Saturday 08 September 2018 11:11 AM IST : By സ്വന്തം ലേഖകൻ

‘കല്യാണമാ അത് പെരിയ തൊല്ലെയ്...’; തരംഗമാകുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് വിഡിയോക്ക് പിന്നിലെ കഥ

bw

ന്യൂജനറേഷൻ പ്രണയ സന്ദേശങ്ങളും കളർഫുൾ സ്റ്റാറ്റസുകളും മാത്രം പങ്കുവച്ചിരുന്ന സോഷ്യൽ മീഡിയ ഇപ്പോൾ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ക്ലിപ്പിനു പിന്നാലെയാണ്. ചിരിക്കൊപ്പം അൽപം ചിന്തയും നിറയ്ക്കുന്ന വിഡിയോ ഒരു പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ നിന്നും കടം കൊണ്ടതാണ്.

കോട്ടും സ്യൂട്ടുമണിഞ്ഞ് നിൽക്കുന്ന ഒരു മകനും പ്രായമായ അമ്മയുമാണ് ഈ വിഡിയോ ക്ലിപ്പിലെ കഥാപാത്രങ്ങൾ. പ്രായമായ അമ്മ മകനെ കല്യാണത്തിന് നിര്‍ബന്ധിക്കുന്ന രംഗമാണ് വിഡിയോയിലുള്ളത്. ഇവർ തമ്മിലുള്ള സംഭാഷണമാണ് ബഹു ജോർ

കല്ല്യാണമാ... കല്ല്യാണമാ... പെരിയാ തൊല്ലയ്.. പെരിയ തൊല്ലയ്... കല്ല്യാണം സെയ്ത് കൊണ്ട് താൻ മനിതൻ വാഴ്ക്കയ് നടത്തവെഡും എന്നത് നാട്ട് സട്ടം.. ‘കല്ല്യാണം, പോലും, കല്ല്യാണം, ഇത് എന്ത് വലിയ ശല്യമാണ്, കല്ല്യാണം കഴിച്ചാല്‍ മാത്രമേ ജീവിക്കാന്‍ കഴിയൂ എന്നാണോ നാട്ടിലെ നിയമം എന്ന നായകന്‍റെ ഈ കിടിലന്‍ മറുപടിയാണ് ഇത് ഇപ്പോള്‍ വൈറലാക്കിയത്. എന്നാല്‍ ഈ ചിത്രമേത് എന്നോ? ഇതിലെ നടന്‍ ആരാണന്നോ? പലര്‍ക്കും അറിയില്ല.

ന്യൂജെൻ ക്രോണിക്ക് ബാച്ചിലർമാര്‍ ഒട്ടുമിക്ക പേരുടേയും വാട്സ് ആപ്പ് ഫെയ്സ്ബുക്ക് സ്റ്റാറ്റസുകൾ ഇപ്പോൾ ഇതാണ്. പരിഷ്കാരിയായ മോഹന സുന്ദരം എന്ന മകനെ  വിവാഹത്തിന് നിര്‍ബന്ധിക്കുന്നതും തുടര്‍ന്ന് നല്‍കുന്ന കിടിലന്‍ മറുപടിയുമാണ് കാഴ്ചയിൽ ചിരി നിറയ്ക്കുന്നത്.

1954ല്‍ ഇറങ്ങിയ 'രത്ത കണ്ണീര്‍' എന്ന ചിത്രത്തിലെ രംഗമാണിത്. തമിഴ് സിനിമയിലെ ഒരു കാലത്തെ പ്രസിദ്ധ താരം മദ്രാസ് രാധാകൃഷ്ണന്‍ രാധ എന്ന എം.ആര്‍. രാധയാണ് ഇതിലെ നായകന്‍. നാടക രംഗത്ത് നിന്നും സിനിമയില്‍ എത്തിയ അദ്ദേഹം നടികവേല്‍ എന്നാണ് ‌അറിയപ്പെട്ടിരുന്നത്. ആര്‍. കൃഷ്ണനും എസ് പാന്‍ജു ചേര്‍ന്നാണ് ഈ ചിത്രം സംവിധാനം ചെയതത്. 2003 ല്‍ രത്ത കണ്ണീര്‍ കന്നഡയില്‍ റീമേക്ക് ചെയ്ത ഇറക്കി. അതില്‍ ഉപേന്ദ്ര റാവും, രമ്യ കൃഷ്ണനുമായിരുന്നു പ്രധാന കഥാപത്രങ്ങള്‍.

1967 തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എംജിആറിനെ വെടിവച്ചു, അതിന് ശേഷം സ്വയം ഇദ്ദേഹം വെടിവച്ചു മരിക്കാന്‍ ശ്രമിച്ചു. ഈ കേസില്‍ ഏഴു വര്‍ഷത്തോളം ഇദ്ദേഹം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പിന്നീടും സിനിമയില്‍ അഭിനയിച്ച അദ്ദേഹം 1979ലാണ് അന്തരിച്ചത്. കരുണാനിധിയെ കലൈഞ്ജറെന്ന് ആദ്യം വിളിച്ചതും എആര്‍ രാധയാണ്. തമിഴ് സിനിമ രംഗത്ത് സാന്നിധ്യമായ എംആര്‍ആർ വാസു, രാധ രവി, നടി രാധിക ശരത് കുമാർ എന്നിവര്‍ എംആര്‍‌ രാധയുടെ മക്കളാണ്.