Monday 02 July 2018 11:14 AM IST

‘എന്റെ പരിമിതികളെ കൂസാക്കാത്ത തന്റേടമുള്ളൊരു പെണ്ണിനെ വേണം’;വീൽ ചെയറിലിരുന്ന് നെജു നടത്തിയ വിവാഹാലോചന ഹിറ്റ്–വിഡിയോ

Binsha Muhammed

neju 1

‘ബ്രോക്കർ ഫീസിന്റെ പേരിൽ ഇനിയും ആയിരവും രണ്ടായിരവും പൊടിക്കാൻ എന്റെ കൈയ്യിൽ ഇല്ല ചേട്ടാ... വന്നു കയറുന്ന പെണ്ണ് എന്നെ മനസിലാക്കണമെങ്കിൽ അതിന് ഞാൻ തന്നെ രംഗത്തിറങ്ങണം. അല്ലാതെ ഈ ബ്രോക്കർമാരെക്കൊണ്ടൊന്നും കാര്യമില്ലന്നേ....’

കല്യാണം കഴിക്കാനിറങ്ങിത്തിരിച്ച്,  36 പെണ്ണും കണ്ട് അനുഭവ പരിചയമുള്ള ഒരു ‘മോസ്റ്റ് എലിജിബിൾ ബാച്ചിലറുടെ’ നിശ്ചയദാർഢ്യം നിറഞ്ഞ വാക്കുകളാണ് മുകളിൽ കുറിച്ചത്.

കല്യാണം ആലോചിക്കുന്ന ചെക്കനെ സോഷ്യൽ മീഡിയയിൽ സജീവമായ ചിലർക്കെങ്കിലും അറിയുമായിരിക്കും. ചെക്കന്റെ പേര് `നെജു ഭാരതം`. ജോലി–മോട്ടിവേഷണൽ സ്പീക്കിംഗ്. പിന്നെ ചെറിയൊരു പ്രശ്നം മാത്രം, വീൽ ചെയറിലാണ് കക്ഷിയുടെ ജീവിതം.  നെജുവിനെ അടുത്തറിയുന്നവർ ചോദിക്കും. ഇതൊക്കെ ഒരു പ്രശ്നമാണോ ചേട്ടാ, നെജു ചേട്ടൻ ആള് സൂപ്പറല്ലേ....

ഇനി കാര്യത്തിലേക്ക് വരാം. പെണ്ണു കെട്ടാനിറങ്ങിത്തിരിച്ച് ഒടുവിൽ ഒന്നും നടക്കില്ലെന്ന് കണ്ടപ്പോൾ നെജു നിരാശ പൂണ്ട് പറഞ്ഞതല്ല ഈ പറഞ്ഞതൊന്നും. സ്വന്തം കാലിൽ നിൽക്കുന്നവന് സ്വന്തം പെണ്ണിനെ കണ്ടെത്താനുള്ള തന്റേടവുമുണ്ടാകണമെന്ന ഉത്തമ ബോധ്യമാണ് നെജുവിന്റെ വാക്കുകൾക്കു പിന്നിൽ.

ബ്രോക്കർമാരെക്കൊണ്ടും ബന്ധുക്കളെക്കൊണ്ടും ഒന്നും നടക്കില്ലെന്നു വന്നപ്പോൾ പെണ്ണുകെട്ടാൻ നെജു കണ്ടെത്തിയ മാർഗമാണ് ഇന്ന് സോഷ്യൽ മീഡിയയുടെ ചർച്ചാ വിഷയം. തന്റെ പ്രായം, കുടുംബം, യോഗ്യത, വിദ്യാഭ്യാസ യോഗ്യത ആദിയായ കാര്യങ്ങളെല്ലാം കൂടി ചേർത്ത് നല്ല അഡാർ ഒരു കല്യാണാലോചന അങ്ങോട്ട് അവതരിപ്പിച്ചു.

വീൽ ചെയറിലിരുന്ന് നെജു നടത്തിയകല്യാണാലോചന ഒരു സുപ്രഭാതത്തിൽ തലയിലുദിച്ച ഐഡിയയല്ല. പുതിയ കാലത്തെ ഫെയ്സ്ബുക്ക് മാട്രിമോണി വാർത്തകൾ കണ്ട് കോരിത്തരിച്ചട്ടുമല്ല ഈ ‘സാഹസം. മറിച്ച് സ്വന്തം കാലിൽ നിന്ന് സ്വന്തം പെണ്ണിനെ കണ്ടെത്തണമെന്ന ചങ്കൂറ്റമാണ് ഈ ഫെയ്സ്ബുക്ക് കല്യാണാലോചനയ്ക്ക് പിന്നില്‍. ആ കല്യാണാലോചനയ്ക്കു പിന്നിലുള്ള ചേതോവികാരമെന്തെന്ന് നെജു പറയുകയാണ്, വനിത ഓൺലൈനോട്.

neju cover

36 പെണ്ണു കാണലും പിന്നെ ചായകുടിയും

‘വിവാഹം കഴിക്കാനുറച്ച നാൾ തൊട്ട് ഇന്ന് വരെ 36 പെണ്ണ് കണ്ടിട്ടുണ്ടാകും. ഞാൻ ചുരുക്കിപ്പറഞ്ഞാൽ 36 വീട്ടിൽ നിന്നും ചായകുടി. ഈ മുപ്പത്തിയാറു പേരിൽ നിന്നും എന്നെ മനസിലാക്കുന്ന 3 പേരെയാണ് ഞാൻ ഷോർട്ട് ലിസ്റ്റ് ചെയ്തത്. എന്നെ മനസിലാക്കുന്നവർ കൂടിയായിരുന്നു അവർ. പക്ഷേ ഞാനോ ആ പെൺ പിള്ളേരോ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടു കാര്യമില്ലല്ലോ? അവരുെട ബന്ധുക്കൾ എന്നെ ഗെറ്റ്–ഔട്ട് അടിച്ചു’– നെജുവിന്റെ വാക്കുകളിൽ തമാശ.

അന്ന് ഞാൻ തീരുമാനമെടുത്തു. പെണ്ണ് കെട്ടുന്നുണ്ടെങ്കിൽ അത് സ്വയം കണ്ടെത്തലിലൂടെയായിരിക്കുമെന്ന്. ആ ചിന്തയാണ് എന്നെ ഫെയ്സ്ബുക്ക് കല്യാണാലോചനയ്ക്ക് പ്രേരിപ്പിച്ചത്. അതാകുമ്പോ എന്റെ കുറ്റവും കുറവും ഇടനിലക്കാരില്ലാതെ നേരിട്ടറിയുന്ന പെണ്ണായിരിക്കുമല്ലോ?

പിന്നെ മോട്ടിവേഷണൽ സ്പീക്കിംഗും വികലാംഗ പെൻഷനും മാത്രമാണ് എന്റെ വരുമാന മാർഗം. എണ്ണിച്ചുട്ട അപ്പം പോലെ ലഭിക്കുന്ന ആ വരുമാനത്തെ ഈ പറഞ്ഞ ബ്രോക്കർമാരെക്കൊണ്ട് തീറ്റിക്കുന്നതിലും ഭേദം ഞാൻ തന്നെ പെണ്ണ് അന്വേഷിച്ച് ഇറങ്ങുന്നതല്ലേ?– നെജു സൈബർ കല്യാണാലോചന വന്ന വഴി പറയുന്നു.

neju 4

വീട്ടുകാരറിയാതെ രണ്ടും കൽപ്പിച്ച്

36 കല്യാണാലോചനകളുടെ കാര്യം ഞാൻ പറഞ്ഞില്ലേ? ഈ പറഞ്ഞതൊന്നും എന്റെ വീട്ടുകാർ അറിയരുത് എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. അതു കൊണ്ടാണ് എന്റെ കല്യാണാലോചനകുളും പെണ്ണന്വേഷണവുമെല്ലാം ആലപ്പുഴ കേന്ദ്രീകരിച്ചായിരുന്നു. ബന്ധുക്കളും ഉറ്റവരും ഉടയവരും അറിയുമെന്ന് പേടിച്ചാണ് കോട്ടയംകാരനായ ഞാൻ പെണ്ണ് തേടി ആലപ്പുഴയിലേക്ക് വണ്ടി കയറിയത്’–നെജുവിന്റെ വാക്കുകളിൽ കൃത്യമായ പ്ലാനിംഗ്.

സ്വപ്നങ്ങൾ എന്നെപ്പോലെ ചെറുതാണ്

‘കൊക്കിലൊതുങ്ങുന്നതെ കൊത്താവൂ’ എന്നത് തന്നെയാണ് എന്റെയും ലൈൻ. പിന്നെ വന്നു കയറുന്ന പെണ്ണിനെക്കുറിച്ച് അല്ലറ ചില്ലറ സ്വപ്നങ്ങളൊക്കെയേ ഉള്ളൂ. എന്നെ നന്നായി മനസിലാക്കുന്ന ഒരു പെൺകുട്ടി ആയിരിക്കണം എന്നതാണ് ഏക ഡിമാന്റ്. പിന്നെ എന്റെ പരിമിതികളെ മറികടക്കും വിധമുള്ള ഒരു തന്റേടം ഭാവി വധുവിനുണ്ടായാൽ അത് ബോണസല്ലേ....?– നെജുവിന്റെ സ്വപ്നങ്ങൾ അങ്ങനെ പോകുന്നു.

ഫെയ്സ്ബുക്ക് മാട്രിമോണിയും സൈബർ കല്യാണാലോചനകളും ട്രെൻഡായി മാറിയിരിക്കുന്ന ഈ കാലത്ത് നെജുവിന്റെ കല്യാണാലോചനയ്ക്ക് പത്തരമാറ്റിന്റെ തിളക്കമുണ്ട്. സ്വന്തം പരിമിതികളെക്കുറിച്ച് ഉത്തമ ബോധ്യമുള്ളപ്പോഴും ഭാവിയെക്കുറിച്ച് സുന്ദര സ്വപ്നങ്ങൾ നെയ്യുകയാണ് ഈ ചെറുപ്പക്കാരൻ. അതു കൊണ്ട് തന്നെയാകണം മുപ്പത്തി രണ്ടുകാരനായ നെജുവിന്റെ സ്വപ്നങ്ങൾക്ക് ഒരു നാടിന്റെയും സ്നേഹിക്കുന്ന ആയിരക്കണക്കിന് പേരുടെയും ആശീർവാദമുണ്ട്. ഭാരതം എന്ന രാജ്യനാമം സർനെയിം ആയി സ്വീകരിച്ച നെജുവിന്റെ വിവാഹ സ്വപ്നങ്ങളിൽ ജാതി മതചിന്തകൾക്കും സ്ഥാനമില്ല.

neju 3

ഏതു മതക്കാരായ പെൺകുട്ടികൾക്കും നെജുവിന്റെ ജീവിതത്തിലേക്ക് കടന്നു വരാമെന്നു സാരം. ‘പിന്നെ ബാക്കിയെല്ലാം വരുന്നിടത്ത് വച്ചു കാണാം ചേട്ടാ.....–നെജു പറഞ്ഞു നിർത്തി.