Monday 23 May 2022 04:02 PM IST : By സ്വന്തം ലേഖകൻ

വെൽവെറ്റ് തുണിയിൽ സ്വർണനിറം പൂശിയ ഫൈബർ; കൗതുകത്തിന് ഉണ്ടാക്കിയ നെറ്റിപ്പട്ടം ‘നെറ്റിൽ’ വൈറൽ! ഇന്ന് അമ്പിളിയ്ക്കിത് പ്രധാന വരുമാനമാർഗം

kottayam-karukachal-ambily-aravind

കൗതുകത്തിന് ഉണ്ടാക്കിയ നെറ്റിപ്പട്ടം നെറ്റിൽ വൈറലായി. വിനോദ ഉപാധിയായ നെറ്റിപ്പട്ടം നിർമാണം വരുമാന മാർഗമായി മാറിയിയിരിക്കുകയാണ് കറുകച്ചാൽ ബെംഗ്ലാംകുന്നേൽ അമ്പിളി അരവിന്ദിന്. വീട്ടമ്മയായ അമ്പിളി അരവിന്ദിന്റെ നെറ്റിപ്പട്ടത്തിന് ഇപ്പോൾ ആവശ്യക്കാർ ഏറെയാണ്.

കരകൗശല വസ്തുക്കൾ നിർമിക്കാനുള്ള താൽപര്യമാണ് അമ്പിളി അരവിന്ദിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ലോക്ഡൗൺ സമയത്തെ വിരസത മാറ്റാൻ ചെറിയ കരകൗശല ജോലികൾ ചെയ്യുമ്പോഴാണ് ആനക്കമ്പം ഏറെയുള്ള ഭർത്താവ് അരവിന്ദ് നെറ്റിപ്പട്ടം നിർമിക്കാൻ നിർദേശിച്ചത്. ഇതിനായി ആനകളുടെ നെറ്റിപ്പട്ടം നേരിൽ കാണുവാൻ വിദേശത്ത് ജോലി ചെയ്യുന്ന ഭർത്താവ് തന്നെ സൗകര്യമൊരുക്കി.

"വെൽവെറ്റ് തുണിയിൽ സ്വർണ നിറം പൂശിയ ഫൈബർ ഉപയോഗിച്ചാണ് നെറ്റിപ്പട്ടം നിർമിക്കുന്നത്. ഒന്നരയടി മുതൽ ഏഴടി വരെ നീളത്തിലുള്ളത് നിർമിക്കുന്നുണ്ട്. കൂടുതലും 4 , 5 അടികളിലുള്ളവയ്ക്കാണു ആവശ്യക്കാർ ഉള്ളത്. ഏറെ ക്ഷമയും സൂക്ഷ്മതയും വേണ്ടതിനാൽ ചെറിയ നെറ്റിപ്പട്ടം നാലു ദിവസം കൊണ്ടാണ് നിർമിക്കുന്നത്. വലിയ നെറ്റിപ്പട്ടം നിർമിക്കാൻ ഒന്നര ആഴ്ചയോളം സമയം വേണ്ടി വരും.

ചൂരപ്പെളി, നാഗപടം, വണ്ടോട് എന്നിങ്ങനെ മൂന്നുതരത്തിലുള്ള നെറ്റിപ്പട്ടമാണ് നിർമിക്കുന്നത്. ഫാൻസിയായാണ് ഇവയെല്ലാം നിർമിക്കുന്നത്. സമ്മാനം നൽകാനും വീട് അലങ്കരിക്കാനുമാണ് ആൾക്കാർ വാങ്ങുന്നത്. സാധാരണ വലിപ്പമുള്ള നെറ്റിപ്പട്ടത്തിന് 6000 മുതൽ 7000 രൂപയോളം ചെലവ് വരും. സമൂഹമാധ്യമങ്ങളിൽ നെറ്റിപ്പട്ടം കണ്ടാണ് ആവശ്യക്കാർ എത്തിയത്."- അമ്പിളി അരവിന്ദ് പറയുന്നു.