Monday 04 June 2018 02:27 PM IST : By സ്വന്തം ലേഖകൻ

‘നീനുവിനെ ഹൃദയത്തോട് ചേർത്തു പിടിച്ച കെവിൻ’; കരളുരുക്കും ഈ പ്രണയ ചിത്രങ്ങൾ

kevin-cover

തൊടിയിലും ഇടവഴിയിലും കോളേജിന്റെ വരാന്തയിലുമെല്ലാം പ്രണയം കൈമാറിയിരുന്ന ഒരു കാലമുണ്ടായിരുന്നു. പുറത്തു പറയാതെ മനസിലടക്കിപ്പിടിച്ചു നടന്ന എത്രയോ നെടുവീർപ്പുകളുടെ കഥയും ഈയിടങ്ങൾക്ക് പറയാനുണ്ടാകും.

പ്രണയവും പ്രണയത്തകർച്ചയുമെല്ലാം പണ്ടുമുണ്ടായിരുന്നു. പക്ഷേ ഇന്ന് കാലം മാറി കത്തുകളിലൂടെയും ദൂതനെ അയച്ചും കൈമാറിയിരുന്ന പ്രണയ സല്ലാപങ്ങൾ സൈബർ ഇൻസ്റ്റന്റ് പ്രണയങ്ങൾക്ക് വഴിമാറി. എന്തിനേറെ പ്രണയത്തിന്റെ മോസ്റ്റ് മോഡേൺ രൂപമെന്ന് അവകാശപ്പെടുന്ന ഡേറ്റിംഗ് പോലും നമ്മളിൽ പലർക്കും കണ്ട് പരിചിതമായി.

പ്രണയാഭ്യർത്ഥനകൾ സൈബർ നോട്ടിഫിക്കേഷനുകളായി എത്തുന്ന പുതിയ കാലം കുറേ വാക്കുകളും പുതുതലമുറയ്ക്ക് സമ്മാനിച്ചിരുന്നു. അതിൽ പ്രധാനമായിരുന്നു ‘തേപ്പ്’.

പ്രണയത്തിലെ ചതിക്കും വഞ്ചനയുടെയുമെല്ലാം ആകെത്തുകയാണ് ഇന്ന് ‘തേപ്പ്’. ആണ് പെണ്ണിനെ വിട്ടു പോയാൽ പെണ്ണ് ആണിനെ പറ്റിച്ചു കടന്നാൽ അവരെല്ലാം തേപ്പുകാരാണ്.

പക്ഷേ പറഞ്ഞു പഴകിയ ഈ ‘തേപ്പ്’ പട്ടം പെണ്ണുങ്ങളെ മാത്രം ലക്ഷ്യം വച്ചുള്ളതായി മാറിയോ എന്ന് ചോദിച്ചാൽ അതേ എന്നായിരിക്കും ഉത്തരം. ആണ് പറ്റിച്ചു പോയ കഥകളെ ബോധപൂർവ്വം തമസ്ക്കരിച്ച് പെണ്ണിനെ തേപ്പുകാരിയാക്കാൻ വെമ്പൽ കൊള്ളുന്നവരാണ് കൂടുതലും.

സാഹചര്യത്തിന്റെ പേരിൽ അതുമല്ലെങ്കിൽ കുടുംബത്തെയോർത്ത് പ്രണയം പാതി വഴിയിൽ ഉപേക്ഷിച്ചവർ, അവർക്കെല്ലാം ഒരേയൊരു ബ്രാൻഡ് നെയിമേയുള്ളൂ ‘തേപ്പുകാർ’.

പ്രണയത്തിൽ നഞ്ചുകലക്കുന്ന, ബന്ധങ്ങൾ ബന്ധനങ്ങളാകുന്ന ഈ കാലത്ത് ആത്മാർത്ഥ പ്രണയത്തിന്റെ കാവൽക്കാരായി ചിലരെങ്കിലും ഇവിടെയുണ്ടായിരുന്നു എന്നത് കാലം അടയാളപ്പെടുത്തുന്നുണ്ട്. തേപ്പ് ആഘോഷമാക്കുന്ന പുതിയ കാലത്തിന്റെ പ്രതിനിധികളല്ല അവർ.

പ്രണയത്തിന്റെ പേരിൽ ജീവൻ ത്യജിക്കേണ്ടി വന്ന കെവിനും ദുരഭിമാനക്കൊലയുടെ പേരിൽ അച്ഛന്റെ കത്തിക്കിരയായ ആതിരയും അവരിൽ ചിലർ മാത്രം.

athira-mid

മരിക്കുവോളം കെവിന്റെ ഭാര്യയായിരിക്കുമെന്ന നീനുവിന്റെ വാക്കുകൾ ആത്മാർത്ഥ പ്രണയത്തിന്റെ അടയാളപ്പെടുത്തലാകുകയാണ്. തേപ്പിനെ ആഘോഷമാക്കുന്ന സോഷ്യൽ മീഡിയ തന്നെ നീനു–കെവിൻ ശുദ്ധ പ്രണയത്തെ ഏറ്റെടുക്കുമ്പോൾ അവിടെ പുതിയ കാലത്തെ തേപ്പ് എന്ന വാക്കിന് എന്ത് സ്ഥാനമെന്ന് പലരും ചോദിക്കുന്നു. പുതിയ തലമുറ പറയുന്നു, ഇവിടെ തേപ്പ് മാത്രമല്ല ഇങ്ങനെയും ചില ആത്മാർത്ഥ പ്രണയങ്ങളുണ്ട്. അതിന്റെ സംസാരിക്കുന്ന തെളിവുകൾ കൂടിയാണ് ഈ ചിത്രങ്ങൾ.

kevin-mid