Tuesday 19 October 2021 04:32 PM IST : By സ്വന്തം ലേഖകൻ

സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ഒറ്റയ്ക്ക് മോട്ടർ സൈക്കിളിൽ ഇന്ത്യ ചുറ്റാൻ ജയ് ഭാരതി; 20 ലധികം നഗരങ്ങളിലൂടെ 11,111 കിലോമീറ്റർ യാത്ര

jai-bharati

സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ഒറ്റയ്ക്ക് മോട്ടർ സൈക്കിളിൽ ഇന്ത്യ ചുറ്റുകയാണ് ഹൈദരാബാദ് സ്വദേശിനി ജയ് ഭാരതി. ഒക്ടോബർ 11ന് ഹൈദരാബാദിൽ നിന്നു തുടങ്ങിയ യാത്ര ബെംഗളൂരു, ചെന്നൈ നഗരങ്ങൾ പിന്നിട്ട് കഴിഞ്ഞ ദിവസം കൊച്ചിയിലെത്തി. നാൽപതിലധികം ദിവസം നീളുന്ന പര്യടനത്തിൽ 20 ലധികം നഗരങ്ങളിലൂടെ 11,111 കിലോമീറ്റർ ദൂരം സഞ്ചരിക്കും. ജാവാ 42 ബൈക്കിലാണു യാത്ര. 

യുകെ ആസ്ഥാനമായ സന്നദ്ധ സംഘടനയായ ഷെൽ ഫൗണ്ടേഷന്റെയും യുകെ ഗവൺമെന്റിന്റെയും മൂവിങ് വുമൺ സോഷ്യൽ ഇനിഷ്യേറ്റീവ്സ് ഫൗണ്ടേഷന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'മൂവിങ് ബൗണ്ടറീസ്' എന്ന ക്യാംപെയ്നിന്റെ ഭാഗമായാണ് ഈ പര്യടനം. ജീവിതത്തിൽ ഡ്രൈവിങ്ങിന്റെയും സുരക്ഷിതമായ യാത്രയുടെയും പ്രാധാന്യത്തെക്കുറിച്ച് സ്ത്രീകൾക്കിടയിൽ അവബോധം വളർത്തുകയും ഡ്രൈവിങ്ങിലൂടെ സ്വന്തമായി വരുമാനമുണ്ടാക്കാൻ അവരെ പ്രാപ്തരാക്കുകയുമാണു ക്യാംപെയ്നിന്റെ ലക്ഷ്യം

സ്ത്രീകൾക്ക് ഇരുചക്ര, മുച്ചക്ര വാഹന പരിശീലനവും ഉപജീവന അവസരങ്ങളും നൽകി അവരെ സ്വതന്ത്രരാകാൻ പ്രാപ്തരാക്കുന്ന ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘മൂവിങ് വുമൺ’ (MOWO) എന്ന സംഘടനയുടെ സ്ഥാപക കൂടിയാണ് ജയ് ഭാരതി. ഇതിനോടകം 7 രാജ്യങ്ങളിലൂടെ ഏകദേശം ഒരു ലക്ഷത്തിലധികം കിലോമീറ്റർ യാത്ര ചെയ്തിട്ടുണ്ട്.  ആർക്കിടെക്ടായ ജയ് ഭാരതിക്ക് കൊച്ചിയോടും ഏറെ ഇഷ്ടം. ജോലിയുടെ ഭാഗമായി കുറച്ചുനാൾ എരമല്ലൂരിൽ താമസിച്ചിട്ടുണ്ട്.

യാത്രയുടെ ഭാഗമായി വൈപ്പിൻ വഴി ജങ്കാറിലാണ് ഭാരതി കൊച്ചി നഗരത്തിലേക്കു പ്രവേശിച്ചത് കൊച്ചിയിൽ താമസിക്കുന്ന കാലത്തേയുള്ള മോഹമായിരുന്നു അതെന്നും ഭാരതി പറഞ്ഞു. ‘‘ഓരോ സ്ഥലത്തെ പ്രകൃതിഭംഗിയും കാറ്റും മണവുമെല്ലാം നേരിട്ട് ആസ്വദിക്കണമെങ്കിൽ കാറിൽ യാത്ര ചെയ്തിട്ടു കാര്യമില്ലല്ലോ. ഇരുചക്ര വാഹനയാത്രയ്ക്ക് അതിരുകളില്ല. അതുതന്നെയാണ് മോട്ടർ സൈക്കിൾ യാത്രയോടുള്ള ആവേശത്തിനു കാരണം’’– ജയ് ഭാരതി പറഞ്ഞു.