Saturday 22 June 2024 03:04 PM IST

കൗമാരക്കാരുടെ മനസ്സില്‍ ജെൻഡർ വ്യത്യാസമില്ല; ബന്ധങ്ങള്‍ക്കുള്ളിലെ ചതിക്കുഴി എങ്ങനെ കുട്ടികളെ പറഞ്ഞു ബോധ്യപ്പെടുത്തും?

Vijeesh Gopinath

Senior Sub Editor

2403445843

‘ജെൻഡർ വ്യത്യാസം കുട്ടികളുടെ മനസ്സിലില്ല. പക്ഷേ, പലപ്പോഴും മാതാപിതാക്കൾ അതു മനസ്സിലാക്കില്ല. പല വാർത്തകളും അവരെ ഭയപ്പെടുത്തുന്നുണ്ട്. അതിരുകൾ ഇല്ല എന്നതു ശരിയാണ്. പക്ഷേ, ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതകളുണ്ട്. സ്കൂൾ പ്രണയം ബ്രേക്ക് അപ് ആയപ്പോൾ‌ പത്താം ക്ലാസിൽ പഠിക്കുന്ന കാമുകൻ അതേ സ്കൂളിലെ കാമുകിയുടെ ചിത്രങ്ങൾ‌ പ്രചരിപ്പിക്കും എന്നു ഭീഷണിപ്പെടുത്തിയ സംഭവമുണ്ട്. ആൺ- പെൺ മതിൽക്കെട്ടു വച്ചു തിരിക്കാതെ എങ്ങനെ കുട്ടികളെ ഇത്തരം അപകടങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തും?’

കൗമാരപ്രായക്കാരായ കുട്ടികൾക്കു പരസ്പരം ആകർഷണം തോന്നുന്നതു സ്വാഭാവികമാണ്. അതു തെറ്റായ കാര്യമാണെന്നു  പറയാൻ സാധിക്കില്ല. ശരീരത്തിലെ ഹോർമോണൽ വ്യതിയാനം ഇത്തരം ആകർഷണങ്ങൾക്കു കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം വിഷയങ്ങൾ വീട്ടിൽ തുറന്നു ചർച്ച ചെയ്യാനുള്ള അവസരമൊരുക്കുകയാണു മാതാപിതാക്കൾ ആദ്യം ചെയ്യേണ്ടത്. 

ആരോടെങ്കിലും ഇത്തരമൊരു ഇഷ്ടം തോന്നിയാൽ അതു തെറ്റാണ് എന്ന മട്ടിൽ ശബ്ദമുയർത്തി ഭയപ്പെടുത്തി അവരുടെ മനസ്സിൽ നിന്ന് ആ ചിന്തകളെ ഇല്ലാതാക്കാൻ സാധിക്കുമെന്നു കരുതരുത്. മറിച്ച് ഇത്തരം ബന്ധങ്ങളിൽ ആരോഗ്യകരമായ അതിർവരമ്പുകൾ എങ്ങനെ സൂക്ഷിക്കണം. ചൂഷണത്തിന്റെ വഴിയിലേക്ക് അതു പോകാതെ ശ്രദ്ധിക്കാൻ എന്തൊക്കെ കാര്യങ്ങൾ പാലിക്കണം. ഇത്തരം കാര്യങ്ങൾ വീട്ടിൽ ചർച്ച ചെയ്യാം. 

ഒരു കാരണവശാലും സ്വന്തം നഗ്നചിത്രങ്ങളോ വിഡിയോകളോ ഏറ്റവും വിശ്വസിക്കുന്ന ഒരാളിനുപോലും അയച്ചുകൊടുക്കാൻ പാടില്ല എന്നതാണ് ഇതിൽ പ്രധാനപ്പെട്ട സംഗതി. ഡിജിറ്റൽ സംവിധാനങ്ങളുപയോഗിച്ചു നാം ചെയ്യുന്ന എന്തു കാര്യവും  സ്ഥായിയായ രേഖയാകാനിടയുണ്ട്. ഭാവിയിൽ ആർക്കെങ്കിലും അതു റിട്രീവ് ചെയ്തെടുത്തു നമുക്കെതിരെ ഉപയോഗിക്കാൻ സാധിക്കുമെന്നത് അവരെ ബോധ്യപ്പെടുത്തണം.

തീവ്രമായി ഒരാൾ നമ്മളെ ഇഷ്ടപ്പെടുന്ന സമയത്ത് അവർ നമുക്കെതിരെ ഒന്നു ചെയ്യില്ലെന്നു തോന്നിയേക്കാം. പക്ഷേ, ഈ ബന്ധങ്ങൾ ശാശ്വതമാകണമെന്നില്ല എന്നും നാളെയൊരു കാലത്ത് ഇതിൽ എന്തെങ്കിലും അഭിപ്രായ ഭിന്നതകൾ വന്നാൽ നമ്മളെ അടിക്കാനുള്ള വടി നമ്മൾ ബോധപൂർവമായി മറ്റൊരാൾക്കു കൊടുക്കാൻ പാടില്ല എന്നും വ്യക്തമാക്കേണ്ടതുണ്ട്.

രണ്ടാമത്തെ കാര്യം ശാരീരികമായ സ്പർശനങ്ങൾ, അതിന്റെ അതിർവരമ്പുകൾ കൃത്യമായി നിശ്ചയിക്കണം. നമ്മുടെ ശരീരത്തെ ആക്രമിക്കാനോ കീഴ്പ്പെടുത്താനോ മറ്റൊരാൾക്ക് അവകാശമില്ല എന്ന ബോധ്യം കൃത്യമായി കുട്ടികളുടെ മനസ്സിലേക്കു കൊടുക്കേണ്ടതുണ്ട്. അത്തരത്തിലുള്ള എന്തെങ്കിലും ശ്രമങ്ങൾ മറുവശത്തു നിന്നുണ്ടായാൽ ധൈര്യപൂർവം സാധ്യമല്ല എന്നു പറയാൻ അവരെ പഠിപ്പിക്കണം. അതുകൊണ്ട് ആ ബന്ധത്തിനു തകരാറുകളൊന്നും വരാൻ പോകുന്നില്ല എന്നതും ബോധ്യപ്പെടുത്തണം. ശാരീരികമായ ചൂഷണം മാത്രമാണു മറുവശത്തുള്ള ആളുടെ ലക്ഷ്യമെങ്കിലും അതോടെ അയാൾ ഒഴിഞ്ഞുപോകും. മറിച്ച് അയാൾ നമ്മുടെ അഭ്യുദയകാംക്ഷി ആണെങ്കി ൽ അത്തരം ഒരു നോ പറച്ചിലുകൊണ്ടു മാത്രം  അയാൾ നമ്മളെ വിട്ടുപോകില്ല. 

ബന്ധങ്ങളുടെ ഇടയിൽ ചതിക്കുഴി ഉണ്ടായാൽ അതു വീട്ടിൽ പറയാനുള്ള സ്വാതന്ത്ര്യവും അവർക്കു നൽകണം. ഒരിക്കലുമിത് മറച്ചുവച്ചുകൊണ്ടിരുന്നു  വഷളാകാൻ അനുവദിക്കരുത്.  ബ്ലാക്മെയിലിങ്ങോ ഭീഷണിയോ ഉണ്ടായാൽ നിയമപരമായി അതിനെ നേരിടാമെന്നും കുട്ടികളെ ബോധ്യപ്പെടുത്തണം.