Thursday 23 July 2020 04:41 PM IST : By ശ്യാമ

ട്രിഗർ വാണിങ് ചിലപ്പോൾ കുറിക്ക് കൊള്ളും ; പെൺറാപ്പുമായി ഇന്ദുലേഖ വാര്യർ

indu

നടനും കൊമേഡിയനും ഓട്ടൻതുള്ളൽ കലാകാരനും ഒക്കെയായ ജയരാജ് വാര്യറുടെ മകൾ ഇന്ദുലേഖ സ്വയം എഴുതി ചിട്ടപ്പെടുത്തി പാടിയതാണീ പെൺറാപ്പ്.

അടുച്ചുറച്ചവീട്ടിനുള്ളിൽ ഒച്ചയെതടവിലാക്കി,

ഉച്ചയും വെളിച്ചവും വിധിച്ചതല്ലയെന്നു പ്രാകി

കാകനൊച്ചവച്ച നേരം കാലുരണ്ടും ചക്രമാക്കി

സ്വപ്നവും ഋതുക്കളും അടുപ്പിലിട്ട് ചാരമാക്കി

ആരു പെണ്ണിനെ അടുക്കളയ്ക്ക് കാവലാക്കി?

ആര് പെൺനാക്കിൽ ഞാണുകൾ വരിഞ്ഞുകെട്ടി?

പെണ്ണുപൊള്ളയെന്ന് നാടുറക്കെയേറ്റുപാടി

പെണ്ണ് പൊന്നെന്ന് പെണ്ണുമാത്രമോർത്തുപാടി...

പെൺറാപ്പിന്റെ വരികൾ ഇങ്ങനെ മൂർച്ചയേറി ശരവേഗത്തിൽ പായുന്നു. പിന്നണിഗായിക ഇന്ദുലേഖ വാര്യറാണ് റാപ്പിന് പിന്നിലും മുന്നിലും...

കുറച്ച് കാലമായിട്ടിങ്ങനെ റാപ് മ്യൂസിക്ക് പരീക്ഷണം നടത്തണം എന്നൊരു മോഹമുണ്ടായിരുന്നു. പക്ഷേ, അങ്ങനെ ചെറുപ്പം മുതൽ എഴുതുന്ന ആളേ അല്ല. അച്ഛൻ നന്നായി എഴുതുമായിരുന്നെങ്കിലും ഞാനങ്ങനെ എഴുത്തിൽ പരീക്ഷണങ്ങളൊന്നും നടത്തിയിട്ടേയില്ല. റാപ്പിനോടുള്ള ഇഷ്ടം കൊണ്ടാണ് ഇത് എഴുതി നോക്കിയത്. കുറേ നാൾ മനസിലിട്ട് നടന്നു... നമുക്ക് അനുഭവമുള്ള... കുറേ പറഞ്ഞു കേട്ട കാര്യം തന്നെ എഴുതാമെന്നുവച്ചു അങ്ങനെയാണ് പെൺവിഷയത്തിലേക്ക് എത്തിയത്. എപ്പോഴോ തൊന്നിയൊരു സ്പാർക്കിൽ എഴുതിയതാണിത്. അതിൽ കുറച്ച് മാത്രമേ പോസ്റ്റ് ചെയ്തിട്ടുള്ളൂ... ബാക്കി വരാനുണ്ട്.

മനസ്സിലൊരു റിഥം വച്ചിട്ട് പാടിനോക്കിയാണ് എഴുതിയത്. രണ്ട് ദിവസം കൊണ്ട് എഴുതിത്തീർന്നു. മുഴുവന്‍ പാടി നോക്കിയപ്പോൾ ‘ഞാനിതിനു പറ്റിയ ആളല്ല’ എന്നു തോന്നിയതോടെ പുസ്തകം അടച്ച് ഭദ്രമായി വച്ചു. പിന്നെ ഈയടുത്ത് രണ്ടുംകൽപ്പിച്ച് കുറച്ച് ഭാഗം ഇൻസ്റ്റട്രാമിലിട്ടു. അതിന് ഞാൻ വിചാരിക്കാത്ത തരത്തിലുള്ള റെസ്പോൺസും കിട്ടി...

നാലഞ്ച് വർഷം മുൻപ് എന്റെ അച്ഛന്റെ ഗുരുവായ ജയപ്രകാശ് കുളൂർ സാർ വീട്ടിൽ വന്നപ്പോൾ എന്നോട്ട് ഒരിക്കെ പറഞ്ഞു ‘‘ഇന്ദു റാപ്പ് ചെയ്യണം... യുവതലമുറയ്ക്ക് സമൂഹത്തിനോട് പറയാനുള്ള കാര്യങ്ങൾ വിളിച്ചു പറയാനുള്ള മാർഗമാണ് റാപ്പ്. മലയാളത്തിലങ്ങനെ റാപ് ചെയ്യുന്ന സ്ത്രീ ശബ്ദം അത്ര കേട്ടിട്ടില്ല...’’ എന്നു പറഞ്ഞു. അന്നത് കേട്ട് അങ്ങ് വിട്ടു. എമിനം ഒക്കെ പണ്ട് കേൾക്കുമായിരുന്നെങ്കിലും എനിക്കിത് പറ്റാത്ത പണിയാണെന്നാണ് ഓർത്തിരുന്നത്. 2019 കല്യാണം കഴിഞ്ഞു, ഭർത്താവ് ആനന്ദ് സിവിൽ സർവന്റാണ്. പുള്ളിക്ക് റാപ് മ്യൂസിക്ക് നല്ല ഇഷ്ടമായതുകൊണ്ട് ഒരുപാട് കേൾക്കും. ആനന്ദും പറയും ദേ, ഈ പാട്ട് എടുക്കൂ... ഇതുപോല ചെയ്തു നോക്കൂ... അത്മവിശ്വാസക്കുറവ് കൊണ്ട് അന്നൊന്നും അതിലേക്ക് പോയില്ല.

2014 അപ്പോത്തിക്കിരിയിൽ ‘ഈറൻ കണ്ണിനോ’ എന്ന പാട്ട് 2018 ഓട്ടോർഷ എന്ന ചിത്രത്തിൽ ശരത് സാറിന്റെ ‘പുതുചെമ്പാ നെല്ലുകുത്തി’എന്നൊരു പാട്ടും പാടി. എന്നാലും ഗായികയെന്ന നിലയിൽ എനിക്കിനിയും എന്തെങ്കിലും ചെയ്യാനുണ്ട് എന്ന് തോന്നിയിരുന്നു... അതാണ് റാപ്പിലേക്ക് വരാനുള്ള കാരണം. വരികളെഴുതാനുള്ള പ്രചോദനം അമ്മയിൽ നിന്നും അമ്മയുടെ സുഹൃത്തുക്കൾ പറഞ്ഞു കേട്ട കാര്യങ്ങളിൽ നിന്നുമൊക്കെയാണ്.

സപ്പോർട്ടിന് അകമഴിഞ്ഞ നന്ദി...

വരികളും സംഗീതവും എന്റേതാണ്. മൂസിക് എഫക്റ്റുകൾ ഒക്കെ ചെയ്തത് മ്യൂസിക് പ്രോഗ്രാമറായ എഡ്വിൻ ജോൺസൻ ആണ്. ക്യാമറ ഭർത്താവ് ആനന്ദ് തന്നെയാണ്. എനിക്കൊരു ട്രാവൽ വ്ലോഗും ഉണ്ട്, അതിന്റേയും പ്രധാന ക്യാമറാമാൻ ആനന്ദാണ്. ഈ ലോക്ഡൗണിൽ ഞാൻ വീഡിയോ എഡിറ്റിങ്ങ് പഠിച്ചു.

ആദ്യം റാപ്പിന്റെ കുറച്ച് വരികൾ ഇന്‍സ്റ്റയിൽ പോസ്റ്റ് ചെയ്ത് കഴിഞ്ഞ ഞായറാഴ്ച്ചയാണ്. ഇത്രയും ദിവസത്തിനുള്ളിൽ അത് നാല് ലക്ഷത്തോളം പേര് കണ്ടു... ലൈക്കുകളും ഷെയറുകളും ധാരാളം. അതു തന്നെ കോൺഫിഡൻസ് ചെറുതല്ല.

ആദ്യം കേൾപ്പിച്ചത് ഭർത്താവിനെയാണ്. പുള്ളി ജോലിയിലായതുകൊണ്ട്. വോയിസ് നോട്ടാണ് അയച്ചത്. നന്നായി ഇഷ്ടപ്പെട്ടു ഇതാരാ എഴുതിയേ എന്നാണ് ചോദിച്ചത്. അതു തന്നെയാ അച്ഛനും അമ്മയും പറഞ്ഞത്. അച്ഛനിപ്പോഴും ഒരു ഞെട്ടലിൽ തന്നയാണ്... മോഹൻലാല്‍ സാറും സുരേഷ് ഗോപി അങ്കിളും ഒക്കെ അച്ഛന് മെസേജ് അയക്കുകയൊക്കെ ചെയ്തു. ഷെഫ് സുരേഷ് പിള്ള സാറാണ് ആദ്യം എഫ്ബിയിൽ പോസ്റ്റ് ചെയ്ത്. സന്തോഷ് ശിവൻ സാർ, സയനോര, അർജു, വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് അങ്ങനെ പലരും ഷെയർ ചെയ്തിട്ടുണ്ട്.... എല്ലാ പ്രായക്കാരും ഏറ്റെടുത്തതിൽ പറഞ്ഞറിക്കാനാവാത്തത്ര നന്ദിയുണ്ട്.

ഇതൊരു പുതിയ പരീക്ഷണം ചെയ്തു നോക്കിയെന്നേയുള്ളൂ. ഒരു കാര്യത്തിൽ ഒതുങ്ങി നിൽക്കാതെ പല തരം സംഗീതം ചെയ്യണം എന്നാണ്. എഴുതാൻ പറ്റിയാൽ ഇനിയും ചെയ്യണം എന്നാണ്.രാജീവ് നായർ അങ്കിളിന്റെ വരികൾക്ക് സംഗീതം കൊടുക്കാനുള്ള ഒരു ശ്രമം കൂടി ഇപ്പോൾ പുതിയതായി നടക്കുന്നുണ്ട്.

ആ ഉടുപ്പിനെയും ഗ്ലാസിനെയും കുറിച്ച് ഒരുപാട് പേർ ചോദിച്ചു. റാപ്പിന് ഇണങ്ങുന്ന തരത്തിൽ രണ്ടും കൂട്ടിചേർത്ത് വച്ചു എന്നേയുള്ളൂ.... എല്ലാത്തരം വസ്ത്രങ്ങളും ഉപയോഗിക്കുന്ന ആളാണ് ഞാൻ.

Tags:
  • Movies