Saturday 30 July 2022 02:55 PM IST

‘എടുക്കുന്ന ഓരോ ചിത്രത്തെയും സ്നേഹിക്കാൻ തുടങ്ങിയാൽ അതിനെക്കാൾ മികച്ച ജോലി വേറേയില്ല’; സജ്ന സംഗീത് ശിവന്‍ പറയുന്നു

Roopa Thayabji

Sub Editor

sajna44fhbhrg

അപ്പൂപ്പൻ കേരളത്തിലെ ആദ്യകാല സ്റ്റിൽ ഫൊട്ടോഗ്രഫർ. അച്ഛൻ ഇന്ത്യ കണ്ട മികച്ച സിനിമാ സംവിധായകരിലൊരാൾ. അച്ഛന്റെ അനിയൻ ഇന്ത്യൻ സിനിമയിലെ വിസ്മയ ഛായാഗ്രാഹകൻ. സംവിധായകൻ സംഗീത് ശിവന്റെ മകൾ ക്യാമറയ്ക്കു പിന്നിലെത്തിയില്ലെങ്കിലേ അദ്ഭുതപ്പെടാനുള്ളൂ.

‘‘തിരുവനന്തപുരത്താണ് ഞാൻ ജനിച്ചതും വളർന്നതും. അപ്പൂപ്പന്റെയും അച്ഛന്റെയും കൂടെ ശിവൻസ് സ്റ്റുഡിയോലേക്കു പോകാൻ വാശി പിടിച്ചു കരഞ്ഞ കുട്ടിക്കാലം മുതലാണ് എന്റെ ക്യാമറ ഓർമകൾ ഫ്ലാഷ് മിന്നിക്കുന്നത്.’’ മൂന്നു തലമുറ പിന്നിട്ട് തന്നിലെത്തിയ ക്യാമറക്കാലത്തെ കുറിച്ച് സജ്ന പറഞ്ഞു തുടങ്ങി.

ബ്ലാക് ആൻഡ് വൈറ്റ്

‘‘സ്റ്റുഡിയോയിൽ ചെന്നാൽ ഫോട്ടോ എടുക്കുന്നതിനെക്കാൾ ‍ഞാൻ ശ്രദ്ധിച്ചിരുന്നത് അവിടെ വരുന്നവർ മേക്കപ് ചെയ്യുന്നതാണ്. വലിയ ലൈറ്റുകൾക്കു മുന്നിൽ അവർ വന്നു നിന്ന് പുഞ്ചിരിക്കുമ്പോൾ സന്തോഷമുള്ള എന്തോ കാര്യമാണ് സംഭവിക്കുന്നതെന്നും ഞാൻ തിരിച്ചറിഞ്ഞു.

സ്റ്റുഡിയോയിലെ ലൈബ്രറിയിൽ അപ്പൂപ്പന്റെയും അ ച്ഛന്റെയും  അങ്കിളിന്റെയുമൊക്കെ കുറേ ഫൊട്ടോഗ്രഫി ബുക്കുകളുണ്ട്. അതു മറിച്ചു നോക്കാനും ആൽബങ്ങളിലെ ഫോട്ടോ കാണാനും എനിക്ക് ഇഷ്ടമായിരുന്നു.  ആദ്യത്തെ ഫിലിം ക്യാമറയും മൂവി ക്യാമറയുമൊക്കെ എന്നെ പരിചയപ്പെടുത്തിയതും അപ്പൂപ്പനാണ്. ഇപ്പോൾ ആൽബങ്ങൾ ബാക്കിയാക്കി അപ്പൂപ്പൻ പോയെങ്കിലും ആ ഓർമകളാണ് എന്റെ ശക്തി.

ഡിജിറ്റലിനു മുൻപുള്ള പ്രിന്റിങ്ങിന്റെ കാലമല്ലേ. സ്റ്റുഡിയോയ്ക്കുള്ളിലെ റെഡ്‌റൂമിലേക്ക് അപ്പൂപ്പൻ എന്നെയും കൊണ്ടുപോകും. നെഗറ്റീവിൽ നിന്ന് പ്രിന്റ് ചെയ്തെടുത്ത ഫോട്ടോ ഡെവലപ് ചെയ്യുന്നതും അവ ഓരോന്നായി ചരടിൽ ക്ലിപ് ചെയ്യുന്നതുമൊക്കെ എന്റെ കൂടി ഉത്തരവാദിത്തമാണെന്ന് ഞാൻ കരുതി. ഒൻപതാം ക്ലാസ് വരെ തിരുവനന്തപുരത്ത് ഹോളി ഏയ്ഞ്ചൽസിലാണ് പഠിച്ചത്. അതു കഴിഞ്ഞ് മുംബൈയിലേക്കു പോയി.

കളർ ഫോട്ടോകാലം

മുംബൈയിൽ എത്തിയ ശേഷം ആർട്സിലാണ് ഞാൻ ബിരുദമെടുത്തത്. ആ സമയത്തൊന്നും ഫൊട്ടോഗ്രഫിയാകും മേഖലയെന്ന് ചിന്തിച്ചിട്ടേയില്ല. അഡ്വർടൈസിങ് കോഴ്സ് പൂർത്തിയാക്കിയപ്പോൾ സ്വപ്നം കണ്ടത് ഏതെങ്കിലും ആഡ് ഏജൻസിയിലെ ജോലിയാണ്.

ഇതിനിടെ എപ്പോഴോ ഞാൻ ക്യാമറയെ കൂട്ടുകാരനാക്കിയിരുന്നു. ക്യാമറ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആരും പറഞ്ഞു തരാതെ തന്നെ പഠിച്ചു. അങ്ങനെയിരിക്കെ ഞങ്ങളെല്ലാവരും കൂടി കുടുംബസമേതം ഇന്തോനീഷ്യയിൽ ട്രിപ് പോയി. തിരികെ വന്ന് ഞാനെടുത്ത ഫോട്ടോസ് കണ്ട സുഹൃത്താണ് ‘ലോൺലി പ്ലാനറ്റ്’ എന്ന ട്രാവൽ മാഗസിനിലേക്ക് കുറച്ചു ഫോട്ടോകൾ അയക്കാൻ പറഞ്ഞത്. അവ പ്രിന്റ് ചെയ്തു വന്ന ദിവസം ഞാൻ തിരിച്ചറിഞ്ഞു; ഇതാണ് എന്റെ കരിയർ. ആദ്യത്തെ എന്റെ ഒഫിഷ്യൽ ഫോട്ടോഷൂട്ടിലെ മോഡൽ എട്ടുമാസം പ്രായമുള്ള ഒരു കുട്ടിയായിരുന്നു. അവരുടെ ഫോട്ടോ എടുക്കുന്നത് എളുപ്പമാണെന്നു കരുതിയാണ് ഞാൻ പോയത്. കുറച്ചു കഷ്ടപ്പെട്ടെങ്കിലും അതുപോലെ സന്തോഷിച്ച ദിവസം വേറേയില്ല.

സെലിബ്രിറ്റി കാലം

പല സെലിബ്രിറ്റികളുടെ ഫോട്ടോ എടുത്തിട്ടുണ്ട്. അതിൽ സിനിമാ താരങ്ങളും മോഡലുകളുമൊക്കെ പെടും. ചിലർക്ക് ഏതു പോസ് ചെയ്യാനും മടിയില്ല. പക്ഷേ, ചിലർ ക്യാമറയ്ക്കു മുന്നിൽ കോൺഷ്യസ് ആകും. നല്ല പടങ്ങൾ കിട്ടുക എന്നതു മാത്രമാണ് എന്റെ ലക്ഷ്യം. അതിനാൽ എത്ര സമയമെടുത്തു ഷൂട്ട് ചെയ്യാനും മടിയില്ല.

ഈ കരിയർ തിരഞ്ഞെടുത്തപ്പോൾ അച്ഛൻ തന്നത് ഒരു ഉപദേശം മാത്രമാണ്, ‘ഇതൊരു സ്ഥിരതയുള്ള ജോലിയല്ല. പക്ഷേ, ഇഷ്ടമുള്ള ജോലി ചെയ്യുമ്പോഴുള്ള സന്തോഷം എപ്പോഴുമുണ്ടാകും.’ സന്തോഷ് ശിവൻ അങ്കിൾ പറഞ്ഞത്, ‘എടുക്കുന്ന ഓരോ ചിത്രത്തെയും സ്നേഹിക്കാൻ തുടങ്ങിയാൽ അതിനെക്കാൾ മികച്ച ജോലി വേറേയില്ല’ എന്നാണ്.

പരസ്യങ്ങൾക്കു വേണ്ടിയാണ് കൂടുതൽ ഫോട്ടോസ് എടുക്കാറ്. അജിയോ, ലെൻസ്കാർട്ട് പോലുള്ള ബ്രാൻഡുകളുടെ മാർക്കറ്റിങ് ഫോട്ടോഷൂട്ടുകൾക്കു പുറമേ സെലിബ്രിറ്റി പോർട്ട്ഫോളിയോകളും ചെയ്യുന്നുണ്ട്.

മോസ്റ്റ് ബ്യൂട്ടിഫുൾ

കണ്ണിലെ ചിരി, മൂക്കിന്റെ ആകൃതി എന്നിങ്ങനെ എല്ലാവർക്കും അവരുടേതായ ഒരു ബ്യൂട്ടി എലമെന്റ് ഉണ്ടാകും. അതു കണ്ടെത്തുമ്പോഴാണ് ആളുകളുടെ സൗന്ദര്യം പുറത്തുവരുന്നത്. അവർ പോലും ചിന്തിക്കാത്ത ഭംഗിയിൽ അവരുടെ ചിത്രമെടുത്തു നൽകുമ്പോഴാണ് എന്നിലെ ഫൊട്ടോഗ്രഫർ വിജയിക്കുന്നത്.

മലയാളത്തിൽ അന്ന ബെന്നിനൊപ്പവും സ്രിന്റയ്ക്കൊപ്പവും വർക് ചെയ്തിട്ടുണ്ട്. വൈപ്പിനിൽ വച്ച് അന്ന ബെന്നിന്റെ ഷൂട്ടിങ് നടക്കുമ്പോൾ ഒരു സംഭവമുണ്ടായി. സൂര്യൻ അസ്തമിക്കാൻ അര മണിക്കൂർ കൂടിയേ ബാക്കിയുള്ളൂ. ആ റെഡ് ലൈറ്റിൽ ഒരു ലുക് കൂടി എടുത്താലോ എന്നാണ് എന്റെ ആലോചന. പക്ഷേ, വസ്ത്രം മാറാൻ സൗകര്യമില്ല.

എല്ലാം കണ്ടു നിന്ന ഒരു ചേട്ടൻ അദ്ദേഹത്തിന്റെ വീട്ടിലേക്കു വിളിച്ചു കൊണ്ടുപോയി. അന്ന വസ്ത്രം മാറിയിറങ്ങുമ്പോൾ നിറഞ്ഞ ചിരിയും ചായക്കപ്പുകളുമായി ചേട്ടത്തി പുറത്തു കാത്തു നിൽക്കുന്നു. ആ ഫോട്ടോഷൂട്ട് കഴിഞ്ഞ് ഞങ്ങളെല്ലാം കൂടി തിരയെണ്ണി മണലിലിരുന്നു.

മലയാള സ്നിമയിലെ എല്ലാവരെയും ക്യാമറയിൽ പ കർത്തണമെന്നു മോഹമുണ്ട്, പ്രത്യേകിച്ച് ഫഹദ് ഫാസിസിനെ. വളരെ എക്സ്പ്രസീവ് ആയ കണ്ണുകളാണ് ഫഹദിന്റേത്.

പരസ്യചിത്ര സംവിധായകൻ കൂടിയായ ദീപക് തോമസാണ് ഭർത്താവ്. മോൻ സാഹസിനു വേണ്ടി ഒരു വർഷം ബ്രേക്കെടുത്തെങ്കിലും ഇപ്പോൾ വീണ്ടും ഷൂട്ടുകൾ ചെയ്തു തുടങ്ങി.’’