Wednesday 01 April 2020 03:00 PM IST

സ്നേഹ സമ്മാനമായി വെറുമൊരു കുത്ത്, നീണ്ടവര, വാക്ക്, പ്രകൃതി..; ബോറടി മാറ്റും ഡൂഡില്‍ ആര്‍ട്ട്!

Ajit Abraham

Assistant Editor

doodle2

സ്കൂളില്‍ പഠിക്കുമ്പോള്‍ എപ്പോഴെങ്കിലും ടീച്ചർ കാണാതെ കുത്തി വരക്കാത്തവര്‍ ഉണ്ടോ. അങ്ങനെ ചെയ്തിട്ടുള്ളവർ ആണെങ്കില്‍ നിങ്ങൾ പേനയോ പെന്‍സിലോ എടുത്തോളൂ... ഡൂഡില്‍ ആര്‍ട്ട് എന്ന മനോഹര ലോകത്തേക്ക് പോകാം. ഈ പേര് കേട്ടു ടെൻഷൻ അടിക്കേണ്ട.

ഡൂഡില്‍ എന്ന വാക്കിന്‍റെ ഡിക്ഷനറി അര്‍ത്ഥം തന്നെ 'അർത്ഥമില്ലാതെ കുത്തി വരക്കുക' എന്നാണ്.

എന്നാൽ ഡൂഡില്‍ ആര്‍ട്ട് വളരെ പ്രഫഷനല്‍ ആയി ചെയ്യുന്നവരും ഉണ്ട്. യൂട്യൂബിൽ നോക്കിയാല്‍ ഈ കലയുടെ അപാര സാധ്യത പിടികിട്ടും.

തല്‍ക്കാലം ഈ കൊറോണക്കാലത്ത് ലളിതമായി ഡൂഡിൽ ആർട് എങ്ങനെ പ്രയോജനപ്പെടുത്താം എന്നു നോക്കാം. വരയും വരിയും ചേർത്ത് മനസ്സിനെ ഉണര്‍ത്തുന്ന ചില കാര്യങ്ങളാകട്ടെ.

doodle1



തുടക്കകാർക്ക്: പൂവിൽ തുടങ്ങാം.


ആദ്യം ഒരു വട്ടം വരച്ചേ. ഇതിനോട് ചേർത്ത് ചെറു വട്ടങ്ങൾ. ഈ പൂവിന്റെ ചിത്രത്തിന് ഒപ്പം നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു വാക്യം കൂടി പ്രിയപ്പെട്ട ഒരാൾക്ക് വാട്സ്ആപ് ചെയ്തോളൂ. നിങ്ങള്‍ ഹൃദയത്തില്‍ നിന്നു പറഞ്ഞ ആയിരം സ്നേഹവാക്കുകളായി അത് സ്വീകരിച്ച ആളിന് അനുഭവമാകും.

സൂര്യന്റെ ഒരു സ്കെച്ച് കോറിയിട്ടോളു. 'കാർമേഘങ്ങള്‍ അധികകാലം നിലനില്‍ക്കില്ല' എന്ന' സന്ദേശം കൂടിയായാൽ സംഭവം ഉഷാറല്ലേ.

അക്കം 6 വലുപ്പത്തിൽ എഴുതി അതിനെ ഒരു പൂച്ചയാക്കി മാറ്റാം ഈസിയായി. ഇതുപോലെ ഓരോ അക്കങ്ങളിലും വിവിധ രൂപങ്ങൾ ഉണ്ടാക്കാം. അത് ഫാമിലിയിലെ കുട്ടികൾക്ക് ഫോർവേർഡ് ചെയ്തോളൂ.

നമുക്ക് പ്രിയപ്പെട്ടവരുടെ മുഖങ്ങൾ വരയ്ക്കാൻ ശ്രമിക്കുന്നത് തന്നെ പ്രത്യേക അനുഭവമാകും. മുഖം വരയ്ക്കുമ്പോൾ പാലിക്കേണ്ട ടെക്നിക്സ് ക്രമേണ പരിശീലിക്കാം. നെറ്റി- കണ്ണ്- മൂക്ക് ഇവ തമ്മിലുള്ള അകലം തുടങ്ങിയവയ്ക്ക് വിദഗ്ധ നിർദ്ദേശം സ്വീകരിക്കാം.

കിലോമീറ്ററുകൾ താണ്ടി വീട്ടില്‍ എത്തിയ സുഹൃത്തിന്, നീണ്ട വഴിയുടെ ചിത്രം. കൂടെ ഒരു കുറിപ്പും. 'ഇത് ഒരു വിശ്രമകാലം മാത്രം. ഉയരങ്ങള്‍ കീഴടക്കാനുള്ള കുതിപ്പിനായി കാത്തിരിക്കൂ...'

കാപ്പി പ്രിയനായ ബന്ധുവിന് ഒരു കാപ്പി കപ്പിന്റെ ചിത്രവും 'സ്റ്റേ ഫിറ്റ് ' എന്ന ഒരു കാപ്ഷനും പോരേ അയാളെ സന്തോഷിപ്പിക്കാന്‍.

ഇനി ഇംഗ്ലിഷ് , മലയാളം അക്ഷരങ്ങളുടെ ത്രീ ഡി എഫെക്ട് പരീക്ഷിക്കാം. പേരുകള്‍ ത്രീ ഡി എഫെക്ടില്‍ കാണുമ്പോള്‍ സംഭവം ജോറായി.

വെറും ഒരു കുത്ത്, നീണ്ട വര, വാക്ക്, പ്രകൃതി,ആഹാരം, സംഗീത ഉപകരണം... ഡൂഡില്‍ ആര്‍ട്ട് സാധ്യതകൾ അപാരമാണ്. വർണങ്ങൾ പകർന്ന് അതു സുന്ദരമാക്കാം.
നിങ്ങൾ വരച്ച ഡൂഡില്‍ ആര്‍ട്ട് കളക്ഷൻ സമ്മാനമായി നൽകാം. ആ സ്നേഹ സമ്മാനത്തിന് വിലയിടാനാവില്ല. വരയ്ക്കുന്നവർക്ക് അത് ബോറടി മാറ്റും, ടെൻഷൻ അകറ്റും.

ചങ്ങാതിമാരെ, ഇപ്പോൾ നടത്തുന്ന ഏതു പരിശ്രമവും കൊറോണ കാലത്തിനു ശേഷം‍ നമ്മളെ പുതിയ ഒരു മേഖലയിലേക്കെത്തിക്കാം . സംഭവം വേറെ ലെവലാകും . എന്താ തുടങ്ങുകയല്ലേ!!