Wednesday 21 November 2018 11:47 AM IST : By സ്വന്തം ലേഖകൻ

കല്യാണത്തിനു മുമ്പേ ഫസ്റ്റ് നൈറ്റ്; ഈ സേവ് ദ് ഡേറ്റ് വിഡിയോ അതുക്കും മേലെ–വിഡിയോ

std

കല്യാണം വിളിയൊക്കെ മോഡേണായെന്നു പറഞ്ഞാൽ മതിയല്ലോ? സോഷ്യൽ മീഡിയ ആഘോഷമാക്കുന്ന ന്യൂജെൻ പിള്ളേരുടെ വെറൈറ്റി കല്യാണ വിശേഷത്തിലേക്ക് ഇതാ പുതിയൊരു ഐറ്റം കൂടി. വിവാഹത്തിനു മുമ്പേ നടന്ന ഒരു ആദ്യരാത്രിയുടെ കഥ പറഞ്ഞെത്തിയ സേവ് ദ് ഡേറ്റ് വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.

‘വിവാഹത്തിനു മുമ്പേ ആദ്യ രാത്രിയോ?’ എന്നു ചോദിച്ച് നെറ്റി ചുളിക്കേണ്ട. ക്യാമറാമാന്റെ തലയിൽ വിരിഞ്ഞ അ‍ഡാർ ഐഡിയയും കല്യാണ ചെക്കന്റെ സ്വപ്നവും സമന്വയിക്കുന്നിടത്താണ് ഒന്നാന്തരമൊരു സേവ് ദ് ഡേറ്റ് വിഡിയോ പിറക്കുന്നത്.  

ഇനി കഥയിലേക്ക് വരാം, ഡിസംബർ 29ന് വിവാഹിതരാകുന്ന അർജുന്റെയും ശ്രീലക്ഷ്മിയുടെയും വിവാഹത്തിനു വേണ്ടിയാണ് ടീ ക്ലബ് വെഡ്ഡിങ് കമ്പനി ഈ കിടിലൻ സേവ് ദ് ഡേറ്റ് വിഡിയോ തയാറാക്കിയത്. കല്യാണ ചെക്കന്റെ സങ്കൽപ്പത്തിലെ ആദ്യരാത്രിയിൽ നിന്നുമാണ് അഡാർ കല്യാണക്കുറിമാനത്തിനുള്ള ഐഡിയ തെളിഞ്ഞത്.

കസവു പുടവയണിഞ്ഞ് കൈയ്യിൽ പാൽ ഗ്ലാസുമായി നാണത്തോടെ എത്തുന്ന നായികയെ കാത്തിരിക്കുകയാണ് നായകൻ. അലങ്കരിച്ച മുറിയും മുല്ലപ്പൂ മെത്തയുമൊക്കെ ആദ്യരാത്രിക്ക് ചേരുംപടിയായി പശ്ചാത്തലത്തിലുണ്ട്. അണിഞ്ഞൊരുങ്ങി നിൽക്കുന്ന നായകന്റെ മുൻപിലേക്ക് സങ്കല്പങ്ങളൊന്നും തെറ്റിക്കാതെ നായിക കടന്നുവരുന്നു.

ഇതുവരെ എല്ലാം ഒകെ. എന്നാൽ മുൻപിൽ നിൽക്കുന്ന വധുവിനെ കണ്ടതോടെ പുതുമണവാളനൊരു ടെൻഷൻ. പേടിച്ചു നിൽക്കുന്ന ചെക്കനെ പിടിച്ചുകൊണ്ടു വന്ന് ബെഡിലിരുത്തി ഒരു ഉമ്മ കൊടുക്കാനൊരുങ്ങുമ്പോഴാണ് വാതിലിലൊരു മുട്ട്. ബാത്ത് റൂമിലെ സ്വപ്നത്തിൽനിന്ന് നായകൻ ഞെട്ടി ഉണരുന്നു. അതോടെ ‘സേവ് ദ് ഡേറ്റ് വിഡിയോ’ ശുഭം. കല്യാണ പെണ്ണ് ശ്രീലക്ഷ്മിയുടെ ഗംഭീര പ്രകടനമാണ് ഈ വിഡിയോയുടെ പ്രത്യേകത. ഡബ്സ്മാഷ്, മ്യൂസിക്കലി ആരാധകർക്ക് സുപരിചിത കൂടിയാണ് ശ്രീലക്ഷ്മി.

മലപ്പുറത്തുള്ള ശ്രീലക്ഷ്മിയുടെ അമ്മയുടെ സുഹൃത്തിന്റെ വീട്ടിലായിരുന്നു വിഡിയോയുടെ ഷൂട്ട്.നാല് പേരുടെ സംഘമാണ് വിഡിയോ ഷൂട്ട് ചെയ്തത്. വിഡിയോയുടെ ഡിഒപി നിർവഹിച്ചിരിക്കുന്നത് ജോൺ പോൾ മാത്യുവാണ്. അസിസ്റ്റന്റ് ക്യാമറമാൻ നിതീഷ് വിദ്യാധർ, എഡിറ്റിങ്ങ് അഭിജിത്ത് ജോസഫ്, കളറിംഗ് ബിബിൻ പോൾ സാമുവൽ.