Wednesday 04 July 2018 10:46 AM IST

ഈ ഹോട്ടലിന് ‘ലൈക്ക്’ നാലു ലക്ഷം ! കെഎച്ചിന്റെ എഫ്ബി പേജിൽ വിളമ്പുന്നത് ഭക്ഷണം മാത്രമല്ല, വിവാഹാലോചനകളും തൊഴിലവസരങ്ങളും സ്ഥലക്കച്ചവടവും

Binsha Muhammed

kh-cover-new

ഹോട്ടലാണെന്ന് കരുതി ബാർബർഷോപ്പിൽ കയറിയ വൃദ്ധനും, അത് നമ്മോട് പറഞ്ഞ ശ്രീനിവാസനും മലയാളികളുടെ ‘എപ്പിക്’ കോമഡി ചരിത്രത്തിലെ സുവർണ അധ്യായങ്ങളാണ്. ബാർബർ ഷോപ്പിൽ കയറി കട്ടിംഗും ഷേവിംഗും ഓർഡർ ചെയ്ത വൃദ്ധന്റെ കഥ ഇന്നും നമ്മുടെ നേരംകൊല്ലി വർത്തമാനങ്ങളിൽ ഒന്നാണ്. ഒരു നുകത്തിൽ പല വഴിയിൽ സഞ്ചരിക്കുന്നവരെ കാണുമ്പോഴും പരസ്പര ബന്ധമില്ലാത്ത സംഗതികളെയും മേൽപ്പറഞ്ഞ കോമഡിയുമായി നാം കൂട്ടിയിണക്കാറുണ്ട്. അതവിടെ നിൽക്കട്ടെ!

തലസ്ഥാന നഗരിയുടെ ആഢംബര സുഖ ശീതളിമയിൽ നിന്നും തെല്ലുമാറി ആക്കുളം എന്നൊരു കുഞ്ഞു ഗ്രാമമുണ്ട്. ടെക്കികളും പിന്നെ ഒരു കൂട്ടം സാധാരണക്കാരെയും ചുറ്റിപ്പറ്റി നിൽക്കുന്ന ഒരിടം. ആക്കുളത്തു നിന്നും കൃത്യം നാലു കിലോമീറ്റർ സഞ്ചരിച്ചാൽ ഒരു വാതിൽക്കോട്ടയിലെത്താം. ഒരു വാതിൽക്കോട്ടയുടെ ഹൃദയത്തിൽ അത്യാഢംബരങ്ങളില്ലാതെ എന്നാൽ ഞെളിഞ്ഞു തന്നെ നിൽക്കുന്ന ഒരു ഹോട്ടലുണ്ട്. പേര് ‘കേരള ഹോട്ടൽ!, തിരുവനന്തപുരത്തുകാരുടെ സ്വന്തം ‘കെഎച്ച്’.

ഒരു വാതിൽക്കോട്ടയിലെ കെഎച്ച് ഹോട്ടലും അവിടുത്തെ മനോജേട്ടനും എന്താണ് പ്രത്യേകതയെന്നു ചോദ്യമെറിയുക സ്വാഭാവികം മാത്രം. ഒരുവാതിൽക്കോട്ടയുടെ ഏതോ ഒരു ഓരം ചേർന്ന്, കേവലം ഒരു ചെറ്റപ്പുരയിൽ തുടങ്ങിവച്ച കെഎച്ച് ഹോട്ടല്‍ ഇന്ന് ലക്ഷക്കണക്കിന് പേരെ ഒരുമിപ്പിക്കുന്ന ഒരു സൈബർ കൂട്ടായ്മയാണെന്ന് പറഞ്ഞാൽ പലരും അമ്പരക്കും.

ഒരു വാതിൽക്കോട്ടയിലെ ഈ ഹോട്ടലിന്റെ ഒരു വാതിലിൽ തുടങ്ങി മറുവാതിൽ വരെയെത്തുമ്പോൾ നമ്മൾ കേൾക്കുന്നത് രുചികരമായ ഭക്ഷണങ്ങളുടെ പേര് മാത്രമായിരിക്കില്ല. മാട്രിമോണി, റിയൽ എസ്റ്റേറ്റ്, തൊഴിലവസരങ്ങൾ, ഡോക്ടർ കൺസൾട്ടിംഗ്, സാധുസംരക്ഷണം അങ്ങനെ തുടങ്ങി ഒരു മനുഷ്യായുസിൽ നാം ചെന്നെത്തുന്ന സകല മേഖലകൾക്കും വഴികാട്ടിയാണ് ഇവിടുത്തെ കെഎച്ച് ഹോട്ടലും ഇതിനെയെല്ലാം ഒരു നുകത്തിൽ കോർക്കുന്ന മനോജും.

ഫെയ്സ്ബുക്കിൽ നാല് ലക്ഷം ഫോളോവേഴ്സ് എന്ന അത്ര വേഗം എത്തിപ്പിടിക്കാനാത്ത സംഖ്യയാണ് ഇന്ന് മനോജിന്റെ ഈ കേരള ഹോട്ടൽ ഫെയ്്സ്ബുക്ക് കൂട്ടായ്മയിലുള്ളത്. എല്ലാവരും വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്നവർ. ഇന്ത്യക്കകത്തും പുറത്തുമുള്ളവർ. സാധാരണ കർഷകൻ മുതൽ ടെക്കികൾ ഒരു ചരടിൽ കോർത്ത പോലെ ഈ കൂട്ടായ്മയ്ക്കൊപ്പമുണ്ട്. ഗർഭിണികൾക്ക് സൗജന്യ ഭക്ഷണം നൽകുന്ന, കുട്ടികൾക്ക് രുചിപ്പെരുമയുടെ കലവറയൊരുക്കുന്ന, വിശക്കുന്നവന്റെ വയറും മനസും നിറയ്ക്കുന്ന ‘മൊഹബ്ബത്ത്’ എന്താണെന്ന് ചോദിച്ചാൽ നിറഞ്ഞ ചിരിയാണ് ഉടമ മനോജിന്റെ മുഖത്ത്. ഒരു ക്ലീനിങ് ബോയിയിൽ നിന്നും സൈബർ ലോകത്ത് തിളങ്ങുന്ന ഹോട്ടൽ മുതലാളിയിലേക്കുള്ള വളർച്ചയുടെ വഴി ‘വനിത ഓൺലൈനോട്’ മനോജ് തന്നെ വിവരിക്കുന്നു.

photo_2

സപ്ലൈയർ ഹോട്ടൽ മുതലാളിയായ കഥ

‘ഇല്ലായ്മകളിൽ നിന്നും വളർന്നു വന്ന ഒരു സാധാരണക്കാരനാണ് ഞാൻ. ജീവിതത്തിൽ എത്ര ഉയർച്ചയുണ്ടായാലും വന്ന വഴിയും നേടിയ അനുഭവങ്ങളും മറക്കരുതെന്നാണ് ഞാൻ പഠിച്ച പാഠം’– ജീവിതകഥയുടെ രുചിക്കൂട്ട് മനോജ് പറയുന്നു.

‘ഒരു ഹോട്ടലിലെ സപ്ലൈയർ ബോയ് ആയിട്ടായിരുന്നു തുടക്കം. സ്വന്തമായി ഹോട്ടലെന്ന ഒരു സ്വപ്നം അന്നേ മനസ്സിലുണ്ട്. നിലനിൽപ്പിനും ലക്ഷ്യങ്ങൾക്കും വേണ്ടിയുള്ള ഓട്ടപ്പാച്ചിൽ പലതും പഠിപ്പിച്ചിട്ടുണ്ട്. കൂലിവേല ചെയ്തു, അമ്പലപ്പറമ്പുകളിൽ തട്ട് കടകൾ ഇട്ടു. അനധികൃതമായ അണ പൈസ സമ്പാദിച്ചാൽ അത് നിലനിൽക്കില്ല എന്നതാണ് ഞാൻ പഠിച്ച പാഠം. പിന്നെ എന്തു നേടിയാലും അതിന്റെ ഒരു പങ്കിന് ഇല്ലായ്മകളിൽ നട്ടം തിരിയുന്നവനും അർഹനാണ്. നമുക്ക് ചുറ്റുമുള്ളർക്ക് മേൽ നമ്മുടെ കരുതലുണ്ടായാൽ ദൈവം അതിനനുസരിച്ച് നമുക്ക് നന്മ വരുത്തു. കോരുന്ന കിണറ്റിലല്ലേ വീണ്ടും വെള്ളം നിറയൂ...–മനോജ് ഓർമ്മകളിലേക്ക് ഊളിയിട്ടു.

kh1

വേഷങ്ങൾ ജന്മങ്ങൾ വേഷം മാറാൻ നിമിഷങ്ങൾ...

യൂസ്ഡ് കാറുകളുടെ ബിസിനസ് ആയിരുന്നു എനിക്ക് ആദ്യം. വണ്ടിക്കച്ചവടത്തിന്റെ റിസ്ക്കും ബുദ്ധിമുട്ടുകളും കഷ്ട നഷ്ടങ്ങളും ആവോളമുണ്ടായിരുന്നു. തുടർന്ന് കേരള (കെഎച്ച്) ഫുഡ്സ് എന്ന പേരില്‌ ബേക്കറി ബിസിനസിലേക്കിറങ്ങി. മാസങ്ങൾ മുമ്പു വരെ ഈ ബേക്കറി ബിസിനസ് മികച്ച രീതിയിൽ മുന്നോട്ടു പോയിരുന്നു. ജിഎഎസ്ടി നടുവൊടിക്കും എന്ന ഘട്ടം വന്നപ്പോൾ ആ ബിസിനസ് അവസാനിപ്പിച്ചു. 2016 ഒക്ടോബറിലാണ് ‘കേരള ഹോട്ടല്‍’ ആരംഭിക്കുന്നത്. നാട്ടിൻപുറത്തെ ഭക്ഷണങ്ങൾ ലഭിക്കുന്ന ഒരിടം. ഇന്നത്തെ പോലെയൊന്നുമല്ലായരുന്നു തുടക്കനാളുകൾ. വലിയ ലാഭങ്ങളോ നഷ്ടമോ ഇല്ലാതെ തട്ടിമുട്ടി അങ്ങു പോകുന്ന അവസ്ഥ.

കേരള എന്ന ഒരേ പേരിൽ പല ബിസിനസുകളും ചെയ്ത് പൊളിഞ്ഞ ഒരാൾ വീണ്ടും അതേ പേരിൽ ഹോട്ടൽ തുടങ്ങുന്നതിനെ പലരും കളിയാക്കുക വരെ ചെയ്തു. എന്നാൽ ഞാൻ കേരള എന്ന നമ്മുടെ സ്വന്തം ബ്രാൻഡിൽ നിന്നും പിന്നാക്കം പോകാൻ ഒരുക്കമല്ലായിരുന്നു. അതിനൊരു കാരണവുമുണ്ട് തമിഴ്‍നാട്ടില്‍ ചരക്ക് എടുക്കാൻ സ്ഥിരം പോകുന്ന എന്റെ അഡ്രസ് ആണ് ഈ കേരള എന്നത്. ഞാൻ തമിഴ്നാട്ടിലേക്ക് ചെല്ലുമ്പോൾ അവിടെയുള്ളവർ പറയും. ‘കേരളത്താൻ’ വന്നു എന്ന്. ഈ പേരും അഡ്രസും ധാരളമല്ലേ, വേറെ പേരു തേടി എന്തിനു പോണം.– കേരള ഹോട്ടൽ എന്ന പേരു വന്ന വഴി മനോജ് പറയുന്നു.

kh2

രുചി വിളമ്പിയത് ഫെയ്സ്ബുക്കിലും

ഹോം ഡെലിവറി ഓൺലൈൻ വഴി ബുക്ക് ചെയ്യുന്ന പിള്ളേരുടെയും ടെക്കികളുടെയും നടുവിലാണ് ഞാനും എന്റെ കേരള ഹോട്ടലുമുള്ളത്. ന്യൂ ജെൻ പിള്ളേരുടെ ഇടയിൽ പിടിച്ചു നിൽക്കാൻ എന്റെ ഈ കുഞ്ഞ് ഹോട്ടലിനു പറ്റുമോ എന്ന സംശയം ജനിച്ചപ്പോഴാണ് ഒരു ഐഡിയ തലയിലുദിച്ചത്. രുചികരമായ ഭക്ഷണങ്ങളും പ്രധാന ഹോട്ടലുകളും പരിചയപ്പെടുത്തുന്ന ഒരു ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ അംഗമായി. പിള്ളേരുടെ ഇടയിൽ പിടിച്ചു നിൽക്കണ്ടേ ഭായ്’– മനോജ് ചിരിക്കുന്നു

നമ്മുടെ ഹോട്ടിലെ വിഭവങ്ങളും പ്രത്യേകതകളും ഈ ഫെയ്സ്ബുക്ക് പേജ് വഴി നമുക്ക് പ്രൊമോട്ട് ചെയ്യാം. ഏകദേശം ഒരു ലക്ഷത്തി നാൽപ്പതിനായിരം പേർ അംഗങ്ങളായിട്ടുള്ള വലിയ ഗ്രൂപ്പ് ആയിരുന്നു അത്. പതിയെ പതിയെ നമ്മൾ പബ്ലിഷ് ചെയ്യുന്ന പോസ്റ്റുകൾക്ക് അവർ കാശ് ഈടാക്കാൻ തുടങ്ങി. അവിടെയും തീർന്നില്ല പബ്ലിഷ് ചെയ്യുന്ന പോസ്റ്റ് അപ്രൂവ് ആക്കി എടുക്കാൻ ദിവസങ്ങളോളം നമ്മൾ അവരുടെ പിന്നാലെ നടക്കണം. അങ്ങനെയിരിക്കെയാണ് സ്വന്തമായി ഒരു ഫെയ്സ്ബുക്ക് പേജ് എന്ന ആശയം മനസിലുദിച്ചത്. സുഹൃദ് വലയങ്ങളും നമ്മുടെ ടെക്കികളായ സുഹൃത്തുക്കളും തന്നെയായിരുന്നു അതിന് പ്രചോദനം. ഇന്ന് ഏകദേശം നാല് ലക്ഷത്തിലധികം പേരാണ് ഇന്ന് കേരള ഹോട്ടൽ എന്ന ഫെയ്സ്ബുക്ക് പേജിൽ അംഗങ്ങളായിട്ടുള്ളത്.

food

കസ്റ്റമറും മുതലാളിയും മച്ചാ മച്ചാ....

‘കസ്റ്റമറും ഹോട്ടൽ മുതലാളിമാരും തമ്മിലുള്ള ബന്ധത്തിൽ നിന്നാണ് കേരള ഹോട്ടലിന്റെയും ഫെയ്സ്ബുക്ക് കൂട്ടായ്മയുടെയും വളർച്ച തുടങ്ങുന്നത്. മനസു നിറയ്ക്കുന്ന ഭക്ഷണം മാത്രം കൊടുത്ത് അവർ ഗുഡ്ബൈ പറഞ്ഞു പോകുന്നതല്ല ഞങ്ങളുടെ ബന്ധം. അവർക്കായി നമ്മൾ കരുതി വയ്ക്കുന്ന പുഞ്ചിരിയിൽ തുടങ്ങുന്നു ഞാനും അവരുമായുള്ള ബന്ധം.

ഇന്ന് പലർക്കും കെഎച്ച് സ്വന്തം വീടു പോലെയാണ്. ഏത് പാതിരാത്രിയും ആര്‍ക്കും ധൈര്യസമേതം കയറി വരാം. ഫെയ്സ്ബുക്ക് പേജിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ഗ്രൂപ്പ് അംഗങ്ങൾ തന്നെയാണ് വിവിധ ആശയങ്ങൾ മുന്നോട്ട് വച്ചത്. മാട്രിമോണിയൽ സംബന്ധിയായ അന്വേഷങ്ങളും, റിയൽ എസ്റ്റേറ്റും, ഡോക്ടർ കൺസൾട്ടിംഗും, എന്തിനേറെ സഹായാഭ്യാർത്ഥനകൾ പോലും ഇന്ന് ഈ ഗ്രൂപ്പിനെ സജീവമാക്കി നിർത്തുണ്ട്.

ആർക്കും സ്വാതന്ത്ര്യത്തോടെ ഇത്തരം വിഷയങ്ങൾ ചർച്ചയ്ക്കു വയ്ക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. എന്ത് ചോദ്യത്തിനും ഞൊടിയിടയിൽ ഉത്തരങ്ങളുണ്ട്. വീട്ടിൽ കൃഷി നടത്തുന്നവർ, തയ്യല്‍ ജോലികളിലേർപ്പെടുന്നവർ, ബേക്കറി ബിസിനസ് നടത്തുന്നവർ എന്നിവർക്ക് അവരുെട ഉത്പ്പന്നങ്ങൾ വിൽപ്പനയ്ക്കു വയ്ക്കാൻ സഹായകരമാകുന്ന തരത്തിൽ വീട്ടിലൊരു `വിപണി പദ്ധതിക്കും` കെഎച്ച് തുടക്കം കുറിച്ചിട്ടുണ്ട്. പിന്നെ ഈ ഗ്രൂപ്പ് തിരുവനന്തപുരത്തുകാരുടെ മാത്രമാണ് എന്ന് ധരിച്ചെങ്കിൽ തെറ്റി. കേരളത്തിനു പുറത്തുമുണ്ട് ഞങ്ങൾക്ക് വേരുകൾ. എന്തിനേറെ ലൈബീരിയയിൽ പോലുമുണ്ട് ഞങ്ങളുടെ ഗ്രൂപ്പ് അംഗങ്ങൾ. പിന്നെ രാഷ്ട്രീയ ചർച്ചകൾക്കും പക്ഷം പിടിക്കലുകൾക്കും ഗ്രൂപ്പിൽ നോ എൻട്രി’–മനോജ് നയം വ്യക്തമാക്കുന്നു

kh4

‘സിക്സ്പായ്ക്കുണ്ട് കട്ടപ്പയുണ്ട്..ബാഹുബലിയുണ്ട്....പിന്നെ എകെ 47നുണ്ട്’

ഗുണമേന്മയാണ് കെഎച്ചിന്റെ മുഖ മുദ്ര. കസ്റ്റമേഴ്സിനു നൽകുന്ന ഭക്ഷണത്തിന്റെ ഗുണമേന്മയിൽ നോ കോമ്പ്രമൈസ്. രാവിലെ 2 മണിക്കെഴുന്നേറ്റ് കൊല്ലത്തും, ആലപ്പുഴയിലുമെല്ലാം പോയി നല്ല പച്ചമീൻ വാങ്ങിക്കുന്നത് ഞാന്‌ നേരിട്ടു തന്നെയാണ്. അതു കൊണ്ട് ഫോർമാലിന്റെ പേടി വേണ്ട.

കടയിലേക്ക് വേണ്ട പച്ചക്കറിയും പലവ്യഞ്ജനങ്ങളും എല്ലാം ശേഖരിക്കാൻ പോകുന്നതും ഞാൻ തന്നെ. രാവിലെ ഹോട്ടലിലെത്തി രാത്രി 12 മണിക്ക് ക്ലോസ് ചെയ്യുന്നത് വരേയ്ക്കും ഞാൻ ഹോട്ടലിലുണ്ടാകും. അജിനാമോട്ടോ പോലുള്ള ഒരു പദാർത്ഥങ്ങളും ഭക്ഷണത്തിൽ ചേർക്കുന്നില്ല എന്ന് ഉറപ്പാക്കുന്നത് എന്റെ ഉത്തരവാദിത്തമാണ്. ഗാർലിക്ക് പേസ്റ്റ് പോലും ഞങ്ങളാണ് നിർമ്മിക്കുന്നത്. എല്ലാം കഴിഞ്ഞ് വീട്ടിലെത്തുന്ന ഞാൻ ദിവസവും രണ്ട് മണിക്കൂർ മാത്രമാണ് ഞാൻ ഉറങ്ങുന്നത്. നേരം വെളുക്കാറാകുമ്പേഴേക്കും മീൻ ലോഡ് എടുക്കാൻ സമയമായിട്ടുണ്ടാകും.–മനോജ് കേരള ഹോട്ടലിന്റെ പ്രവർത്തനം വിശദീകരിക്കുന്നു.

സിക്സ് പായ്ക്ക് ചിക്കൻ, 8 പാക്ക് ചിക്കൻ, ബാഹുബലി, കട്ടപ്പ, ബീഫ് ബർഗർ, ബീഫ് കിഴി തുടങ്ങി കെഎച്ചിലെ സ്റ്റാർ വിഭവങ്ങളുടെ നിര അങ്ങനെ നീളുന്നു. കെഎച്ച് കിടുക്കാച്ചി, കെഎച്ച് നാഗവല്ലി, കെഎച്ച് ബാറ്റ്മാൻ, മിസ് കെഎച്ച് ചാക്കോച്ചി തുടങ്ങി രുചിക്കൊപ്പം കൗതുകമൊളിപ്പിച്ച വിഭവങ്ങൾ വേറെയും.

‘ഗർഭിണികളെ ഇതിലെ ഇതിലേ....’

സീസണ്‍ അനുസരിച്ച് ഓഫർ കൊടുക്കുന്ന രീതിയല്ല കെഎച്ചിലേത്. ആനുകൂല്യങ്ങൾ ആരാണോ അർഹിക്കുന്നത് അവർക്ക് മനസു നിറഞ്ഞ് വിളമ്പുക എന്നതാണ് കെഎച്ചിന്റെ രീതി. ഗർഭിണികൾക്ക് കെഎച്ചിൽ ഭക്ഷണം സദാ സമയവും ഫ്രീയാണ്. മുതിർന്നവർക്കും കുട്ടികൾക്കും ഇതേ ഓഫർ വാഗ്ദാനം ചെയ്യുന്നുണ്ട് ഞങ്ങൾ. വിശന്ന് വലഞ്ഞ ഒരാളും ഒരു വാതിൽക്കോട്ട കടന്ന് പോകരുതെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ട്. കാരണം വിശപ്പിനേക്കാൾ വലിയൊരു വേദനയില്ലല്ലോ?– മനോജിന്റെ വാക്കുകളിൽ ചാരിതാർത്ഥ്യം.

ഓഫറുകളും മെനുവും പുതിയ വിഭവങ്ങളും ഓരോ ദിവസവും ഗ്രൂപ്പിലൂടെ പബ്ലിഷ് ചെയ്യും. നിർദ്ദേശങ്ങൾ, ട്രോളുകൾ, ചർച്ചകൾ എല്ലാത്തിനും ഗ്രൂപ്പിൽ ഇടമുണ്ട്. പിന്നെ ഗ്രൂപ്പിലുള്ളവരുടെ വിവാഹ വാർഷികം, ബർത്ത് ഡേ, നേട്ടങ്ങൾ, സന്തോഷങ്ങൾ, സങ്കടങ്ങൾ എല്ലാം. ഇന്നീ കാണുന്ന നാലു ലക്ഷത്തിൽപ്പരം അംഗങ്ങളുടെയും പൊതുവികാരമാണ്. അതാണ് കെഎച്ച് ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ വിജയവും– മനോജ് പറഞ്ഞു നിർത്തി. പറഞ്ഞു നിർത്തുമ്പോഴേക്കും ഗ്രൂപ്പിൽ ചോദ്യം എത്തി, കെഎച്ചിൽ ഇന്നെന്താ സ്പെഷ്യൽ. മറുപടി ഇൻബോക്സിൽ നൽകി, ഗ്രൂപ്പിലെ പോസ്റ്റുകൾ അപ്രൂവും ചെയ്തു മനോജ് മുഴുകകയാണ്, പതിവു തിരക്കുകളിലേക്ക്...

kh-troll