കേരളത്തിലെ തിയറ്ററുകളിൽ കൽക്കി 2898 എഡി നിറഞ്ഞോടിയപ്പോൾ സോഷ്യൽ മീഡിയ നിറഞ്ഞാടിയ ഒരു പേരുണ്ട്. നീരജ അരുൺ. കൽക്കി തെലുങ്കിൽ നിന്നു മലയാളത്തിലേക്കു മൊഴിമാറ്റിയത് ഈ കോഴിക്കോടുകാരിയാണ്. അതും വെറും മൂന്നേ മൂന്നു ദിവസം കൊണ്ട്. ഇനിയുമുണ്ട് ഒരു വിശേഷം കൂടി, കൽക്കിയിൽ മൃണാൾ ഠാക്കൂര്‍ അവതരിപ്പിച്ച ദിവ്യ എന്ന കഥാപാത്രത്തിന്റെ ശബ്ദവും നീരജയുടേതാണ്.
കൽക്കി വെല്ലുവിളിയായിരുന്നോ ?
കൽക്കി മൊഴിമാറ്റിയെഴുതി ഡബ്ബിങ് പൂർത്തിയാക്കി നൽകാൻ പത്തു ദിവസമാണ് ഞങ്ങൾക്ക് ഉണ്ടായിരുന്നത്. എത്രയും വേഗം സ്ക്രിപ്റ്റ് പൂർത്തിയാക്കിയാലേ ഡബ്ബിങ് തുടങ്ങാനാകൂ. ഡബ്ബിങ് സ്ക്രിപ്റ്റ് എഴുതാനായി മാത്രം അഞ്ചു മുതൽ ഏഴ് ദിവസമൊക്കെ ലഭിക്കുന്നിടത്താണ് ഇതു പോലൊരു ബ്രഹ്മാണ്ഡ സിനിമ മൂന്നു ദിവസം കൊണ്ടു പൂർത്തിയാക്കേണ്ടത്. ആ ചാലഞ്ച് ഞാൻ സന്തോഷത്തോടെ ഏറ്റെടുത്തു.
പുരാണങ്ങളിൽ ഗ്രാഹ്യമുണ്ടായിരുന്നതുകൊ ണ്ട് റിസർച്ചിനായി സമയം മാറ്റി വയ്ക്കേണ്ടി വന്നില്ല. സ്ക്രിപ്റ്റ് വായിച്ചല്ല, വിഡിയോ കണ്ടാണു ഞാ ൻ മൊഴിമാറ്റം ചെയ്യുന്നത്. ഓരോ സീനിലെയും ഡയലോഗുകൾ കേട്ട് അപ്പപ്പോൾ എഴുതും.
80 ശതമാനം വിഎഫ്എക്സ് വരുന്ന സിനിമയാണ് കൽക്കി. പക്ഷേ, എഴുത്തിനും ഡബ്ബിങ്ങിനുമായി നൽകിയത് ക്രോമ ഫൂട്ടേജ് ആണ്. എന്നിരുന്നാലും സിനിമ പരിഭാഷപ്പെടുത്തുമ്പോൾ ഇതൊന്നും ഒരു വെല്ലുവിളിയായിരുന്നില്ല.
മൊഴിമാറ്റിയെഴുതുമ്പോൾ മനസ്സിൽ വയ്ക്കുന്നത് എന്തൊക്കെയാണ് ?
മൊഴിമാറ്റ ചിത്രം കാണുമ്പോൾ ഇതൊരു അന്യഭാഷാ സിനിമയാണെന്നു പ്രേക്ഷകർക്കു തോന്നാതിരിക്കുക എന്നതാണു പ്രധാനം. ഓരോ കഥാപാത്രത്തിനും ഓരോ മോഡുലേഷനും സംസാരരീതിയും നൽകാറുണ്ട്. അതു മലയാളികൾക്കു സ്വീകാര്യമാണ്.
പരിഭാഷ ട്രാൻസ്‌ലേഷനല്ല. ഏതു ഭാഷയിലാണോ സിനിമ കാണുന്നത്, ആ ഭാഷ മാത്രമാകണം കാഴ്ചക്കാരുടെ മനസ്സിൽ. അതിന് ഒരുപാടു കാര്യങ്ങൾ ശ്രദ്ധിക്കണം. ഉദാഹരണത്തിന് ഒരു പഴഞ്ചൊല്ലോ ഉപമയോ തമാശയോ വരുമ്പോൾ ഇതിനു പകരമോ സമാനമായോ മലയാളത്തിൽ പ്രയോഗത്തിലുള്ളവ ആലോചിക്കും. ഇല്ലെങ്കിൽ പുതിയ ഒരു രീതിയിൽ ആ ഭാഗം എഴുതാൻ ശ്രമിക്കും. പുതുതലമുറ പറയുംപോലെ കാഴ്ചക്കാർക്ക് ക്രിഞ്ച് അടിക്കരുത്.
ഓരോ കഥാപാത്രത്തിന്റെയും വൈകാരികതലം കൂടി മനസ്സിലാക്കിയാണ് ഡയലോഗ് എഴുതുന്നത്. ഡബ്ബിങ് വേളയിലുടനീളം ഞാനും സ്റ്റുഡിയോയിലുണ്ടാകും.
ഈ രംഗത്തേക്കുള്ള കടന്നുവരവ് എങ്ങനെയായിരുന്നു ?
കഴിഞ്ഞ 19 വർഷമായി ഞാൻ സ്കിൽ ഡവലപ്മെന്റ് ട്രെയ്നറാണ്. 12 വർഷം ഹൈദരാബാദിൽ ജോലി ചെയ്തു. അതുകൊണ്ടു തന്നെ ഇന്ത്യയിലുടനീളം സഞ്ചരിക്കുകയും ഒരുപാടു ഭാഷകളും സംസ്കാരങ്ങളും പഠിക്കാനുമായി. മലയാളം, ഹിന്ദി, ഇംഗ്ലിഷ് തെലുങ്ക്, തമിഴ് എന്നീ അഞ്ചു ഭാഷകൾ അനായാസം കൈകാര്യം െചയ്യും. അതായിരുന്നു മുതൽക്കൂട്ട്.
അഞ്ചു വർഷമായി ഡബ്ബിങ് മേഖലയിൽ പ്രവർത്തിക്കുന്നു. വോയിസ് ആർട്ടിസ്റ്റായാണ് ഡബ്ബിങ് രംഗത്ത് എത്തുന്നത്. മൊഴിമാറ്റ സിനിമകൾ ഉൾപ്പെടെ പല സിനിമകൾക്കു വേണ്ടി ഡബ് ചെയ്തിട്ടുണ്ട്. വെബ് സീരീസുകളിലും കാർട്ടൂണുകളിലും പരസ്യചിത്രങ്ങളിലും എന്റെ ശബ്ദമുണ്ട്.
വോക്സ് കോം എന്ന പോസ്റ്റ് പ്രൊഡക്‌ഷൻ കമ്പനിയിലെത്തിയതാണു വഴിത്തിരിവായത്. ഒരു ഡബ്ബിങ്ങിനു വേണ്ടി വന്നതാണ് ഞാൻ. എന്റെ പ്രൊഫൈൽ അറിഞ്ഞപ്പോൾ ഡബ്ബിങ് സ്ക്രിപ്റ്റ് എഴുതാമോ എന്നു ചോദിക്കുകയായിരുന്നു. ഡബ്ബിങ് സ്ക്രിപ്റ്റ്കൾ പരസ്യങ്ങൾക്കും സിനിമകൾക്കും വേണ്ടി മുൻപും ചെയ്‌കിട്ടുണ്ടെങ്കിലും നാഗാർജുന സാറിന്റെ ഗോസ്റ്റ് എന്ന സിനിമയുടെ പരിഭാഷയാണ് വോക്സ് കോമിനു വേണ്ടി ആദ്യമായി ചെയ്യുന്നത്. ഇതുവരെ 10 സിനിമകൾ വോക്സ് കോം ബാനറിൽ എഴുതിയിട്ടുണ്ട്.
സ്ക്രിപ്റ്റിങ്, തിരഞ്ഞെടുക്കുന്ന ശബ്ദം, ഡബ്ബിങ് ഡയറക്ഷൻ, വോയിസ് ആർട്ടിസ്റ്റിന്റെ പ്രകടനം ഇവയെല്ലാം ചേരുമ്പോഴാണ് സിനിമ നന്നാകുക. വോക്സ് കോമിന്റെ കയ്യിൽ ഇതെല്ലാം ഭദ്രമാണ്.
ഇതിനിടെ അഭിനയത്തിലും കൈ വച്ചല്ലോ ?
ആദ്യമായി അഭിനയിച്ചത് ഷോർട്ട് ഫിലിമിലാണ്. അതിനു മികച്ച പ്രതികരണമാണു ലഭിച്ചത്. പന്ത്രണ്ടോളം ഷോർട്ട് ഫിലിമുകളിലും വെബ്സീരീസുകളിലുമായി അഭിനയിച്ചിട്ടുണ്ട്. പിന്നെ, സതിയുടെ രാവുകൾ എന്ന വെബ് സീരീസ് എഴുതി. അതിൽ നായികയായി അഭിനയിച്ചു. ഇതുകൂടാതെ ഹാപ്പി ന്യൂഇയർ, ആഴി എന്നീ രണ്ടു സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
നെഞ്ചോടു ചേർക്കാൻ ആഗ്രഹിക്കുന്ന ഐഡന്റിറ്റി?
കുട്ടിക്കാലം മുതലേ ഞാനൊരു പീപ്പിൾ പേഴ്സൺ ആണ്. നമ്മുടെ പ്രവൃത്തികൊണ്ട് മറ്റൊരാളുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകണം എന്നാണ് ആഗ്രഹം. കോർപറേറ്റ് കമ്പനിയുടെ ബിസിനസ് കോച്ച് ആയി കൂടു മാറിയപ്പോഴും അവിടെ നിന്നുകൊണ്ടു സമൂഹത്തിനായി കൂടുതൽ എന്തു ചെയ്യാമെന്നായിരുന്നു ചിന്ത.
ജോലിക്കൊപ്പം പഠിച്ചാണ് എംബിഎ എടുക്കുന്നത്. കൂടാതെ അപ്ലൈഡ് സൈക്കോളജി, ലീഡർഷിപ് മാനേജ്മെന്റ്, കമ്യൂണിറ്റി മെന്റൽ ഹെൽത് ആൻഡ് സൈക്യാട്രി എന്നിങ്ങനെ പത്തോളം സർട്ടിഫിക്കേഷൻ കോഴ്സ് ചെയ്ത് സ്വയം ഒരുക്കിയെടുത്തു. ജോലി ചെയ്യുന്നതിനൊപ്പം സാമൂഹ്യ പ്രവർത്തനങ്ങളും കൂടെ തന്നെ ഉണ്ടായിരുന്നു.
2019 ലാണ് ജോലി വിട്ടു ഞാൻ കൊച്ചിയിലേക്ക് എത്തുന്നത്. ഇപ്പോഴും മുൻപ് പ്രവർത്തിച്ചിരുന്ന കമ്പനിക്കു വേണ്ടി ഫ്രീലാൻസായി ജോലി ചെയ്യുന്നുണ്ട്.
ഇന്നു ഞാനൊരു സ്കിൽ ഡവലപ്മെന്റ് ട്രെയിനറാണ്. മെന്റൽ ഹെൽത് പ്രഫഷനലാണ്. സൈക്കോ തെറപ്പി, പ്രാണിക് ഹീലിങ് പോലുള്ള സർവീസസും ചെയ്യുന്നുണ്ട്. സാമൂഹിക സേവനം മുൻനിറുത്തിയുള്ള പല പ്രോജക്റ്റുകളുടെയും ഭാഗവുമാണ്. ഒരാളുടെയെങ്കിലും ജീവിതത്തിൽ വെളിച്ചമാകാൻ കഴിയുക എന്നതാണ് ഏറ്റവും വലിയ സന്തോഷം.
നീരജ സെൽഫ് മെയ്ഡ് ആണല്ലോ ?
ജീവിതത്തിൽ തണലിന്റെ ആശ്വാസമറിയാതെ വന്നവളാണ് ഞാന്‍. 20 വയസ്സു മുതൽ ജീവിക്കുന്നത് സ്വന്തം കാലിലാണ്. പ്രശ്നങ്ങൾ പരിഹരിച്ചല്ല, മറിച്ച് പ്രശ്നങ്ങൾക്കൊപ്പമായിരുന്നു എന്റെ ജീവിതം.
പ്രതിസന്ധികളിലും പ്രശ്നങ്ങളിലും തളരാതെ മുന്നോട്ട് വരാൻ എന്നും ശ്രമിച്ചിട്ടുണ്ട്. ഒന്നിലും തളരാതെ നിർത്താൻ എന്റെ പ്രവർത്തന മേഖലകളും സഹായിച്ചിട്ടുണ്ട്. വ്യക്തിപരമായ ഉത്തരവാദിത്തങ്ങളുടെ ആഴവും സാമൂഹിക പ്രതിബദ്ധത ഉള്ള പ്രഫഷനും പ്രശ്നങ്ങൾക്കൊപ്പമിരുന്നു കരയാതെ മുന്നോട്ടു പോകാനുള്ള കാരണങ്ങളായിരുന്നു എന്നും.
വീട്ടിലെ മൂത്ത കുട്ടിയാണ് ഞാൻ. 21ാം വയസ്സിൽ വിവാഹിതയായി. ഭർത്താവ് അരുൺ കഴിഞ്ഞ വർഷം രോഗബാധിതനായി മരിച്ചു. എനിക്ക് ഒരു മകനുണ്ട് ഗൗരവ്. പ്ലസ് ടുവിനു പഠിക്കുന്നു. എന്നെ അമ്മ എന്നല്ല, ബ്രോ എന്നാണ് വിളിക്കുക. ഞങ്ങൾ ബ്രോസ് ചിൽ ആയി ജീവിക്കാനാണ് പ്ലാൻ.
പുത്തൻ ചുവടുവയ്പ്പുകള്‍ മനസ്സിലുണ്ടോ ?
സെലിബ്രിറ്റി കോച്ചിങ് എന്ന ആശയമാണ് ഇപ്പോൾ ചിന്തയിലുളളത്. അഭിനയ രംഗത്തേക്കു കടന്നുവരുന്ന പുതുമുഖങ്ങൾക്കായുള്ള ട്രെയ്നിങ്ങും ആലോചനയിലുണ്ട്. ഡബ്ബിങ്ങും സ്ക്രിപ്റ്റ് എഴുത്തുമെല്ലാം ഒപ്പമുണ്ടാകും. ഒരു പുസ്തകത്തിന്റെ പണിപ്പുരയിലുമാണ്.
അമ്മു ജൊവാസ്
ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ