Friday 14 October 2022 04:28 PM IST

‘ഒരു ദിവസം ആ തിരിച്ചറിവു വന്നു, നന്നായി പഠിച്ചില്ലെങ്കിൽ മുന്നോട്ടുള്ള ജീവിതം മരുന്നുകടയിൽ തന്നെയാകും’; കലക്ടര്‍ വി.ആർ. കൃഷ്ണതേജ മനസ് തുറക്കുന്നു

Roopa Thayabji

Sub Editor

_DSC8480 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, ലൊക്കേഷൻ: ആലപ്പി ബീച് റിസോർട്ട്, ആലപ്പുഴ

മഴക്കാലത്ത് കുട്ടികളുടെ ഹൃദയം കവർന്ന കലക്ടർ കൃഷ്ണതേജ വനിതയ്ക്കായി വിവിധ സ്കൂളിലെ കുട്ടികൾക്കൊപ്പം ഒത്തുകൂടിയപ്പോൾ..

ആലപ്പുഴ ബീച്ചിലെ മഴച്ചാറ്റലുള്ള വൈകുന്നേരം. ജില്ലാ കലക്ടറായി വി.ആർ. കൃഷ്ണതേജ ഐഎഎസ് ചാർജെടുത്തിട്ട് ഒരു മാസം പൂർത്തിയായ ദിവസം. ഓണപ്പരീക്ഷയുടെ ക്ഷീണം മാറിയ സന്തോഷത്തിലാണ് അവർ എത്തിയത്. വിവിധ സ്കൂളുകളിൽ നിന്ന് ‘വനിത’യ്ക്കു വേണ്ടി കലക്ടറോടു കൗതുകച്ചോദ്യം ചോദിക്കാനെത്തിയ പത്തു കുട്ടികൾ. 

റിസോർടിന്റെ ഗേറ്റു കടന്ന് കലക്ടറുടെ കാറെത്തിയപ്പോൾ ബഹുമാനവും പേടിയും കലർന്ന് ആ സദസ്സ് നിശബ്ദമായി. വന്നെത്തിയ കലക്ടറാണ് ആദ്യ ചോദ്യം ചോദിച്ചത്, ‘‘എന്റെ ഫുൾ നെയിം അറിയാമോ ?’’ കുട്ടികൾ ‘വി.ആർ. കൃഷ്ണതേജ’ എന്നു വിളിച്ചു പറഞ്ഞപ്പോൾ കലക്ടർ ചെറുചിരിയോടെ തിരുത്തി. ‘‘എന്റെ ഫുൾ നെയിം ‘വെങ്കട രാമകൃഷ്ണ തേജ മൈലവരപ്’ എന്നാണ്. മൈലവരപ് എന്നതു കുടുംബപ്പേരാണ്. ആന്ധ്ര പ്രദേശിലെ ആചാരപ്രകാരം കുടുംബപ്പേരാണ് സർനെയിം.’’

കുട്ടികൾക്ക് റോൾ മോഡൽ വേണമെന്നു പറയും. സാറിന് ഉണ്ടോ റോൾമോഡൽ ?

അപ്പൂപ്പൻ മൈലവരപ് ഗുണ്ടയ്യയാണ് എന്റെ റോൾമോഡൽ. നാട്ടിലുള്ളവർ പറയുന്നത് എന്റെ രീതികളൊക്കെ അപ്പൂപ്പന്റേതാണെന്നാണ്. ഞങ്ങളുടെ ഗ്രാമത്തിലെ ആദ്യത്തെ പഞ്ചായത്തു പ്രസിഡന്റായിരുന്നു അപ്പൂപ്പൻ. ആ പ്രവർത്തനങ്ങളോടുള്ള ആദരസൂചകമായി നാട്ടിലെ പ്രധാന റോഡിനും ക്ലോക് ടവറിനും മുനിസിപ്പാലിറ്റിക്കുമൊക്കെ അപ്പൂപ്പന്റെ പേരാണു നൽകിയത്. സ്വന്തം പോക്കറ്റിലെ കാശും നാടിനും നാട്ടുകാർക്കും വേണ്ടി െചലവാക്കിയ നേരുള്ള രാഷ്ട്രീയക്കാരനായിരുന്നു അദ്ദേഹം.

പിന്നെ, കസിൻ ബ്രദർ നരേന്ദ്രനാഥ് ഐഎഫ്എസ് ഓഫിസറാണ്. എന്റെ അച്ഛനും അമ്മയുമാണ് എല്ലാ പിന്തുണയും തന്നു കൂടെ നിന്നത്.

സ്കൂൾ പഠനം നിർത്തേണ്ടി വന്ന സാഹചര്യത്തെ കുറിച്ചു വായിച്ചിട്ടുണ്ട്. എങ്ങനെയാണ് ആ ഘട്ടം അതിജീവിച്ചത് ?

എന്റെ ഹൈസ്കൂൾ കാലത്ത് വീട്ടിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടായി. അങ്ങനെ വൈകുന്നേരങ്ങളിൽ അടുത്തുള്ള മെഡിക്കൽ ഷോപ്പിൽ ജോലിക്കു പോയി. ആ ചെറിയ വരുമാനം കൂടി വേണം വീട്ടുകാര്യങ്ങൾ മുന്നോട്ടു പോകാൻ. അങ്ങനെയൊരു ദിവസം തിരിച്ചറിവു വന്നു, നന്നായി പഠിച്ചില്ലെങ്കിൽ മുന്നോട്ടുള്ള ജീവിതം മരുന്നുകടയിൽ തന്നെയാകും. പിന്നെ വാശിയോടെ പഠിച്ചു.

കുട്ടിക്കാലത്ത് ആർക്കും പഠിക്കാൻ അത്ര ഇഷ്ടമുണ്ടാകില്ല. അങ്ങനെ തോന്നിയിട്ടില്ലേ ?

ഒരുപാടുവട്ടം തോന്നിയിട്ടുണ്ട്. പഠിത്തം നിർത്തിയെന്നു തീരുമാനിച്ച് അന്നു സിനിമയ്ക്കു പോകും. രാത്രി കിടന്നുറങ്ങും. രാവിലെ എല്ലാം  മറന്ന് സ്കൂളിൽ പോകും.

ഐഎഎസ് കിട്ടിയതിനു ശേഷം ഒരുപാട് രക്ഷിതാക്കൾ മക്കളെയും കൊണ്ടുവരും. നന്നായി പഠിക്കാനായി ഞാൻ ചെയ്ത വഴി കുട്ടിക്കും പറ‍ഞ്ഞു കൊടുക്കണം എന്നാണ് ആവശ്യം.  ഒരിക്കലും മറ്റു കാര്യങ്ങൾ മാറ്റിവച്ചു പഠിച്ചിട്ടില്ല. പഠിക്കേണ്ട സമയത്ത് മറ്റു കാര്യങ്ങളും ശ്രദ്ധിക്കില്ല. പരമാവധി എട്ടു മണിക്കൂറൊക്കെയേ ഐഎഎസ് കോച്ചിങ് കാലത്തു പോലും പഠിച്ചിട്ടുള്ളൂ. അന്നും എല്ലാ സിനിമയും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്കു പോകുമായിരുന്നു.

നന്നായി പഠിക്കാൻ കുറുക്കു വഴിയുണ്ടോ ?

ഉണ്ടല്ലോ. പഠിപ്പിച്ചു കൊണ്ടു പഠിച്ചാൽ മതി. കൂട്ടുകാരെയോ അനിയനെയോ അനിയത്തിയെയോ ഒക്കെ പഠിപ്പിക്കുക. വായിച്ചു മാത്രം പഠിക്കാതെ വായിച്ചവ ഓർത്തുനോക്കിയും ഓർത്തെഴുതിയും ഉറപ്പിക്കണം.

ഐടി ജോലിയിൽ നിന്ന് ഐഎഎസ് എന്ന സ്വപ്നത്തിലേക്ക് എത്തിയതെങ്ങനെ ?

ഐടി ജോലിയിൽ നല്ല ശമ്പളം കിട്ടും, പക്ഷേ സംതൃപ്തി ഉണ്ടാകുമോ എന്നു സംശയമാണ്. ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന കാലത്ത്, റൂം മേറ്റിന് ഐഎഎസ് പരീക്ഷയ്ക്കു തയാറെടുക്കണം. 25 കിലോമീറ്റർ അകലെയുള്ള കോച്ചിങ് സെന്ററിലേക്ക് പോകാൻ കൂട്ടിന് എന്നെകൂടി ചെല്ലാൻ നിർബന്ധിച്ചു. ‘എന്താണ് ഐഎഎസ്’ എന്നായിരുന്നു എന്റെ സംശയം.

കോച്ചിങ്ങിനു ചേർന്നെങ്കിലും ആദ്യ ശ്രമത്തിൽ പരാജയമായിരുന്നു ഫലം. പത്താംക്ലാസിലും പ്ലസ്ടുവിനും എൻജിനിയറിങ്ങിനും ഒന്നാം റാങ്കു വാങ്ങി ഇഷ്ട ജോലി നേടി വിജയത്തിന്റെ നെറുകയിൽ നിന്ന എന്റെ ജീവിതത്തിലെ ആദ്യ പരാജയം. ജോലി രാജി വച്ച് വീണ്ടും പരിശീലിച്ചു. അതും പരാജയപ്പെട്ടു. മൂന്നാം വട്ടവും സർവപരിശ്രമവും കാഴ്ചവച്ചെങ്കിലും തോൽവിയായിരുന്നു ഫലം.

ആ പരാജയങ്ങളിൽ വിഷമം തോന്നിയില്ലേ ?

മൂന്നു വട്ടം പരീക്ഷയെഴുതിയിട്ടും പാസാകാതെ വന്നപ്പോൾ കൂട്ടുകാരോടു ചോദിച്ചു, ‘മച്ചാ എന്താണ് ഞാൻ വിജയിക്കാത്തത്.’

‘നീ നന്നായി പഠിക്കും, സ്മാർട്ടാണ്, എല്ലാം ഓർമയുണ്ടാകും. എന്നിട്ടും എന്താണ് പരാജയപ്പെടുന്നതെന്ന് ഞങ്ങൾക്കുമറിയില്ല’ എന്നായിരുന്നു അവരുടെ മറുപടി. അങ്ങനെയൊരു ദിവസം വാതിലിൽ മുട്ടു കേട്ടു നോക്കുമ്പോൾ എന്റെ മൂന്നു ശത്രുക്കളാണ്. സിവിൽ സർവീസ് പരിശീലനം വിട്ട കാര്യമറിഞ്ഞ് ‘ചൊറിയാൻ’ വന്നതാണ്. ‘ഐടി ജോലിയാണ് നിനക്ക് സെറ്റാകുന്നത്’ എന്നു പറഞ്ഞ അവരോടു ഞാൻ ചോദിച്ചു, ‘എന്തുകൊണ്ടാണ് ഐഎഎസ് മോഹം വിട്ടതു നന്നായി എന്നു പറയുന്നത്?’

ആദ്യത്തെയാളിന്റെ മറുപടി ഇതായിരുന്നു, ‘നിന്റെ കൈയക്ഷരം വളരെ മോശമാണ്. ’ രണ്ടാമത്തെയാളിന്റെ മറുപടി ഇങ്ങനെ, ‘പോയിന്റു പോയിന്റായി കാര്യങ്ങൾ എഴുതി സ്കോർ ചെയ്യാൻ നീ മിടുക്കനാണ്. പക്ഷേ, സിവിൽ സർവീസിൽ ആ പോയിന്റുകൾ എങ്ങനെ വിനിയോഗിക്കുന്നു എന്നതാണു പ്രധാനം.’ അടുത്തയാളിന്റെ മറുപടിയും പിന്നാലെ വന്നു, ‘നീ സ്ട്രെയ്റ്റ് ഫോർവേഡാണ്. ഐഎഎസിൽ ഡിപ്ലോമാറ്റിക് ആകണം.’

ആ വാക്കുകൾ എന്നെ ചിന്തിപ്പിച്ചു. ഒരു വട്ടം കൂടി സിവിൽ സർവീസിനു ശ്രമിക്കാൻ തീരുമാനിച്ചു. ഹാൻഡ് റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് ദിവസവും രണ്ടു മണിക്കൂർ പ്രാക്റ്റീസ് ചെയ്ത് കയ്യക്ഷരം മെച്ചപ്പെടുത്തി.

അടുത്ത പ്രശ്നം നല്ല ഭാഷയിലുള്ള എഴുത്താണ്. നാട്ടിലെ ഒരു ഓഫിസിൽ ഡിഫൻസ് സർവീസിലുള്ള ബാലലത എന്ന ഉദ്യോഗസ്ഥയുണ്ട്. അവരുടെയടുത്ത് ചെന്ന് കാര്യം അവതരിപ്പിച്ചു. എല്ലാ ദിവവും രാവിലെ നാലുമണി മുതൽ ഏഴുമണി വരെ പരീക്ഷയെഴുതണമെന്ന് അവർ ചട്ടം കെട്ടി. ഒരു വർഷം കൊണ്ട് 365 പരീക്ഷയെഴുതി. 

മൂന്നു വർഷം സിവിൽ സർവീസിനു പരിശീലിച്ച പരിചയം വച്ച് കോച്ചിങ് സെന്ററിൽ ഇൻസ്ട്രക്റ്ററായി. അവിടെയുള്ള കുട്ടികളോട് നയപരമായി സംസാരിച്ചാണ് ‘ഡിപ്ലോമസി’ പഠിച്ചത്. അടുത്ത ശ്രമത്തിൽ സിവിൽ സർവീസ് പരീക്ഷ 66ാം റാങ്കോടെ പാസായി.

സുഹൃത്തുക്കൾ മാത്രമല്ല, ശത്രുക്കളും നല്ലതാണെന്ന് അന്നു മനസ്സിലായി. പോസിറ്റീവ്സ് അറിയാൻ സുഹൃത്തുക്കളെ നോക്കാം, നെഗറ്റീവ്സ് അറിയണമെങ്കിൽ ശത്രുക്കളോടു തന്നെ ചോദിക്കണം. പക്ഷേ, ശത്രുക്കളുടെഎണ്ണം വളരെ കുറച്ചു മതിയെന്നു മാത്രം.