Tuesday 25 September 2018 10:37 AM IST : By സ്വന്തം ലേഖകൻ

അജ്ഞാത സുന്ദരി ഒടുവിൽ മുഖപടം മാറ്റി; ആരാധകരുടെ ഹൃദയം കവർന്ന നിവ്യ നവോര കട്ട ഷാരൂഖ് ഫാൻ

nivya-navo

ഇന്ത്യാ–പാക് പോരാട്ടത്തിലെ ഗ്യാലറിപ്പെരുക്കത്തിനിടയിൽ നിന്ന് ഏവരുടേയും മനസിലേക്ക് കുടിയേറിയ ഒരു സുന്ദരിയുണ്ടായിരുന്നു. കളിക്കാർ കളംവിട്ടപ്പോഴും ക്രിക്കറ്റ് പ്രേമികളുടെ മനസു നിറയെ അവളായിരുന്നു. സോഷ്യൽ മീഡിയ ‘കണ്ണുവച്ച’ ആ പാക് ആരാധികയെ കണ്ടെത്താനുള്ള തത്രപ്പാടിലായിരുന്നു ഇക്കണ്ട നാളിലത്രയും ആരാധകർ.

അജ്ഞാത സുന്ദരിയെന്ന വിശേഷണം ചാർത്തിക്കൊടുത്ത് സോഷ്യൽ മീഡിയ തോളേറ്റി നടന്ന ആ പെൺകൊടി ഇപ്പോഴിതാ മുഖപടം പാറ്റി രംഗപ്രവേശം ചെയ്തിരിക്കുകയാണ്. നിവ്യ നവോര എന്നാണ് ഇന്ത്യന്‍ ആരാധകരുടെ മനസ്സ് കവർന്ന ആ സുന്ദരിയുടെ പേര്. റിയാലിറ്റി 24-7 എന്ന ട്വിറ്റര്‍ ഹാന്‍ഡിലാണ് ആളെ കണ്ടെത്തിയത്. കക്ഷി വിചാരിച്ച മാതിരി സെലിബ്രിറ്റിയൊന്നുമല്ല. എന്നാൽ ബോളിവുഡിന്റേയും ഷാരുഖ് ഖാന്റേയും കട്ട ഫാനാണ് നിവ്യ നവോര. 

ഏഷ്യാകപ്പിലെ  മത്സരം ജയിച്ചത് ഇന്ത്യയാണെങ്കിലും തങ്ങളുടെയൊക്കെ ഹൃദയം ജയിച്ചത് ആ പെൺകൊടിയാണെന്നാണ് സോഷ്യൽ മീഡിയയിലെ ഫ്രീക്കൻമാര്‍ സാക്ഷ്യപ്പെടുത്തിയിരുന്നത്. ആരാധികയുടെ സൗന്ദര്യത്തില്‍ മയങ്ങിയ ഇന്ത്യന്‍ ആരാധകര്‍ ഇന്ത്യ-പാക് മത്സരങ്ങള്‍ കൂടുതല്‍ നടത്തണമെന്ന് ബിസിസിഐയോട് തമാശരൂപേണ ആവശ്യപ്പെടുകയും ചെയ്തു. പാകിസ്ഥാൻ ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ സ്കോർ 17ൽ എത്തി നിൽക്കവേയാണ് പാക് സുന്ദരിയുടെ മുഖം ടെലിവിഷൻ സ്ക്രീനിൽ തെളിഞ്ഞത്. കണ്ടപാടെ ഗ്യാലറിയിൽ തിങ്ങിനിറഞ്ഞ ഇന്ത്യ–പാക് ആരാധകരുടെ ശ്രദ്ധ ആ സുന്ദരിയിലേക്കായി.

അതേസമയം അജ്ഞാത സുന്ദരിയുടെ പേര് വെളിപ്പെട്ടതോടെ ആയിരക്കണക്കിനാളുകളാണ് ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും തിരച്ചിൽ നടത്തുന്നത്. എന്നാൽ ഇവർക്ക് വെരിഫൈഡ് ഫേസ്ബുക്ക് പേജ് ഇല്ലെന്നാണ് വിവരം. ഇന്‍സ്റ്റഗ്രാമാകട്ടെ പ്രൈവറ്റ് അക്കൗണ്ടും. അതേസമയം നിവ്യയുടെ പേരിൽ വ്യാജ അക്കൌണ്ടുകളും പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്.