Thursday 09 July 2020 04:32 PM IST : By സ്വന്തം ലേഖകൻ

അടിച്ചു മോനെ! ലക്കി നറുക്കെടുപ്പിൽ ലംബോർഗിനിയും 20000 പൗണ്ടും സ്വന്തമാക്കിയ നോട്ടിങ്ഹാം സ്വദേശി ഷിബുവിന്റെ ഞെട്ടൽ കഥ

car

ഒന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോൾ വീടിന്റെ മുന്നിലൊരു ലംബോർഗിനി കിടന്നാൽ നമ്മളെന്ത് വിചാരിക്കും. കുറച്ചു കഴിഞ്ഞ് ആ ലംബോർഗിനിയും 20000 പൗണ്ടും നമ്മുടേതാണെന്ന് കൂടെ അറിഞ്ഞാലോ, ചുറ്റുംമുള്ളതൊന്നും കാണാൻ പറ്റൂല്ലെന്ന് പറയുന്നൊരവസ്ഥയായിരിക്കും. അതേ സംഭവമാണ് ജൂലൈ എട്ടിന് നോട്ടിങ്ഹാമിലെ വീട്ടിൽ രാവിലെ ഉറക്കമുണർന്ന ഷിബുവിനും ഉണ്ടായത്. കോളിങ് ബെല്ലടി കേട്ട് പുറത്തെത്തിയപ്പോൾ ഒരു ലംബോർഗിനി കാറും , 20000 പൗണ്ട് ക്യാഷും നിങ്ങൾക്ക് സ്വന്തമാണെന്ന് പറഞ്ഞ് ഒരാൾ വന്നുനിൽക്കുന്നു. സംഭവം പറ്റീരാണെന്ന് ആരെരെയും പോലെ ഷിബുവും ഭാര്യ ലിനെറ്റും വിചാരിച്ചു. പക്ഷേ, ലംബോർഗിനിയുടെ താക്കോൽ കൈയിൽ തന്നപ്പോഴാണ് ഇതൊന്നും സ്വപ്നമല്ലെന്ന് ഷിബുവിന് മനസിലായത്. എങ്കിലും ഞെട്ടൽ മാറാതെ  ഷിബു  ചോദിച്ചു, ‘ഞാൻ ഈ കാറിലൊന്ന് തൊട്ടോട്ടേ’.

‘ജോലിയന്വേഷണത്തിന്റെ ഭാഗമായി പലയിടത്തും മെയിൽ അയച്ചു നടക്കുമ്പോഴാണ് ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് എന്ന ഓൺലൈൻ കോമ്പറ്റീഷനിൽ ഞാൻ ചെന്നെത്തിയത്. കാറുകളുടെയും മറ്റ് ലൈഫ്സ്‌റ്റൈൽ വസ്തുക്കളുടെ കാര്യങ്ങൾ ഉൾപ്പെടുന്ന കമ്പനി 1999 തൊട്ട് എയർപോർട്ട് രംഗത്തുള്ളവരാണ്. ഓൺലൈൻ കോമ്പറ്റീഷൻ കണ്ടപ്പൊ എല്ലാവരെയും പോലെ അതൊന്ന് ട്രൈ ചെയ്തിട്ട് ഇറങ്ങി പോരുകയായിരുന്നു ഞാൻ . പക്ഷേ, രാവിലെ കാറുമായി എത്തിയപ്പോൾ എനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. അത് കഴിഞ്ഞ് വണ്ടിയുടെ ബുട്ട് തുറന്ന് പണം കൂടി കാണിച്ചതോടെ ഞാൻ വല്ലാതെയായി . ചുവന്ന കളർ ലംബോർഗിനി ഇഷ്ടമായില്ലെങ്കിൽ മറ്റേതെങ്കലും കളർ എടുത്തോളാനും അവര്‍ പറഞ്ഞിട്ടുണ്ട്.’ 

‘ഇത്രയും വിലയുള്ളൊരു കാറ് സ്വന്തമാക്കിയാൽ ഉണ്ടാകുന്ന മെയിന്റനൻസ് തുക എന്നെകൊണ്ട് താങ്ങാവുന്നതിവലും കൂടുതലായതുകൊണ്ട് , കാർ എക്സ്ചേഞ്ച് ചെയ്ത് പണം വാങ്ങാനാണ് വിചാരിക്കുന്നത്. കമ്പനിയും അത് സമ്മതിച്ചുണ്ട്. ഞാനിനിയും എന്റെ പഴയ ടൊയോട്ട യാരിസുമായാകും നടക്കുക. പക്ഷേ, കയ്യിലെ പണം എന്തായാലും ശ്രദ്ധയോടെ ചിലവാക്കാനാണ് പ്ലാൻ . ഇപ്പോൾ വാടയ്ക്ക് താമസിക്കുന്ന വീട് മാറി സ്വന്തമായൊരു വീട് വാങ്ങാമെന്നും ആലോചിക്കുന്നുണ്ട്.’ ഷിബു പറയുന്നു

ജോലിയന്വേഷണത്തിന്റെ ബുദ്ധിമുട്ടിൽ ഷിബുവും നോട്ടിങ്ഹാമിലെ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന ഭാര്യ ലിനറ്റും ഈയടുത്ത കാലത്താണ് കേംബ്രിഡ്ജിൽ നിന്ന് നോട്ടിങ്ഹാമിലേക്ക് മാറിയത്. ഇക്കഴിഞ്ഞ മേയിലാണ് ഇരുവരും ഒന്നാം വിവാഹവാർഷികം ആഘോഷിച്ചത് ഷിജി പോൾ പിറവം സ്വദേശിയും ഭാര്യ ലിനെറ്റ് കോട്ടയംകാരിയുമാണ്.