Friday 03 December 2021 04:12 PM IST : By സ്വന്തം ലേഖകൻ

ആകെ 15 സെന്റിമീറ്റർ നീളവും ഏഴു സെന്റിമീറ്റർ വീതിയും; മമ്മൂക്കയെ കാത്ത് ഷിഹാബുദ്ദീന്റെ ‘കുഞ്ഞ് അക്വേറിയം’

shihab-aqqqrtyy

വിധി നൽകിയ ശാരീരിക പരിമിതികളെ അതിജീവിച്ച് ഷിഹാബുദ്ദീൻ നിർമ്മിച്ച കുഞ്ഞ് അക്വേറിയം ശ്രദ്ധേയമാകുന്നു. ഭിന്നശേഷി ദിനത്തിൽ സ്വന്തമായി നിർമിച്ച കുഞ്ഞ് അക്വേറിയവുമായി പ്രിയതാരം മമ്മൂക്കയെ കാത്തിരിക്കുകയാണ് ഷിഹാബുദ്ദീൻ പൂക്കോട്ടൂർ. കുഞ്ഞ് അക്വേറിയം മമ്മൂട്ടിക്ക് സമ്മാനിക്കണമെന്നാണ് ഷിഹാബുദ്ദീന്റെ ആഗ്രഹം. മമ്മൂക്കയെ നേരിൽക്കണ്ട് ഉപഹാരം നൽകാനാകുമെന്ന പ്രതീക്ഷയിലാണ് ഷിഹാബ്.

ലോകത്തിലെ ഏറ്റവും ചെറിയ അക്വേറിയമെന്നാണ് ഷിഹാബുദ്ദീൻ ഇതിനെ വിശേഷിപ്പിക്കുന്നത്. മരം കൊണ്ടു നിർമിച്ച സ്റ്റാൻഡ് അടക്കം 15 സെന്റിമീറ്ററാണ് നീളം. ഏഴു സെന്റിമീറ്ററാണ് അകത്തെ വീതി. മരം, ഗ്ലാസ്, ഐസ്ക്രീം സ്റ്റിക് എന്നിവ ഉപയോഗിച്ചാണ് നിർമാണം. മരവും ഗ്ലാസുമെല്ലാം തുല്യമായ അളവിൽ മുറിക്കുന്നതുൾപ്പെടെ എല്ലാ ജോലികളും ചെയ്തതു ഷിഹാബുദ്ദീനാണ്. 

ശാരീരിക പരിമിതികൾക്കു മുന്നിൽ മുട്ട് മടക്കാതെ വിധിയെ വെല്ലുവിളിച്ച് സമൂഹത്തിന് മുന്നിൽ പുതിയ ചരിത്രം രചിച്ച സിപി ഷിഹാബ് മലപ്പുറം പൂകോട്ടൂർ സ്വദേശിയാണ്. സ്വപ്‌നങ്ങളും പരിശ്രമിക്കാനുള്ള മനസ്സും മാത്രം മതി ജീവിതത്തിൽ ഉന്നതങ്ങളിലെത്താൻ എന്ന് തെളിയിച്ച വ്യക്തിത്വമാണ് ഷിഹാബുദ്ധീൻ പൂകോട്ടൂർ.

ജന്മനാ തന്നെ കൈകാലുകൾ ഇല്ലാത്ത ഷിഹാബ് ചിത്രരചനയിലും, സംഗീതോപകരണങ്ങളിലും, കായിക വിനോദങ്ങളിലും, മാത്രമല്ല നൃത്തരംഗത്തും അഭിനയ രംഗത്തും പ്രതിഭ തെളിയിച്ചിട്ടുണ്ട്. ഒപ്പം നിരവധി മോട്ടിവേഷ്ണൽ ക്ലാസ്സുകളും ഷിഹാബ് കൈകാര്യം ചെയ്യുന്നു. 2012 ൽ മലപ്പുറം ജില്ലയിലെ ഏറ്റവും നല്ല ചിത്രകാരനുള്ള സംഗമിത്രയുടെ പുരസ്‌കാരവും ഷിഹാബിനെ തേടിയെത്തി. മോട്ടിവേഷണൽ സ്പീക്കർ എന്ന നിലയിലും ഷിഹാബ് സുപരിചിതനാണ്.

ഇതാണോ ലോകത്തിലെ ഏറ്റവും ചെറിയ അക്വാറിയം?