Thursday 14 April 2022 03:20 PM IST : By ശ്യാമ

‘എല്ലാ കാര്യങ്ങളും വള്ളിപുള്ളി തെറ്റാതെ പങ്കാളിയോട് പറയണമെന്ന് നിർബന്ധമില്ല; വിശ്വാസത്തിന് വിള്ളലേൽക്കുന്ന കാര്യങ്ങൾ ചെയ്യാതിരിക്കുക’: ജീവിതപങ്കാളികളുടെ ലോകം

shutterstock_185552438

രണ്ടുപേർ തമ്മിൽ ഇഷ്ടപ്പെടുമ്പോൾ പതിയെ ഉണ്ടായി വരുന്നതാണ് വിശ്വാസം. പരസ്പരം തുറന്നുള്ള സംസാരത്തിലൂടെയാണ് സ്നേഹം വിശ്വാസം കൂടിയായി മാറുന്നത്. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികം. ഇത് തുറന്നു സംസാരിക്കാനുള്ള സ്പേസ് രണ്ടുപേർക്കുമിടയിൽ ഉണ്ടാകുകയാണ് പ്രധാനം. ആജ്ഞാപിക്കുക, അനുസരിക്കുക ഫോർമാറ്റിൽ നല്ല ബന്ധങ്ങൾ രൂപപ്പെടുകയില്ല. എതിരഭിപ്രായങ്ങളുള്ള കാര്യങ്ങൾ തമ്മിൽ സംസാരിച്ച് അതിൽ യോജിക്കാവുന്ന ‘കോമൺഗ്രൗണ്ട്’  കണ്ടുപിടിക്കാൻ സാധിക്കുമോ എന്നാണ് നോക്കേണ്ടത്.   

∙ പ്രണയത്തിലോ ദാമ്പത്യത്തിലോ ആകുമ്പോൾ മറ്റ് സൗഹൃദങ്ങളൊക്കെ മുറിച്ചു മാറ്റുന്നത് പലരിലും കണ്ടുവരുന്ന ശീലമാണ്. കാലക്രമേണ നിങ്ങളുടെ ലോകം ചുരുങ്ങി പോകാനേ അതുപകരിക്കൂ. പങ്കാളിയിൽ തന്നെ കൂടുതൽ  സമ്മർദം ചെലുത്താതിരിക്കാനും പല കാര്യങ്ങളും തുറന്ന് പറയാനും പുതിയ അഭിപ്രായങ്ങൾ ഉണ്ടായി വരാനും ഒക്കെ സൗഹൃദങ്ങൾ  സഹായിക്കും. അതുകൊണ്ട് നല്ല സൗഹൃദങ്ങൾ ഒപ്പം നിർത്തുക. 

∙ പ്രണയത്തിലായി/ ലിവിൻ റിലേഷൻഷിപ്പിലായി/ വിവാഹത്തിലായി എന്നതിനർഥം ഒരാൾ നിങ്ങളുടെ സ്വന്തമായി എന്നല്ല. മറ്റൊരാളുടെ ഇഷ്ടങ്ങൾക്ക് മേലെ നമുക്ക് നമ്മുടെ ഇഷ്ടങ്ങളെ അടിച്ചേൽപ്പിക്കാനുള്ള അധികാരം ഒരിക്കലും വന്നുചേരുന്നില്ലെന്ന് ഓർക്കാം. എത്ര അടുപ്പമുണ്ടെങ്കിലും രണ്ടു വ്യക്തികൾ തമ്മിൽ മറികടക്കാൻ പാടില്ലാത്ത അതിർവരമ്പുകളുണ്ട്. അവ പരസ്പരം പാലിക്കുക. ഖലീൽ ജിബ്രാന്റെ വരികൾ പോലെ ‘നിങ്ങളുടെ അടുപ്പങ്ങളിലും അകലങ്ങൾ ഉണ്ടാകട്ടേ’. 

സ്വകാര്യങ്ങൾ തുറന്നിടരുത്

∙ പങ്കാളി നിങ്ങളെ വിശ്വസിച്ച് സ്വകാര്യമായി പങ്കുവയ്ക്കുന്ന കാര്യങ്ങൾ സ്വകാര്യമായി തന്നെ വയ്ക്കുക. അത് അച്ഛനോടോ അമ്മയോടൊ സുഹൃത്തുളോടോ പങ്കുവയ്ക്കരുത്. 

∙ എല്ലാ കാര്യങ്ങളും വള്ളിപുള്ളി തെറ്റാതെ പങ്കാളിയോട് പറയണമെന്ന് നിർബന്ധമില്ല. നിങ്ങൾ പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതോ കോഫീഷോപ്പിൽ പോയി നിങ്ങൾക്കുള്ള മീ ടൈം കണ്ടെത്തുന്നതോ ഒക്കെ ലിസ്റ്റ് ചെയ്യണമെന്നില്ല. എന്നിരുന്നാലും തമ്മിലുള്ള വിശ്വാസത്തിന് വിള്ളലേൽക്കുന്ന കാര്യങ്ങൾ ചെയ്യാതിരിക്കുക എന്നത് സ്വന്തം ഉത്തരവാദിത്തമാണ് താനും. 

∙ തമ്മിൽ ആശയവിനിമയം നടത്തുമ്പോൾ പങ്കാളിയോട് എന്തു മോശം വാക്കും ഉപയോഗിക്കാം എന്ന ധാരണ വച്ചു പുലർത്തുന്നത് തെറ്റാണ്. മറ്റേതൊരിടത്ത് സംസാരിക്കുമ്പോഴും പാലിക്കുന്ന ബഹുമാനം പങ്കാളിയോട് സംസാരിക്കുമ്പോഴും വേണം. ആത്മാഭിമാനമുള്ള ഒരാളും ബഹുമാനമില്ലാത്ത ഇടങ്ങളെ സഹിക്കാൻ താൽപര്യപ്പെടില്ലെന്നോർക്കാം.