Saturday 06 June 2020 04:18 PM IST : By G. Jaidev IPS

‘അച്ഛനും അമ്മയും അധ്യാപകർ, എന്നിട്ടും പഠിത്തത്തിന്റെ കാര്യത്തിൽ സ്ട്രിക്ട് അല്ലായിരുന്നു; സ്പോർട്സിലായിരുന്നു പ്രോത്സാഹനം’

careergbjnfijbigh G. Jaidev IPS, 2013 ബാച്ചിലെ കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥൻ. തിരുവനന്തപുരത്ത് ഡെപ്യൂട്ടി കമ്മിഷണർ, വയനാട്, പത്തനംതിട്ട എന്നിവിടങ്ങളിലെ പൊലീസ് മേധാവി തുടങ്ങിയ പദവികൾ വഹിച്ചു. ഇപ്പോൾ കോട്ടയം ജില്ലാ പൊലീസ് മേധാവി. സ്വദേശം: കൊല്ലം

അച്ഛൻ ഡോ. ഗിരിജകുമാർ കൊല്ലം കരിക്കോട് ടികെഎം ആർട്സ് ആൻഡ് സയൻസ് കോളജിലെ രസതന്ത്രവിഭാഗം അധ്യാപകനായിരുന്നു. അമ്മ ഡോ. സുമംഗലാദേവി ഊർജതന്ത്ര വിഭാഗം മേധാവി. രണ്ടുപേരും അധ്യാപകരായിരുന്നെങ്കിലും പഠിത്തത്തിന്റെ കാര്യത്തിലൊന്നും സ്ട്രിക്ട് അല്ലായിരുന്നു. സ്പോർട്സിലും ഗെയിംസിലുമെല്ലാം പങ്കെടുക്കാൻ അവർ പ്രോത്സാഹിപ്പിച്ചു. വലിയ മെഡലൊന്നും കിട്ടിയിട്ടില്ലെങ്കിലും അന്നുമുതൽ സ്പോർട്സിന്റെ എല്ലാ വശങ്ങളും കൃത്യമായി ഫോളോ ചെയ്യാൻ തുടങ്ങി.

പ്ലസ്ടു വരെ വടക്കേവിള എസ്.എൻ പബ്ലിക് സ്കൂളിലാണ് പഠിച്ചത്. അതിനുശേഷം തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിങ് കോളജിൽ നിന്നു മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിടെക് നേടി. ബെംഗളൂരുവിൽ ജോലിക്ക് ചേർന്നെങ്കിലും അതു രാജി വച്ച് സിവിൽ സർവീസ് പരിശീലനത്തിനു ചേർന്നു. എന്റെ മാത്രം തീരുമാനമായിരുന്നു അത്. ആദ്യശ്രമത്തിൽ തന്നെ 158–ാം റാങ്ക്. ഐഎഎസ് കിട്ടില്ലെന്ന് അറിയാമായിരുന്നു. ഐപിഎസ് കിട്ടി അക്കാദമിയിൽ ട്രെയ്നിങ്ങിനു ചേർന്നതോടെയാണ് സ്പോർട്സിലെ താത്പര്യം വീണ്ടും പുറത്തുവന്നത്. കുതിര സവാരിയും നീന്തലും വാട്ടർ പോളോയും ഹോക്കിയും വോളിബോളുമൊക്കെയായി അവിടെ എല്ലാ കായിക വിനോദങ്ങളിലും നിർബന്ധമായി പങ്കെടുക്കണം. 2013ൽ സർവീസിൽ പ്രവേശിച്ചു. ആയിടെയായിരുന്നു ഗോപിക മേനോനുമായുള്ള വിവാഹം.

അവധിക്കാലം പാഴാക്കല്ലേ

അച്ഛനും അമ്മയും ഗെയിംസിന്റെ കാര്യത്തിലും സ്ട്രിക്ടായിരുന്നു. വെക്കേഷനായാൽ ഒഴിഞ്ഞ പറമ്പിലും സ്കൂൾ ഗ്രൗണ്ടിലുമെല്ലാം ക്രിക്കറ്റും ഫുട്ബോളുമായി ഞങ്ങളിറങ്ങും. വീണ്ടുമൊരു അവധിക്കാലം വരുമ്പോൾ കുട്ടികളോടും രക്ഷിതാക്കളോടും പറയാനുള്ളതും അതാണ്. ഓരോ തരം ഗെയിമിലും പ്രാഗത്ഭ്യം പ്രകടിപ്പിക്കുന്ന കുട്ടികളുണ്ട്. ചിലർക്ക് നന്നായി ക്രിക്കറ്റ് കളിക്കാനാകും. ചിലർ ഓട്ടത്തിലും ചാട്ടത്തിലുമൊക്കെ മിടുക്കരായിരിക്കും. നന്നായി നീന്തുന്നവരുണ്ടാകും. പരസ്പരം തല്ലുകൂടുന്ന കുട്ടികൾക്ക് രണ്ടു തല്ലു കൂടുതൽ കൊടുത്ത് വിരട്ടി വിടാറാണോ പതിവ്. കലിപ്പു തീരുന്നതു വരെ ഇടിക്കാൻ അവനൊരു പഞ്ചിങ് ബാഗ് വാങ്ങി കൊടുത്താലോ. നാളെ നമ്മുടെ ഇടയിൽ നിന്ന് മറ്റൊരു പി.ടി. ഉഷയോ ശ്രീശാന്തോ ഒക്കെ ഉണ്ടായി വരില്ലെന്ന് ആരുകണ്ടു. പൊസിറ്റീവ് എനർജി ഉണ്ടാക്കിയെടുക്കാനും സ്പോർട്സ് മാൻ സ്പിരിറ്റും ഗ്രൂപ് ഡൈനാമിക്സും വളർത്താനുമൊക്കെ സ്പോർട്സ് വളരെ നല്ലതാണ്. കൊറോണയുടെ പേടിക്കാലം കൊണ്ടുപോയ ഈ ലോക്ക് ഡൗണിൽ ഇൻഡോർ ഗെയിമുകളിലൂടെ സ്റ്റാമിന കൂട്ടാം.

വെറും കളിയല്ല

ഗ്രേസ് മാർക്ക് മാത്രമല്ല കാര്യം, കഴിവും പ്രതിഭയുമുള്ളവർക്ക് കായികാധ്യാപകൻ മുതൽ സ്പോർട്സ് സൈക്കോളജിസ്റ്റും സ്പോർട്സ് എൻജിനീയറും വരെ ആകാനുള്ള വിശാലമായ അവസരങ്ങളാണ് മുന്നിലുള്ളത്. ശരിയായ സമയത്ത് തിരിച്ചറിഞ്ഞ്, കൃത്യമായ ഗൈഡൻസ് ലഭിച്ചാൽ തിളങ്ങാനാകുന്ന കരിയർ തന്നെയാണ് സ്പോർട്സും.

അക്കാദമിക് പഠനത്തോടൊപ്പം ഊന്നൽ നൽകേണ്ട ഒന്നാണ് കായിക സാക്ഷരത എന്നു ലോകം തിരിച്ചറിഞ്ഞിട്ട് കാലം കുറച്ചായി. ഇന്ത്യയിലേക്കും അത് എത്തിക്കഴിഞ്ഞു. സെൻട്രൽ അഡ്വൈസറി ബോർഡ് ഓൺ എജ്യുക്കേഷൻ ആൻഡ് സ്പോർട്സിന്റെ നിർദേശത്തെ തുർന്ന് സിബിഎസ്ഇ സ്കൂളുകളിൽ കായികവിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കി കഴിഞ്ഞു. കേരളത്തിലും ഇക്കാര്യത്തിൽ സജീവ ചർച്ചകൾ നടക്കുന്നുണ്ട്. പക്ഷേ, അതൊന്നുമല്ല നമ്മൾ പറയുന്നത്. സ്പോർട്സിൽ താൽപര്യമുണ്ടോ, എങ്കിലത് കരിയറാക്കാം എന്നു തന്നെയാണ്.

അവസരങ്ങൾ അനവധി

വിരാട് കോഹ്‌ലിയെയും പി.വി. സിന്ധുവിനെയും പോലെയുള്ള ലോകമറിയുന്ന കായികതാരങ്ങൾ. അല്ലെങ്കിൽ തോമസ് മാഷിനെയും പി.ഗോപീചന്ദിനെയും പോലെ ലോകം ആദരിക്കുന്ന കായിക പരിശീലകർ. ഇതു രണ്ടുമല്ലെങ്കിൽ കളി നിയന്ത്രിക്കുന്ന ഒഫിഷ്യൽസ്. ലക്ഷങ്ങൾ മുതൽ കോടികൾ വരെ പ്രതിഫലം കിട്ടുന്ന ഈ സ്റ്റാർ കരിയറുകൾ മാത്രമല്ല സ്പോർട്സിൽ. സ്പോർട്സ് മെഡിസിൻ, സ്പോർട്സ് ജേർണലിസം, സ്പോർട്സ് എൻജിനിയറിങ് തുടങ്ങി പല മേഖലകളുണ്ട്.

കളിക്കിടെ ഉണ്ടാകുന്ന പരുക്കുകൾ ചികിത്സിക്കുന്നതിനു ടീമിൽ ഒപ്പമുണ്ടാകുന്ന സ്പെഷലിസ്റ്റ് ഡോക്ടർ മാത്രമല്ല സ്പോർട്സ് മെഡിസിന്റെ ഭാഗം. ഫിസിക്കൽ തെറപിസ്റ്റ്, മസാജ് തെറപിസ്റ്റ്, ഫിസിയോ, ഫിറ്റ്നസ് ന്യൂട്രിഷനിസ്റ്റ്, സ്ട്രെങ്ത് ആൻഡ് കണ്ടിഷനിങ് കോച്ച്, സ്പോർട്സ് സൈക്കോളജിസ്റ്റ് എന്നു തുടങ്ങി നിരവധി പോസ്റ്റുകൾ ഉണ്ട്. ജേർണലിസത്തിലും സ്പോർട്സ് റിപ്പോർട്ടിങ് സ്പെഷലാണ്. സ്പോർട്സ് വാർത്തകൾ തയാറാക്കുന്നതിനും മികച്ച സ്പോർട്സ് ചിത്രങ്ങളെടുക്കാനുമൊക്കെ ആദ്യം വേണ്ടത് ‘സ്പോർട്സ്മാൻ സ്പിരിറ്റാ’ണ്.

ഇതൊന്നുമല്ലാത്ത സ്പോർട്സ് കരിയറുകളുമുണ്ട്. വലിയ പ്രോഗ്രാമുകൾ മാനേജ് ചെയ്യുന്ന ഇവന്റ് മാനേജർമാരെ പോലെ സ്പോർട്സ് ഇവന്റുകൾക്കും സംഘാടകരെ വേണം. ഐപിഎല്ലിലും മറ്റു കളിക്കാരെ ലേലത്തുക ഉറപ്പിച്ച് ടീമുകൾ സ്വന്തമാക്കുന്നതു കണ്ടിട്ടില്ലേ. കളിക്കാർക്കും ടീമുകൾക്കു വേണ്ടി ലേലം നടത്തുന്നതു സ്പോർട്സ് ഏജന്റുമാരാണ്. വലിയ തുക മുടക്കി നടത്തുന്ന ഇവന്റുകളെ മാധ്യമശ്രദ്ധയിൽ നിർത്തുന്നത് സ്പോർട്സ് മാർക്കറ്റിങ് ടീമാണ്. കളിയെക്കുറിച്ചു പൊടിപ്പും തൊങ്ങലും ചേർത്ത് വാചാലമായി സംസാരിക്കാനുള്ള കഴിവുണ്ടോ, എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് സ്പോർട്സ് അനൗൺസറുടെ മൈക്കാണ്.  

യോഗ്യത പ്രധാനം

പ്ലസ്ടുവിനു ശേഷം ചെയ്യാവുന്ന ഡിപ്ലോമ, ഡിഗ്രി കോഴ്സുകളാണ് ഫിസിക്കൽ എജ്യുക്കേഷന്റെ അടിസ്ഥാനം. ഉപരിപഠനത്തിനായി പിജി കോഴ്സുകളും എംഫില്ലും പിഎച്ച്ഡിയുമൊക്കെ ഉണ്ട്. തിരുവനന്തപുരത്തുള്ള ലക്ഷ്മിഭായ് നാഷനൽ കോളജ് ഫോർ ഫിസിക്കൽ എജ്യുക്കേഷനാണ് കേരളത്തിലെ മികച്ച പരിശീലന സ്ഥാപനം. എംബിബിഎസിനു ശേഷമാണ് സ്പോർട്സ് മെഡിസിനിൽ ഡിപ്ലോമ ചെയ്യാനാകുക.

സ്പോർട്സ് എൻജിനീയറിങ്ങിന്റെ കാലം

സ്പോർട്സ് ഉപകരണങ്ങളുടെ രൂപകൽപന, നിർമാണം എന്നിവ മുതൽ ഗ്രാണ്ടുകളുടെയും പിച്ചുകളുടെയും നിർമാണവും പരിപാലനവും വരെ സ്പോർട്സ് എൻജിനിയറിങ്ങിൽ പെടും. ഫിറ്റ്നസ് ഉപകരണങ്ങൾ, സ്പോർട്സ് അക്കൗസ്റ്റിക്സ്, സ്പോർട്സ് ഫ്ലോറിങ് എന്നുവേണ്ട സ്പോർട്സ് അപ്പാരൽസിലും ബ്രോഡ്കാസ്റ്റിങ്ങിലും വരെ ഇതിനു പങ്കുണ്ട്. കളിക്കാരുടെ പ്രകടനം കൃത്യമായി അളന്നു വിലയിരുത്താൻ ഉപയോഗിക്കുന്ന ക്രിക്കറ്റിലെയും ടെന്നീസിലെയും ഗാക്കൈ ടെക്നോളജി, ഫുട്ബോളിലെ ഗോൾലൈൻ ടെക്നോളജി എന്നിവയുടെ പിറകിൽ സ്പോർട്സ് എൻജിനീയറിങ്ങാണ്. ഏതു ബ്രാഞ്ചിൽ എൻജിനീയറിങ് പൂർത്തിയാക്കിയവർക്കും ഈ വിഷയത്തിൽ സ്പെഷലൈസ് ചെയ്യാം.