Thursday 12 April 2018 02:54 PM IST : By സ്വന്തം ലേഖകൻ

ബുള്ളറ്റ് ഓടിച്ച് പുതുമണവാട്ടി ഷെറില്‍; ജിമിക്കി കമ്മലിന് ശേഷം മറ്റൊരു കിടു വിഡിയോ

sheril

ജിമിക്കി കമ്മൽ താരമായ ഷെറിൽ ജി കടവന്റെ വിവാഹ നിശ്ചയമായിരുന്നു കഴിഞ്ഞ ദിവസം.  തൊടുപുഴക്കാരൻ പ്രഫുൽ ടോമിയെയാണ് ഷെറിൽ വിവാഹം ചെയ്യാനൊരുങ്ങുന്നത്. കളമശേരി രാജഗിരികോളജിൽ അധ്യാപികയായ ഷെറിൽ വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മൽ എന്ന പാട്ടിന് ചുവടുവച്ചാണ് പ്രശസ്തയായത്. അധ്യാപരെയും വിദ്യാർത്ഥികളെയും അണിനിരത്തി പെട്ടെന്നൊരു ഡാൻസ് സംഘടിപ്പിച്ചതാണെങ്കിലും അതങ്ങ് വൈറലായി ഷെറിലും പ്രശസ്തയാകുകയായിരുന്നു. പാട്ട് വൈറലായതോടുകൂടി ഷെറിൽ സിനിമയിലേക്കുണ്ടോ എന്നതായിരുന്നു അടുത്ത ചോദ്യം. സിനിമയോട് നോ ആയിരുന്നു ഉത്തരമെങ്കിലും ഷെറിൽ ഒരു വിഡിയോ ആൽബത്തിലൂടെ വീണ്ടും തിളങ്ങുകയാണ്.

ദേർ ഈസ് നോ ഗുഡ്ബൈ...എന്ന ഗാനത്തിന്റെ അടിപൊളി ആൽബം വിഡിയോ ആണ് ഷെറിലിന്റേതായി പുറത്തുവന്നിരിക്കുന്നത്. വിവാഹം കഴിക്കാനൊരുങ്ങുന്ന ഷെറിൽ വിവാഹ വേഷത്തിലും ആൽബം സോങ്ങിൽ എത്തുന്നുണ്ട്. ഷെറിലിനൊപ്പം ഐറിന മിഹാൽകോവിച്ച് എന്ന വിദേശ വനിതയും ഇൗ വിഡിയോയിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇരുവരും തമ്മിലുള്ള സൗഹൃദവും കേരളത്തിലെത്തിയ വിദേശ സുഹൃത്തിനെ നാടുകാണിക്കാൻ കൂട്ടിക്കൊണ്ട് പോകുന്ന സുഹൃത്തും വിവാഹം കഴിഞ്ഞ് പിരിയുന്ന ഇവരുടെ സങ്കടവുമെല്ലാം ആൽബത്തിൽ കാണാം. 

ബുള്ളറ്റ് ഓടിച്ച് ഐറിനയ്ക്കൊപ്പം കറങ്ങാൻ പോകുന്ന ബോൾഡ് ആയ കൂട്ടുകാരിയാണ് ഷെറിൽ. മെജോ ജോസഫ് ഈണം പകർന്ന മനോഹരമായ ഗാനം 4 കെയിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത് എന്നത് കൊണ്ട് തന്നെ  വിഡിയോ കാണാനും കേൾക്കാനും അതി മനോഹരമാണ്. ശ്യാം കുമാറാണ് ‘ദേർ ഇൗസ് നോ ഗുഡ്ബൈ’യുടെ സംവിധായകൻ. ശ്രീകാന്ത് ഇൗശ്വറാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.