Saturday 31 July 2021 02:32 PM IST : By ശ്യാമ

‘ഒരു ബന്ധത്തിൽ നിന്ന് പുറത്തുകടന്നാൽ ആ വാതിൽ അടച്ചു കുറ്റിയിട്ട് വേണം പോരാൻ’; ഈ റെഡ് ഫ്ലാഗുകൾ കണ്ടില്ലെന്ന് നടിക്കല്ലേ... സ്നേഹമല്ല, അത് അപകടമാണ്!

loveeeredflag

‘‘The Most painful thing is loosing yourself in the process of loving someone too much and forgetting that you are special too.’’ ഏണസ്റ്റ് ഹെമ്മിങ്‌വേയുടെ ഈ വാക്കുകളിൽ നിന്ന് തന്നെ നമുക്ക് തുടങ്ങാം. മറ്റൊരാളേ അതിരുകവിഞ്ഞ് സ്നേഹിച്ച് സ്വന്തം മൂല്യം മറന്നു പോകുന്നതാണ് ഏറ്റവും വേദനപ്പിക്കുന്നത് എന്ന് പറയുന്നതിൽ തന്നെ നമ്മുടെ വില കളഞ്ഞ് മറ്റൊരാളെ സ്നേഹിക്കുന്നതിന്റെ അപകടത്തെ കുറച്ച് പറഞ്ഞു പോകുന്നുണ്ട്.

പ്രണയത്തിലാവുക എന്നത് ഏറ്റവും മനോഹരമാകുന്നത് നമ്മളുമായി മാനസിക ചേർച്ചയുള്ള ഇണയെ സ്നേഹിക്കുന്പോഴാണ്. അല്ലാതെ നമ്മുടെ ഇഷ്ടങ്ങളോരാന്നും അടർത്തിമാറ്റി, ചിറകുകൾ മുറിച്ചിട്ട്, ദിവസവും കരയുകയും, മാനസികവും ശാരീരികവുമായ ഉപദ്രവങ്ങൾ സഹിക്കുന്നതും അതൊക്കെ സ്നേഹമോ പ്രണയമോ കടമയോ ആണെന്നൊക്കെ തെറ്റിധരിക്കുന്നതും അപകടമാണ്. മിക്ക ബന്ധങ്ങളുടേയും തുടക്കം സന്തോഷകരമായിട്ടാകും. സന്തോഷം ആ ബന്ധത്തിൽ ഉടനീളം അനുഭവിക്കാൻ പറ്റുന്നിടത്താണ് ഒരു ബന്ധത്തിന്റെ വിജയം. അതിനർഥം തീരെ വഴക്കും പിണക്കവും ഉണ്ടാവാതെ എപ്പോഴും കളിയും ചിരിയും മാത്രം നിറയുന്ന ഇടമാകും ആകണമെന്നല്ല മറിച്ച് വഴക്കുണ്ടായാൽ പോലും അതൊക്കെ പരസ്പരമുള്ള ബഹുമാനം കൈവിടാതെ പരിഹരിച്ചു മുന്നോട്ട് പോകാൻ കഴിയണം എന്നതാണ്. 

ഹെൽത്തി റിലേഷൻഷിപ് നിലനിർത്താനും ടോക്സിക് റിലേഷൻഷിപ്പുകളിൽ നിന്നിറങ്ങി പോരാനുമുള്ള കഴിവ് ഓരോരുത്തർക്കും വേണം. അതിന് എങ്ങനെയാണ് ഇപ്പോഴുള്ളത് ടോക്സിക് റിലേഷൻഷിപ്പിലാണോ എന്ന് അറിയുക?? അതറിയാൻ റെഡ് ഫ്ലാഗുകൾ നോക്കിയാൽ മതി. അതായത് മോശം അവസ്ഥയിലേക്കുള്ള ഇടങ്ങളിലേക്കൊക്കെ കടക്കുന്പോൾ വഴിയിലൊക്കെ കാണുന്ന അപായ സൂചന പോലുള്ള ചിലത് ബന്ധങ്ങളിലും കാണാം. അവയെയാണ് റെഡ് ഫ്ലാഗുകൾ എന്ന് വിളിക്കുന്നത്. ഒന്ന് നിരീക്ഷിച്ചാൽ നമുക്ക് തന്നെ ഇവ തെളിഞ്ഞു കാണാൻ കഴിയും... സ്നേഹത്തിന്റെ തുടക്കത്തിൽ തന്നെ ഒരുപക്ഷേ, ഈ റെഡ് ഫ്ലാഗുകൾ ഒരാൾ കാണിച്ചെന്നിരിക്കാം, എന്നാൽ പലപ്പോഴും വികാരങ്ങൾക്കടിമപ്പെട്ട് നമ്മൾ ഇത് കാണാതെ പോകുകയോ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയോ ചെയ്തിട്ടുണ്ടാകാം. 

ഏതായാലും താഴേ പറയുന്ന റെഡ് ഫ്ലാഗുകൾ ഒന്നറിഞ്ഞിരുക്കുക;

1. പങ്കാളി നിങ്ങള്‍ പറയുന്ന കാര്യങ്ങളിൽ യാതൊരു ശ്രദ്ധയും നൽകുന്നില്ല എന്നിട്ടും നിങ്ങൾക്ക് അത് ചോദ്യം ചെയ്യാനോ ആ ബന്ധത്തിൽ നിന്ന് വിട്ടുപോകാനോ തോന്നുന്നില്ലെങ്കിൽ നിങ്ങളൊരു ടോക്സിക് റിലേഷൻഷിപ്പിലാകാം എന്നതിന്റെ സൂചനയാണ്. കാരണം എല്ലാ ബന്ധങ്ങളിലും ഒരു ജനാധിപത്യ സ്വഭാവം ആവശ്യമാണ്.  പ്രണയത്തിലോ വിവാഹത്തിലോ മാത്രമല്ല സൗഹൃദത്തിലും ഔധ്യോഗിക ബന്ധങ്ങളിൽ പോലും ഇതാവശ്യമാണ്. സ്വന്തം അഭിപ്രായം പറയാനും അത് കേൾക്കപ്പെടാനുമുള്ള അവകാശം എല്ലാവർക്കുമുണ്ട്. അതില്ലാതെയാകുന്ന ബന്ധം വിഷലിപ്തമാണെന്ന് പറയാം. 

നമ്മൾ പറയുന്ന അഭിപ്രായങ്ങൾ പങ്കാളി കേൾക്കുന്നില്ല, നമ്മുടെ വൈകാരിക അവസ്ഥ മനസ്സിലാക്കാൻ ശ്രമിക്കുകയോ അതിനനുസരിച്ച് പ്രതികരിക്കാനോ തയ്യാറാകുന്നില്ല, നമുക്കൊരു വിഷമം വരുന്ന സമയത്ത് ആശ്വസിപ്പിക്കാനോ നല്ലൊരു ശ്രോതാവായിരിക്കാനോ ശ്രമിക്കുന്നില്ല, ഒരാളുടെ സൗകര്യം മാത്രമനുസരിച്ച് മുന്നോട്ട് പോകുന്നു... എന്നതൊക്കെ ടോക്സിക് റിലേഷന്റെ ചുവന്ന കൊടികളാണ്. ഇത്രയുമൊക്കെകണ്ടിട്ടും അതിൽ നിന്ന് പുറത്തു വരാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾക്കൊരു വൈകാരിക അടിമത്വം വന്നതായി കണക്കാക്കാം.

2. നമുക്ക് ഇഷ്ടമുള്ള വ്യക്തി അവർക്ക് ഇഷ്ടമുള്ള കാര്യങ്ങളൊക്കെ നമ്മളിലേക്കും കൂടി അടിച്ചേൽപ്പിക്കുന്നു, അവിടെ നമുക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ പോലും നമുക്ക് ചെയ്തു കൊടുക്കേണ്ടി വരുന്നു. ഇക്കാര്യങ്ങൾ ആവർത്തിച്ചു നടക്കുന്നു എങ്കിൽ അതും ഒരു ടോക്സിക് റിലേഷൻഷിപ്പിന്റെ ലക്ഷണമാണ്. നിരന്തരം ഇത്തരം കാര്യങ്ങൾ നടന്നിട്ടും അഭിപ്രായ വ്യത്യാസങ്ങൾ പോലും തുറന്ന് പറയാൻ പറ്റാത്തത് ആ ബന്ധം നന്നല്ലാത്തതു കൊണ്ടാണ്. വസ്ത്രത്തിന്റ, ഭക്ഷണത്തിന്റെ, സൗഹൃദത്തിന്റേയൊക്കെ കാര്യങ്ങൾ മുതൽ ലൈംഗിക കാര്യങ്ങളിൽ വരെ ഇത്തരം അടിച്ചേൽപ്പിക്കലുകൾ സംഭവിക്കാറുണ്ട്.

3. പങ്കാളിയുടെ ഇഷ്ടം നേടിയെടുക്കാൻ വേണ്ടി ഏതറ്റം വരെയും സഹിക്കാം എന്ന മാനസികാവസ്ഥയുള്ളതും ടോക്സിക് റിലേഷൻഷിപ്പിന്റെ അടയാളമാണ്. പങ്കാളിക്ക് അമിത മദ്യപാനം, പുകവലി, ലഹരി ഉപയോഗം, രഹസ്യമായ ലൈംഗിക ബന്ധം എന്നിവയുണ്ടായിട്ടും നിങ്ങൾക്ക് അത് അംഗീകരിക്കാൻ പറ്റാഞ്ഞിട്ട് കൂടിയും അങ്ങനെയൊരാളുമായി പലതും കണ്ടില്ലെന്നു നടിച്ചും സഹിച്ചും അഭിപ്രായവ്യത്യാസം തുറന്ന് പറയാതെയും ബന്ധം തുടരുക എന്നതും വിഷലിപതമായ ബന്ധത്തിൽ നിങ്ങൾ കുരുങ്ങി പോയിരിക്കുന്നു എന്നതിന്റെ തെളിവാണ്. 

4. ശരീരിക പീഢനങ്ങൾ ഉള്ള ബന്ധം ഒരിക്കലും ആരോഗ്യകരമല്ല. ചെറുതും വലുതും എന്ന വ്യത്യാസമില്ലാതെ നിങ്ങളെ ശരീരികമായി ഉപദ്രവിക്കാൻ ആർക്കും അവകാശമില്ലെന്ന് മനസ്സിലാക്കാതെ അതിനോട് പ്രതികരിക്കാതെ ഒരു ബന്ധത്തിൽ തുടരുക എന്നതും വളരെ ടോക്സിക്കായ ബന്ധത്തിൽ നിങ്ങൾ പെട്ടുപോയിരിക്കുന്നു എന്നതിന്റെ തെളിവു തന്നയാണ്.

relationship-red-flags-FB

5. സ്വന്തം കഴിവിനും വിദ്യാഭ്യാസ യോഗ്യതയ്ക്കുമനുസരിച്ച് ഇഷ്ടമുള്ള ജോലി തിരഞ്ഞെടുക്കാൻ പങ്കാളി തടസം നിൽക്കുന്നതും ടോക്സിക് റിലേഷൻഷിപ്പിന്റെ ലക്ഷണമാണ്. നല്ല അവസരങ്ങൾ വന്നിട്ടും അതൊക്കെ തട്ടിത്തെറിപ്പിക്കുന്ന അതിനെ വില കുറച്ചു കാണുന്ന പങ്കാളിയോട് സ്വന്തം ആഗ്രഹങ്ങൾ തുറന്ന് പറയാൻ പറ്റാതെ വരിക, ആഗ്രഹങ്ങൾ മുളയിലേ നുള്ളേണ്ടി വരിക എന്നതൊക്കെ ചെയ്യേണ്ടി വരുന്നെങ്കിൽ നിങ്ങൾ ഒരു തരം അടിമത്വം സ്വയം സ്വീകരിച്ചെന്നാണ് അർഥം.

6. സാന്പത്തിക കാര്യങ്ങൾ അടക്കമുള്ള പ്രധാനകാര്യങ്ങൾ നിങ്ങളിൽ നിന്ന് മറച്ചു വയ്ക്കുക, നിങ്ങളെ അതിലൊന്നും പങ്കെടുപ്പിക്കാതിരിക്കുക എന്നതൊക്കെ മോശം ബന്ധത്തിന്റെ റെഡ് ഫ്ലാഗുകൾ തന്നയാണ്. ഇതേക്കുറിച്ച് ചോദിച്ചാലും ഒന്നും പറയാതിരിക്കുക, നിങ്ങളുടെ ആവശ്യങ്ങൾക്കു വേണ്ടി പോലും പണം ചിലവഴിക്കാൻ അനുവദിക്കുന്നില്ല എന്നതൊക്കെ അപായ സൂചനകളാണ്.

7. നമ്മളെക്കാൾ കൂടുതൽ പ്രാധാന്യം മറ്റുള്ളവർക്ക് നൽകുക. നമുക്കൊപ്പം ചിലവഴിക്കാൻ സമയമില്ലെന്ന് പറഞ്ഞ ശേഷം സുഹൃത്തുക്കളോ മാതാപിതാക്കളോ ജോലിസ്ഥലത്തോ ഒക്കെയായി ധാരാളം സമയം ചിലവഴിക്കുന്നുവെങ്കിലും അതൊരു അനാരോഗ്യകരമായ പ്രവണതയാണ്. ഇതൊക്കെ ചോദിക്കാനോ അതിനോട് പ്രതികരിക്കാനോ നിങ്ങൾക്ക് കഴിയാതെ വരുന്നതും നിങ്ങളൊരു ടോക്സിക് ബന്ധത്തിലാണെന്നതിന്റെ തെളിവാണ്.

റെഡ് ഫ്ലാഗുകൾ കണ്ടാൽ ആദ്യം ചെയ്യേണ്ടത് അത് കണ്ടില്ലെന്ന് നടിക്കല്ലല്ല മറിച്ച് അവ ഓരോന്നും പരസ്പരം തുറന്ന് സംസാരിക്കലാണ്. ഇന്നയിന്ന കാര്യങ്ങൾ എനിക്ക് വിഷമുണ്ടാക്കുന്നു എന്ന് പങ്കാളിയോട് തന്നെ തുറന്ന് പറയുക. അതിൽ ഇന്ന തരത്തിലുള്ള മാറ്റങ്ങൾ ഞാൻ പ്രതീക്ഷിക്കുന്നു, അതില്ലാതെ ഇങ്ങനൊരു ബന്ധത്തിൽ തുടരുന്നതിൽ അർഥമില്ലെന്നും പങ്കാളിയോട് പറയാം. കുറ്റപ്പെടുത്താത്ത രീതിയിൽ വളരെ മാന്യമായി ദൃഢമായി തന്നെ പറയുക. 

പറയുന്നത് പങ്കാളിക്ക് മനസ്സിലായി ആ വ്യക്തി മാറ്റം വരുത്താൻ ആത്മാർഥമായി ശ്രമിക്കുന്നുവെങ്കിൽ ആ ബന്ധത്തിന് വീണ്ടും അവസരം നൽകാവുന്നതാണ്. അതല്ല പറയുന്ന കാര്യങ്ങൾ ഒന്നും ചെവിക്കൊള്ളുന്നില്ല ഒക്കെ നിസ്സാരമായി തള്ളിക്കളയുകയും പറയുന്ന ആളെ പരിഹസിക്കുകയോ തിരിച്ച് കുറ്റപ്പെടുത്തുകയോ ഒക്കെയാണ് ചെയ്യുന്നതെങ്കിൽ അതൊരു ആരോഗ്യപരമായ ബന്ധമല്ല എന്ന് മനസ്സിലാക്കി പറ്റുന്നത്ര വേഗത്തിൽ അതിൽ നിന്ന് പുറത്തു കടക്കുന്നതാണ് നല്ലത്.

ഒരു ബന്ധത്തിൽ നിന്ന് പുറത്ത് കടന്നാൽ പിന്നെ ആ വാതിൽ അടച്ചു കുറ്റിയിട്ട് വേണം പോരാൻ. അല്ലാതെ അതിനു ശേഷം വ്യക്തിവൈരാഗ്യം വയ്ക്കുന്നതോ അയാളെ വ്യക്തിഹത്യചെയ്യാനോ ശ്രമിക്കുന്നതൊക്കെ നിങ്ങൾക്കു തന്നെ ദോഷമായി വരും. ഒരു ബന്ധം അവസാനിപ്പിച്ച് ഉടൻ തന്നെ അടുത്തതിലേക്ക് പോകുന്നതിനു പകരം സമയമെടുത്ത് മുറിവുകൾ ഉണക്കുക. അല്ലാതെ വിടവ് നികത്താൻ വേണ്ടി വേറൊരാളെ ഒപ്പം ചേർക്കുന്നത് എടുത്ത്ചാട്ടമാകും. അത് വീണ്ടും അപകടങ്ങള്‍ ആവർത്തിക്കാനേ ഇടവരുത്തൂ. 

എന്തുകൊണ്ട് കഴിഞ്ഞ ബന്ധം വർക്കൗട്ട് ആയില്ല, അതിൽ നിങ്ങൾക്ക് സംഭവിച്ച പിഴവുകൾ നികത്താൻ എന്തൊക്കെ ചെയ്യാം എന്നാലോചിച്ച് അതു ചെയ്യുക, ഇനി വരുന്നൊരാൾക്ക് എന്തൊക്കെ സവിശേഷതകള‍ വേണം, എന്താണ് നിങ്ങൾ തേടുന്നത് എന്നൊക്കെ നന്നായി മനസ്സിലാക്കിയ ശേഷം സമയമെടുത്ത് മാത്രം അടുത്തൊരു ബന്ധത്തിലേക്ക് പോകുക. റെഡ് ഫ്ലാഗുകൾ മാറി ജീവിതത്തിൽ വീണ്ടും ഗ്രീൻ സിഗ്നലുകൾ വരട്ടേ...

വിവരങ്ങൾക്കു കടപ്പാട്: ഡോ. അരുൺ ബി. നായർ, കൺസൾറ്റന്റ് സൈക്യാട്രിസ്റ്റ്, തിരുവനന്തപുരം മെഡിക്കൽ കോളജ്.