Friday 17 June 2022 02:54 PM IST : By അപര്‍ണ കാര്‍ത്തിക

‘ഡ്രോണിൽ ബാബുവിന്റെ ചിത്രം പതിഞ്ഞ നിമിഷം, ഇപ്പോഴും അതിന്റെ ത്രില്‍ വിട്ടുമാറിയിട്ടില്ല’; ലഫ്. കേണൽ ഹേമന്ത് രാജ് പറയുന്നു

heman556766cg

പാലക്കാട് മലമ്പുഴയ്ക്കടുത്തുള്ള ചെറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബു എന്ന ചെറുപ്പക്കാരന്റെ ജീവനു വേണ്ടി പ്രാർഥിക്കാത്തവരുണ്ടാകില്ല. രാത്രിയിലെ കൊടുംതണുപ്പും പകലിലെ കത്തുന്ന വെയിലും അതിജീവിച്ച് പിടിച്ചു നിന്ന ചെറുപ്പക്കാരനെ രക്ഷിക്കാൻ നാട് മുഴുവനും െെകകോര്‍ത്തു.

രാത്രി പത്തരയോടെ മലമ്പുഴയിൽ എത്തിയ ഊട്ടി വെല്ലിങ്ടനിൽ നിന്നുള്ള മദ്രാസ് റജിമെന്റിലെ ലഫ്. കേണൽ ഹേമന്ത് രാജ് ആ മലയിടുക്കിലേക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു, ‘ബാബൂ... പേടിക്കേണ്ട, ഞങ്ങളെത്തി...’ ഒന്നര ദിവസത്തോളം മലയിൽ കുടുങ്ങിയ ആ ചെറുപ്പക്കാരനൊപ്പം കേരളത്തിലെ ഓരോരുത്തർക്കും ആ വിളി വലിയ പ്രതീക്ഷയായിരുന്നു. രാത്രിയിൽ തന്നെ രക്ഷാപ്രവർത്തനം തുടങ്ങി. പിന്നീടു ബാല എന്ന െെസനികന്‍ കയറിൽ തൂങ്ങിയിറങ്ങി ബാബുവിനടുത്തെത്തുന്നതു മുതല്‍ രക്ഷപ്പെട്ട് മലമുകളിലെത്തിയ ബാബു െെസനികരുെട കരവലയത്തിനുള്ളില്‍ ഒരു കുഞ്ഞിെന േപാലെ ചിരിച്ചു െകാണ്ടു കിടന്ന് ഉമ്മ െകാടുക്കുന്നതു വരെ മലയാളികള്‍ െെലവായി കണ്ടു.

കേരളം ഉറ്റുനോക്കിയ രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിച്ചത് ഒരു മലയാളിയാണെന്നും എല്ലാവരും അറിഞ്ഞു. ഏറ്റുമാനൂര്‍ സ്വദേശി ലഫ്. കേണൽ ഹേമന്ത് രാ ജ്. ദുരന്തനിവാരണ സേനയുടെ ചുമതലയുള്ള മലയാളി ഉദ്യോഗസ്ഥൻ. ആ ദിനത്തിെന്‍റ ഒാര്‍മകളിലേക്ക് മടങ്ങുകയാണ് ഹേമന്ത്.

‘‘ഫെബ്രുവരി എട്ടാം തീയതി വൈകിട്ട് ആറരയോടെയാണ് പാലക്കാട്ടേക്ക് തിരിക്കാൻ മുതിര്‍ന്ന ഉദ്യോസ്ഥനില്‍ നിന്നു നിര്‍ദേശം കിട്ടിയത്. 25 മിനിറ്റിനുള്ളില്‍ വിദഗ്ധസംഘത്തോടൊപ്പം സര്‍വ സജ്ജീകരണങ്ങളുമായി ഞ ങ്ങള്‍ പാലക്കാട്ടേക്ക് തിരിച്ചു. മലകയറ്റത്തിന്റെ എല്ലാ സാങ്കേതികതയും മനസ്സിലാക്കിയ ടീമായിരുന്നു കൂടെയുള്ളത്. കുത്തനെയുള്ള മലഞ്ചെരിവുകളിലും പാറക്കെട്ടുകളിലും കയറില്‍ തൂങ്ങിയിറങ്ങി രക്ഷാപ്രവര്‍ത്തനം നടത്താന്‍ പ്രത്യേക പരിശീലനം (റാപ്ലിങ് െട്രയിനിങ്) ലഭിച്ചവര്‍, ഡ്രോൺ പരിശീലനം കിട്ടിയവര്‍...

രക്ഷാപ്രവർത്തനം കണ്ടവർക്കൊക്കെ സംശയമുണ്ടായിരുന്നു, എന്തിനാണ് ഈ രണ്ട് കയർ എന്ന്. സുരക്ഷയാണ് ഏറ്റവും പ്രധാനം. അവിചാരിതമായ സാഹചര്യത്തില്‍ കയർ പൊട്ടി അപകടം ഉണ്ടാകരുതെന്ന് കരുതിയാണ് സ്റ്റാറ്റിക് റോപ് ഉപയോഗിച്ചത്. 1000 മീറ്റർ ഉയരമുള്ള മലയുടെ ഏകദേശം മധ്യഭാഗത്ത് കുടുങ്ങിയ ആളെ രക്ഷപ്പെടുത്തൽ വിചാരിക്കുന്നത്ര എളുപ്പമല്ല. എവിടെയാണ് ആ ചെറുപ്പക്കാരൻ കുടുങ്ങിയതെന്ന് തിരിച്ചറിയാൻ തന്നെ സമയമെടുത്തു. ഡ്രോൺ നിയന്ത്രിച്ച സൂരജ് കൃത്യമായി വിവരങ്ങൾ കൈമാറി. എനിക്കും ബാലയ്ക്കും  ഇടയിൽ നിന്നു ദീപക് കാര്യങ്ങള്‍ കോർഡിനേറ്റ് ചെയ്തു.

IMG-20220209-WA0109

രാത്രി വൈകിയിട്ടും ബാബുവിനെ കൃത്യമായി ലൊക്കേറ്റ് ചെയ്യാൻ പറ്റിയില്ല എന്നത് രക്ഷാദൗത്യത്തിന് വെല്ലുവിളിയായി. ആത്മവിശ്വാസമല്ലാതെ മറ്റൊന്നും മുന്നിലില്ല. വീണ്ടും ശ്രമങ്ങള്‍ തുടങ്ങി. ഡ്രോണിൽ ബാബുവിന്റെ ചിത്രം പതിഞ്ഞ നിമിഷം. ഇപ്പോഴും അതിന്‍റെ ത്രില്‍ വിട്ടുമാറിയിട്ടില്ല. മലയുടെ മധ്യഭാഗത്തുള്ള ബാബുവിനെ താഴെക്കിറക്കാനായിരുന്നു ആദ്യ നീക്കം. പക്ഷേ, സാഹചര്യം അനുകൂലമായിരുന്നത് മുകളിലേക്ക് എത്തിക്കാനായിരുന്നു. ഒരേ താളത്തിൽ എല്ലാവരും ഒത്തുപിടിച്ചു. ആ താളത്തിനൊപ്പം ബാബു മുകളിലേക്ക്...’’

ജീവിതചര്യ േപാലെ

ഏറ്റുമാനൂരിനടുത്ത് തവളക്കുഴി മുത്തുച്ചിപ്പിയില്‍ റിട്ടയേഡ് എക്സൈസ് ഇൻസ്‌പെക്ടർ രാജപ്പന്‍റെയും ലതികാഭായ്‌യുെടയും മകനാണ് ഹേമന്ത്. കഴക്കൂട്ടം സൈനിക സ്കൂളിലെ പഠനത്തിനു ശേഷം പുണെയിലെ നാഷനൽ ഡിഫൻസ് അക്കാദമി, ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി എന്നിവിടങ്ങളിൽ നിന്ന് പരിശീലനം നേടി. ഭാര്യ ഡോക്ടര്‍ തീർഥ ഹേമന്ത് ‘ടൂത്ത് അഫയർ’ എന്ന സ്ഥാപനം നടത്തുന്നു. മകൻ അയാൻ.

ഹേമന്ത് രാജിന് ജീവന്‍രക്ഷാദൗത്യങ്ങള്‍ ഇപ്പോള്‍ ജീവിതചര്യയുടെ ഭാഗമാണ്. ദുരന്തങ്ങളെവിെടയുണ്ടായാലും ഒാടിച്ചെല്ലാന്‍ സദാ സന്നദ്ധന്‍. തമിഴ്നാട്ടിലും ഉത്തരാഖണ്ഡിലും ജമ്മു കശ്മീരിലും എല്ലാം െെകത്താങ്ങുമായി േഹമന്ത് എത്തിയിട്ടുണ്ട്.

2018ലെ പ്രളയകാലത്താണ് ഹേമന്തിനെ കേരളം ആ ദ്യം അടുത്തറിഞ്ഞത്. സർവ പ്രവചനങ്ങളും തെറ്റിച്ച പേമാ രി ചെങ്ങന്നൂരിനെ പ്രളയത്തില്‍ മുക്കിയപ്പോള്‍,  മുൻപരിചയമില്ലാത്ത വെള്ളപ്പൊക്കത്തെ നോക്കി നാട്ടുകാർ പകച്ചു പോയപ്പോൾ േഹമന്തും കൂട്ടരും രക്ഷയുെട കരുതലുമായെത്തി. തൊട്ടടുത്ത വർഷം ഇടുക്കിയിലെ പെട്ടിമുടിയില്‍ മലയിടിഞ്ഞ് നിരവധി ജീവനുകള്‍ മണ്ണിനടിയില്‍ കുടുങ്ങിയപ്പോള്‍ അവിടെയും ഹേമന്തിന്‍റെ സേവനം ഉണ്ടായിരുന്നു. ‘‘ഇതൊന്നും എെന്‍റ മാത്രം മികവല്ല, കൂട്ടായ പ്രവൃത്തികളാണ് എല്ലാം. സ്വന്തം ജീവന്‍ െകാടുത്തും മറ്റൊരു ജീവന്‍ രക്ഷിക്കാനുള്ള െെസനികന്‍റെ മനസ്സ് ആണ് ഇവിെടല്ലാം വിജയിക്കുന്നത്.’’ േഹമന്ത് പറയുന്നു.

മറ്റ് സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനെക്കാൾ വളരെ സൗകര്യമാണ് കേരളത്തിൽ എന്നാണ് ഹേമന്തിന്‍റെ പക്ഷം. ‘‘ഇവിടെ ഒരാവശ്യം വന്നാൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കും. മറ്റ് ചില ഇടങ്ങളിൽ നാട്ടുകാരുടെ സഹകരണം അത്ര ഉണ്ടാകാറില്ല.’’ േഹമന്ത് ഒാര്‍ക്കുന്നു.

IMG-20220210-WA0076

‘‘പ്രളയകാലത്ത് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിലെ ക്യാംപില്‍ സജീവമായ ദിവസങ്ങളിലൊന്നില്‍ ഒരു പെണ്‍കുട്ടി എന്നെ വിളിച്ചു. ഫോെണടുത്തപ്പോള്‍ ആ പെണ്‍ കുട്ടി വിതുമ്പി കരയാൻ തുടങ്ങി. ആശ്വസിപ്പിച്ചു കാര്യം തിരക്കി. ഏറെ നിര്‍ബന്ധിച്ചപ്പോഴാണ് ആ കുട്ടി ആവശ്യം പറഞ്ഞത്. ചുറ്റും വെള്ളം നിറഞ്ഞ് ഹോസ്റ്റലിൽ കുടുങ്ങിക്കിടക്കുകയാണെന്നും കൂടെയുള്ളതു മൂന്നോ നാലോ പേർ മാത്രമാണെന്നും അവർ പറഞ്ഞു. ഭക്ഷണമോ മരുന്നോ ആകും ആവശ്യം എന്നാണു കരുതിയത്. പക്ഷേ, അതായിരുന്നില്ല പ്രശ്‌നം. ഒടുവില്‍ മടിച്ചു മടിച്ചാണെങ്കിലും അവർ കാര്യം പറഞ്ഞു. ആവശ്യത്തിന് അടിവസ്ത്രങ്ങളോ സാനിറ്ററി പാഡുകളോ ആരുടെയും കയ്യിലില്ല. അവ എത്തിച്ചു കൊടുക്കുമോ എന്നായിരുന്നു ചോദ്യം. ഇക്കാര്യം ആവശ്യപ്പെട്ട്‌ മെസേജ് പോയപ്പോൾ പല തലത്തിൽ സഹായമെത്തി. കേരളം കണ്ട വലിയൊരു ചാലഞ്ചിന്റെ തുടക്കമായിരുന്നു അത്.

കരയണോ ചിരിക്കണോ എന്നു തോന്നിപ്പോയ ചില സംഭവങ്ങള്‍ക്കും സാക്ഷിയായി. രക്ഷാപ്രവർത്തനത്തിനു ബോട്ടില്‍ േപാകുമ്പോഴാണ് മരക്കൊമ്പില്‍തടഞ്ഞ് കുടുങ്ങിക്കിടക്കുന്ന ഒരമ്മച്ചിയെ കണ്ടത്. ഒരു വിധത്തിൽ അ വരെ ബോട്ടിലേക്ക് മാറ്റി. ഉടുത്ത സാരി മരക്കൊമ്പില്‍ കുരുങ്ങിയതു െകാണ്ടാണ് അവർ ഒഴുക്കിൽ പോകാെത പിടിച്ചു നിന്നത്. മെഡിക്കൽ സഹായങ്ങൾ നൽകി പരിചരിക്കുമ്പോൾ അവരുടെ ഭർത്താവും മറ്റൊരു സ്ത്രീയും കുട്ടികളും ആകെ വെപ്രാളപ്പെട്ട് കൂെടയുണ്ടായിരുന്നു.

ജീവൻ തിരികെ കിട്ടിയെന്ന് ഉറപ്പായപ്പോൾ അവർ മാത്രം മരക്കൊമ്പിൽ എത്തിയ കഥ പറഞ്ഞു. വെള്ളം പെട്ടെന്നു പൊങ്ങിയപ്പോള്‍ െതാട്ടടുത്ത വീട്ടിലെ മറ്റൊരു ജാതി യില്‍ െപട്ട സ്ത്രീയും കുട്ടികളും ഈ അമ്മയുെട വീട്ടിലേക്ക് ഒാടിക്കയറി വന്നു. അതിഷ്ടപ്പെടാതെ വീടിനു പുറത്തിറങ്ങിയപ്പോൾ കാൽ വഴുതി വീണാണ് അപകടം പറ്റിയത്. ഭാഗ്യത്തിനു മരക്കൊമ്പില്‍ സാരി കുരുങ്ങിയതു െകാണ്ടു രക്ഷപെട്ടു. മരണമുഖത്തു പോലും ജാതി ചിന്ത വെടിയുന്നില്ല മലയാളി എന്നത് അദ്‍ഭുതപ്പെടുത്തി.’’

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പടെയുള്ളവർ കൊല്ലപ്പെട്ട അപകടത്തിന്റെ രക്ഷാപ്രവർത്തനവും ഹേമന്തിന്‍റെ നേതൃത്വത്തിലായിരുന്നു. പ്രളയകാലത്തെ സേവനം മുൻനിർത്തി 2019 ൽ രാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡലിനും അർഹനായി. കഴിഞ്ഞ വർഷം ചെന്നൈയിൽ റിപ്പബ്ലിക് ദിന പരേഡിൽ മദ്രാസ് റെജിമെന്റിനെ നയിച്ചതും ഈ ചെറുപ്പക്കാരനാണ്.