Monday 27 June 2022 04:21 PM IST : By സ്വന്തം ലേഖകൻ

'അരുതേ.. ഈ മത്സരപ്പാച്ചിൽ... നഷ്ടം ഒരു കുടുംബത്തിനു താങ്ങാകേണ്ട ജീവനാകാം'; ന്യൂജൻ ബൈക്കുമായി സാഹസിക യാത്രയ്ക്ക് ഇറങ്ങുന്നവർ അറിയാൻ, കുറിപ്പ്

accimvddd

"സ്വയം നിയന്ത്രിക്കാൻ കഴിയാത്ത മാനസിക പക്വതയുള്ളവരും ശാരീരിക ക്ഷമതയുള്ളവരും ഇത്തരം യന്ത്രം കൈകളിലെത്തുമ്പോൾ ആവേശപൂർവം കാണിക്കുന്ന അഭ്യാസങ്ങൾ ഉണ്ടാക്കുന്ന നഷ്ടം അവർക്കും അവരുടെ കുടുബത്തിനും മാത്രമല്ല, നിരപരാധികളായ മറ്റു റോഡ് ഉപഭോക്താക്കൾക്കും അവരുടെ കുടുംബത്തിനും കൂടിയാണ് എന്നതാണ് വസ്തുത. അതു മിക്കപ്പോഴും ഒരു കുടുംബത്തിനു താങ്ങാകേണ്ട ജീവനാകാം. അവർക്കത് താങ്ങാനാവാത്ത, എന്നന്നേക്കും നികത്താനാകാത്ത നഷ്ടങ്ങളുമായിരിക്കാം."- എംവി‍ഡി കേരളാ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

എംവി‍ഡി കേരളാ പങ്കുവച്ച കുറിപ്പ് വായിക്കാം;

അരുതേ.. ഈ  മത്സരപ്പാച്ചിൽ... 

ഇരുചക്ര വാഹനങ്ങൾ മുഖാമുഖം കൂട്ടിയിടിച്ചു രണ്ടു കൂട്ടരും മരണപ്പെടുന്ന വാർത്തകൾ പതിവാകുന്നുവോ? അത്തരം അപകടങ്ങളിൽ ഒരു വശത്ത് (മിക്കപ്പോഴും രണ്ടു വശത്തും) ന്യൂജൻ ബൈക്കുകളും ടീനേജർമാരും തന്നെയാകും. ആ വാഹനങ്ങൾ ഒന്ന് പരിശോധിച്ചാൽ ചില കോഡുകൾ അഥവാ സാമൂഹമാധ്യമങ്ങളിൽ ഉപയോഗിക്കുന്ന ഐഡികൾ എഴുതിയിട്ടുണ്ടാകും. ഈ ഐഡിയിൽ കയറി നോക്കുമ്പോഴാണ് ഈ അഭ്യാസിയുടെ പൂർവ്വകാലത്തെ അപകടകരമായ റോഡ് അഭ്യാസങ്ങളും മറ്റും കാണാൻ സാധിക്കുക. 

അയാളുടെ അതിസാഹസികതകൾക്ക് കയ്യടിക്കാനും ലൈക്കടിച്ച് പ്രോത്സാഹിപ്പിക്കാനും ഗ്യാലറിയില്‍ നിരവധി ടീനേജര്‍മാരായ ഫോളോവേഴ്സ് ഉണ്ടാകും. എന്നാല്‍ തുച്ഛമായ വരുമാനം മാത്രമുള്ള രക്ഷിതാക്കൾ മക്കളുടെ നിർബന്ധത്താൽ ലോണെടുത്ത വാങ്ങിനല്‍കിയ ലക്ഷങ്ങൾ വിലയുള്ള, നല്ല പെർഫോർമൻസ് ഉള്ള ന്യൂജൻ വാഹനങ്ങൾ മറ്റേതൊരു വാഹനവും പോലെ അപകടസാധ്യതയുള്ള ഒരു യന്ത്രം മാത്രമാണ്. അതിലെ അപകടരഹിതയാത്ര എന്നത് പൂർണ്ണമായും അതിന്റെ നിയന്ത്രിതാവിന്റെ കയ്യിൽ മാത്രം നിക്ഷിപ്തമായ ഒന്നുമാണ്.

സ്വയം നിയന്ത്രിക്കാൻ കഴിയാത്ത മാനസിക പക്വതയുള്ളവരും ശാരീരികക്ഷമതയുള്ളവരും ഇത്തരം യന്ത്രം കൈകളിലെത്തുമ്പോൾ ആവേശപൂർവം കാണിക്കുന്ന അഭ്യാസങ്ങൾ ഉണ്ടാക്കുന്ന നഷ്ടം അവർക്കും അവരുടെ കുടുബത്തിനും മാത്രമല്ല, നിരപരാധികളായ മറ്റു റോഡ് ഉപഭോക്താക്കൾക്കും അവരുടെ കുടുംബത്തിനും കൂടിയാണ് എന്നതാണ് വസ്തുത. അതു മിക്കപ്പോഴും ഒരു കുടുംബത്തിനു താങ്ങാകേണ്ട ജീവനാകാം. അവർക്കത് താങ്ങാനാവാത്ത, എന്നന്നേക്കും നികത്താനാകാത്ത നഷ്ടങ്ങളുമായിരിക്കാം.

നല്ല റോഡുകൾ ഇല്ല എന്ന് പരിതപിക്കുന്ന നാം, ലഭ്യമായ നല്ല റോഡുകളിൽ ട്രാഫിക് തിരക്കുകൾ ഒട്ടും ഇല്ലെങ്കിലും വാഹനങ്ങൾ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ കുറച്ചധികം ശ്രദ്ധയും ക്ഷമയും സാമാന്യബുദ്ധിയും കാണിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ ചിത്രഗുപ്തന്റെ കണക്കുപുസ്തകത്തിലെ കാലന്റെ ടാർജറ്റ് നേരത്തേ തികയ്ക്കാൻ അവസരമൊരുക്കലാകും സംഭവിക്കുക.

കഴിഞ്ഞദിവസം തിരുവനന്തപുരം വിഴിഞ്ഞം ഭാഗത്ത് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചു നടന്ന അപകടം നൽകുന്ന പാഠവും മറ്റൊന്നല്ല. ഇനിയെങ്കിലും നിർത്തുക ഇത്തരം അതിസാഹസികത. റോഡ് സുരക്ഷ നമ്മുടെ കൂട്ടുത്തരവാദിത്തമാണ്. അത് ഓരോ റോഡ് ഉപയോക്താക്കളുടേയും കൈകളിലാണ്.  നമുക്ക് കൈകോർക്കാം, വരൂ നമുക്കൊന്നായി നമ്മുടെ റോഡുകൾ സുരക്ഷിതമാക്കാം..