കുഞ്ഞിനെ മരണത്തിലേക്കെറിയുന്ന അവിവാഹിതരായ അമ്മമാരെ കുറിച്ചുള്ള വാർത്തകൾ കാണുമ്പോൾ എന്താണു മനസ്സിൽ തോന്നുന്നത്? ഒരമ്മയ്ക്ക്, സ്ത്രീക്ക് എങ്ങനെ ഇതു ചെയ്യാനാകുന്നു എന്നാണോ? തെറ്റായ വഴിക്കു നടന്നിട്ടല്ലേ, അങ്ങനെ തന്നെ വേണം എന്നാണോ?
പക്ഷേ, നമ്മളോർത്തിട്ടുണ്ടോ, അവിവാഹിതരായ ആ അമ്മമാരെല്ലാം സമൂഹത്തിന്റെ കല്ലേറു ഭയന്ന് ആരോടും പറയാതെ ഒറ്റയ്ക്ക് അനുഭവിച്ച വിങ്ങലിനെക്കുറിച്ച്... ഒാരോ നിമിഷവും അനുഭവിച്ച വഞ്ചിക്കപ്പെട്ടു എന്ന നീറലിനെക്കുറിച്ച്... എന്നിട്ടും കുറ്റപ്പെടുത്തുകയാണോ?
എങ്കിൽ ഞാൻ ചിലതു കൂടി ഒാർമിപ്പിക്കട്ടെ. പ്രണയത്തിന്റെ മുഖംമൂടിയിട്ടോ പീഡനങ്ങളിലൂടെയോ അവളെ തകർത്തുകളഞ്ഞ ‘അവനെ’ കുറിച്ച് എന്താണൊന്നും പ റയാത്തത്?
മകൾ ഗർഭിണിയാണെന്നു പോലും അറിയാതെ പോകുന്ന മാതാപിതാക്കൾ നിരപരാധികളാണോ? ജീവിതത്തിലെ വലിയ പ്രതിസന്ധികൾ പറയാൻ പോലും പഠിപ്പിക്കാത്ത അത്തരം പേരന്റിങ് രീതികളല്ലേ ആദ്യം തിരുത്തപ്പെടേണ്ടത്?
വാർത്തകൾ വരുമ്പോൾ മാത്രമേ ആശങ്കകളുള്ളൂ, കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളുമുള്ളൂ. വാർത്ത വായിച്ച് പത്രം മടക്കി ഉറപ്പിക്കും, എന്റെ മക്കൾക്ക് ഇങ്ങനെയൊന്നും സംഭവിക്കില്ല. അതാണു തെറ്റിലേക്കുള്ള ആദ്യ ചുവട്.
തിരുത്തപ്പെടേണ്ടതും തിരിച്ചറിവു തുട ങ്ങേണ്ടതും വീട്ടിൽ നിന്നു തന്നെയാണ്. ആരുടെ ജീവിതത്തിലും സംഭവിച്ചേക്കാവുന്ന ഈ ഭയപ്പെടുത്തുന്ന രംഗങ്ങളെ എങ്ങനെ ഇല്ലാതാക്കാനാകും?
ഇതും ദുരഭിമാനക്കൊല
‘‘മാനഹാനി എന്നത് ഏറ്റവും വലിയ ഭയമായി കൊണ്ടു നടക്കുന്ന സമൂഹമാണു നമ്മുടേത്. അതുപോലെ തന്നെ പെൺകുട്ടിയുടെ ജീവിതത്തിലെ പരമമായ ലക്ഷ്യം വിവാഹവും അടുത്ത തലമുറയെ സൃഷ്ടിക്കലും മാത്രമാണെന്നു കരുതുന്നവർ ഇന്നും നമുക്കു ചുറ്റും ഉണ്ട്.
അവിവാഹിതയായ യുവതിയോ കൗമാരക്കാരിയോ ഗർഭിണിയാകുന്ന സാഹചര്യം കുടുംബത്തെ തീപിടിപ്പിക്കുന്ന പ്രശ്നം തന്നെയാണ്. എങ്ങനെ നേരിടണം എന്നു പോലും ആരോടും ചോദിക്കാനാകാത്ത അവസ്ഥ. ഉണ്ടാകാൻ പോകുന്ന മാനഹാനിയിൽ നിന്നു രക്ഷപ്പെടാൻ അ വൾ ആരോടും പറയാതെ അതു സൂക്ഷിക്കുന്നു.
മാതാപിതാക്കൾ അറിഞ്ഞാൽ പോലും സമൂഹത്തെ ഭയന്ന് എല്ലാം രഹസ്യമാക്കപ്പെട്ടേക്കാം. അതുകൊണ്ടു ത ന്നെ നിയമവ്യവസ്ഥയ്ക്ക് എതിരായ പലതും ചെയ്യാൻ നി ർബന്ധിതരാകാം. ഇങ്ങനെ അശാസ്ത്രീയമായി സാഹചര്യത്തെ കൈകാര്യം ചെയ്യുന്നതു വലിയ കുഴപ്പങ്ങളിലേക്ക് ആ കുടുംബത്തെ എത്തിക്കാം.
ഇത് എന്നെ ബാധിക്കില്ലെന്നും എന്റെ മകൾ ഇങ്ങനെയല്ലെന്നും ചിന്തിക്കുന്നവരാകും അധികം. ഈ മനഃപൂർവമുള്ള തള്ളിക്കളയൽ പലപ്പോഴും കുഴപ്പങ്ങളിലേക്ക് എത്തിക്കും. ഇത്തരം സാഹചര്യങ്ങൾ അകറ്റി നിർത്താനായി കുട്ടിക്കാലം മുതൽ പല കാര്യങ്ങളും ചെയ്യാനുണ്ട്.
അടിത്തറയായി അഞ്ചു കാര്യങ്ങൾ
കൗമാരത്തിൽ തന്നെ അടിത്തറയിട്ടാൽ യുവത്വത്തിൽ ചുവടുറച്ചു നിൽക്കാം. അതിലേക്ക് അഞ്ചു വഴികൾ
1. പുതുതലമുറ സ്വകാര്യത അവരുടെ അവകാശമായാണു കാണുന്നത്. അനുഭവങ്ങളിലൂടെ തെറ്റും ശരിയും തിരിച്ചറിഞ്ഞ് അവരുടെ സ്വകാര്യലോകം നിർമിക്കുന്നത് വ്യക്തിത്വ വികാസത്തിനു നല്ലതാണ്.
പ്രശ്നങ്ങളെ സ്വയം തിരിച്ചറിയാനും അതു കൈകാര്യം ചെയ്യാനുമുള്ള പ്രാപ്തി സ്വകാര്യത ഇഷ്ടപ്പെടുന്നവർക്കുണ്ടാകണം. ആ കഴിവില്ലെങ്കിൽ കാര്യം ബോധ്യപ്പെടുത്തുകയും അതിനുള്ള പരിശീലനം രക്ഷിതാക്കൾ നൽകുകയും വേണം. പ്രതിസന്ധികളെ സ്വയം പരിഹരിക്കാനായില്ലെങ്കി ൽ മറ്റാർക്കും കടക്കാനാകാത്ത വിധം ലോകം ഉണ്ടാക്കുന്നത് ആപത്താണ്.
2. പഠനത്തിനായി മാതാപിതാക്കൾ നിർബന്ധിക്കാറുണ്ട്. അതിനായി പരിശീലനങ്ങൾ നൽകാറുണ്ട്. എന്നാൽ കൗമാരത്തിലേക്ക് എത്തും മുന്നേ തന്നെ ഇഷ്‌ടമല്ലാത്തതിനോടു ‘നോ’ പറയാൻ പരിശീലിപ്പിക്കണം. സൗഹൃദത്തിലും പ്രണയത്തിലും അതിർത്തികൾ നിർമിക്കാനുള്ള പരിശീലനങ്ങൾ വീട്ടിൽ നിന്നു നൽകണം.
3. കുട്ടികളെ ‘പഠിപ്പിക്കുന്ന’ മാതാപിതാക്കളേക്കാൾ അവരെ കേൾക്കുന്നവരാകാൻ ശ്രമിക്കുക. കുട്ടിക്കാലം മുതൽക്കേ അവർ പറയുന്ന കുഞ്ഞുകാര്യങ്ങൾ പോലും കേ ൾക്കാൻ ശീലിക്കുക.
4. കൗമാരത്തിലേക്ക് എത്തുമ്പോഴേക്കും സ്വാഭാവികമായും കുട്ടിക്കാലത്തേ പോലെ സംസാരിക്കാൻ തയാറാകില്ല. എന്നാലും ‘ക്വാളിറ്റി സമയങ്ങൾ’ തുടരുക. പലപ്പോഴും കൗമാരത്തിലെത്തിയവരുടെ ചിന്തകളും മാതാപിതാക്കളുടെ കാഴ്ചപ്പാടുകളും തമ്മിൽ ദൂരം കൂടുതലാകും. പ ക്ഷേ, ഒറ്റയടിക്ക് എതിർക്കരുത്. തുറന്നു പറയാനുള്ള തോന്നലുകളെ അതില്ലാതാക്കും.
5. കൗമാരത്തിൽ രക്ഷിതാക്കളുമായുണ്ടാകുന്ന പ്രധാന അഭിപ്രായ വ്യത്യാസങ്ങളിലൊന്നു സ്വാതന്ത്ര്യമാണ്. ച ങ്ങലയ്ക്കിട്ടു വളർത്തുന്നതു പ്രതീക്ഷിച്ച ഗുണം ചെയ്യണമെന്നില്ല. പട്ടം പോലെ അവരെ പറക്കാന്‍ അനുവദിക്കുകയാണു നല്ലത്. ചരട് കയ്യിൽ വേണം. നിയന്ത്രണമെന്ന് തോന്നാത്ത രീതിയിലുള്ള പറക്കൽ ആണ് ഉചിതം.
അവരുടെ ഭാരങ്ങൾ
ബസിലെ അപമര്യാദയായ പെരുമാറ്റം മുതൽ സമൂഹത്തിലെ പലയിടങ്ങളിൽ നിന്നു പെൺകുട്ടിക്ക് അതിക്രമങ്ങൾ നേരിടേണ്ട സാഹചര്യങ്ങളുണ്ടാകാം. അപ്പോഴൊക്കെ പുറത്തു പറയരുത്, നിയമനടപടികളിലേക്കു പോകരുത്. ഇ ങ്ങനെ പലവിധ ‘അരുതു’കൾ പറഞ്ഞ് മക്കളെ വളർത്തുന്നവരേറെയാണ്. അവളുടെ മേൽ കുറ്റപ്പെടുത്തല്‍ കൂടി ചാർത്തുന്നതോടെ തുറന്നു പറയാനുള്ള പല കാര്യങ്ങളും കുട്ടിക്കാലം മുതലേ മനസ്സിൽ ഭാരമായി ഒതുക്കേണ്ടി വരും.
പലതും മാതാപിതാക്കളോടു പോലും പങ്കുവയ്ക്കാനാവാത്ത അവസ്ഥയിലേക്ക് എത്താം. പറഞ്ഞാലും പിന്തുണ കിട്ടില്ലെന്ന് അറിയുമ്പോഴേക്കും തുറന്നു പറച്ചിലിനുള്ള വഴിയടഞ്ഞു പോകും. ഈ പേരന്റിങ് രീതി മാറ്റണം. ഇത്തരം ഭാരങ്ങൾ രക്ഷിതാക്കൾ മക്കൾക്കു കൊടുക്കരുത്. ഏതു ഘട്ടത്തിലും മനസ്സു തുറക്കാനുള്ള വഴി തുറന്നിടുക.
രക്ഷിതാക്കൾ മാറേണ്ടത്
കാലം മാറിയെന്നതു രക്ഷിതാക്കൾ അംഗീകരിച്ചേ മതിയാകൂ. ജെൻഡർ വ്യത്യാസം ഇല്ലാതായി. സോഷ്യൽമീഡിയ സമ്പർക്കം കൂടിയതോടെ അടുത്തിടപഴകാനുള്ള അവസരങ്ങൾ കൂടി. ചിന്താഗതിയിൽ വലിയ മാറ്റങ്ങൾ വന്നു. പ്രണയം ഇല്ലെങ്കിൽ പോലും ശാരീരിക ബന്ധമാകാം എന്ന ചിന്തയിലേക്ക് എത്തി. അവരെ ചങ്ങലയ്ക്കിട്ടാൽ ഇതിൽ നിന്നെല്ലാം മാറ്റി നിർത്താനാകും എന്ന ധാരണ തെറ്റാണെന്നു രക്ഷിതാക്കളും അംഗീകരിച്ചേ പറ്റൂ.
മായ്ച്ചു കളയേണ്ടതു രണ്ടു ചിന്താഗതികളാണ്.
1. എന്റെ കുട്ടി ഇങ്ങനെ ചെയ്യില്ലെന്ന അന്ധമായ വിശ്വാസം മനസ്സിൽ നിന്നു മായ്ച്ചു കളയുക. അത് ഒരുപക്ഷേ ആപത്തിലേക്കാകും എത്തിക്കുക.
2. ലൈംഗികത എന്ന വാക്കു വീട്ടിൽ നിന്നേ അകറ്റി നിർത്തേണ്ടതാണ് എന്ന ചിന്താഗതി മാറ്റണം. മക്കൾക്കു ലൈംഗിക വിദ്യാഭ്യാസം നൽകാനുള്ള മാർഗങ്ങൾ രക്ഷിതാക്കള്‍ കണ്ടത്തണം. പ്രണയം, ലൈംഗികത ഇതെല്ലാം മക്കളോടു തുറന്നു സംസാരിക്കുക. ആപത്തിൽ പെടുന്നവരുടെ ഉദാഹരണങ്ങൾ പറയുക. അതിർത്തികളെക്കുറിച്ചു പറഞ്ഞുകൊടുക്കുക. അഥവാ ലവ് ബോംബിങ്ങിലൂടെ മനസ്സിനെ ഒരു വ്യക്തി തകർത്തുകളഞ്ഞാൽ എന്തു ചെയ്യണം എന്നു കൂടി തുറന്നു പറയുക. ഇത്തരം തുറന്നു പറച്ചിലുകൾ കുട്ടിക്കു സംസാരിക്കാനുള്ള വഴി തുറന്നിടും.
എങ്ങനെ ഒപ്പം നിൽക്കാം ?
ഒരു ബന്ധത്തിൽ പെട്ടു പോയെന്നും അത്ര സുഖകരമല്ലാത്ത ചില കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചെന്നും മകൾ പറഞ്ഞാൽ എന്തു ചെയ്യണം?
രക്ഷിതാക്കളുടെ ‘മോറൽ സ്റ്റാൻഡേർഡ്’ മക്കളിൽ നിന്ന് ഉയർന്നതാകും. അതുകൊണ്ടു തന്നെ ഇത്തരം കാര്യങ്ങൾ അവർക്കു താങ്ങാനാകുന്നതിനും അപ്പുറമാകും. എന്നാൽ പൊട്ടിത്തെറിക്കുകയല്ല വേണ്ടത്. തിരുത്തി മുന്നോട്ടു പോകാനാണു ശ്രമിക്കേണ്ടത്.
നിലവിലെ സാമൂഹിക സാഹചര്യത്തിൽ കൗമാരക്കാരിയായ മകൾ ‘വഞ്ചിക്കപ്പെട്ടു’ എന്നു കേൾക്കുമ്പോഴേ ര ക്ഷിതാക്കൾ തകർന്നു പോകും എന്നുറപ്പാണ്. മാനഹാനി ഭയന്നു രഹസ്യസ്വഭാവം കാത്തു സൂക്ഷിക്കാൻ പണിപ്പെട്ട് കൂടുതൽ അപകടത്തിൽ ചാടരുത്. കളങ്കിതയെന്ന ലേബ ൽ ചാർത്തി ഒറ്റപ്പെടുത്താതെ ജീവിതം വീണ്ടെടുക്കാനുള്ള പ്രചോദനമാണു സമൂഹവും നൽകേണ്ടത്.
സ്ത്രീക്കു പ്രണയം വൈകാരികമായ ഇൻവെസ്റ്റ്മെന്റ് കൂടിയാണ്. ഗർഭിണിയായ ശേഷം ഉപേക്ഷിക്കപ്പെടുന്ന സാഹചര്യം ഉണ്ടാക്കുന്ന ട്രോമ പ്രായോഗിക ബുദ്ധിയെ പോലും ഇല്ലാതാക്കാം. ഒരു പെൺകുട്ടിയുടെയും അവസാന ലക്ഷ്യവും ഭാവിയും വിവാഹം അല്ല. അത്തരം ചിന്തകൾ മനസ്സിൽ നിന്നു മാറ്റുക. അതുകൊണ്ടു തന്നെ എന്റെ മകളുടെ ഭാവി പോയി എന്ന് വേദനിക്കരുത്. രക്ഷിതാക്കൾക്കു വിഷമമുണ്ടാകും. എങ്കിലും മകൾക്കൊപ്പം നിൽക്കുക.
അനുഭവത്തിന്റെ വെളിച്ചത്തിൽ പക്വതയുള്ള ആളാക്കി മാറ്റാം. അവളെയും കാത്ത് ഇനിയും ആകാശങ്ങൾ പുറത്തുണ്ടെന്ന് ഉറപ്പു നൽകുക.
സുരക്ഷിതമാകട്ടെ ബന്ധങ്ങൾ
സുരക്ഷിതമായ ലൈംഗിക ബന്ധം എന്നത് ഏതൊരു പൗരന്റെയും ഉത്തരവാദിത്തമാണ്. ഗർഭധാരണത്തിനു തയാറല്ലെങ്കിൽ അതിനുള്ള മാർഗങ്ങൾ സ്വീകരിക്കണം.
അപ്രതീക്ഷിതമായ ഗർഭധാരണം ഇല്ലാതാക്കുക മാത്രമല്ല, എച്ച്‌െഎവി ഉൾപ്പെടെ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളെ തടയാനുള്ള മാർഗം കൂടിയാണ് ഗർഭനിരോധന മാർഗങ്ങൾ സ്വീകരിക്കുന്നത്. അതൊരു ചുമതലയായെടുക്കുക. ഗർഭനിരോധന ഉറകളാണ് ഏറ്റവും സുരക്ഷിതം.
അപ്രതീക്ഷിതമായി ഗർഭിണിയായാൽ 20 ആഴ്ചവരെ അബോർഷൻ ചെയ്യാൻ നിയമം സമയം നൽകിയിട്ടുണ്ട്. ഈ കാലയളവിൽ ഗൈനക്കോളജിസ്റ്റിനെ സമീപിക്കാം. അഞ്ചു മാസത്തിനു ശേഷമാണു തീരുമാനം എടുക്കുന്നതെങ്കിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി, അമ്മത്തൊട്ടിൽ പോലുള്ള മാർഗങ്ങളുണ്ട്. ദയവായി കുഞ്ഞിനെ ഉപദ്രവിക്കരുത്.
വിവരങ്ങൾക്ക് കടപ്പാട് :
ഡോ. സതി എം.എസ്, പ്രഫസർ (സിഎപി)
ഗൈനക്കോളജി വിഭാഗം, കോട്ടയം മെഡിക്കൽ കോളജ്
നിയമമുണ്ട് ഒപ്പം
ഇത്തരം കൊലപാതകങ്ങളെല്ലാം മറ്റു വഴിയില്ലെന്ന തെറ്റിധാരണയിലൂടെ ഉണ്ടാകുന്നതാണ്. നിയമത്തെ കുറിച്ചുള്ള അറിവില്ലായ്മയാണു കൊടും ക്രൂരതകളിലേക്ക് എത്തിക്കുന്നത്
കുട്ടികളെ പരിപാലിക്കാൻ കഴിയാത്ത അവസ്ഥയാണെങ്കിൽ ബാലനീതി നിയമപ്രകാരം അവരെ സ്റ്റേറ്റിനു കൈമാറാം. 18 വയസ്സുവരെ ആ കുട്ടികളെ സംസ്ഥാനം പരിപാലിക്കണം എന്നാണു നിയമം. പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ആ കുഞ്ഞുങ്ങളെ ദത്തെടുക്കൽ പ്രക്രിയയിലേക്കു കൈമാറും.
ഇതിനായി ചൈൽഡ് വെൽഫെയർ കമ്മിറ്റിയി ലോ ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റിലോ ബന്ധപ്പെടുക. അല്ലെങ്കിൽ അമ്മത്തൊട്ടിലിൽ ഏൽപിക്കാം. സഹായത്തിനു വിളിക്കേണ്ട നമ്പർ 1098.
വിവരങ്ങൾക്കു കടപ്പാട്
അഡ്വ.ജെ സന്ധ്യ, ബാലാവകാശ കമ്മിഷൻ മുൻ അംഗം,തിരുവനന്തപുരം.
2. ഡോ. സി.ജെ. ജോൺ
ചീഫ് സൈക്യാട്രിസ്റ്റ്
മെഡിക്കൽ ട്രസ്റ്റ്
ഹോസ്പിറ്റൽ, കൊച്ചി
തയാറാക്കിയത്: വിജീഷ് ഗോപിനാഥ്