Tuesday 29 November 2022 03:44 PM IST : By സ്വന്തം ലേഖകൻ

‘നല്ലൊരു നേതാവിനെയാണ് മെസ്സിയിൽ ഞാന്‍ കാണുന്നത്; സ്വയം ഗോളടിക്കണം എന്ന വാശിയില്ലാതെ ടീം ജയിക്കണമെന്നു ആഗ്രഹിക്കുന്നയാൾ’: ചിന്തയ്ക്കു അർജന്റീന വിട്ടൊരു കളിയില്ല!

chintha-jerome3355

നിലപാടുകളിലാകട്ടെ, അഭിപ്രായങ്ങളിലാകട്ടെ, ഒഴിഞ്ഞുമാറുകയോ വെട്ടിച്ചു മാറുകയോ ചെയ്യാതെ ഡയറക്ട് കിക്കെടുക്കുന്നയാളാണ് യുവജന കമ്മിഷൻ അധ്യക്ഷ ഡോ. ചിന്ത ജെറോം. ഫുട്ബോളിന്റെ കാര്യത്തിലുമങ്ങനെ തന്നെ. അർജന്റീന വിട്ടൊരു കളിയില്ല. സ്വന്തം ഫെയ്സ്ബുക് പ്രൊഫൈലിൽ വരെ അർജന്റീന ജഴ്സിയിലാണ് ചിന്ത ജെറോം തിളങ്ങി നിൽക്കുന്നത്. ലോകകപ്പ് വേളയിൽ മലപ്പുറത്തെത്തിയ ചിന്ത തന്റെ ഫുട്ബോൾ ഇഷ്ടങ്ങളെക്കുറിച്ചു മനോരമയോടു സംസാരിച്ചപ്പോൾ.

അർജന്റീന ഇഷ്ടത്തിനു പിന്നിൽ?

‌∙ അച്ഛൻ സി.ജെറോം അർജന്റീന ആരാധകനായിരുന്നു. കുട്ടിയായിരുന്നപ്പോൾ അദ്ദേഹത്തോടൊപ്പമിരുന്നായിരുന്നു എന്റെ കളി കാണൽ. പതിയെപ്പതിയെ ഞാനും അർജന്റീന ആരാധികയായി. ആ ഇഷ്ടം വർഷങ്ങൾ കഴിയുന്തോറും കൂടിക്കൂടി വന്നു. ഇപ്പോൾ അർജന്റീനയുടെ കട്ട ഫാനാണു ഞാൻ. എന്റെ ഫുട്ബോൾ ഇഷ്ടത്തിന്റെയും അറിവിന്റെയുമെല്ലാം അടിസ്ഥാനം അച്ഛനാണ്. 2010ൽ ആയിരുന്നു അദ്ദേഹത്തിന്റെ വിയോഗം.

അർജന്റീന സൗദിയോടു തോറ്റതിനെക്കുറിച്ച്?

∙ എന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലും വാട്സാപ്പിലുമൊക്കെ പല സുഹൃത്തുക്കളും കളിയാക്കി സന്ദേശങ്ങൾ അയച്ചിരുന്നു. ‘ക്ഷീണം മാറാൻ ബൂസ്റ്റോ ഹോർലിക്സോ വേണോ’ എന്നൊക്കെയുള്ള സന്ദേശങ്ങൾ. അർജന്റീനയുടെ രണ്ടാം മത്സരം നടക്കുന്ന ദിവസം ഞാൻ കണ്ണൂരിലായിരുന്നു. അവിടെയുണ്ടായിരുന്ന മെസ്സിയുടെ കട്ടൗട്ടിനു മുൻപിൽവച്ച് ഞാനും അമ്മ എസ്തർ ജെറോമും ചേർന്നൊരു ഫോട്ടോയെടുത്ത് ഫെയ്സ്ബുക്കിലിട്ടു. ‘വിജയം സുനിശ്ചിതം’ എന്നായിരുന്നു എഴുതിയത്. അതുതന്നെ സംഭവിച്ചു. അർജന്റീന ജയിച്ചു. ആദ്യ മത്സരത്തിൽ ഓഫ്സൈഡ് ട്രാപ്പിൽ കുരുക്കിയാണ് സൗദി അർജന്റീനയെ പിടിച്ചുകെട്ടിയത്. കളി കാണുന്നതിനപ്പുറം ഇത്തരത്തിലുള്ള സാങ്കേതിക കാര്യങ്ങളും വിദഗ്ധരുടെ അഭിപ്രായങ്ങളുമെല്ലാം വായിച്ചു മനസ്സിലാക്കാൻ ശ്രമിക്കാറുണ്ട്.

ഇഷ്ടതാരം ?

∙ മെസ്സിയല്ലാതെ മറ്റാര്. സ്വയം ഗോളടിക്കണം എന്ന വാശിയില്ലാതെ ടീം ജയിക്കണമെന്നു മാത്രം ആഗ്രഹിക്കുന്നയാൾ. മറ്റുള്ളവർക്ക് അസിസ്റ്റ് നൽകാനും അവരെക്കൊണ്ടു ഗോളടിപ്പിക്കാനും ശ്രമിക്കുന്നയാൾ. നല്ലൊരു നേതാവിനെയാണ് മെസ്സിയിൽ ഞാൻ കാണുന്നത്.

ഈ ലോകകപ്പിൽ ഏറ്റവും സന്തോഷം നൽകിയ കാര്യങ്ങൾ?

∙ അതിശക്തരായ ജർമനിയെ ജപ്പാൻ തോൽപിച്ചതും ബൽജിയത്തെ മൊറോക്കോ തോൽപിച്ചതും. സാധ്യതയില്ലെന്ന് ഫുട്ബോൾ ലോകം എഴുതിത്തള്ളുമ്പോഴും അവിശ്വസനീയ പ്രകടനത്തോടെ ഇത്തരം കൊച്ചുടീമുകൾ വിജയം കൊയ്യുന്നതു കാണാൻ പ്രത്യേക ഭംഗിതന്നെയുണ്ട്. ഫുട്ബോളിന്റെ യഥാർഥ സ്പിരിറ്റ് വ്യക്തമാക്കുന്നതും ഇത്തരം വിജയങ്ങളാണ്.

മലപ്പുറത്തിന്റെ ഫുട്ബോൾ ആവേശത്തെക്കുറിച്ച്? 

‌∙ ഫുട്ബോളിന്റെ സ്വന്തം നാടല്ലേ. പ്രത്യേകിച്ചെന്തെങ്കിലും പറയേണ്ടതുണ്ടോ. അച്ഛൻ ജെറോമും അമ്മ എസ്തറും 5 വർഷത്തോളം മലപ്പുറത്തെ വിവിധ സ്കൂളുകളിൽ അധ്യാപകരായി ജോലി ചെയ്തിരുന്നു. ഞാൻ ജനിക്കുന്നതിനു മുൻപാണ്. അച്ഛന്റെ ഫുട്ബോൾ ആവേശത്തിൽ മലപ്പുറത്തിന്റെ സ്വാധീനം തെളിഞ്ഞു കാണാമായിരുന്നു.

ലോകകപ്പ് പ്രതീക്ഷ ?

∙ ബ്രസീലും അർജന്റീനയും ഫൈനൽ. അതിൽ അർജന്റീന കപ്പടിക്കുന്നു.