Tuesday 22 January 2019 03:51 PM IST : By സ്വന്തം ലേഖകൻ

തിളങ്ങുന്ന വ്യക്തിത്വം സ്വന്തമാക്കണോ? ഡ്രസിങ് സ്റ്റൈൽ മാറ്റിനോക്കൂ...

person

രോഹനും അതുലിനും സഞ്ജയിനും ഒരേ സ്ഥാപനത്തിൽ ജോലി കിട്ടി. ആദ്യ ശമ്പളവുമായി സഞ്ജയും രോഹനും നഗരത്തിലെ മുന്തിയ റസ്റ്ററന്റിൽ ഡിന്നറിനു പോയി. അതുൽ പോയത് ഷോപ്പിങ്ങിനും. കുറേ ഫോർമൽ ഷർട്ടുകൾ വാങ്ങിയെത്തിയ അതുൽവൃത്തിയായി ഓഫിസിലെത്തുന്നതു ശീലമാക്കി.

മാസങ്ങൾ കഴിഞ്ഞപ്പോൾ കമ്പനിക്ക് വലിയൊരു വിദേശ പ്രോജക്ട് കിട്ടി. ബോസിനൊപ്പം വിദേശത്ത് മീറ്റിങ്ങിനു പോകാൻ നറുക്കു വീണത് അതുലിന്! വിേദശയാത്രയ്ക്കു ശേഷം അതുൽ ജോലിയിൽ കൂടുതൽ മിടുക്കനായി. മാസങ്ങൾക്കുള്ളിൽ പ്രമോഷനുമായി. നമ്മൾ പോലുമറിയാതെ ഭാവിയെ മാറ്റി മറിക്കാൻ വസ്ത്രധാരണത്തിലൂടെ കഴിയുമെന്നതിന്റെ ചെറിയൊരു ഉദാഹരണമാണിത്.

വസ്ത്രത്തിലൂടെ അറിയാം വ്യക്തിത്വം

മറ്റുള്ളവർ നമ്മെ വിലയിരുത്തുന്നതിലും വ്യക്തിത്വത്തെ മനസ്സിലാക്കുന്നതിലും വസ്ത്രധാരണത്തിനും പങ്കുണ്ട്. മികച്ച വസ്ത്രധാരണം നമ്മുെട ജീവിതത്തിനും പോസിറ്റീവിറ്റി പകരും. മനഃശാസ്ത്രമനുസരിച്ച് വസ്ത്രധാരണം ഒരാളുടെ മാനസികനില സ്ഥിരമാക്കി നിർത്തും. ആത്മവിശ്വാസമില്ലാതെ വസ്ത്രം ധരിക്കുമ്പോൾ ഷോളും സാരിയുടെ പ്ലീറ്റ്സുമെല്ലാം ഇടയ്ക്കിടെ ശരിയാക്കാൻ ശ്രദ്ധ തിരിയും. അതേ സമയം ശരീരത്തിനിണങ്ങുന്ന വസ്ത്രമണിയുമ്പോൾ ലഭിക്കുന്ന ആത്മവിശ്വാസം ദിവസം മുഴുവൻ നിലനിൽക്കും.

ഓരോരുത്തർക്കും ഓേരാ തരം വ സ്ത്രധാരണമെന്നതാണു മലയാളികളുടെ ശീലം. അവസരമേതായാലും ഒരേ രീതിയിൽ ഒരുങ്ങുന്ന ശീലം മാറ്റി നോക്കൂ. അവസരത്തിന് യോജിച്ച രീതിയിൽ വസ്ത്രമണിഞ്ഞാൽ വ്യക്തിത്വം കൂടുതൽ തിളങ്ങുന്നതു കാണാം.

ഫോർമൽ, കാഷ്വൽ വിഭാഗങ്ങളിൽ ഇഷ്ടമനുസരിച്ച് വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ അവസരമുണ്ടെന്നോർക്കുക. സ്ഥിരം പാന്റും ഷർട്ടും, ചുരിദാറും അണിഞ്ഞു മടുക്കുമ്പോൾ പലാസോയും ടോപ്പും, സാരി ഇവ അണിയാം. ഇടയ്ക്കൊരു മാറ്റം ആരെയും സന്തോഷിപ്പിക്കും. ഫെസ്റ്റീവ് വെയർ വിഭാഗത്തിലും വ്യത്യസ്ത അവസരങ്ങൾക്കുള്ള വസ്ത്രങ്ങളുണ്ട്. ഓണത്തിന് അണിഞ്ഞ വസ്ത്രം മെഹന്ദി ചടങ്ങിന് യോജിക്കില്ല. പാർട്ടി വെയർ എന്ന ഒറ്റ ലേബലിൽ എല്ലാം ഒതുക്കാതെ ആഘോഷത്തിനിണങ്ങുന്ന വസ്ത്രമണിയുക.

പാകമായ അളവിലുള്ളതിനു പകരം തൊട്ടടുത്ത അളവിലുള്ള വസ്ത്രം വാങ്ങുന്നതാണു മലയാളികളുടെ ശീലം. ഈ ശീലം മാറ്റിക്കോളൂ. ‘ഫിറ്റ്’ ആയ വസ്ത്രമണിഞ്ഞാൽ ആത്മവിശ്വാസം പറന്നെത്തുന്നതു കാണാം. നിറങ്ങൾ തിരഞ്ഞെടുക്കുന്നതിലുമുണ്ട് കല. സന്ദർഭത്തിനും ചർമത്തിനും ഇണങ്ങുന്ന നിറങ്ങളിലെ വസ്ത്രം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. നിറങ്ങൾ നമ്മുടെ വ്യക്തിത്വം വിളിച്ചു പറയും. മടിയുടെയും അശ്രദ്ധയുടെയും ലക്ഷണമാണ് ഇസ്തിരിയിടാത്ത വസ്ത്രം. വൃത്തി, ഉത്തരവാദിത്തം ഇവയെല്ലാം വസ്ത്രം പ്രതിഫലിപ്പിക്കും. ഏതു സന്ദർഭത്തിലും സ്വന്തം രൂപം നല്ലരീതിയിൽ അവതരിപ്പിക്കാൻ ശ്രദ്ധിക്കുക.

വസ്ത്രങ്ങൾ അഥവാ ക്ലോത്‌സ് എന്ന പദമാണ് ഏതു തരം വസ്ത്രങ്ങൾക്കും ഉപയോഗിക്കാറുള്ളത്. ക്ലോത്‌സ് എന്നതിനു പകരം ഔട്ട്‌ഫിറ്റ് എന്ന പദത്തിനാണു പ്രാധാന്യം നൽകേണ്ടത്. പുറത്തിറങ്ങുമ്പോൾ ഫിറ്റ് ആവുക എന്നർഥം വരുന്ന ഈ വാക്ക് നൽകുന്ന വിശാലമായ അർഥത്തിൽ വസ്ത്രധാരണത്തെ സമീപിക്കുക. വസ്ത്രധാരണത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് മാറേണ്ടതുണ്ട് എന്നർഥം.

വസ്ത്രധാരണം കൊണ്ടുമാത്രം ആത്മവിശ്വാസം വർധിപ്പിക്കാനാവില്ല. ശരീര ഭാഷ, ഇരിപ്പിന്റെയും നടപ്പിന്റെയും രീതി ഇവവയും ശ്രദ്ധിക്കണം. ആവശ്യമില്ലാതെ വസ്ത്രത്തിൽ സ്പർശിക്കുന്നത് നിങ്ങൾ സംതൃപ്തയല്ല എന്നാണുകാണിക്കുന്നത്. ഇത് ഒഴിവാക്കണം. എത്ര നല്ല വസ്ത്രമണിഞ്ഞാലും മുഖം പ്രസന്നമല്ലെങ്കിൽ എല്ലാം നിഷ്ഫലമാകും. ഇ ണങ്ങുന്ന വസ്ത്രത്തിനൊപ്പം മനോഹരമായൊരു പുഞ്ചിരി കൂടി മുഖത്ത് വിടരട്ടെ. നിങ്ങളായിരിക്കും എവിടെയും ശ്രദ്ധാകേന്ദ്രം.

വിവരങ്ങൾക്ക് കടപ്പാട്: ഡോ.ജി. സൈലേഷ്യ

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

കൊച്ചി