Monday 26 November 2018 04:46 PM IST : By സ്വന്തം ലേഖകൻ

കൊട്ടും കുരവയുമില്ല, ആർഭാടമേതുമില്ല; ലളിതം സുന്ദരം മന്ത്രിപുത്രിയുടെ കല്യാണം–ചിത്രങ്ങൾ

marriage

പണക്കൊഴുപ്പിന്റേയും ആർഭാടക്കല്യാണങ്ങളുടേയും ലോകത്ത് ലാളിത്യം കൊണ്ട് മനം നിറച്ച് മന്ത്രി പുത്രിയുടെ കല്യാണം. റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്റെ മകളുടെ വിവാഹമാണ് ആർഭാടരഹിതമായി നടന്നത്. പുഷ്പഹാരമണിയിക്കലും താലി ചാർത്തലും ഉൾപെടെ 10 മിനിറ്റിൽ കല്യാണ ചടങ്ങുകൾ കഴിഞ്ഞു. പങ്കെടുത്തവർക്കെല്ലാം ചായയും ബിസ്കറ്റും.

മന്ത്രിയുടെ മകൾ നീലി ചന്ദ്രന്റെയും കാസർകോട് ടൗൺ സർവീസ് സഹകരണബാങ്ക് റിട്ട. മാനേജർ കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ പി.കുഞ്ഞികൃഷ്ണൻ നായരുടെ മകൻ പി.വിഷ്ണുവിന്റെയും വിവാഹമായിരുന്നു ലളിതമായ ചടങ്ങുകളോടെ ശുഭമായത്. ടൗൺഹാളിലായിരുന്നു വിവാഹ ചടങ്ങുകൾ.

marriage-1

ആഢംബരങ്ങളേതുമില്ലെങ്കിലും നാട്ടാരുടെ ചന്ദ്രേട്ടൻന്റെ മകളുടെ വിവാഹത്തെ മനസു നിറഞ്ഞ് അനുഗ്രഹിക്കാൻ മാളോരെല്ലാമെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സദസ്സിന്റെ മുൻനിരയിൽ ഉപവിഷ്ടനായതോടെ ചടങ്ങുകൾ തുടങ്ങി. എ4 സൈസ് പേപ്പറിൽ അച്ചടിച്ച ലളിതമായ വിവാഹ ക്ഷണക്കത്ത് നേരത്തേ തന്നെ എല്ലാവരും ശ്രദ്ധിച്ചിരുന്നു.

mariage-2

പ്രശസ്തരുടെ പങ്കാളിത്തം കൊണ്ടു ഗംഭീരമായിരുന്നു ചടങ്ങ്. മുഖ്യമന്ത്രിയുൾപെടെ 17 മന്ത്രിമാർ. കൂടാതെ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ , എംപി, എംഎൽഎമാരുൾപെട്ട വലിയ രാഷ്ട്രീയ സദസ്സ്. ഒട്ടേറെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ജനപ്രിയനായ മന്ത്രിയുടെ മകളുടെ വിവാഹത്തിനു സാക്ഷ്യം വഹിക്കാൻ നാടു മുഴുവൻ ഒഴുകിയെത്തി.

3

1981ൽ ആയിരുന്നു ഇ.ചന്ദ്രശേഖരന്റെയും വി.സാവിത്രിയുടെയും വിവാഹം. താലികെട്ടും പുടവ കൈമാറ്റവുമില്ലാതെ പൂമാല ചാർത്തലിൽ ഒതുക്കിയ ഹ്രസ്വമായ ചടങ്ങ്. പങ്കെടുത്തവർക്കു നൽകിയതു നാരങ്ങ സർബത്ത്. കാർമികത്വം വഹിച്ചത് അന്നു പാർട്ടി ജില്ലാ സെക്രട്ടറിയേറ്റംഗമായിരുന്ന മുൻ മന്ത്രി പരേതനായ ഡോ. എ.സുബ്ബറാവു. രക്ഷിതാക്കളുടെ വഴിയേ മകളുടെ വിവാഹവും നടന്നപ്പോൾ ലാളിത്യത്തിന്റെ തുടർച്ചയായി.