Tuesday 15 December 2020 02:31 PM IST : By സ്വന്തം ലേഖകൻ

ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം ശ്രീശാന്ത് സജീവ ക്രിക്കറ്റിലേക്ക്; സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള സാധ്യതാ ടീമിൽ

sreeshanth4334667

കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിക്കുശേഷം ഇന്ത്യയിൽ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾക്ക് തുടക്കം കുറിച്ച് നടക്കുന്ന ട്വന്റി20 ടൂർണമെന്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരളത്തിന്റെ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. ഏഴ് വർഷത്തെ ഇടവേളയ്ക്കു ശേഷം സജീവ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്ന പേസ് ബോളർ എസ്. ശ്രീശാന്തിന്റെ സാന്നിധ്യമാണ് സാധ്യതാ ടീം പ്രഖ്യാപനത്തെ ശ്രദ്ധേയമാക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗ് മാതൃകയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംഘടിപ്പിക്കുന്ന ട്വന്റി20 ലീഗിലൂടെ ഈ മാസം ശ്രീശാന്ത് മടങ്ങിയെത്തുമെന്നായിരുന്നു ആദ്യ റിപ്പോർട്ട്. ടൂർണമെന്റ് നീട്ടിവച്ചതോടെ നിരാശരായ ആരാധകരെ ആഹ്ലാദത്തിലാഴ്ത്തിയാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള സാധ്യതാ പട്ടികയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ശ്രീശാന്തിനെ ഉള്‍പ്പെടുത്തിയത്.

ദേശീയ ടീമിൽ അംഗമായ സഞ്ജു സാംസൺ, കഴിഞ്ഞ സീസണിൽ കേരളത്തിനു വേണ്ടി കളിച്ച അതിഥി താരങ്ങളായ റോബിൻ ഉത്തപ്പ, ജലജ് സക്സേന തുടങ്ങിയവരും സാധ്യതാ പട്ടികയിലുണ്ട്. കോവിഡ് വ്യാപനം മുൻനിർത്തി 26 അംഗ സാധ്യതാ പട്ടികയാണ് പ്രഖ്യാപിച്ചത്. ആരാണ് ക്യാപ്റ്റനെന്ന് വ്യക്തമാക്കിയിട്ടില്ല. മുൻ ഇന്ത്യൻ താരം കൂടിയായ ടിനു യോഹന്നാനാണ് മുഖ്യ പരിശീലകൻ.

ജനുവരി 10 മുതൽ 31 വരെയാണ് ടൂർണമെന്റ് നടക്കുകയെന്നാണ് വിവരം. അതേസമയം, വേദി ഉൾപ്പെടെയുള്ള മറ്റു വിശദാംശങ്ങൾ ബിസിസിഐ ഇനിയും പുറത്തുവിട്ടിട്ടില്ല. ജനുവരി രണ്ടു മുതൽ ടൂർണമെന്റിൽ പങ്കെടുക്കുന്ന താരങ്ങൾ ബയോ സെക്യുർ ബബിളിൽ പ്രവേശിക്കുമെന്നാണ് വിവരം.

ഐപിഎൽ ഒത്തുകളിക്കേസുമായി ബന്ധപ്പെട്ട് ശ്രീശാന്തിന് ബിസിസിഐ ഏർപ്പെടുത്തിയിരുന്ന 7 വർഷത്തെ വിലക്കിന്റെ കാലാവധി ഈ വർഷം സെപ്റ്റംബർ 13ന് അവസാനിച്ചിരുന്നു. മുപ്പത്തിയേഴുകാരനായ ശ്രീശാന്ത് 27 ടെസ്റ്റുകളിലും 53 ഏകദിനങ്ങളിലും ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 87 വിക്കറ്റ്, 284 റൺസ്. ഏകദിനത്തിൽ 75 വിക്കറ്റ്, 44 റൺസ്. 10 ട്വന്റി20 മത്സരങ്ങളിൽനിന്ന് 7 വിക്കറ്റ്, 20 റൺസ്. 2007ൽ ട്വന്റി20 ലോകകപ്പും 2011ൽ ഏകദിന ലോകകപ്പും നേടിയ ഇന്ത്യൻ ടീമുകളിൽ അംഗമായിരുന്നു. ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾക്കായും കളിച്ചു.

സാധ്യതാ ടീം ഇങ്ങനെ:

റോബിൻ ഉത്തപ്പ, ജലജ് സക്സേന, സഞ്ജു സാംസൺ, വിഷ്ണു വിനോദ്, പി.രാഹുൽ, മുഹമ്മദ് അസ്ഹറുദ്ദീൻ, രോഹിൻ കുന്നുമ്മൽ, സച്ചിൻ ബേബി, സൽമാൻ നിസാർ, ബേസിൽ തമ്പി, ശ്രീശാന്ത്, എം.ഡി. നിധീഷ്, കെ.എം. ആസിഫ്, എൻ.പി. ബേസിൽ, അക്ഷയ് ചന്ദ്രൻ, സിജോമോൻ ജോസഫ്, എസ്. മിഥുൻ, അഭിഷേക് മോഹൻ, വത്സൽ ഗോവിന്ദ്, ആനന്ദ് ജോസഫ്, വിനൂപ് മനോഹരൻ, പി.കെ. മിഥുൻ, ശ്രീരൂപ്, കെ.സി. അക്ഷയ്, രോജിത്ത്, എം.അരുൺ