യാനും ജനറൽ സർവീസിങ്ങുമൊക്കെ പഠിപ്പിച്ചു തന്നു.
മെക്കാനിക് ടു എൻജിനീയർ
ബുള്ളറ്റിന്റെ ചില പാർട്ടുകൾ അഴിച്ചെടുക്കാൻ വലിയ പാടാണ്. ഇളക്കിയെടുത്താൽ ഉയർത്തിമാറ്റാനും പാടുപെടും. എങ്കിലും എൻജിൻ പണിയുടെ ബാലപാഠങ്ങളടക്കം മിക്കവാറും എല്ലാ ജോലികളും ചെയ്യാൻ കൈത്തഴക്കം വന്നു. ആയിടയ്ക്ക് അച്ഛനൊപ്പം എൻജിൻ പണി ചെയ്യുന്നതിനിടെ കൈവിരൽ മെഷീന് ഇടയിൽ പെട്ടു. കഷ്ടപ്പെട്ട് പുറത്തെടുത്തപ്പോഴേക്കും വിരൽ ചതഞ്ഞിരുന്നു. ചതവിൽ ഐസുവച്ചു തണുപ്പിച്ചു മുറിവു കെട്ടി അടുത്ത പണിക്കിറങ്ങി. ഇഷ്ടപ്പെട്ട ജോലി ചെയ്യുന്നതിനിടെ പരുക്കൊക്കെ സ്വാഭാവികമാണ്. ആ സമയത്ത് 2000 രൂപ വരെ ദിവസം അച്ഛൻ കൂലിയായി തരുമായിരുന്നു.
ഇതൊക്കെ കണ്ട് അമ്മയ്ക്കായിരുന്നു ടെൻഷൻ, പ്ലസ്ടു പരീക്ഷ വരുന്നു, പഠിത്തം ഉഴപ്പുമോ. 97 ശതമാനം മാർക്കോടെയാണു പ്ലസ്ടു പാസ്സായത്. അപ്പോഴേക്കും ബുള്ളറ്റ് മെക്കാനിക്കാകണമെന്നു മനസ്സിൽ തീരുമാനിച്ചിരുന്നു. ചില പത്രങ്ങളിൽ ഞാൻ മെക്കാനിക്കായി നിൽക്കുന്ന വാർത്ത വന്നിരുന്നു. അതു കണ്ട് കാഞ്ഞിരപ്പള്ളി അമ ൽജ്യോതി എൻജിനിയറിങ് കോളജ് സൗജന്യമായി പഠിപ്പിക്കാമെന്ന ഓഫർ തന്നു. അങ്ങനെ 50 പേരുള്ള ക്ലാസ്സിലെ ഏക പെൺതരിയായി മെക്കാനിക്കൽ എൻജിനിയറിങ്ങിനു ചേർന്നു.
വർക് ഷോപ് ടു എൻഫീൽഡ്
പഠിച്ചു തുടങ്ങിയപ്പോഴല്ലേ രസം. വണ്ടിയെ സംബന്ധിച്ച പല വാക്കുകളും ഇവിടെ പറയും പോലെയല്ല പുസ്തകത്തിൽ. വണ്ടിയുടെ ബോഡിക്ക് ചേസ് എന്നാണു വർക് ഷോപ്പിൽ പറയുന്നത്, അതിന്റെ ശരിപ്പേര് ഷാസി എന്നാണ്. ബോക്സും ലിവറും എന്നു ഞങ്ങൾ പറയുന്ന ഭാഗത്തിന്റെ പേര് റാച്ചറ്റ് എന്നും. ഹോസ്റ്റലിൽ നിൽക്കുന്നതു കൊണ്ടു വർക് ഷോപ്പിൽ കയറാൻ പറ്റുന്നില്ലെങ്കിലും അവസരം കിട്ടുമ്പോഴൊക്കെ ഈ പേരുകൾ അച്ഛനു നേരേ പ്രയോഗിക്കും.
ഇക്കഴിഞ്ഞ വിമൻസ് ഡേയ്ക്കാണു ജീവിതം മാറ്റിയ ആ സംഭവം നടന്നത്. ബുള്ളറ്റ് സ്റ്റാൻഡേർഡ് 350 ലോഞ്ചിങ്ങുമായി ബന്ധപ്പെട്ടുള്ള പ്രമോഷൻ വിഡിയോ എന്നെ വച്ചാണു ഷൂട്ട് ചെയ്തത്. ഏറ്റവും പ്രായം കുറഞ്ഞ വനിതാ ബുള്ളറ്റ് മെക്കാനിക് എന്ന മട്ടിലാണു വിഡിയോ അവതരിപ്പിച്ചത്. റിലീസിനു പിന്നാലെ റോയൽ എൻഫീൽഡിന്റെ നോർത്ത് ഇന്ത്യൻ പ്രതിനിധികൾ വീട്ടിൽ വന്നു, അനുമോദിച്ചു. മടങ്ങി പോകും മുൻപ് ഒരു ഓഫറും, കോഴ്സ് കഴിഞ്ഞു പോരൂ, റോയൽ എൻഫീൽഡിന് ദിയയെ വേണം. പിന്നാലെ റെസ്യൂമെ അയയ്ക്കാനുള്ള അറിയിപ്പും കിട്ടി. ഇനി രണ്ടു സെമസ്റ്റർ കൂടിയേ ഉള്ളൂ, കോഴ്സ് കഴിയാൻ കാത്തിരിക്കുകയാണിപ്പോൾ.
ഇക്കാര്യങ്ങളൊക്കെ സോഷ്യൽ മീഡിയയിലും മറ്റും വന്ന പിറകേ കുറേ പേർ നെഗറ്റീവ് കമന്റുകളുമായി വന്നു. നീ മെലിഞ്ഞതല്ലേ, കയ്യിൽ കരി പറ്റുന്ന ജോലിയൊന്നും പെണ്ണുങ്ങൾക്കു പറ്റില്ല, ഈ ശരീരം വച്ചു ബുള്ളറ്റൊക്കെ താങ്ങുമോ... ഓരോന്നു കേൾക്കുമ്പോഴും മനസ്സിൽ ഉറപ്പിക്കും, അവരുടെയൊക്കെ വായടപ്പിക്കണം.
താരാട്ടല്ല, ബുള്ളറ്റിന്റെ ശബ്ദം കേട്ടാണു ഞാൻ ഉറങ്ങിയിരുന്നത്. ലൈസൻസ് എടുക്കും മുൻപുതന്നെ മെക്കാനിക്കായി കൈതെളിച്ചു. ബികോമിനു പഠിക്കുന്ന അനിയത്തി മരിയയ്ക്കു എംബ്രോയ്ഡറിയാണിഷ്ടം. അതിലൂടെ അവളും പോക്കറ്റ് മണി ഉണ്ടാക്കുന്നു. എല്ലാ ജോലിക്കും അതിന്റേതായ മഹത്വമുണ്ട്. അതിനു സ്ത്രീ പുരുഷ വ്യത്യാസവുമില്ല. സന്തോഷം തരുന്ന കാര്യങ്ങൾ ചെയ്യുക എന്നതാണു ഞങ്ങളുടെ തീരുമാനം.’’
രൂപാ ദയാബ്ജി
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ