‘നില്ല് നില്ല് ചലഞ്ചുകാരെ’ നിരത്തുകളിൽ നിന്നും ഒരു വിധം ഒതുക്കിക്കൊണ്ട് വരികയാണ് കേരള പൊലീസ്. അതിനിടയിൽ ഇങ്ങനൊരു പണി കിട്ടുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാകില്ല. നില്ല് നില്ല് കളിച്ച് ഒടുവിൽ പൊലീസ് സ്റ്റേഷൻ വരെയെത്തിയിരിക്കുകയാണ് ഒരു വിരുതൻ. പക്ഷേ ഇവിടെ ഒരു വ്യത്യാസം മാത്രം, സാന്റാക്ലോസിന്റെ വേഷത്തിലെത്തിയാണ് പൊലീസുകാരുടെ മുന്നിൽ നില്ല് നില്ല് ആടി തിമിർത്തത്. കക്ഷി സാന്ത ആയതും കൊണ്ട് പൊലീസുകാർ എന്തായാലും നില്ല് നില്ലിനോട് നോ പറഞ്ഞിട്ടില്ല.
ജാസി ഗിഫ്റ്റിന്റെ ഹിറ്റ് ഗാനമായ നില്ല് നില്ല് നില്ലെന്റെ നീലക്കുയിലെ എന്ന ഗാനത്തെ കൂട്ട് പിടിച്ചായിരുന്നു സോഷ്യൽ മീഡിയയിൽ നില്ല് നില്ല് ചാലഞ്ച് പ്രത്യക്ഷപ്പെടുന്നത്. പാട്ടിനൊപ്പിച്ച് ചുവടുവെച്ച് ബസിന് മുന്നിലും പൊലീസ് ജീപ്പിന്റെ മുന്നിലുമൊക്കെ ചാടുന്നതാണ് രീതി. ഓടിയെത്തുന്ന ബസ് ഉൾപ്പടെയുള്ള വാഹനങ്ങൾക്കു മുമ്പിൽ ഹെൽമറ്റ് ധരിച്ചും ധരിക്കാതെയും ചാടിവീഴുന്ന യുവാക്കൾ വാഹനത്തിനു മുമ്പിൽ കിടന്ന് ചാടി മറിയുന്നതിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.