Saturday 20 February 2021 03:17 PM IST : By ഗോപിനാഥ് മുതുകാട്

‘ശിഷ്യന്മാരെ തന്നിലേക്കു വലിച്ചടുപ്പിക്കുന്ന കാന്തമായി മാറാന്‍ കഴിവുള്ളവര്‍ ആകണം ഗുരു’; വഴികള്‍ നിർദേശിച്ച് ഗോപിനാഥ് മുതുകാട്

teacheer3344ddff

മിച്ച് ആല്‍ബം എഴുതിയ ‘ട്യൂസ്‌ഡെയ്‌സ് വിത്ത് മോറി’ എന്ന പുസ്തകം അടുത്ത കാലത്ത് വായിച്ചു. മോറി എന്ന അധ്യാപകന്റെ മരണശേഷം മിച്ച് ആല്‍ബം എന്ന ശിഷ്യന്‍ ഗുരുസമര്‍പ്പണമായി എഴുതിയ പുസ്തകമാണിത്. അധ്യാപന കാലഘട്ടത്തില്‍ ഏറ്റവും ഊര്‍ജ്വസ്വലനും വിദ്യാർഥികളുടെ പ്രിയപ്പെട്ടവനുമായിരുന്നു മോറി. അദ്ദേഹത്തിന്റെ ചുറുചുറുക്കും പ്രസരിപ്പും കുട്ടികള്‍ക്ക് എന്നും ആഘോഷമായിരുന്നു. അങ്ങനെയിരിക്കെ മോറിക്ക് ഒരു മാറാരോഗം പിടിപെട്ടു. അതോടെ അദ്ദേഹം അവശതകളിലേക്കു വഴുതി വീണു. വീട്ടില്‍ മാത്രമായി ഒതുങ്ങിക്കൂടിയ അക്കാലത്ത് മിച്ച് ആല്‍ബം എല്ലാ ചൊവ്വാഴ്ചകളിലും അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ തുടങ്ങി. ആ ദിവസങ്ങളില്‍ അവര്‍ തമ്മില്‍ സംസാരിക്കാത്ത വിഷയങ്ങളില്ല. അതൊരു ആവേശമായിരുന്നു രണ്ടു പേര്‍ക്കും. ചൊവ്വാഴ്ചകള്‍ക്കായി അവര്‍ കാത്തിരുന്നു. അങ്ങനെ സംസാരിച്ചു സംസാരിച്ച് അവര്‍ തീര്‍ത്ത വിസ്മയങ്ങളാണ് ഗുരുവിന്റെ മരണശേഷം പുസ്തകരചനയ്ക്ക് കാരണമായത്. ഗുരുവിനോടുള്ള മിച്ച് ആല്‍ബമിന്റെ സ്‌നേഹസമ്മാനം കൂടിയായിരുന്നു അത്.

ഗുരു എന്നാല്‍ അതിശയകരമായ ഒരു കാന്തമാണ്. തന്റെ മുന്നിലിരിക്കുന്ന ശിഷ്യഗണങ്ങളെ അവരറിയാതെ തന്നിലേക്ക് ആകര്‍ഷിക്കുന്ന അദ്ഭുത വ്യക്തി. ഗുരു ശിഷ്യനെ ഒന്നും പഠിപ്പിക്കേണ്ടതില്ല. ശിഷ്യന്‍ ഗുരുവിലേക്ക് വിലയം പ്രാപിക്കുകയാണ് വേണ്ടത്. അറിവിന്റെ വാതിലുകള്‍ക്കു മുന്നില്‍ ശിഷ്യനെക്കൊണ്ടെത്തിക്കുക മാത്രമാണ് ഗുരു ചെയ്യേണ്ടത്. ശിഷ്യന്‍ സ്വയം വാതില്‍ തുറന്ന് അകത്തേക്കു പ്രവേശിക്കണം. അപ്പോള്‍ അത് അവന്റെ അറിവായി മാറും. അറിവായി മാറുക മാത്രമല്ല, അതെന്നും ഒരറിവായി അവനില്‍ കുടികൊള്ളുകയും ചെയ്യും. കാരണം അവന്‍ അറിവിനെ അനുഭവിക്കുകയാണ്. ഇതിനെയാണ് ‘അനുഭവം ഗുരു’ എന്നു പറയുന്നത്.

ആധുനിക മനഃശാസ്ത്രത്തില്‍ ‘ഒബ്‌സര്‍വര്‍ എക്‌സ്‌പെക്റ്റന്‍സി ഇഫക്റ്റ്’ എന്നൊന്നുണ്ട്. എക്‌സ്‌പെരിമെന്റര്‍ എക്‌സ്‌പെക്റ്റന്‍സി ഇഫക്ട് എന്നും പറയാറുണ്ട്. ഉത്തമ വിശ്വാസത്തോടെ ഗുരു ശിഷ്യനെ എല്‍പ്പിക്കുന്ന കാര്യം ഗുരുവിന്റെ വിശ്വാസത്തേക്കാള്‍ ഭംഗിയായി ശിഷ്യന്‍ നിര്‍വഹിക്കുമ്പോഴാണ് അതിനെ ഒബ്‌സര്‍വര്‍ എക്‌സ്‌പെക്‌റ്റെന്‍സി ഇഫക്റ്റ് എന്നുപറയുന്നത്. ‘നിനക്കിതു ചെയ്യാനാകുമെന്ന് എനിക്കറിയാം. നീയിത് പൂര്‍ത്തിയാക്കുക’ എന്ന ഗുരുവിന്റെ നിർദേശം ലഭിക്കുന്നതോടെ ശിഷ്യന്‍ ഊര്‍ജസ്വലനായി മാറുന്നു. ഗുരുവിന് തന്നിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കേണ്ടത് തന്റെ കടമയാണെന്ന ബോധം അവനറിയാതെ അവനില്‍ കടന്നുകയറുന്നു. അതോടെ പ്രതീക്ഷ നിലനിര്‍ത്താന്‍ ഒരു പടയോട്ടം തന്നെ വേണ്ടിവന്നാലും ശിഷ്യനതിനു തയാറെടുക്കും. ഈയൊരു പരസ്പരധാരണ സാർഥകമാകുമ്പോഴാണ് ഗുരു അതിശയകരമായ കാന്തമായി മാറുന്നത്. അതോെട അറിയലില്‍ നിന്നുള്ള അധ്യയനം തുടങ്ങുകയായി. അങ്ങനെ അധ്യാപകന്‍ ഗുരുവായി മാറുന്നു. അതുെകാണ്ടു തന്നെ അറിയുക, അധ്യാപകനില്‍ നിന്നു ഗുരുവിലേക്കുള്ള ദൂരം വളരെ കൂടുതലാണ്.

കുതിര േപാലും െചയ്യുന്നത്

ക്ലവര്‍ഹാന്‍സ് എന്നൊരു കുതിരയുണ്ടായിരുന്നു. കൂട്ടല്‍, കുറയ്ക്കല്‍, ഗുണനം, ഹരണം  എന്നീ ഗണിതപ്രശ്നങ്ങളുെട ഉത്തരം നിമിഷങ്ങള്‍ക്കകം തന്റെ കുളമ്പ് തറയിലടിച്ച് വെളിപ്പെടുത്താന്‍ ഹാന്‍സിന് കഴിഞ്ഞിരുന്നു. ഗണിതശാസ്ത്ര അധ്യാപകനും മൃഗപരിശീലകനുമായ വില്‍ഹം വോണ്‍ ഓസ്റ്റന്‍ ആയിരുന്നു കുതിരയുെട ഉടമ. ഓസ്റ്റന്റെ ശരീര ചലനങ്ങള്‍ മനസ്സിലാക്കിയാണ് ഹാന്‍സിന് ഉത്തരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നതെന്ന് പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. ഓസ്റ്റന് ഉത്തരമറിയാത്ത ഒന്നും ഹാന്‍സിന് പറയുവാന്‍ കഴിഞ്ഞിരുന്നില്ല. ഒബ്‌സെര്‍വര്‍ എക്‌സ്‌പെക്‌റ്റെന്‍സി ഇഫക്ട് ഇത്രയും ഭംഗിയായി നിര്‍വഹിക്കാന്‍ ഹാന്‍സിനോളം മറ്റൊരു ജീവിക്കും സാധിച്ചിട്ടില്ല.

ബുദ്ധിവികസിക്കാത്ത മൃഗങ്ങളില്‍പ്പോലും ഇതു സാധ്യമാണെന്നു വരുമ്പോള്‍ മൃഗങ്ങളെക്കാള്‍ എത്രയോ മെച്ചപ്പെട്ട ബ്രെയ്ന്‍ പ്രോസസിങ് വോള്യമുള്ള മനുഷ്യന്റെ കാര്യം പറയേണ്ടതില്ലല്ലോ...

ടീച്ചേഴ്സ് നോട്ട് 

വെറുമൊരു പാത്രം നിറയ്ക്കലല്ല വിദ്യാഭ്യാസം. അതൊരു തീ കത്തിക്കലാണ്. അറിവ് പകര്‍ന്നാല്‍ മാത്രം േപാര, ആ അറിവില്‍ നിന്ന് ആയിരം േചാദ്യങ്ങളുടെ അഗ്‌നി തെളിയണം. അവയുെട ഉത്തരങ്ങള്‍ കൂടി കണ്ടെത്തണം. അപ്പോഴേ അറിവ് പൂര്‍ണമാകുകയുള്ളൂ.