Wednesday 15 April 2020 12:41 PM IST

’സൂചി വെറുമൊരു സൂചിയല്ല’! ഹൂപ് എംബ്രോയിഡറി ശ്രീക്കുട്ടിയുടെ ലൈഫിൽ ബൾബ് കത്തിച്ചതിങ്ങനെ

Syama

Sub Editor

soochi

എത്ര പേരാണ് സോഷ്യൽ മീഡിയയെ കുറ്റം പറയാനും അടച്ചാക്ഷേപിക്കാനും ഒക്കെ. എല്ലാത്തിനും രണ്ട് വശങ്ങളുള്ളത് പോലെ ഈ സോഷ്യൽ മീഡിയയ്ക്കും അതിന്റെതായ നേട്ടങ്ങളും കോട്ടങ്ങളുമുണ്ട്. സോഷ്യൽ മീഡിയ കാരണം ലൈഫിൽ ബൾബ് കത്തിയ ഒരാളെ പരിചയപ്പെടാം... 'സൂചി'യുടെ ഉടമ ശ്രീക്കുട്ടി. ഹൂപ് എംബ്രോയിഡറിയിലൂടെ വരുമാനമാർഗം കണ്ടെത്താൻ ശ്രീക്കുട്ടിയെ സഹായിച്ചത് സോഷ്യൽ മീഡിയയാണ്.


"പണ്ട് തൊട്ടേ ഉടുപ്പിലും മറ്റുമൊക്കെ ചെറുതായിട്ട് എംബ്രോയിഡറി ചെയ്യുമായിരുന്നു. അങ്ങനെയിരിക്കെയാണ് ഇൻസ്റ്റാഗ്രാമിലൂടെ 'ഹൂപ് എംബ്രോയിഡറി' എന്നൊരു സംഭവത്തെ കുറിച്ച് കാണുന്നത്. തുന്നാനുപഗോഗിക്കുന്ന ഹൂപ്പിൽ തന്നെ തുണി വെച്ച് തുന്നിയിട്ട് അത് ഗിഫ്റ്റ് ആയി കൊടുക്കുന്ന രീതിയാണത്." സൂചി തുടങ്ങിയതിനെ കുറിച്ച് ശ്രീക്കുട്ടി. "വിദേശരാജ്യങ്ങളിലൊക്കെ ഇങ്ങനെയുള്ള ഗിഫ്റ്റിങ് രീതിക്ക് നല്ല പ്രചാരമുണ്ട്, നമ്മുടെ നാട്ടിലും അതിന് ആവശ്യക്കാരുണ്ടാകുമെന്ന് തോന്നി. ഒന്ന് രണ്ടെണ്ണം ചെയ്തിട്ട് ഫേസ്ബുക്കിൽ ചിത്രങ്ങളിട്ടു. ഇത് കണ്ടിട്ട് ആൾക്കാർ സെയിൽ ഉണ്ടോന്ന് ചോദിക്ക്യാൻ തുടങ്ങി...അങ്ങനെയാണ് തുടക്കം. പേജ് ആരംഭിച്ചിട്ട് ഒരു വർഷമാകുന്നതേയുള്ളു, ആവശ്യക്കാർ തരക്കേടില്ലാതെ ഉണ്ട് താനും. പേജ് തുടങ്ങാൻ നേരം ഇട്ട പേരാണ് സൂചി.

soochi1


ആദ്യമൊക്കെ കല്യാണം, പിറന്നാൾ ഇതിനൊക്കെ വേണ്ടി മാത്രമാണ് എംബ്രോയിഡറി ചോദിച്ചിരുന്നത്. ഇപ്പൊ കസ്റ്റമൈസ്ഡായി തന്നെ ചെയ്യുന്നുണ്ട്. ആളുകളുടെ ചിത്രങ്ങൾ തുന്നിക്കൊടുക്കാനൊക്കെ പറയാറുണ്ട്. അവരവരുടെ ഐഡിയയിൽ ചെയ്ത് കിട്ടാൻ ആഗ്രഹിക്കുന്നവരുമുണ്ട് എന്റെ ഐഡിയയിലുള്ളത് ചോദിക്കുന്നവരുമുണ്ട്. എഫ്.ബി പേജ്, ഇൻസ്റ്റാഗ്രാം ഒക്കെ വഴിയാണ് കൂടുതലും ഓർഡറുകൾ വരുന്നത്.


എംബ്രോയിഡറിയായിട്ട് പ്രതേകമായി ഞാൻ പഠിച്ചിട്ടില്ല. സ്കൂളിൽ ക്രാഫ്റ്റ് പഠിച്ചതിനൊപ്പം കിട്ടിയ അറിവേയുള്ളു. പിന്നെ യൂട്യൂബും മറ്റും നോക്കി പല തരം സ്റ്റിറ്റിച്ചും ടെക്‌നിക്കുകളും പഠിക്കും. ഒരു ഫോട്ടോ ഒക്കെ ചെയ്യാൻ കുത്തിയിരുന്നാൽ രണ്ട്-മൂന്ന് മണിക്കൂറൊക്കെ മതി പക്ഷേ, എന്റെ പണി നടക്കുന്നത് വീട്ടിലെ ഒറ്റൊരാളെ ചുറ്റിപ്പറ്റിയാണ്... ഒന്നര വയസ്സുള്ളൊരു മോളുണ്ട്. അവൾ പകൽ ഉറങ്ങുമ്പോഴും രാത്രിയും ഒക്കെയിരുന്നാണ് എന്റെ ജോലി തീർക്കുന്നത്.


ഈ ലോക്ക്ഡൗൺ കാലത്ത് 21 ദിവസം 21 എംബ്രോയിഡറി ചെയ്യുന്നുണ്ട്. അത് കസ്റ്റമറിനു കൊടുക്കാനല്ല... എനിക്ക് വേണ്ടി തന്നെ. ഒരു സെൽഫ് മോട്ടിവേഷൻ.
കൊറിയറൊന്നും ഇല്ലാത്തതു കൊണ്ട് കസ്റ്റമറിനു കൊടുക്കാനുള്ളതൊക്കെ പെന്റിങ് ആണ്, ലോക്ക്ഡൗൺ കഴിഞ്ഞ് വേണം അതൊക്ക കൊടുക്കാൻ. പുതിയ തുന്നൽ സാധങ്ങൾ വാങ്ങണമെങ്കിലും ഇതൊക്ക മാറണം.

soochi2


എല്ലാവരും വീട്ടിൽ തന്നെ ആയതുകൊണ്ട് സുഹൃത്തുക്കളും അല്ലാത്തവരും ഒക്കെ ഇപ്പൊ എംബ്രോയിഡറി പരീക്ഷിക്കുന്നുണ്ട്, ചിലരൊക്കെ സംശയം ചോദിക്കും... എന്നെക്കൊണ്ട് പറ്റുമ്പോലെയൊക്കെ പറഞ്ഞും കൊടുക്കും... രണ്ടുമൂന്നു പേര് അതൊക്ക ചെയ്ത് ഫോട്ടോ അയച്ചും തരും. ഒരു സന്തോഷം... മോൾ കുറച്ച് വലുതായി കഴിഞ്ഞ് ഒരു യൂട്യൂബ് ചാനൽ തുടങ്ങണമെന്നുണ്ട്, ഒരുപാടാളുകൾ അത് ചോദിക്കുന്നുണ്ട്."
എറണാകുളം സ്വദേശിയാണ് ശ്രീക്കുട്ടി, കണ്ണൂര് ഇരിട്ടിയിലുള്ള ഭർത്താവിന്റെ വീട്ടിലാണ് ഇപ്പൊ താമസം. ഭർത്താവ് ബിവിത്തും മകൾ ആമിയും ചേരുന്നതാണ് ശ്രീക്കുട്ടിയുടെ ലോകം.