Saturday 06 March 2021 02:48 PM IST : By ശ്യാമ

ലാറി വീൽസിന്റെ മാനേജർ വിളിച്ച് ‘ഈ ചാലഞ്ച് ഏറ്റെടുക്കാൻ താൽപര്യമുണ്ടോ’ എന്ന് ചോദിച്ചു: വിസ്മയിപ്പിക്കും നേട്ടങ്ങൾ പങ്കുവച്ച് രാഹുൽ പണിക്കർ

poeee334444

ലോക പഞ്ചഗുസ്തി ചാംപ്യൻഷിപ്പിൽ ഒൻപതാം സ്ഥാനം. എട്ട് ദേശീയ ചാംപ്യൻഷിപ് പട്ടങ്ങൾ. തുടർച്ചയായി 10 തവണ സംസ്ഥാന ചാംപ്യൻ... രാഹുൽ പണിക്കർ എന്ന 33 വയസ്സുകാരന്റെ വിസ്മയിപ്പിക്കും നേട്ടങ്ങൾ...

പഞ്ചഗുസ്തി മത്സരത്തിലെ ഒരു മലയാളി പേര് പറയാൻ ആരെങ്കിലും ആവശ്യപ്പെട്ടാലോ പരീക്ഷ പേപ്പറിലേ ചോദ്യമായി വന്നാലോ ഇനി തലപുകയ്ക്കേണ്ട. കൊച്ചിക്കാരനായ രാഹുൽ പണിക്കർ എന്ന പേര് നമുക്ക് മനസ്സിൽ കുറിച്ചു വയ്ക്കാം.

സാമൂഹമാധ്യമങ്ങളിൽ ഈയിടേ ഏറ്റവും കൂടുതൽ ആളുകൾ അഭിമാനത്തോടെ കണ്ട ആ പഞ്ചഗുസ്തി മത്സരത്തിലൂടെയാണ് പലരും ഈ പേര് ശ്രദ്ധിച്ചു തുടങ്ങിയത്. ഒരു വശത്ത് കാഴ്ചയിൽ തന്നെ കരിങ്കല്ലിന്റെ ശക്തി ഓർമിപ്പിക്കുന്ന, ‘ലോകത്തെ ഏറ്റവും ശക്തൻ’ എന്നറിയപ്പെടുന്ന ബോഡി ബിൽഡർ ലാറി  വീൽസ്. മറുവശത്ത് ആദ്യം ഫൗളിലേക്കും പിന്നീട് ലാറിക്ക് വഴങ്ങുകയും ചെയ്യുന്നൊരു ചെറുപ്പക്കാരൻ. മത്സരം പുരോഗമിക്കുമ്പോഴാകട്ടേ, കാണികളെ ആവേശക്കൊടുമുടിയിലെത്തിച്ച് 3–2നു ലാറിയെ തോൽപ്പിച്ച് പുഞ്ചിരിക്കുന്ന രാഹുലിന്റെ മുഖം.

‘മസിലിനൊന്നും ഒരു വിലയുമില്ലേഡേയ്’, ‘കാഴ്ചയിലല്ല കരുത്തിലാണ് കാര്യം’ എന്നിങ്ങനെ പല തലക്കെട്ടിലും ആ വിഡിയോ പാറിപറന്നു. വിഡിയോയിലൂടെ മത്സരം കണ്ടവർക്കും കാണാത്തവർക്കും ഒക്കെയായി രാഹുൽ എന്ന മുപ്പത്തിമൂന്നുകാരൻ തന്റെ വിജയകഥ പറയുന്നു...

ffggd123

അന്നത്തെ ചാലഞ്ച്

‘‘2020 ജനുവരി രണ്ടിനു നടന്നൊരു ചാലഞ്ചിന്റെ  വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ലാറി വീൽസിന്റെ മാനേജർ വിളിച്ച് ‘ഈ ചാലഞ്ച് ഏറ്റെടുക്കാൻ താൽപര്യമുണ്ടോ’ എന്ന് ചോദിച്ചു. മത്സര വിഡിയോ രണ്ടു മില്യണിലധികം കാണികളുള്ള അവരുടെ ചാനലിൽ കാണിക്കുമെന്നും പറഞ്ഞിരുന്നു. ആ ക്ഷണം സ്വീകരിച്ച് പങ്കെടുത്ത ചാലഞ്ചിലാണ് വിജയിയായത്. അതൊരു വലിയ നേട്ടമാണ്. പക്ഷേ, ഇത് അത്ര എളുപ്പത്തിൽ കൈവന്ന നേട്ടമല്ല.

65–70 ശരീരഭാരമുള്ളവരുടെ ഗണത്തിൽ ലോകചാംപ്യൻ ഷിപ്പിൽ ഒൻപതാം സ്ഥാനത്തുണ്ട്. എട്ട് തവണ ദേശീയ പഞ്ചഗുസ്തി ചാംപ്യൻഷിപ് നേടി. 10 വർഷം തുടർച്ചയായി സംസ്ഥാന ചാംപ്യനായിരുന്നു. നൂറിലധികം ഓപ്പൺ– ഇന്റർ ക്ലബ് ചാംപ്യൻഷിപ്പുകളും സ്വന്തമാക്കിയിട്ടുണ്ട്.

അച്ഛനും നാല് അമ്മാവന്മാരും കായികപ്രേമികളാണ്. അച്ഛന്‍ പി.പി. പണിക്കർ പവര്‍ ലിഫ്റ്ററായിരുന്നു. ‘പവർമാൻ ഓഫ് ഇന്ത്യ’ എന്ന് പട്ടം നേടിയിട്ടുണ്ട്. അവരെ പോലെ കരുത്തനാകുക എന്നതായിരുന്നു ചെറുപ്പം മുതലേയുള്ള എന്റെ സ്വപ്നം.

FB_IMG_1597547746481

ഒപ്പം നിന്നവർ

പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇടപ്പള്ളിയിലെ ലൈഫ് ജിമ്മിൽ ചേർന്നു. പഞ്ചഗുസ്തി ആദ്യമായി കണ്ടത് അവിടെയാണ്. അവിടുന്ന് കോച്ച് സജീഷിനെ കിട്ടി, സ്ട്രെങ്ത് ട്രെയിനിങ് തരുന്ന മുകുന്ദൻ ആശാനെയും. 12ാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു എന്റെ ആദ്യ മത്സരം. ജില്ലാ തല മത്സരത്തിൽ സീനിയർ കളിക്കാരെ തോൽപ്പിച്ച് രണ്ടാം സ്ഥാനം നേടി. അതോടെ പഞ്ചഗുസ്തിയെക്കുറിച്ച് ആഴത്തിൽ പഠിക്കാനും സ്ഥിരമായി പരിശീലിക്കാനും തുടങ്ങി.

പഞ്ചഗുസ്തിയുടെ ടെക്നിക്കുകൾ പറഞ്ഞു തരുന്നത് കോച്ച് സജീഷാണ്. ലൈഫ് ജിമ്മിൽ പരിശീലന ഗ്രൂപ്പുകളും ആഴ്ച തോറുമുള്ള ട്രെയ്നിങ് സെഷനുകളുമുണ്ട്. മോട്ടിവേറ്റഡ് ആയിരിക്കാനുള്ള പരിശീലനവുമുണ്ട്. ജിമ്മിലെ ട്രെയ്ന ർമാരും ട്രെയിനിങ്ങിനു വരുന്നവരും ഒക്കെ സഹായിച്ചിട്ടുണ്ട്.

എട്ട് തവണ ദേശീയ ചാംപ്യനായിട്ടും പല കാരണങ്ങൾ കൊണ്ടും ലോക ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. അതിനു സഹായിച്ചത് ഞാൻ ജോലി ചെയ്യുന്ന കാക്കനാടുള്ള നെസ്റ്റ് ടെക്നോളജീസാണ്. ഞാനവിടെ ലീഡ് സോഫ്റ്റ്‌വെയർ എൻജിനീയറാണ്.  

2019ലെ ലോകചാംപ്യൻഷിപ്പിൽ പങ്കടുക്കാനുള്ള ഡയറ്റ് പ്ലാനും മറ്റ് കാര്യങ്ങളുമൊക്കെ പറഞ്ഞ് തന്നത് മിസ്റ്റർ ഇന്ത്യ പ്രസാദ് ആനന്ദായിരുന്നു. ഡയറ്റിനനുസരിച്ച് ഭക്ഷണമുണ്ടക്കി തന്നത് അമ്മയും. ആ സമയത്ത് ഭാര്യ ഗർഭിണിയായിരുന്നു. വേണ്ടത്ര മോട്ടിവേഷനുമായി അവളൊപ്പം നിന്നു.

കൊച്ചിയിൽ ഇടപ്പള്ളിയിലാണ് വീട്. അച്ഛൻ പി.പി. പ ണിക്കർ മുന്‍ ഐആർഎസ് ഉദ്യോഗസ്ഥൻ. അമ്മ ജയലക്ഷ്മി പണിക്കർ. ഭാര്യ ഡോ. ആര്യ എംഡിഎസ്സിന് പഠിക്കുന്നു. മകൾ വൈഷ്ണവിക്ക് പതിനൊന്ന് മാസം പ്രായം. സഹോദരി രേവതി പണിക്കര്‍ ഗൈനക്കോളജിസ്റ്റാണ്, തിരുവനന്തപുരത്ത് താമസം. വീട്ടിലെ ചിയർ ലീഡേഴ്സ് ഇവരാണ്.  

poewwhhg556

തിളക്കമുള്ള നേട്ടം

2019ലെ ലോക പഞ്ചഗുസ്തി ചാംപ്യൻഷിപ്പ് റൊമാനിയയിലായിരുന്നു. എന്റെ അതേ ശരീരഭാര വിഭാഗത്തിൽ മത്സരിക്കാൻ മുപ്പത്തിയഞ്ചിൽ അധികം ആളുകളുണ്ടായിരുന്നു. മൊത്തം മ ത്സരത്തിൽ പങ്കെടുക്കാൻ 2000 പേരും. അന്ന് ആദ്യമായിട്ടാണ് രാജ്യാന്തര മത്സരത്തിൽ പങ്കടുത്തത്. വളരെ ‘ടഫ്’ ആയിരുക്കും മത്സരമെന്ന് ഈ മേഖലയിൽ അറിവുള്ള എല്ലാവരും പറഞ്ഞിരുന്നു. ഒൻപതാം സ്ഥാനം നേടുക എന്നത് തിളക്കമുള്ള നേട്ടമായി കാണുന്നു.

2019ലെ ആ മത്സരത്തിനും മുൻപും ശേഷവും എന്ന് എന്നെ തന്നെ രണ്ടായി തിരിക്കാം. അത്രയും പാഠങ്ങളാണ് ആ മത്സരം തന്നത്. അതിൽ നിന്നുള്ള അറിവുകൾ വച്ചുള്ള പരിശീലനം കൊണ്ടാണ് ലാറി വീൽസിനെ പോലൊരാളെ തോൽപ്പിക്കാൻ സാധിച്ചതെന്ന് ഉറച്ച് വിശ്വസിക്കുന്നു.

2019ൽ എബിൻ കുര്യൻ എന്ന അതിശക്തനായ പഞ്ചഗുസ്തി താരത്തെ ജയിക്കാൻ കഴിഞ്ഞതാണ് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും സന്തോഷമുണ്ടാക്കിയ നേട്ടം. എബിൻ അ തുവരെ ഒരു മാച്ച് പോലും തോൽക്കാത്ത ആളായിരുന്നു.

ആം റസ്‌ലിങ് ഒരിക്കലുമൊരു ഈസി ഗെയിം അല്ല. പഠിക്കാനും നേട്ടങ്ങൾ സ്വന്തമാക്കാനും നല്ല ക്ഷമയും സമയവും വേണം. മത്സരങ്ങളിൽ ജയിക്കാൻ പറ്റാതാകുമ്പോൾ പലരും പഞ്ചഗുസ്തി തന്നെ വേണ്ടെന്ന് വച്ച് പോകുന്നത് കണ്ടിട്ടുണ്ട്. ശരീരികമായ കരുത്തിനൊപ്പം തന്നെ മാനസികമായ കരുത്തും കൂടിയേ തീരൂ.

ഹൈ പ്രോട്ടീൻ ഡയറ്റാണ് ഞാനെടുക്കുന്നത്. ദിവസത്തിൽ മൂന്നു നാലു മണിക്കൂർ വർക്കൗട്ട് ചെയ്യും. ഞായറാഴ്ച വർക്കൗട്ട് ഇല്ല. ശരീരത്തിനു മുഴുവനും വേണ്ടിയുള്ള വർക്കൗട്ടുകളാണ് പൊതുവേ ചെയ്യുന്നത്. ആഴ്ചയിൽ രണ്ട് ദിവസം പഞ്ചഗുസ്തിക്ക് വേണ്ടിയുള്ള പരിശീലനത്തിൽ മാത്രം ഫോക്കസ് ചെയ്യും.

ലോക ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്കു വേണ്ടി മെഡൽ നേടുക എന്ന ലക്ഷ്യത്തിനായുള്ള കഠിനപ്രയത്നത്തിലാണ് ഇപ്പോൾ.’’

മത്സരമുറകൾ

കേരള ആം റസ്‌ലിങ്  അസോസിയേഷനും കേരള സ്പോർട്സ് കൗൺസിലുമാണ് കേരളത്തിലെ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ദേശീയ മത്സരങ്ങൾ നടത്തുന്നത് ഇന്ത്യൻ ആം റസ്‌ലിങ് ഫെഡറേഷനും. ദേശീയ മത്സരങ്ങളിൽ പ ങ്കെടുക്കാൻ ആദ്യം ജില്ലാ തലത്തിലും പിന്നീട് സംസ്ഥാന തലത്തിലും മത്സരിച്ച് മെഡൽ നേടണം. ദേശീയ ചാംപ്യൻഷിപ്പിലെ ഒന്നും രണ്ടും സ്ഥാനക്കാർക്കാണ് രാജ്യാന്തര മത്സരങ്ങളിൽ പങ്കടുക്കാൻ പറ്റുക. ശരീരഭാരത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം മത്സരങ്ങളുണ്ട്. ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് (40 വയസ്സിനു മുകളിൽ) എന്നിങ്ങനെയാണ് മത്സരങ്ങൾ.