Wednesday 17 July 2019 05:16 PM IST

21–ാം വയസിൽ പഞ്ചായത്ത് മെമ്പർ, സമരവീഥിയിലെ ഒറ്റയാൾ പോരാളി; തലസ്ഥാന നഗരിയെ പ്രകമ്പനം കൊള്ളിച്ച സമരനായിക ശിൽപ ഇതാണ്

Binsha Muhammed

silpa-new

സിങ്കം സിങ്കിളാ താൻ വരും...സ്റ്റൈൽ മന്നന്റെ തീപ്പൊരി ഡയലോഗ് കേട്ട് രോമാഞ്ചമണിഞ്ഞവർ ഒരു സിങ്കക്കുട്ടിയുടെ പോരാട്ടവീര്യം കണ്ട് അന്തംവിട്ടു നിൽക്കുകയാണ്. സുരക്ഷാഭടൻമാർ കോട്ടകെട്ടിയ ‘സെക്രട്ടേറിയേറ്റ് അരമനയും’ മതിൽക്കെട്ടും ചാടിക്കടന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിലകൊള്ളുന്ന നോർത്ത് ബ്ലോക്കിനു കീഴെ വന്ന് നിർഭയം മുദ്രാവാക്യം വിളിച്ച ശിൽപയെന്ന തന്റേടിപ്പെണ്ണ്. തളരാത്ത ആ കരളുറപ്പിനെ നാലും അഞ്ചും പേർ ചേർന്ന് വരിഞ്ഞു മുറുക്കി ജീപ്പിലേക്കു കയറ്റിയപ്പോഴും കേട്ടു, ഇടറാത്ത ശബ്ദം...!കെ.എസ്‍.യൂ സിന്ദാബാദ്!

shilpa-1

രാഷ്ട്രീയം മാറ്റിവച്ച് കേരളക്കര അമ്പരപ്പോടെ ശ്രവിച്ച ആ വിപ്ലവ വനിതയെ ‘വനിത ഓൺലൈൻ തേടിച്ചെല്ലുമ്പോൾ’ തിരുവനന്തപുരത്ത് റിമാൻഡിങ്ങ് നടപടികൾ പുരോഗമിക്കുകയാണ്. കേരള മുഖ്യമന്ത്രിക്ക് കോട്ടകെട്ടി കാവൽ നിന്ന ഏമാൻമാരെ അൽപ സമയത്തേക്കെങ്കിലും വട്ടം കറക്കിയ ശിൽപയെ റിമാൻഡ് ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.

യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥിയെ എസ്എഫ്ഐ നേതാക്കൾ കുത്തിയതിനെ തുടർന്നുള്ള പ്രതിഷേധങ്ങൾ സെക്രട്ടേറിയറ്റിലേക്കു നീണ്ടപ്പോഴാണ് ഏവരും ആ പോരാട്ട വീര്യത്തിന് സാക്ഷ്യം വഹിച്ചത്. യൂണിവേഴ്സിറ്റി വിഷയത്തിൽ പ്രതിഷേധവുമായെത്തിയ ആൺകുട്ടികൾ ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് തുടക്കത്തിൽ തന്നെ തടഞ്ഞിരുന്നു. ശിൽപയെ മഫ്തിയിലുള്ള വനിത പൊലീസ് പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും അവർ നിലത്തുകിടന്ന് എതിർത്തു. കൂടുതൽ വനിതാ പൊലീസെത്തിയാണ് പെൺകുട്ടിയെ ഇവിടെനിന്നു മാറ്റിയത്.

shilpa-2

കേരളത്തിലെ മാധ്യമങ്ങൾ ആഘോഷിക്കും പോലെ ഒരു സുപ്രഭാതത്തിൽ പൊട്ടിമുളച്ച നേതാവല്ല ശിൽപയെന്ന് കെഎസ്‍യു നേതൃത്വം പറയുന്നു. തൃശൂര്‍ അരിമ്പൂർ പഞ്ചായത്തിലെ മൂന്നാം വാർഡ് മെമ്പർ കൂടിയാണ് ഈ ഫയർബ്രാൻഡ് നേതാവ്. കേവലം ഇരുപത്തിയൊന്നാം വയസിൽ പഞ്ചായത്ത് മെമ്പറെന്ന മേൽവിലാസം ചേർത്തു വച്ച ശിൽപ കേരളത്തിലെ പ്രായം കുറഞ്ഞ പഞ്ചായത്ത് മെമ്പർ എന്ന ഖ്യാതിയും അലങ്കരിക്കുന്നു. കെ.എസ്‍.യു സംസ്ഥാന സെക്രട്ടറിയാണ് ഇപ്പോൾ. 

shilpa-3

അഭിഭാഷക എന്ന നിലയിലും പേരെടുത്തിട്ടുണ്ട് ശിൽപ. ലോ കോളേജിലെ തീപ്പൊരി നേതാവും പ്രഭാഷകയുമായി  പേരെടുത്താണ് പോരാട്ടവീഥിയിൽ തൻറെ വരവ് ശിൽപ അടയാളപ്പെടുത്തുന്നത്.  പോരാട്ട വീര്യത്തിന്റെ വിത്തുപാകിയ ഒരുപിടി ജനകീയ സമരങ്ങൾക്കൊടുവിൽ കെസ്‍യുവിന്റെ അമരത്തേക്ക്. ഒറ്റയാൾ പോരാട്ടം തന്നെയാണ് ശിൽപയിലെ നേതാവിനെ കേരള രാഷ്ട്രീയ ഭൂമികയിൽ വ്യത്യസ്തയാക്കുന്നത്. ഇതിനു മുമ്പ് മുഖ്യമന്ത്രി പങ്കെടുത്തൊരു പരിപാടിയിൽ ഒറ്റയ്ക്ക് ഇരച്ചു കയറി പ്രതിഷേധം തീർത്തത് മുന്‍കാല ചരിത്രം.  പരമേശ്വരൻ, ഓമന എന്നിവരാണ് മാതാപിതാക്കൾ.

Tags:
  • Social Media Viral