Thursday 11 April 2019 03:48 PM IST : By സ്വന്തം ലേഖകൻ

ചെരുപ്പിടാതെ പഞ്ചാര മണലിൽ ഓടാമോ?; ഈ ചലഞ്ചിന് നിങ്ങളുണ്ടെങ്കിൽ പോന്നോളൂ

kochi-duskathon

വൈകിട്ടെന്താ പരിപാടി? ബീച്ചും പാർക്കുമൊക്കെ ഇഷ്ട ലിസ്റ്റിൽ നിന്നൊഴിവാക്കിയ കേരളക്കരയ്ക്ക് ഒറ്റ മറുപടിയേ ഉണ്ടാകൂ. ഷോപ്പിംഗ് മോളിൽ പോകുക...സിനിമ കാണുക... ഭക്ഷണം കഴിക്കുക തിരിച്ചു പോരുക. ജങ്ക് ഫുഡടിച്ച് വീർത്തു പോയ അങ്ങനെ എത്രയോ ഹത ഭാഗ്യർ.

അല്ല ഇഷ്ടാ...ഒന്നു ബീച്ചിലൊക്കെ പോയി കടൽ കാറ്റേറ്റ്...നീണ്ടു കിടക്കുന്ന പഞ്ചാര മണലിൽ ഒന്നു നടന്നാലോ എന്ന് ചോദിച്ചാലോ? പലരും നെറ്റിചുളിക്കും. മാറുന്ന ജീവിത ശൈലിക്കൊപ്പം ഇത്തരം ഇഷ്ടങ്ങളേയും കാറ്റിൽ പറത്തി കഴിഞ്ഞിരിക്കുന്നു പുതു തലമുറ. ഫലമോ?, ആരോഗ്യമുള്ളൊരു ജീവിതവും പാതി വഴിക്കാക്കി കെട്ടിവലിച്ചൊരു ജീവിതത്തിന് പിന്നാലെയായി പലരും.

അത്തരക്കാരെ ഇതാ കൊച്ചിയുടെ മണ്ണ് സ്വാഗതം ചെയ്യുകയാണ്. ബീച്ചിലേയും കായൽക്കരയിലേയും ഇളം കാറ്റിനെ മറന്ന് എസിയുടെ കുളിരിലേക്ക് ചേക്കേറിയവരെ കൊച്ചി ഡസ്ക്കത്തൺ ഇതാ മാടിവിളിക്കുന്നു. പേര് കേട്ട് ഞെട്ടേണ്ട, വിദേശ രാജ്യങ്ങളിൽ പ്രചാരത്തിലുള്ള ഈ കിടിലൻ സംഗതിയുടെ പ്രധാന ലക്ഷ്യം ആരോഗ്യ സംരക്ഷണം തന്നെ. കഴിഞ്ഞ കുറേ വർഷങ്ങളായി കേരളത്തിൽ, പ്രത്യേകിച്ച് കൊച്ചിയിൽ ദീർഘദൂര ഓട്ടങ്ങളിലൂടെ ആരോഗ്യപരിപാലനം ഒരു ദിനചര്യയായി മാറ്റിയെടുക്കാൻ ശ്രമിക്കുന്ന ജനങ്ങളെ ഒരുകുടക്കീഴിൽ അണിനിരത്തുകയാണ് ഇവിടെ. ഡസ്ക്കത്തണിന് ഏപ്രിൽ 14ന് കൊച്ചിയുടെ മണ്ണ് ഒരിക്കൽകൂടി സാക്ഷ്യം വഹിക്കുമ്പോൾ അതിന് ചുക്കാൻ പിടിക്കുന്ന സാന്റോസ് കിംഗ് ടൂർ കമ്പനിയുടെ ഡയറക്ടർ സന്തോഷ് തയ്യിൽ മനസു തുറക്കുകയാണ്. വനിത ഓൺലൈൻ വായനക്കാർക്കായി.

‘കൊച്ചിയിലെ കായിക പ്രേമികൾ ഏറ്റുവാങ്ങിയ ഒരു ദീർഘദൂര ഓട്ടമാണ് കൊച്ചി ഡസ്ക്കത്തൺ. അതിന്റെ രണ്ടാമത് എഡിഷനാണ് ഇപ്പോൾ കൊച്ചിയിൽ നടക്കുന്നത്. പോയ വർഷം ഇത് സംഘടിപ്പിക്കുമ്പോൾ ആയിരത്തിലേറെ പേരാണ് അണിനിരന്നത്. എറണാകുളം DTPC യുടേയും കേരള ടൂറിസത്തിന്റേയും സഹകരണത്തോടെയാണ് കൊച്ചിൻ ഡസ്ക്കത്തൺ സംഘടിപ്പിക്കുന്നത് എന്നൊരു പ്രത്യേകതയുണ്ട്.

ബീച്ചിൽ നഗ്നപാദരായി ഓടുന്നതാണ് ഇതിന്റെ രീതി. കഴിഞ്ഞ വർഷങ്ങളിൽ കുഴിപ്പിള്ളി - ചെറായി ബീച്ചിൽ സംഘടിപ്പിക്കപ്പെട്ട സാന്റോസ് കിംഗ് ടൂർ കമ്പനി ഇത് വീണ്ടും സംഘടിപ്പിക്കപ്പെടുപ്പോൾ, ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത നഗ്നപാദ ഓട്ടക്കാരുടെ നിലവിലുള്ള ഗിന്നസ് റെക്കോർഡ് ഭേദിക്കുക എന്ന ഒരു ലക്ഷ്യവും ശ്രമവും കൂടെ ഞങ്ങൾക്കു മുന്നിലുണ്ട്.

എറണാകുളം ജില്ലയിലെ ഏറ്റവും ദൈർഘ്യമുള്ള കടൽത്തീരങ്ങളിലൊന്നായ പ്രകൃതി സൗന്ദര്യം വഴിയുന്ന കുഴുപ്പിള്ളി ബീച്ചിലാണ് ഇപ്രാവശ്യം ഡസ്ക്കത്തൺ സംഘടിപ്പിക്കുമ്പോൾ പ്രതീക്ഷ വയ്ക്കുന്ന മറ്റൊരു സംഗതി കൂടിയുണ്ട്. കൊച്ചിയുടെ തീര സൗന്ദര്യം വഴിഞ്ഞൊഴുകുന്ന പ്രദേശമാണിവിടം. അത് ആൾക്കാർ എത്രത്തോളം എക്സ്പ്ലോർ ചെയ്തിട്ടുണ്ടെന്ന് ചോദിച്ചാൽ നിരാശയായിരിക്കും ഫലം. കൂടുതൽ പേരെ ആ പ്രദേശത്തേക്ക് എത്തിക്കുക. കുഴുപ്പിള്ളി പോലൊരു പ്രദേശത്തിന്റെ ടൂറിസം സാധ്യതകളെ പൊതുജനങ്ങൾക്കു മുന്നിലെത്തിക്കുക എന്നൊരു ഉദ്ദേശ്യം കൂടിയുണ്ട്.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനോട് അടുത്ത് കിടക്കുന്നതാണ് ഈ പ്രദേശം. ധാരാളം വിദേശസഞ്ചാരികൾ വന്നുപോകുന്നതുമായ സ്ഥലമാണ് ചെറായി - കുഴുപ്പിള്ളി ബീച്ചുകൾ. പോക്കറ്റിനൊതുങ്ങുന്ന ധാരാളം താമസസൌകര്യങ്ങളും ഭക്ഷണശാലകളും ഇവിടം സഞ്ചാ‍രികൾക്ക് പ്രിയങ്കരമാക്കുന്നു. മുസ്‌രീസ് പൈതൃകപദ്ധതിയിടങ്ങളിലേക്കുള്ള അടുപ്പവും ഈ കടൽത്തീരത്തിന്റെ എടുത്ത് പറയേണ്ട പ്രത്യേകതയാണ്.

ഇത്തരത്തിൽ വിനോദസഞ്ചാരത്തിനും കായികവിനോദങ്ങൾക്കും, അനന്ത സാദ്ധ്യതയുള്ള കുഴുപ്പിള്ളി - ചെറായി കടൽത്തീരത്തിന്റെയും കണ്ടൽ കാടിന്റെയും ചെമ്മീൻ കെട്ടുകളുടെയും സൗന്ദര്യം പൂർണ്ണമായി പ്രയോജനപ്പെടുത്തലും ഇത് പുറം ലോകം അറിയുന്നതിനും തന്മൂലം വിനോദസഞ്ചാരികളെ കൂടുതലായി ഇങ്ങോട്ട് ആകർഷിക്കാനുമുള്ള സാദ്ധ്യതകളാണ് കൊച്ചി ഡസ്ക്കത്തോൺ സംഘടിപ്പിക്കുന്നതിലൂടെ ലക്ഷ്യമാക്കുന്നത്. ഇത് കൊച്ചിയുടേയും സർവ്വോപരി കേരളത്തിന്റെ സഞ്ചാരഭൂപടത്തിൽ കാര്യമാ‍യ വ്യതിയാനമുണ്ടാക്കാൻ ഉതകുമെന്ന് പ്രതീക്ഷിക്കുന്നു.

ഏപ്രിൽ 14, ഞായറാഴ്ച രാവിലെ 10 മണി മുതലാണ് പരിപാടികൾ ആരംഭിക്കുന്നത്. വിവിധ ബീച്ച് വിനോദങ്ങൾ ഡെക്കത്താലോൺ കളമശ്ശേരി നേതൃത്വം നൽകുന്നു. കുട്ടികൾക്കും മുതിർന്നവക്കും പങ്കെടുക്കാം. തുടർന്ന് സുമ്പാ ഡാൻസ് ഉണ്ടാവും. 4 മണിക്ക് ഓട്ടം ആരംഭിക്കും. 3, 5, 10 കിലോമീറ്റർ ഇനങ്ങളിലാണ് പങ്കെടുക്കാവുന്നത്. രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും ടീ ടർട്ട്, കേരള ഡിന്നർ ലഭിക്കുന്നതും ഡി.ജെ പാർട്ടി, റണ്ണിംഗ് ചിപ്പ്, മഴ ഡാൻസ്, ബീച്ച് കളികൾ എന്നിവയിൽ പങ്കെടുക്കാനാവുന്നതാണ്. ഓട്ടം പൂർത്തിയാക്കുന്നവർക്ക് മെഡലുകളും സമ്മാനങ്ങളും ലഭിക്കുന്നതാണ്. കേരള വിഭവങ്ങൾ ഉൾപ്പെടുത്തിയ ഡിന്നർ ആണ് മറ്റൊരു ആകർഷണം.

ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ കൊച്ചി ഡസ്ക്കത്തോൺന്റെ ക്രമീകരണങ്ങൾ പുരോഗമിക്കുന്നു. 210 കിലോമീറ്റർ 47 മണിക്കൂർ കൊണ്ട് ഓടി തീർത്ത കൊച്ചിൻ പോർട്ട്‌ ട്രസ്റ്റ്‌ റിട്ടയേർഡ് എഞ്ചിനീയർ പോൾ പടിഞ്ഞാറേക്കര (പോളേട്ടൻ) ആണ് റേസ് ലീഡ് ചെയ്യുന്നത്.

പരിപരാടിയുടെ വിശദാംശങ്ങൾ ചുവടെ;

ഇവന്റ് പേര് - കൊച്ചി ഡസ്ക്കത്തോൺ 2019
ഇവന്റ് തരം - നഗ്നപാദം (Barefoot)
Largest Barefoot Race
മറ്റ് ഇവന്റ് വിവരങ്ങൾ
10 കിമി. റൺ
5 കിമീ. റൺ
3 കിമീ ഫാമിലി റൺ/നടത്തം
തീയതി - 14 ഏപ്രിൽ 2019
സമയം - രാവിലെ 10 മുതൽ വൈകുന്നേരം 8.30 മണി വരെ.
രജിസ്റ്റർ ചെയ്യാൻ www.duskathon.com
ഫീസ് 770