Friday 01 October 2021 04:07 PM IST

‘കണ്ടു കൊതിച്ച ഉടുപ്പ് കിട്ടാൻ വേണ്ടി മാത്രം, വലുതാകുമ്പോൾ ഐഎഎസ് ഓഫീസർ ആകുമെന്നു അവനുറപ്പിച്ചു; പക്ഷേ, അക്കൊല്ലം ആറാം ക്ലാസിൽ അവൻ തോറ്റുപോയി’

Tency Jacob

Sub Editor

musthafa-idddlttvbvb

ലോകമെമ്പാടും ദിവസവും പത്തു ലക്ഷം ആളുകളെ ഇഡ്ഡലി കഴിപ്പിക്കുന്നത് ഒരു മലയാളിയാണ്...

ന്യൂയോർക്ക് നഗരത്തിലുള്ള യുഎൻ ആ സ്ഥാന മന്ദിരത്തിലെ കോൺഫറൻസ് ഹാളിലെ മൈക്കിനു മുന്നിലായിരുന്നു ഞാൻ. മുന്നിൽ വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ. അരമണിക്കൂർ നീണ്ട പ്രഭാഷണത്തിന്റെ ഒടുവിലത്തെ വാചകവും ഞാൻ പറഞ്ഞു തീർത്തു. നിർത്താതെ കയ്യടികളുയർന്നു.ഞാൻ പുഞ്ചിരിയോടെ സദസ്സിനെ നോക്കി.

ആ നിമിഷം എന്റെ കാഴ്ചകളിലേക്ക് പത്തു വയസ്സുള്ള ഒരു കുട്ടി ഓടിവന്നു. കീറലുകളില്ലാത്ത, നരച്ച മഞ്ഞനിറം പടരാത്ത വെള്ള ഷർട്ട് സ്വപ്നം കണ്ടുനടക്കുന്ന ഒരാൺകുട്ടി. വയനാട് ചെന്നലോട് ഗവൺമെന്റ് യുപി സ്കൂളിൽ പഠിക്കുന്ന അവന്റെ സ്കൂൾ യൂണിഫോം ആണത്. അവനു ആകെയുള്ള ഉടുപ്പ് ആ പഴകിയ വെള്ള ഷർട്ടും കറുത്ത ട്രൗസറുമായിരുന്നു. തോട്ടത്തിൽ കൂലിപ്പണിയെടുക്കുന്ന അവന്റെ ഉപ്പയ്ക്കും ഉമ്മയ്ക്കും അതിൽ കൂടുതൽ നൽകാൻ കഴിവുണ്ടായിരുന്നില്ല. ആയിടയ്ക്കാണ് ഗ്രാമത്തിൽ വൈദ്യുതി വരുന്നത്. ഉദ്ഘാടനം ചെയ്യാൻ എത്തിയത് ഐഎഎസ് ഓഫിസറായ അമിതാഭ് കാന്ത്. വെളുവെളുത്ത ഷർട്ടും കറുത്ത പാന്റുമായിരുന്നു വേഷം. അതുകണ്ടു കൊതിച്ച്, അങ്ങനെയൊരു ഉടുപ്പ് കിട്ടാൻ വേണ്ടി മാത്രം, വലുതാകുമ്പോൾ ഐഎഎസ് ഓഫീസർ ആകുമെന്നു അവനുറപ്പിച്ചു. പക്ഷേ, അക്കൊല്ലം ആറാം ക്ലാസിൽ അവൻ തോറ്റുപോയി.’’ മുസ്തഫയുടെ മുഖത്ത് അപ്പോഴും പുഞ്ചിരി നേർത്തു നിന്നു. ‘‘ഞാനായിരുന്നു ആ കുട്ടി.’’

നാലു രാജ്യങ്ങളിലായി 45 നഗരങ്ങളെ ഇഡ്ഡലിയും ദോശയും വടയുമെല്ലാം കഴിപ്പിക്കുന്ന ഐഡി ഫ്രഷിന്റെ സിഇഒയാണ് പി.സി. മുസ്തഫ. 2000 കോടി  ബ്രാൻഡ് വാല്യു ഉള്ള കമ്പനിയാണ് ഇന്ന് ഐഡി ഫ്രഷ്. നിലവിൽ പ ത്തിലധികം ഉൽപന്നങ്ങൾ വിപണിയിലുണ്ട്. പുതിയവ പുറത്തിറക്കാൻ ഊർജിതമായ ശ്രമങ്ങൾ നടക്കുന്നു.

‘‘ജീവിതത്തിൽ ആഗ്രഹിച്ചതിലേറെ നേടിക്കഴിഞ്ഞ് ഒരിക്കൽ അമിതാഭ് കാന്ത് ഐഎഎസ്സിനെ ഞാൻ വീണ്ടും കണ്ടുമുട്ടിയിരുന്നു. അന്നു അദ്ദേഹം ‘നീതി ആയോഗി’ ന്റെ ചെയർമാനാണ്. പഴയ വെള്ളഷർട്ടിന്റെ കഥ കേട്ടപ്പോൾ അദ്ദേഹത്തിനു വളരെ സന്തോഷമായി. ‘ഇന്ത്യയുടെ ഭാവി’ എന്ന വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മു ൻപിൽ ചർച്ച ചെയ്യാൻ എന്നെ ക്ഷണിച്ചു.

പത്തു വയസ്സിലാണ് ആദ്യ സംരംഭം

ഉപ്പ അഹമ്മദും ഉമ്മ ഫാത്തിമയും ചെറിയ ക്ലാസിൽ പഠിപ്പ് നിർത്തിയവരാണ്. എനിക്കു താഴെ മൂന്ന് അനിയത്തിമാർ. ഓർമയുറച്ചപ്പോൾ മുതൽ ജീവിക്കാനായി ഉപ്പയും ഉ മ്മയും നെട്ടോട്ടമോടുന്നതാണ് കണ്ടിരുന്നത്. അവരുടെ ക ഷ്ടപ്പാടു കുറയ്ക്കാൻ എന്തു െചയ്യാൻ പറ്റുമെന്നായിരുന്നു എപ്പോഴത്തെയും ചിന്ത.

സ്കൂൾ അവധിക്കാലത്ത് ഉമ്മയുടെ പഴയ സാരി കൊണ്ടു മറച്ചു കുഞ്ഞു പീടിക കെട്ടും. സംഭാരമാണ് പ്രധാന കച്ചവടം. പിന്നെ, കുറച്ചു മിഠായികളും. ഏഴാംക്ലാസ്സിൽ പഠിക്കുമ്പോൾ കെട്ടിയ പീടികയിൽ നിന്നു കുറച്ചു ലാഭം കിട്ടി. അതുകൊണ്ട് ഒരു ആടിനെ വാങ്ങി. മൂന്നു ആടുകളായപ്പോൾ എല്ലാത്തിനേയും വിറ്റ് ഒരു പശുവിനെ വാങ്ങി. അ തായിരുന്നു എന്റെ ആദ്യ ബിസിനസ്.

ആറാം ക്ലാസിൽ തോറ്റിട്ടും പഠിത്തം നിർത്താതിരുന്നതിന് ഉപ്പയായിരുന്നു കാരണം. പിന്നെ, പള്ളിക്കൂടത്തിലെ മാത്യു മാഷും. പത്താം ക്ലാസ്സിൽ ഉയർന്ന മാർക്കോടെയാണ് വിജയിച്ചത്. കോഴിക്കോട് എൻഐഐടിയിൽ നിന്ന് എൻജിനീയറിങ് കഴിഞ്ഞ് എംടെക്കിനു സീറ്റ് കിട്ടി. പക്ഷേ, പോകാൻ കഴിഞ്ഞില്ല. വീടിനു തുണയാകണം. ചോരുന്ന വീടു പൊളിച്ചു പണിയണം. സഹോദരിമാരുടെ കല്യാണം  നടത്തണം. ക്യാംപസ് സെലക്ഷൻ വഴി ബെംഗളൂരുവിലാണ് ആദ്യം ജോലി കിട്ടിയത്. പിന്നീട് അയർലൻഡിലും മിഡിൽ ഈസ്റ്റിലും ജോലി ചെയ്തു. ഉപ്പയുടെ കടങ്ങൾ വീട്ടി. വീടു പണിതു. സഹോദരിമാരുടെ നിക്കാഹ് നടത്തി.എ ന്റെയും വിവാഹം കഴിഞ്ഞു.

വിദേശത്തെ നല്ല ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു പോരാൻ രണ്ടു കാരണങ്ങൾ ഉണ്ടായിരുന്നു. ഉപ്പയുടെയും ഉമ്മയുടെയും കൂടെ നിന്നു പൂതി തീർന്നിരുന്നില്ല. അതുപോലെ എന്നേക്കാൾ കഴിവുള്ളവരും മിടുക്കരുമൊക്കെ ഞങ്ങളുടെ നാട്ടിലുണ്ട്. അവരൊരുമിച്ച് എന്തെങ്കിലും ബിസിനസ് ചെയ്യണമെന്നൊരു കരുതലും മനസ്സിലുണ്ടായിരുന്നു.

വെറും ഇഡ്ഡലി ബിസിനസ്

വീണ്ടും ജോലി കിട്ടി ബെംഗളൂരുവിലെത്തി. ബന്ധുക്കളും ബാല്യകാല സുഹൃത്തുക്കളുമായിരുന്ന നാസർ, ഷംസു, ജാഫർ, നൗഷാദ് എന്നിവർ അവിടെയൊരു കട നടത്തുന്നുണ്ടായിരുന്നു. അവിടെ ഇടയ്ക്കിടെ ഞങ്ങൾ ഒരുമിച്ചു കൂടും. കടയിൽ വിൽക്കാൻ കൊണ്ടുവരുന്ന ഇ‍ഡ്ഡലി മാവ് ഒട്ടും നല്ലതായിരുന്നില്ല. പ്ലാസ്റ്റിക് കവറിൽ റബർബാൻഡിട്ടാണ് പാക്കിങ്.കൊണ്ടുവരുന്നയാളോട് പലവട്ടം പരാതി പറഞ്ഞെങ്കിലും മാറ്റമുണ്ടായില്ല. അപ്പോൾ  നാസറിക്ക ആലോചിച്ചു,‘ഇഡ്ഡലി മാവ് നമുക്കു തന്നെ തയാറാക്കിയാലോ?’.

musthhfavvvb

എല്ലാവരുടെ കയ്യിലുള്ള പൈസയും കൂട്ടി വച്ചപ്പോൾ അമ്പതിനായിരം രൂപയാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് ഒരു ഗ്രൈൻഡർ, മിക്സി, വെയിങ് മെഷീൻ, സീലിങ് മെഷീൻ, ഒരു സെക്കൻഡ് ഹാൻഡ് സ്കൂട്ടി എന്നിവ വാങ്ങി. ഇന്ദിരാ നഗറിൽ ഉണ്ടായിരുന്ന 50 ചതുരശ്രയടിയുള്ള റൂം അടുക്കളയാക്കി ഇഡ്ഡലി മാവിന്റെ ബിസിനസ് തുടങ്ങി.

2005 ഡിസംബറിലാണ് ഞങ്ങൾ ഐഡി ഫ്രഷ് ഫൂഡ് ആരംഭിക്കുന്നത്. വ്യക്തിത്വം വേണം എന്ന നിർബന്ധത്തിലാണ് ഐഡന്റിറ്റിയുടെ ഐയും ഡിയും എടുത്തു ‘ഐഡി ഫ്രഷ് ഫൂഡ്’ എന്ന പേരിട്ടത്. ആദ്യത്തെ ഒൻപതു മാസത്തിനുള്ളിൽ ചുറ്റുവട്ടത്തുള്ള ഇരുപത് കടകൾ ഞങ്ങളുടെ ഇഡ്ഡലി മാവ് വാങ്ങിത്തുടങ്ങി. ഒരു ദിവസം നൂറു പാക്കറ്റ് വിറ്റു പോകും. അതു ഞങ്ങൾക്കു നൽകിയ ആത്മവിശ്വാസം ചെറുതല്ല.

ഇതിനിടയിൽ പല അബദ്ധങ്ങളും സംഭവിച്ചിട്ടുണ്ട്. ഞ ങ്ങളുടെ സെയിൽസ് മാൻ ഒരു കടയിൽച്ചെന്നു ‘നല്ല ക്വാളിറ്റി ഇഡ്ഡലി മാവാണ്’ എന്നെല്ലാം പറഞ്ഞു പരിചയപ്പെടുത്തുന്നതിനിടയിൽ കയ്യിലുള്ള പാക്കറ്റ് ബോംബ് പൊട്ടും പോലെ പൊട്ടിത്തെറിച്ചു. കടയുടമയുടെ മുഖത്ത് നി റയെ മാവ്. ചൂടുകാലമായതു കൊണ്ട് ഫെർമെന്റേഷൻ കൂടി പൊട്ടിത്തെറിച്ചതായിരുന്നു.

പിന്നീട് ബെംഗൂളൂരുവിലെ ആയിരം കടകളിലായി നിരവധി പാക്കറ്റുകൾ വിൽക്കാൻ തുടങ്ങി. ഞങ്ങളുടെ ബിസിനസിലേക്ക് കൂടുതൽ സുഹൃത്തുക്കൾ പങ്കുച്ചേർന്നു. ഇന്നു ലോകമെങ്ങും ദിവസവും പത്തുലക്ഷം ആളുകളെ ഞങ്ങൾ ഇഡ്ഡലി കഴിപ്പിക്കുന്നുണ്ട്. ആദ്യത്തെ മൂന്നു വർഷം നാസറിക്കയാണ് കമ്പനി കൊണ്ടു നടന്നത്. പുറത്തു നിന്നു പിന്തുണയ്ക്കുക മാത്രമേ ഞാൻ ചെയ്തിരുന്നുള്ളൂ. കമ്പനി വിപുലപ്പെടുത്തേണ്ടി വന്നപ്പോൾ ജോലി രാജി വച്ചു ബിസിനസ്സിലേക്ക് ഇറങ്ങി.

നിശ്ചയദാർഢ്യത്തിന്റെ ശക്തി

ബെംഗളൂരുവിൽ ജോലി ചെയ്യുന്നതിനിടയിൽ ഒരിക്കൽ ബെംഗളൂരൂ ഐഐഎം കാണാനിടയായി. ശരാശരി നിലവാരത്തേക്കാൾ അൽപം കൂടി ഭേദപ്പെട്ട വിദ്യാർഥി മാത്രമായിരുന്നു ഞാൻ. എങ്കിലും ആഗ്രഹത്തിന്റെ പുറത്ത് പിറ്റേന്നു മുതൽ കാലത്തെ നിസ്ക്കാരം കഴിഞ്ഞ് രണ്ടു മണിക്കൂ ർ എംബിഎ പ്രവേശന പരീക്ഷയ്ക്കു പഠിക്കാൻ തുടങ്ങി. രണ്ടു വർഷം കഴിഞ്ഞ് ഐഐഎമ്മിൽ പ്രവേശനം നേടി. അവാർഡ് നേടിയാണ് അവിടെനിന്നു പുറത്തിറങ്ങുന്നത്.

‘THe POWER OF DETERMINATION’ ഞങ്ങളുടെ വിജയങ്ങളെ ഞാൻ ഒതുക്കുന്നത് ഈ നാലു വാക്കിലാണ്. ഏതു ബിസിനസ് ആണെങ്കിലും മൂല്യങ്ങളിൽ നിലപാടെടുക്കണം. നേർവഴിയല്ലാത്ത ഒരു ബിസിനസും ഞങ്ങൾ ചെയ്യുന്നില്ല. യാതൊരു പ്രിസർവേറ്റീവും കെമിക്കൽസും ചേർക്കില്ലെന്നുറപ്പിച്ചിരുന്നു. ഒരുപാട് വെയ്സ്േറ്റജ് വരുന്നുണ്ടെങ്കിൽ കൂടി   ഇപ്പോഴും ഞങ്ങളതിൽ ഉറച്ചു നിൽക്കുന്നു. അതുപോലെ പലിശ വാങ്ങുകയോ കൊടുക്കുകയോ ചെയ്യുകില്ലെന്നാണ് മറ്റൊരു തീരുമാനം. അതുകൊണ്ട് ലോണെടുത്ത് ഒരു വണ്ടിപോലും വാങ്ങിയിട്ടില്ല.

തുടക്കകാലത്ത്, നാട്ടിൽ ‘പെട്ടിയപ്പം’ എന്നു പറയുന്ന എരിവുള്ള  ഡയമണ്ട് കട്ട്സിന് ഇരുപത്തിയഞ്ചു ലക്ഷത്തിന്റെ ഒരു ഓർഡർ കിട്ടി. ആ ഹോട്ടലിന്റെ ഷെഫുമായി സംസാരിക്കുന്നതിടയ്ക്ക് ‘ബാറിൽ മദ്യപിക്കുന്നവർക്കുള്ള സ്നാക്‌സായി’ കൊടുക്കാനാണ് എന്നറിഞ്ഞു ‘ഡീൽ വേണ്ട’ എന്നു ഞങ്ങൾ തീരുമാനമടുത്തു. കേട്ടവരെല്ലാം കളിയാക്കിയെങ്കിലും ഞങ്ങളതിൽ ഉറച്ചു നിന്നു.

musthafffpartners

ചെന്നൈയിൽ ഇഡ്ഡലി ബിസിനസ് തുടങ്ങിയപ്പോഴും പ്രതിസന്ധി ഉണ്ടായി. അവിടെയുള്ളവർ ഇഡ്ഡലി മാവ് വളരെ കുറഞ്ഞ വിലയ്ക്കാണ് വിറ്റു കൊണ്ടിരുന്നത്.അന്വേഷിച്ചപ്പോൾ അരി റേഷൻ കടകളിൽ നിന്നു അനധികൃതമായി തുച്ഛ വിലയ്ക്ക് വാങ്ങുന്നതാണ്. മാവിൽ സോഡാപ്പൊടി ചേർത്ത് പുളിപ്പിക്കാൻ വയ്ക്കും. അപ്പോ ൾ സാധാരണയെക്കാൾ ഇരട്ടി മാവ് ലഭിക്കും. ഇഡ്ഡലി വളരെ മാർദവമുള്ളതായിരിക്കുകയും ചെയ്യും. പക്ഷേ, ആ രോഗ്യത്തിനു വളരെ ദോഷമാണത്. അവർക്കൊപ്പം പിടിച്ചു നിൽക്കാൻ പറ്റാത്തതു കൊണ്ടു ഞങ്ങൾ അന്നു ബിസിനസ് അവസാനിപ്പിച്ചു പോരുകയാണുണ്ടായത്. വർഷങ്ങൾക്കു ശേഷം ചെന്നൈയിൽ ബിസിനസ് തുടങ്ങി ശക്തമാകുകയും ചെയ്തു.

ദ്വാരമിടാനെടുത്ത കാലം

ഞങ്ങളുടെ എല്ലാ പരീക്ഷണങ്ങളും എപ്പോഴും വിജയമായിട്ടില്ല. ഉഴുന്നു വടയ്ക്ക് ദ്വാരമിടാൻ ഞങ്ങളെടുത്തത് മൂന്നു വർഷമാണ്. നൂറിലേറെ തവണ പരാജയപ്പെട്ടു. ഇപ്പോൾ ഞങ്ങൾ നൽകുന്ന വടയുടെ കൂട്ട്  കവറിൽ നിന്ന് നേരിട്ട് എണ്ണയിലിട്ട് പെർഫക്റ്റായി ഉഴുന്നുവട ഉണ്ടാക്കാം. വിപണിയിലിറക്കുന്ന ഓരോ പ്രൊഡക്റ്റും നിരന്തര പരിശ്രമത്തിന്റെ ഫലമാണ്.

രണ്ടുകൊല്ലം മുൻപ് എനിക്ക് ടൈഫോയ്ഡ് വന്നപ്പോ ൾ ഇളനീർ കുടിക്കണമെന്ന് ഡോക്ടർ പറഞ്ഞു. അപ്പോേഴാണ് കരിക്കിന്റെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നത്. അതിന്റെ ഭാരം എങ്ങനെ കുറയ്ക്കാമെന്നായി ആദ്യ ചിന്ത. ചകിരിയൊക്കെ മാറ്റിയപ്പോൾ തന്നെ തൂക്കം രണ്ടരക്കിലോയിൽ നിന്നു അരക്കിലോയായി. വെള്ളം കുടിക്കാനും കാമ്പെടുക്കാനുമായി രണ്ടു ദ്വാരമിട്ടു സീൽ ചെയ്തു വച്ചു. അതിനുള്ളിലെത്ര വെള്ളവും കാമ്പും ഉണ്ടാവാം എന്ന് ഏകദേശ കണക്കെടുത്തു ലേബലൊട്ടിച്ചു നല്ല പായ്ക്കൊക്കെ ചെയ്ത് അവതരിപ്പിച്ചു. ഇതുപോലെ,നാളികേരത്തിനും ചെറിയ ദ്വാരമിട്ടു വെള്ളം നീക്കിയശേഷം മെഷീൻ ഉള്ളിലേക്കു കടത്തി ചിരകി അടച്ചു വച്ചു. ഏഴു ദിവസത്തോളം തേങ്ങ കേടാകാതെ ഇരിക്കും. ശരിയായ ബിസിനസിൽ പെട്ടെന്നു ലാഭം ഉണ്ടാക്കാൻ കഴിയില്ല.പക്ഷേ, ലാഭം ഉണ്ടായി തുടങ്ങിയാൽ അതു നിലനിൽക്കുകയും ചെയ്യും.  

ഒമാൻ, യുഎഇ, യുഎസ് എന്നിവിടങ്ങളിൽ ഞങ്ങൾ ക്കു ബിസിനസുണ്ട്. ഇന്ത്യയിലെ ഏകദേശം എല്ലാ സംസ്ഥാനങ്ങളിലും കേരളത്തിൽ, കൊച്ചിയിലും തിരുവനന്തപുരത്തുമുണ്ട്. കോഴിക്കോട് ഉടൻ തന്നെ തുടങ്ങും. കേരളത്തിൽ ബിസിനസുകാരെല്ലാം ഫ്രോഡ് ആണ് എന്നൊരു ചിന്ത പൊതുജനങ്ങൾക്കിടയിലുണ്ട്. സൂത്രവ ഴി എടുക്കുന്ന കുറച്ചുപേരുണ്ട് എന്നതൊഴിച്ചാൽ ഞാൻ കണ്ട മിക്ക ബിസിനസുകാരും എത്തിക്സ് ഉള്ളവരാണ്.

ആദ്യത്തെ ശമ്പളം ഏഴായിരം രൂപ കയ്യിലേൽപിച്ചപ്പോൾ ഉപ്പ അന്ന് കരഞ്ഞു. ആദ്യമായിട്ടായിരുന്നു ഉപ്പ അ ത്രയും രൂപ ഒന്നിച്ചു കാണുന്നത്. കുറച്ചെടുത്ത ശേഷം ബാക്കി എന്റെ കയ്യിൽ തന്നു. അന്നു ബെംഗളൂരു ബ്രിഗേഡ് റോഡിലെ സോഡിയാക്കിന്റെ ഷോറൂമിൽ പോയി എനിക്കായി ഒരു വെള്ള ഷർട്ടു വാങ്ങി. ആ തൂവെള്ള നിറമാണ് ഏറ്റവും കളറുള്ള ഓർമ.