"ഇഷ്ടമുള്ള ജോലി എന്നതാണു ബിസിനസിലെ വിജയമന്ത്രം. പരാജയഭീതി നല്ലതല്ല. തെറ്റു തിരുത്തി അടുത്ത ചുവടുവയ്ക്കണം. നിങ്ങളേക്കാൾ കഴിവും പരിചയവും ഉള്ളവരോടു സംശയം ചോദിക്കാനും അവരിൽ നിന്നു പാഠങ്ങൾ ഉൾക്കൊള്ളാനും മടി വേണ്ട."- ഗായത്രി അജിത്, പർപിൾ യാലി
അമ്മയ്ക്കൊപ്പം തിരുവനന്തപുരത്തെ കരകൗശല വികസന കോർപറേഷന്റെ സ്റ്റോറിൽ പോകുമ്പോഴൊക്കെ അവിടെയുള്ള കലാകാരന്മാർ ജോലികൾ ചെയ്യുന്നത് കൗതുകത്തോടെ നോക്കുന്നതായിരുന്നു ഗായത്രി അജിത്തിന്റെ ഹോബി. കണ്ടുകണ്ടങ്ങനെ ആ ഇഷ്ടം പർപിൾ യാലി എന്ന ആർട് സ്റ്റുഡിയോയിലെത്തി നിൽക്കുന്ന കഥയാണു കോഴിക്കോട്ടെ വീട്ടിലിരുന്നു ഗായത്രി പറഞ്ഞത്.
‘‘അച്ഛൻ അജിത് കുമാർ തൃശൂരിൽ ഏജീസ് ഓഫിസിൽ ഉദ്യോഗസ്ഥനായിരുന്നു. അമ്മ ഉദയദേവി അട്ടക്കുളങ്ങര ആർട്ടിസാൻസ് സെന്ററിൽ സ്റ്റോർസ് ഓഫിസറും. കോഴിക്കോട് ചേവായൂർ പ്രസന്റേഷൻ സ്കൂളിലും ദേവഗിരി സ്കൂളിലുമാണു പഠിച്ചത്. തിരുവനന്തപുരം കോളജ് ഓഫ് ആർക്കിടെക്ചറിൽ നിന്നു ബിരുദം നേടി കുറച്ചു നാൾ ജോലി ചെയ്തു.
അമ്മ നന്നായി വരയ്ക്കും. അതുകൊണ്ടു പണ്ടുമുതലേ പെയിന്റിങ്ങും ഡ്രോയിങ്ങും ഇഷ്ടമായിരുന്നു. ആർകിടെക്ചറിൽ പഠിക്കാനുള്ള ഒരു വിഷയം ഫൈൻ ആർട്സ് ആണ്, ആ സെമസ്റ്റർ തീരുമ്പോൾ തന്നെ ഡിസൈനിങ്ങാണ് എന്റെ മേഖല എന്നു തീരുമാനിച്ചു.
തടിയും തച്ചുപണിയും
അമൃത ശിൽപകലയിൽ നിന്നും കൊത്തുപണികൾ ചെയ്യുന്ന കലാകാരന്മാരിൽ നിന്നുമൊക്കെ കുറേ വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കി. പിന്നെ, മനസ്സിൽ തോന്നിയ രൂപം തടിയിൽ കൊത്തിയെടുത്തു. പലവട്ടം ചെയ്തു നോക്കിയ ശേഷമാണ് ഒരു രൂപം മനസ്സിൽ കണ്ടതുപോലെ തടിയിൽ തെളിഞ്ഞത്.
സ്വയം പഠിച്ചും തെറ്റു തിരുത്തിയും മൂന്നു വർഷം. പിന്നെയാണു കലാരൂപങ്ങൾ തടിയിൽ കൊത്തിയെടുക്കുന്ന പർപിൾ യാലി എന്ന സ്റ്റുഡിയോ തുട ങ്ങിയത്. ഡിസൈനിങ്ങിനോടാണ് താത്പര്യമെന്നു കേട്ടപ്പോൾ അച്ഛനും അമ്മയ്ക്കും വലിയ സന്തോഷമായിരുന്നു. എനിക്ക് ഇഷ്ടത്തോടെ ചെയ്യാനാകുന്നത് ഈ ജോലിയാണ് എന്ന് എന്നേക്കാൾ മനസ്സിലാക്കിയത് അവരാണ്.
പർപിൾ യാലിയിലെ ഓരോ വർക്കും വ്യത്യസ്തമാണ്. അതിനെല്ലാം ഒരുപോലെ പരിശ്രമം വേണം. ഡിസൈൻ വരച്ചുണ്ടാക്കിയ രൂപങ്ങൾ തടിയിൽ കൊത്തിയെടുക്കുന്നതു ചെറിയ ജോലിയല്ല. സോഷ്യൽ മീഡിയയിലൂടെയും എക്സിബിഷനുകൾ നടത്തിയുമാണ് ആദ്യം ആളുകളിലേക്ക് പർപിൾ യാലി എത്തിച്ചത്. ഓർഡറുകൾ വരാൻ തുടങ്ങിയതോടെ കൊത്തുപണിക്കാരുടെ ടീം ഉണ്ടാക്കി.
ഗിഫ്റ്റ് ഐറ്റംസും ഫർണിച്ചറും പലതരം കലാരൂപങ്ങളുമൊക്കെ ഡിസൈൻ ചെയ്ത് ഉണ്ടാക്കുന്നുണ്ട്. തീം അനുസരിച്ചുള്ള സീരീസുകളും ചെയ്യും. കൊത്തിയെടുത്ത രൂപങ്ങൾ ഹാൻഡ് പെയിന്റ് ചെയ്തു ഭംഗിയാക്കും.
കേന്ദ്രസർക്കാരിന്റെ ടെക്സ്റ്റൈൽ മിനിസ്ട്രിയുടെ സർട്ടിഫൈഡ് വുഡ് കാർവിങ് ആർട്ടിസ്റ്റായ ഞാൻ ആറു വർഷമായി പ്രഫഷനൽ ഫ്രീലാൻസ് മോഡലിങ്ങും ചെയ്യുന്നുണ്ട്. ഈ മേഖലയിൽ പ്രവർത്തിക്കാൻ താത്പര്യമുള്ളവർക്കു പരിശീലനവും നൽകുന്നു. സർക്കാരിന്റെ ഉദ്യം വഴി റജിസ്റ്റർ ചെയ്ത എംഎസ്എംഇ ആണ് പർപിൾ യാലി. അതുകൊണ്ടു സർക്കാരിന്റെ ക്ലാസ്സുകളടക്കമുള്ള വിവിധ സഹായങ്ങൾ കിട്ടുന്നുണ്ട്. മുളയും ചിരട്ടയും പോലുള്ളവ കൊണ്ട് ഉത്പന്നങ്ങൾ നിർമിക്കുന്ന പർപിൾ കാളി എന്ന കമ്പനി കൂടി തുടങ്ങാനുള്ള ഒരുക്കത്തിലാണ്.