Saturday 29 October 2022 02:09 PM IST

‘വലിയ ശമ്പളമില്ലേ, ഇനിയെന്തിനാ പണം?’; എന്റെ ആദ്യ ശമ്പളം നാൽപത്തിയയ്യായിരം രൂപയാണെന്നു കേട്ടപ്പോൾ അമ്മ വീണ്ടും ഞെട്ടി! ജീവിതം പറഞ്ഞ് വി.ആർ. കൃഷ്ണതേജ ഐഎഎസ്

Roopa Thayabji

Sub Editor

_DSC8501

മഴക്കാലത്ത് കുട്ടികളുടെ ഹൃദയം കവർന്ന കലക്ടർ കൃഷ്ണതേജ വനിതയ്ക്കായി വിവിധ സ്കൂളിലെ കുട്ടികൾക്കൊപ്പം ഒത്തുകൂടിയപ്പോൾ...

ആലപ്പുഴ ബീച്ചിലെ മഴച്ചാറ്റലുള്ള വൈകുന്നേരം. ജില്ലാ കലക്ടറായി വി.ആർ. കൃഷ്ണതേജ ഐഎഎസ് ചാർജെടുത്തിട്ട് ഒരു മാസം പൂർത്തിയായ ദിവസം. ഓണപ്പരീക്ഷയുടെ ക്ഷീണം മാറിയ സന്തോഷത്തിലാണ് അവർ എത്തിയത്. വിവിധ സ്കൂളുകളിൽ നിന്ന് ‘വനിത’യ്ക്കു വേണ്ടി കലക്ടറോടു കൗതുകച്ചോദ്യം ചോദിക്കാനെത്തിയ പത്തു കുട്ടികൾ. 

റിസോർടിന്റെ ഗേറ്റു കടന്ന് കലക്ടറുടെ കാറെത്തിയപ്പോൾ ബഹുമാനവും പേടിയും കലർന്ന് ആ സദസ്സ് നിശബ്ദമായി. വന്നെത്തിയ കലക്ടറാണ് ആദ്യ ചോദ്യം ചോദിച്ചത്, ‘‘എന്റെ ഫുൾ നെയിം അറിയാമോ ?’’ കുട്ടികൾ ‘വി.ആർ. കൃഷ്ണതേജ’ എന്നു വിളിച്ചു പറഞ്ഞപ്പോൾ കലക്ടർ ചെറുചിരിയോടെ തിരുത്തി. ‘‘എന്റെ ഫുൾ നെയിം ‘വെങ്കട രാമകൃഷ്ണ തേജ മൈലവരപ്’ എന്നാണ്. മൈലവരപ് എന്നതു കുടുംബപ്പേരാണ്. ആന്ധ്ര പ്രദേശിലെ ആചാരപ്രകാരം കുടുംബപ്പേരാണ് സർനെയിം.’’

കുട്ടികൾക്ക് റോൾ മോഡൽ വേണമെന്നു പറയും. സാറിന് ഉണ്ടോ റോൾമോഡൽ ?

അപ്പൂപ്പൻ മൈലവരപ് ഗുണ്ടയ്യയാണ് എന്റെ റോൾമോഡൽ. നാട്ടിലുള്ളവർ പറയുന്നത് എന്റെ രീതികളൊക്കെ അപ്പൂപ്പന്റേതാണെന്നാണ്. ഞങ്ങളുടെ ഗ്രാമത്തിലെ ആദ്യത്തെ പഞ്ചായത്തു പ്രസിഡന്റായിരുന്നു അപ്പൂപ്പൻ. ആ പ്രവർത്തനങ്ങളോടുള്ള ആദരസൂചകമായി നാട്ടിലെ പ്രധാന റോഡിനും ക്ലോക് ടവറിനും മുനിസിപ്പാലിറ്റിക്കുമൊക്കെ അപ്പൂപ്പന്റെ പേരാണു നൽകിയത്. സ്വന്തം പോക്കറ്റിലെ കാശും നാടിനും നാട്ടുകാർക്കും വേണ്ടി െചലവാക്കിയ നേരുള്ള രാഷ്ട്രീയക്കാരനായിരുന്നു അദ്ദേഹം.

പിന്നെ, കസിൻ ബ്രദർ നരേന്ദ്രനാഥ് ഐഎഫ്എസ് ഓഫിസറാണ്. എന്റെ അച്ഛനും അമ്മയുമാണ് എല്ലാ പിന്തുണയും തന്നു കൂടെ നിന്നത്.

സ്കൂൾ പഠനം നിർത്തേണ്ടി വന്ന സാഹചര്യത്തെ കുറിച്ചു വായിച്ചിട്ടുണ്ട്. എങ്ങനെയാണ് ആ ഘട്ടം അതിജീവിച്ചത് ?

എന്റെ ഹൈസ്കൂൾ കാലത്ത് വീട്ടിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടായി. അങ്ങനെ വൈകുന്നേരങ്ങളിൽ അടുത്തുള്ള മെഡിക്കൽ ഷോപ്പിൽ ജോലിക്കു പോയി. ആ ചെറിയ വരുമാനം കൂടി വേണം വീട്ടുകാര്യങ്ങൾ മുന്നോട്ടു പോകാൻ. അങ്ങനെയൊരു ദിവസം തിരിച്ചറിവു വന്നു, നന്നായി പഠിച്ചില്ലെങ്കിൽ മുന്നോട്ടുള്ള ജീവിതം മരുന്നുകടയിൽ തന്നെയാകും. പിന്നെ വാശിയോടെ പഠിച്ചു.

കുട്ടിക്കാലത്ത് ആർക്കും പഠിക്കാൻ അത്ര ഇഷ്ടമുണ്ടാകില്ല. അങ്ങനെ തോന്നിയിട്ടില്ലേ ?

ഒരുപാടുവട്ടം തോന്നിയിട്ടുണ്ട്. പഠിത്തം നിർത്തിയെന്നു തീരുമാനിച്ച് അന്നു സിനിമയ്ക്കു പോകും. രാത്രി കിടന്നുറങ്ങും. രാവിലെ എല്ലാം  മറന്ന് സ്കൂളിൽ പോകും.

ഐഎഎസ് കിട്ടിയതിനു ശേഷം ഒരുപാട് രക്ഷിതാക്കൾ മക്കളെയും കൊണ്ടുവരും. നന്നായി പഠിക്കാനായി ഞാൻ ചെയ്ത വഴി കുട്ടിക്കും പറ‍ഞ്ഞു കൊടുക്കണം എന്നാണ് ആവശ്യം.  ഒരിക്കലും മറ്റു കാര്യങ്ങൾ മാറ്റിവച്ചു പഠിച്ചിട്ടില്ല. പഠിക്കേണ്ട സമയത്ത് മറ്റു കാര്യങ്ങളും ശ്രദ്ധിക്കില്ല. പരമാവധി എട്ടു മണിക്കൂറൊക്കെയേ ഐഎഎസ് കോച്ചിങ് കാലത്തു പോലും പഠിച്ചിട്ടുള്ളൂ. അന്നും എല്ലാ സിനിമയും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്കു പോകുമായിരുന്നു.

നന്നായി പഠിക്കാൻ കുറുക്കു വഴിയുണ്ടോ ?

ഉണ്ടല്ലോ. പഠിപ്പിച്ചു കൊണ്ടു പഠിച്ചാൽ മതി. കൂട്ടുകാരെയോ അനിയനെയോ അനിയത്തിയെയോ ഒക്കെ പഠിപ്പിക്കുക. വായിച്ചു മാത്രം പഠിക്കാതെ വായിച്ചവ ഓർത്തുനോക്കിയും ഓർത്തെഴുതിയും ഉറപ്പിക്കണം.

ഐടി ജോലിയിൽ നിന്ന് ഐഎഎസ് എന്ന സ്വപ്നത്തിലേക്ക് എത്തിയതെങ്ങനെ ?

ഐടി ജോലിയിൽ നല്ല ശമ്പളം കിട്ടും, പക്ഷേ സംതൃപ്തി ഉണ്ടാകുമോ എന്നു സംശയമാണ്. ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന കാലത്ത്, റൂം മേറ്റിന് ഐഎഎസ് പരീക്ഷയ്ക്കു തയാറെടുക്കണം. 25 കിലോമീറ്റർ അകലെയുള്ള കോച്ചിങ് സെന്ററിലേക്ക് പോകാൻ കൂട്ടിന് എന്നെകൂടി ചെല്ലാൻ നിർബന്ധിച്ചു. ‘എന്താണ് ഐഎഎസ്’ എന്നായിരുന്നു എന്റെ സംശയം.

കോച്ചിങ്ങിനു ചേർന്നെങ്കിലും ആദ്യ ശ്രമത്തിൽ പരാജയമായിരുന്നു ഫലം. പത്താംക്ലാസിലും പ്ലസ്ടുവിനും എൻജിനിയറിങ്ങിനും ഒന്നാം റാങ്കു വാങ്ങി ഇഷ്ട ജോലി നേടി വിജയത്തിന്റെ നെറുകയിൽ നിന്ന എന്റെ ജീവിതത്തിലെ ആദ്യ പരാജയം. ജോലി രാജി വച്ച് വീണ്ടും പരിശീലിച്ചു. അതും പരാജയപ്പെട്ടു. മൂന്നാം വട്ടവും സർവപരിശ്രമവും കാഴ്ചവച്ചെങ്കിലും തോൽവിയായിരുന്നു ഫലം.

_DSC8480

ആ പരാജയങ്ങളിൽ വിഷമം തോന്നിയില്ലേ ?

മൂന്നു വട്ടം പരീക്ഷയെഴുതിയിട്ടും പാസാകാതെ വന്നപ്പോൾ കൂട്ടുകാരോടു ചോദിച്ചു, ‘മച്ചാ എന്താണ് ഞാൻ വിജയിക്കാത്തത്.’

‘നീ നന്നായി പഠിക്കും, സ്മാർട്ടാണ്, എല്ലാം ഓർമയുണ്ടാകും. എന്നിട്ടും എന്താണ് പരാജയപ്പെടുന്നതെന്ന് ഞങ്ങൾക്കുമറിയില്ല’ എന്നായിരുന്നു അവരുടെ മറുപടി. അങ്ങനെയൊരു ദിവസം വാതിലിൽ മുട്ടു കേട്ടു നോക്കുമ്പോൾ എന്റെ മൂന്നു ശത്രുക്കളാണ്. സിവിൽ സർവീസ് പരിശീലനം വിട്ട കാര്യമറിഞ്ഞ് ‘ചൊറിയാൻ’ വന്നതാണ്. ‘ഐടി ജോലിയാണ് നിനക്ക് സെറ്റാകുന്നത്’ എന്നു പറഞ്ഞ അവരോടു ഞാൻ ചോദിച്ചു, ‘എന്തുകൊണ്ടാണ് ഐഎഎസ് മോഹം വിട്ടതു നന്നായി എന്നു പറയുന്നത്?’

ആദ്യത്തെയാളിന്റെ മറുപടി ഇതായിരുന്നു, ‘നിന്റെ കൈയക്ഷരം വളരെ മോശമാണ്. ’ രണ്ടാമത്തെയാളിന്റെ മറുപടി ഇങ്ങനെ, ‘പോയിന്റു പോയിന്റായി കാര്യങ്ങൾ എഴുതി സ്കോർ ചെയ്യാൻ നീ മിടുക്കനാണ്. പക്ഷേ, സിവിൽ സർവീസിൽ ആ പോയിന്റുകൾ എങ്ങനെ വിനിയോഗിക്കുന്നു എന്നതാണു പ്രധാനം.’ അടുത്തയാളിന്റെ മറുപടിയും പിന്നാലെ വന്നു, ‘നീ സ്ട്രെയ്റ്റ് ഫോർവേഡാണ്. ഐഎഎസിൽ ഡിപ്ലോമാറ്റിക് ആകണം.’

ആ വാക്കുകൾ എന്നെ ചിന്തിപ്പിച്ചു. ഒരു വട്ടം കൂടി സിവിൽ സർവീസിനു ശ്രമിക്കാൻ തീരുമാനിച്ചു. ഹാൻഡ് റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് ദിവസവും രണ്ടു മണിക്കൂർ പ്രാക്റ്റീസ് ചെയ്ത് കയ്യക്ഷരം മെച്ചപ്പെടുത്തി.

അടുത്ത പ്രശ്നം നല്ല ഭാഷയിലുള്ള എഴുത്താണ്. നാട്ടിലെ ഒരു ഓഫിസിൽ ഡിഫൻസ് സർവീസിലുള്ള ബാലലത എന്ന ഉദ്യോഗസ്ഥയുണ്ട്. അവരുടെയടുത്ത് ചെന്ന് കാര്യം അവതരിപ്പിച്ചു. എല്ലാ ദിവവും രാവിലെ നാലുമണി മുതൽ ഏഴുമണി വരെ പരീക്ഷയെഴുതണമെന്ന് അവർ ചട്ടം കെട്ടി. ഒരു വർഷം കൊണ്ട് 365 പരീക്ഷയെഴുതി.

മൂന്നു വർഷം സിവിൽ സർവീസിനു പരിശീലിച്ച പരിചയം വച്ച് കോച്ചിങ് സെന്ററിൽ ഇൻസ്ട്രക്റ്ററായി. അവിടെയുള്ള കുട്ടികളോട് നയപരമായി സംസാരിച്ചാണ് ‘ഡിപ്ലോമസി’ പഠിച്ചത്. അടുത്ത ശ്രമത്തിൽ സിവിൽ സർവീസ് പരീക്ഷ 66ാം റാങ്കോടെ പാസായി.

സുഹൃത്തുക്കൾ മാത്രമല്ല, ശത്രുക്കളും നല്ലതാണെന്ന് അന്നു മനസ്സിലായി. പോസിറ്റീവ്സ് അറിയാൻ സുഹൃത്തുക്കളെ നോക്കാം, നെഗറ്റീവ്സ് അറിയണമെങ്കിൽ ശത്രുക്കളോടു തന്നെ ചോദിക്കണം. പക്ഷേ, ശത്രുക്കളുടെഎണ്ണം വളരെ കുറച്ചു മതിയെന്നു മാത്രം.

ഈ ജോലിയിൽ പൂർണ തൃപ്തനാണോ ?

സിവിൽ സർവീസ് പരീക്ഷ പാസായപ്പോൾ നാട്ടിലുള്ളവരെല്ലാം അമ്മയെ അഭിനന്ദനങ്ങൾ കൊണ്ടു മൂടി. പാവം നാട്ടിൻപുറത്തുകാരിയാണ് അമ്മ. ഐടി കമ്പനിയിൽ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന എനിക്ക് അതിനെക്കാൾ മികച്ച ജോലിയെന്നു കേട്ടപ്പോൾ അമ്മ കരുതിയത് കോടികൾ ശമ്പളമുണ്ടാകുമെന്നാണ്.

ട്രെയിനിങ്ങിനിടെ പണം ആവശ്യപ്പെട്ട് അച്ഛനെ വിളിച്ചപ്പോൾ അമ്മ ചോദിച്ചു, ‘വലിയ ശമ്പളമില്ലേ, ഇനിയെന്തിനാ പണം ?’ എന്റെ ആദ്യ ശമ്പളം നാൽപത്തിയയ്യായിരം രൂപയാണെന്നു കേട്ടപ്പോൾ അമ്മ വീണ്ടും ഞെട്ടി. ഈ ജോലിയുടെ സംതൃപ്തി ശമ്പളമല്ല, സേവനമാണ്. ദിവസവും അനേകം പേരുടെ ഒട്ടനവധി പ്രശ്നങ്ങൾക്കു പരിഹാരം കാണാം. ആ തൃപ്തി മറ്റെവിടെയും കിട്ടില്ല.

ആലപ്പുഴയിൽ സബ് കലക്ടറായിരുന്ന കാലത്താണ് ആദ്യ പ്രളയം. അതു കഴിഞ്ഞ് കുറച്ചുനാൾ അച്ഛനും അമ്മയും കൂടെയുണ്ടായിരുന്നു. ആ ദിവസങ്ങളിലാണ് ഈ ജോലിയുടെ മഹത്വം അമ്മയ്ക്കു മനസ്സിലായത്. മടങ്ങിപ്പോകും മുമ്പ് അമ്മ എന്നെ ചേർത്തു നിർത്തി പറഞ്ഞു, ‘ശമ്പളമല്ല, ദൈവത്തിന്റെ കരങ്ങളെന്ന പോലെ സേവനം ചെയ്യാനുള്ള അവസരമാണ് വലുത്.’

ബാക് വാട്ടേഴ്സിനും പ്രളയത്തിനും പേരുകേട്ട സ്ഥലമാണ് ആലപ്പുഴ. എങ്ങനെ രണ്ടും മാനേജ് ചെയ്യുന്നു ?

സിവിൽ സർവീസ് മെയിൻ പരീക്ഷയിൽ എന്റെ ഒരു വിഷയം ജ്യോഗ്രഫിയായിരുന്നു. ഐഎഎസ് ലഭിച്ച വർഷം ഇന്ത്യയിൽ ജ്യോഗ്രഫിയിൽ രണ്ടാം റാങ്കും എനിക്കായിരുന്നു. സബ്കളക്ടറായി ചാർജെടുത്ത ശേഷം എല്ലാ വില്ലേജ് ഓഫിസിലും പഞ്ചായത്തിലും പോയി. അച്ചൻകോവിലാറും പമ്പയും മണിമലയാറും ആലപ്പുഴ ജില്ലയുടെ ഏതൊക്കെ പഞ്ചായത്തിലൂടെയാണ് പോകുന്നതെന്ന് എനിക്കറിയാം. പത്തനംതിട്ടയിൽ എവിടെയൊക്കെ മഴ പെയ്താലാണ് പമ്പയാറ്റിൽ വെള്ളം പൊങ്ങുന്നത്, കൊല്ലത്ത് എവിടെ മഴ പെയ്താലാണ് അച്ചൻകോവിലാറ്റിൽ വെള്ളം പൊങ്ങുന്നത്, കോട്ടയത്ത് എവിടെ മഴ പെയ്താൽ മണിമലയാറ്റിൽ വെള്ളം പൊങ്ങും എന്നൊക്കെ കൃത്യമായി അറിയാം. ജ്യോഗ്രഫിയിലുള്ള ഈ അറിവാണ് പ്രളയത്തെ മാനേജ് ചെയ്യാൻ സഹായിച്ചത്. എന്റെ ടീമും ഒപ്പം നിന്നു.

മഴ പെയ്യുമ്പോൾ കലക്ടർ അവധി പ്രഖ്യാപിക്കുന്നത് എന്തു മാനദണ്ഡത്തിലാണ് ?

ആലപ്പുഴയിൽ മഴ പെയ്യുന്നതു കൊണ്ടല്ല ആലപ്പുഴ ജില്ലയിൽ അവധി പ്രഖ്യാപിക്കുന്നത്. പത്തനംതിട്ടയിലും കോട്ടയത്തും കനത്ത മഴയായതു കൊണ്ടാണ്. ഇവിടത്തെ മഴ കണ്ടിട്ട് നാളെ അവധി കിട്ടുമെന്നു പ്രതീക്ഷിക്കണ്ട കേട്ടോ.

‘പഠിക്ക്, എ പ്ലസ് വാങ്ങ്’ എന്നാണ് എല്ലാരും പറയുന്നത്. പരാജയങ്ങളോടുള്ള ഞങ്ങളുടെ പേടി എങ്ങനെ മറികടക്കും ?

എല്ലാ വിഷയത്തിനും എ പ്ലസ് നേടിയയാൾ ജീവിതത്തിൽ വിജയിച്ചു എന്നു പറയാനാകുമോ? മാർക്കിനെ കുറിച്ചോർത്ത് കുട്ടികളെ സ്ട്രസ്സിലേക്ക് വിടാതെ നോക്കണം.

സിവിൽ സർവീസ് പരീക്ഷയിലെ വിജയം ജീവിതത്തിലെ ഏറ്റവും വലിയ വിജയമല്ല എനിക്ക്, അതുവരെ നേരിട്ട പരാജയങ്ങളിൽ നിന്നെല്ലാമുള്ള ഉദയവും അതിജീവനവുമാണത്്. ഏതു വിജയമുണ്ടാകുന്നതിനും കാരണമായി തോൽവിയുണ്ടാകും. അതിനാൽ പരാജയങ്ങളെ അംഗീകരിക്കണം. അതിൽ നിന്നു പാഠമുൾക്കൊള്ളണം.

ഐഎഎസ് സ്വപ്നം കാണുന്നവർ ഫോക്കസ് ചെയ്യേണ്ടത് ബിരുദത്തിലാണ്. ഏതു വിഷയം പഠിച്ചാലും പെർഫെക്റ്റ് ആകാൻ ശ്രമിക്കണം. ഐഎഎസ് മെയിൻ സിലബസ് 12ാം ക്ലാസ് വരെയുള്ള ടെക്സ്റ്റ്ബുക് ആണ്. അതുകൊണ്ട് സ്കൂൾ ക്ലാസുകളിൽ പാഠഭാഗങ്ങൾ താത്പര്യത്തോടെ തന്നെ പഠിക്കണം.

_DSC8495

സോഷ്യൽ മീഡിയയിലും സ്റ്റാറാണല്ലോ ?

ഞാൻ ചാർജെടുത്ത ദിവസം. രാവിലെ മുന്നിലെത്തിയ ആദ്യഫയൽ മഴ കാരണം അവധി പ്രഖ്യാപിക്കുന്നു എന്നതാണ്. പിആർ ടീമിനോട് പ്രത്യേകം പറഞ്ഞു, കുട്ടികളോട് വെള്ളത്തിലിറങ്ങി കളിക്കാതെ വീട്ടിലിരിക്കാൻ പറയണമെന്ന്. ആ പോസ്റ്റ് വൈറലായി.

അടുത്ത ദിവസവും അവധിയാണ്. അന്ന് പോസ്റ്റൊന്നു മാറ്റി. ‘നിങ്ങൾ വീട്ടിലിരിക്കണം, പക്ഷേ, അച്ഛനോ അമ്മയോ പുറത്തു പോകുമ്പോൾ കുട കൊടുത്തു വിടാൻ മറക്കരുത്.’ മക്കൾക്ക് മാതാപിതാക്കളോടുള്ള സ്നേഹം കാണിക്കേണ്ടത് അവരുടെ റിട്ടയർമെന്റ് കാലത്തല്ലല്ലോ. അടുത്ത ദിവസം ക്ലാസുണ്ട്. ‘വിഷമിക്കേണ്ട, കൂട്ടുകാരുമൊത്ത് ചിരിച്ചുല്ലസിക്കാം. മാതാപിതാക്കൾക്ക് കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തിട്ട് വന്നോളൂ’ എന്നാണ് അന്ന് പോസ്റ്റ് ചെയ്തത്. എന്നെയും സഹോദരിയെയും അമ്മ ഉണർത്തിയിരുന്നത് ഉമ്മ തന്നാണ്. സ്കൂളിൽ പോകുമ്പോൾ അമ്മയ്ക്കും അച്ഛനും ഉമ്മ കൊടുക്കുന്ന ശീലം കൊച്ചുമക്കളെയും പഠിപ്പിച്ചു. എന്റെ മകൻ രാവിലെ കവിളിൽ തരുന്ന ഉമ്മയാണ് ആ ദിവസത്തെ ഏറ്റവും സുന്ദരമായ ഓർമ.

ശനിയാഴ്ച തന്നെ ഹോം വർക് തീർക്കണമെന്ന പോസ്റ്റും നന്നായി ഷെയർ ചെയ്യപ്പെട്ടു. എന്റെ മോൻ റിഷിത് നന്ദ യുകെജിയിലാണ്. എന്റെ ഭാര്യ രാഗ ദീപ ചാർട്ടേഡ് അക്കൗണ്ടന്റാണ്. ശനിയാഴ്ച ഹോംവർക് തീർത്തിട്ട് ‍ഞായറാഴ്ച അടിച്ചുപൊളിക്കുന്നതാണ് ഞങ്ങളുടെ ശീലം.

ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുന്ന ശീലം ഇപ്പോഴുമുണ്ടോ ?

ഐഎഎസ് പാസായ ശേഷം ഒരിക്കലേ അതു നടന്നുള്ളൂ, ‘ലൂസിഫർ’ റിലീസായപ്പോൾ.

സിനിമ കാണാനൊക്കെ സമയം കിട്ടുമോ ?

സമയം നമ്മുടെ കയ്യിലല്ലേ, അതു വിനിയോഗിക്കുന്നു രീതിയിലാണ് കാര്യം. തിയറ്ററിൽ പോയി സിനിമ കാണുന്നത് കുറഞ്ഞെങ്കിലും ഓടിടിയിൽ കാണും.

ഫയലുകൾ ഓൺലൈനായതു കൊണ്ട് ഓഫീസിലെത്തും മുമ്പേ അവ നോക്കും. ഓഫിസിലെത്തുന്നവരുടെ പരാതി കേൾക്കാൻ സമയമില്ല എന്നു വേണ്ടല്ലോ. ഓരോരുത്തരോടും അഞ്ചു മിനിറ്റെങ്കിലും സംസാരിക്കും.

പരീക്ഷയിൽ എന്നെങ്കിലും കോപ്പിയടിച്ചിട്ടുണ്ടോ ?

കോപ്പിയടിക്കാത്ത കുട്ടികളുണ്ടോ...

ഇത്രയും ഡിപ്ലോമാറ്റിക്കായ മറുപടി സ്വപ്നങ്ങളിൽ മാത്രമെന്ന് സദസ്സ് ഒന്നാകെ പറയുമ്പോൾ പിന്നിൽ സൂര്യൻ അസ്തമിച്ചിരുന്നു.

കലക്ടർക്കൊപ്പം

അഭിഷേക് പ്രമോദ്, ഹരിശങ്കർ (കാർമൽ അക്കാഡമി, പഴവങ്ങാടി, ആലപ്പുഴ), ജനനി ജയൻ (സെന്റ് മേരീസ് കാതലിക് ഹൈസ്ക്കൂൾ, ഫുജൈറ, യുഎഇ),  സുൽത്താന, അനു ജോബി (ഗവ. ഗേൾസ് എച്ച്എസ്എസ്, ആലപ്പുഴ), ശ്രീനിധി ആർ. നായർ, റോഷൻ ആർ. മേനോൻ (ചിന്മയ വിദ്യാലയ, ആലപ്പുഴ), കൃഷ്ണ ബി. നാഥ്, സമിത ഫാത്തിമ (സെന്റ് ജോസഫ്സ് ജി.എച്ച്എസ്എസ്, ആലപ്പുഴ), ഫിദ ഫിറോസ്, (സെന്റ് മേരീസ് എച്ച്എസ്എസ്, ആലപ്പുഴ)

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, ലൊക്കേഷൻ: ആലപ്പി ബീച് റിസോർട്ട്, ആലപ്പുഴ