Monday 24 May 2021 04:03 PM IST : By സ്വന്തം ലേഖകൻ

'വീര്‍ത്തുപൊട്ടാറായ പോലെ വയര്‍, കരളിന്റെ പകുതിയിലേറെ കവര്‍ന്ന് മഞ്ഞപ്പിത്തം': കൂട്ടുകാരനായി കനിവു തേടി സുഹൃത്തുക്കള്‍

gikku-jo

ജിക്കുവിന്റെ ജീവന്‍ കവര്‍ന്നെടുക്കാൻ നിഴലുപോലെ മരണം പതിയിരിപ്പുണ്ട്. കണ്ണിമ ചിമ്മിയാൽ, ചികിത്സ തെല്ലൊന്നു വൈകിയാൽ ഒരുപക്ഷേ എല്ലാം അവസാനിക്കും. കരളിന്റെ ശതമാനം 85 ശതമാനവും നിലച്ചമട്ടാണെന്നാണ് ഡോക്ടർമാരുടെ അന്ത്യശാസനം. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂൽപ്പാലത്തിലൂടെ ഞെങ്ങിഞെരുങ്ങി മുന്നോട്ടു പോകുമ്പോൾ ഈ യുവാവിന് വേണ്ടി കൈനീട്ടാനും കെഞ്ചി ചോദിക്കാനും അവന്റെ കൂട്ടുകാർ മാത്രമേയുള്ളൂ. ആ വേദനയുടെ ആഴമറിഞ്ഞവർ അവരല്ലാതെ മറ്റാരുമില്ല എന്നതാണ് സത്യം.

കോട്ടയം പാറാമ്പുഴക്കാരൻ ജിക്കു ജോസഫിനെ വിധി പരീക്ഷിക്കാൻ തുടങ്ങിയിട്ട് ആറു കൊല്ലത്തിലേറെയാകുന്നു. കളിയും ചിരിയും തമാശയുമായി നടന്ന ചങ്ങാതിയെ തളർത്തിയ വിധിയെ കുറിച്ച് ഓർക്കുമ്പോൾ ആ ചങ്ങാതിമാരുടെ മിഴികൾ ഈറനണിയും.

മഞ്ഞപ്പിത്തത്തിൽ നിന്നായിരുന്നു തുടക്കം. ശരീരത്തെ രോഗശയ്യയിലേക്ക് തള്ളിവിട്ട വേദനകളുടെ തുടക്കം. മരുന്നും മന്ത്രവുമായി ഏറെനാൾ കടന്നു പോയി. എത്രയോ വട്ടം മരണത്തെ മുഖാമുഖം കണ്ടു. മഞ്ഞപ്പിത്തം ആ ചെറുപ്പക്കാരനെ തളർത്തിയതിനൊപ്പം ഹെർണിയ കൂടി എത്തിയപ്പോൾ കാര്യങ്ങൾ കൈവിട്ടു പോകുകയായിരുന്നു. ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങൾ വരെ താളം തെറ്റി. പരിശോധനകളിൽ വയറിൽ ലിറ്ററുകണക്കിന് വെള്ളമാണ് കെട്ടികിടന്നിരുന്നത്. ഇപ്പോഴും നിശ്ചിത ഇടവേളയിൽ വയറിൽ കെട്ടികിടക്കുന്ന വെള്ളം നീക്കം ചെയ്യേണ്ടതായുണ്ട്. 

ആശുപത്രികളായ ആശുപത്രികൾ കയറിയിറങ്ങിയിട്ടും രോഗത്തിന് പ്രതിവിധി മാത്രം ഉണ്ടായില്ല. നാൾക്കുനാൾ കരൾ പ്രവർത്തന രഹിതമാകുകയാണ് എന്ന ഡോക്ടർമാരുടെ മുന്നറിയിപ്പുമെത്തി. 

‘കരളിന്റെ പ്രവർത്തനം 85 ശതമാനത്തോളം നിലച്ചിരിക്കുന്നു. കരൾ മാറ്റിവയ്ക്കാതെ മറ്റു മാർഗമില്ല. ഉടൻ എന്തെങ്കിലും ചെയ്തില്ലെങ്കിൽ അരുതാത്തത് സംഭവിക്കും.’

22 ലക്ഷത്തോളം ചെലവു പ്രതീക്ഷിക്കുന്ന കരൾ മാറ്റശസ്ത്രക്രിയയിലാണ് തന്റെ മകന്റെ ജീവനിരിക്കുന്നത് എന്ന് കേട്ടപ്പോൾ ബാർജീവനക്കാരനായ അച്ഛനും രോഗിയായ അമ്മയും ഒരു നിമിഷം തളർന്നു പോയി. അന്നന്നുള്ള അന്നത്തിനു പോലും ബുദ്ധിമുട്ടുന്ന ആ അച്ഛന് 22 ലക്ഷത്തോളം രൂപയെന്നത് ചിന്തിക്കാൻ പോലും പറ്റുന്നതായിരുന്നില്ല. മഞ്ഞപ്പിത്തത്തിൽ ബുദ്ധിമുട്ടുന്ന ജിക്കുവിന്റെ അമ്മച്ചിയുടെ കയ്യിലും കണ്ണീരും പ്രാർത്ഥനയും മാത്രമായിരുന്നു ബാക്കി.

തങ്ങളുടെ പ്രിയപ്പെട്ട ‘ജിക്കപ്പൻ’ മരണത്തോട് മല്ലിടുകയാണെന്ന് തിരിച്ചറിഞ്ഞ ഉടൻ തന്നെ കൂട്ടുകാർ രംഗത്തിറങ്ങുകയായിരുന്നു. കരുണയുടെ ഉറവ വറ്റാത്ത ഹൃദയങ്ങൾക്കു മുന്നിൽ അവർ കൂട്ടുകാരനായി കെഞ്ചി. പക്ഷേ ചേർത്തുവച്ച തുക ജിക്കുവിന്റെ മരുന്നിനു പോലും തികഞ്ഞില്ല. അതോടെയാണ് പാറാമ്പുഴയിലെ പ്രവാസി സുഹൃത്തുക്കളോടും വ്യവസായികളോടും സഹായത്തിനായി അവർ കേണത്. പ്രവാസികളുടെ സഹായത്തോടെ 20 ലക്ഷത്തോളം രൂപ അവർ സ്വരുക്കൂട്ടി. കരൾ നൽകാൻ സന്നദ്ധത അറിയിച്ച ഒരു സ്ത്രീയ പാലക്കാട് നിന്ന് ഏറെ കഷ്ടപ്പെട്ട് കണ്ടെത്തുകയും ചെയ്തു. പക്ഷേ പ്രതീക്ഷയുടെ വാതിലുകൾ അപ്പോഴും അടഞ്ഞു തന്നെ കിടന്നു. ശസ്ത്രക്രിയ പൂർത്തിയാകുമ്പോൾ 40 ലക്ഷത്തോളം ആകുമെന്ന് അറിയിപ്പു വന്നു. പക്ഷേ കൂട്ടുകാർ പ്രതീക്ഷ കൈവിട്ടില്ല. കൂട്ടുകാരന്റെ മുഖത്ത് പുഞ്ചിരി തെളിയും വരെ അവനായി മുന്നിട്ടിറങ്ങുമെന്ന് തീരുമാനിച്ചിറങ്ങി.

പ്രതീക്ഷ കൈവിടാതെ അവരിപ്പോഴും കൈനീട്ടുകയാണ്. നന്മയുള്ള ഒരാളെങ്കിലും തങ്ങളുടെ കൂട്ടുകാരന് വേണ്ടി സഹായവുമായി രംഗത്തിറങ്ങുന്ന പ്രതീക്ഷയിലാണ് അവർ. ഇതൊന്നും അറിയാതെ വേദന തിന്ന് ജീവിതത്തിലേക്ക് തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയിലാണ് ജിക്കു.