Saturday 06 October 2018 04:30 PM IST : By സ്വന്തം ലേഖകൻ

ഹൃദയങ്ങളോട് സംവദിക്കുന്ന ‘മുത്തുനവരത്ന മുഖം’; മോയിൻകുട്ടി വൈദ്യരുടെ കവിതയ്ക്ക് അദീഫിന്റെ ശബ്ദത്തിലൂടെ പുതുജീവൻ

muthunava

ഓർമ്മകളുടെ തന്ത്രികൾ മീട്ടുന്ന മലയാളി ഒരിക്കലും മറക്കില്ല മോയിൻ കുട്ടി വൈദ്യരെന്ന മാപ്പിളപ്പാട്ടിന്റെ രാജകുമാരനെ. കവിത്വം തുളുമ്പുന്ന മാപ്പിളപ്പാട്ടുകൾ കൊണ്ട് നമ്മുടെ ഇന്നലെകളെ സംഗീത സാന്ദ്രമാക്കിയ പ്രതിഭ.

‘മുത്തുനവരത്ന മുഖം കത്തിടും മൈലാളെ’ എന്ന മോയിൻകുട്ടി വൈദ്യരുടെ മാപ്പിളപ്പാട്ടിന്റെ മെഞ്ചേറുന്ന വരികൾ ഇന്നും സംഗീതപ്രേമികളുടെ ചുണ്ടിലും ഹൃദയങ്ങളിലും തത്തിക്കളിക്കുന്നുണ്ട്. 1921 എന്ന മമ്മൂട്ടി ചിത്രത്തിൽ ആ ഗാനം സന്നിവേഷിപ്പിച്ചപ്പോൾ പിറന്നത് ഹിറ്റുകളുടെ ഹിറ്റ് ഗാനം. 1988ൽ പുറത്തിറങ്ങിയ 1921നായി ശ്യാം സംഗീതം നൽകിയ ഈ ഗാനം ആലപിച്ചത് നൌഷാദ് ആയിരുന്നു. മമ്മൂട്ടിയാണ് ആ ഗാനം പാടി അഭിനയിക്കുന്നത്.

കാലങ്ങൾക്കിപ്പുറം ആ മധുര സുന്ദരഗാനം  പുനർജ്ജനിക്കുകയാണ്. പഴയ തനിമ ഒട്ടുംചോരാതെ പുതിയ ഇശലിന്റെ മൊഞ്ചോടെ. അദീഫ് മുഹമ്മദ് ആണ് യുവതലമുറക്ക് ഇഷ്ടപെടുന്ന രീതിയിലുള്ള ഗാനത്തിന്‍റെ കവർ ആലപിച്ചത്. മറുവാർത്തൈ പേസാതെ, മുക്കത്തെ പെണ്ണെ, ആഫ്രീൻ, എന്നീ അൺപ്ലഗ്ഡ് വിഡിയോകൾക്ക് ശേഷം അദീഫ് പങ്കുവയ്ക്കുന്ന സംഗീതാവിഷ്ത്താരം കൂടിയാണിത്.

‘ദ് അൺടോൾഡ് മിസ്റ്റിക്സ് ഓഫ് മോയിൻകുട്ടി വൈദ്യർ’ എന്ന ടാഗ്‍ലൈനോടെയാണ് ഗാനം പ്രേക്ഷകരിലേക്കെത്തിയിരിക്കുന്നത്. തട്ടമിട്ടൊരു അജ്ഞാത സുന്ദരിയെ തേടിയുള്ള യാത്രയാണ് ഈ ദൃശ്യാവിഷ്ക്കാരത്തിന്റെ കാതൽ. വേണുശശിധരൻ ലേഖ സംവിധാനം ചെയ്തിരിക്കുന്ന മ്യൂസിക്കൽ വിഡിയോ നിർമ്മിച്ചിരിക്കുന്നത് ശരത് ലാലാണ്. വേണു തന്നെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രം മികച്ചൊരു വിഷ്വൽ ട്രീറ്റ് എന്ന നിലയിലും മികച്ചു നിൽക്കുന്നു.

സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്തത് രാംകുമാറും സനു പി എസും ചേർന്നാണ്. സീ ജെ അച്ചു എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു. പുറത്തിറങ്ങി ഒരാഴ്ച പിന്നിടുമ്പോൾ തന്നെ രണ്ടരലക്ഷത്തിലേറെ പേർ ഈ ഗാനം കണ്ടു കഴിഞ്ഞു.