നിഷ് (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് & ഹിയറിങ്) നിശബ്ദതയുടെ ലോകമാണ്. നാലുമണി കാറ്റിനൊപ്പം അവിടെയെത്തുമ്പോൾ കോളജ് വിടുന്ന സമയത്തെ ആരവങ്ങളോ കലപില ശബ്ദങ്ങളോ ഉണ്ടായിരുന്നില്ല. എങ്കിലും ഓരോ മുഖങ്ങളിലും ആഹ്ലാദത്തിന്റെ കുഞ്ഞു സൂര്യൻ വെട്ടം പൊഴിച്ചു നിൽപ്പുണ്ട്. എന്തൊരു ഊർജസ്വലതയാണ് അവരുടെ ചലനങ്ങൾക്ക്. കൂട്ടുകൂടുന്ന ലോകങ്ങളിൽ മുഴുകി, പൊട്ടിച്ചിരിച്ച്...
അവർക്കൊപ്പം പ്രിയ അധ്യാപിക സിൽവി മാക്സി മേനയുമുണ്ട്. ആംഗ്യഭാഷയ്ക്കു താളച്ചുവടിന്റെ ഇമ്പമുണ്ടെന്നു പഠിപ്പിച്ച, പാട്ടും നൃത്തവും ഒരു ലോകത്തിനും അന്യമല്ലെന്നു കാണിച്ചു തരുന്ന അധ്യാപിക.
നിഷിലേക്ക് എത്തുന്നത്
‘‘ഡിഗ്രിക്കു പഠിക്കുമ്പോൾ ബധിരരായ സുഹൃത്തുക്കളുണ്ടായിരുന്നു. ‘വീടെവിടെ?’ എന്ന ചോദ്യത്തിന് അതിലൊരാൾ ആദ്യം എന്നോടു കൈമുദ്രകളിൽ കാണിച്ച വാക്ക് എംഎഡിആർഎഎസ് എന്നാണ്. ‘മാഡ് ഡ്രസ്’ എന്നാണു ഞാനാദ്യം മനസ്സിലാക്കിയത്. വിശദീകരണങ്ങൾക്കൊടുവിൽ ആ വാക്കു മുന്നിൽ തെളിഞ്ഞു. ‘മദ്രാസ്’.
അക്കാലത്തു ദൂരദർശനിൽ ഞായറാഴ്ച ബധിരർക്കുള്ള ന്യൂസ് ഉണ്ടായിരുന്നു. ഞാനതു വിടാതെ കാണും. അതുകണ്ടു വീട്ടിൽ വരുന്നവരൊക്കെ ചോദിക്കും: ‘ഇതെന്തിനാണു കാണുന്നത്?’ അപ്പോൾ പപ്പ പറയും ‘പുതിയൊരു കാര്യം പഠിക്കുന്നതു നല്ലതല്ലേ.’
കോട്ടയത്തായിരുന്നു വീട്. ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ഗസ്റ്റ് ലക്ചററായി ജോലി ചെയ്തു. പിന്നെ, ജേണലിസം ഡിപ്ലോമയെടുത്തു. കുറച്ചുകാലം പത്രങ്ങളില്‍ ജോലി ചെയ്തു. എങ്കിലും എനിക്കേറ്റവുമിഷ്ടം പഠിപ്പിക്കാനായിരുന്നു.
നിഷിൽ ഒഴിവുണ്ടെന്നു കണ്ട് അപേക്ഷ അയച്ചു. പക്ഷേ, ഇന്റർവ്യൂവിന് വിളിച്ച അന്ന് എന്റെ കല്യാണമായിരുന്നു. അതുകൊണ്ടു പോകാനായില്ല. ഭർത്താവ് മാക്സി വിശ്വാസ് മേനയ്ക്ക് അറിയാമായിരുന്നു എന്റെ ആഗ്രഹം. പത്തു വർഷത്തിനുശേഷം നിഷിൽ ഒഴിവു വന്നപ്പോൾ അദ്ദേഹം തന്നെയാണ് ആപ്ലിക്കേഷൻ അയച്ചത്. 2011ലാണ് ഇവിടെ ഇംഗ്ലിഷ് അധ്യാപികയായി തുടങ്ങുന്നത്.
ഇന്റർവ്യൂവിന് ആംഗ്യഭാഷയിലുള്ള മുൻപരിചയം അനുഗ്രഹമായി. കേൾക്കാനും പറയാനും പറ്റാത്തവരാണല്ലോ. അവരുമായി ആശയവിനിമയം നടത്താൻ പറ്റുമെന്ന തോന്നലുണ്ടായാലേ അവർക്കു നമ്മളോട് അടുപ്പം വരൂ. അടുപ്പം വന്നാലേ നന്നായി പഠിപ്പിക്കാൻ കഴിയൂ. ആദ്യ ക്ലാസുകളിൽ തന്നെ ഞാൻ പറയുന്ന കാര്യങ്ങൾ കുട്ടികൾക്കു മനസ്സിലായി.
നിഷിൽ വന്ന ശേഷമാണ് റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ഇ ന്ത്യൻ സൈൻ ലാംഗ്വേജ് ഇന്റർപ്രെട്ടർ കോഴ്സിന്റെ എ, ബി, സി ലെവൽ വിജയിക്കുന്നത്. നിഷിൽ ഡിഗ്രി വിദ്യാർഥികളെയാണു ഇംഗ്ലിഷ് പഠിപ്പിക്കുന്നത്.
മുദ്രനടനം പിറക്കുന്നത്
ഇവിടെ നടക്കുന്ന പരിപാടികൾക്കൊടുവിൽ ദേശീയ ഗാനം പാടും. പക്ഷേ, ആ സമയത്തു ബധിരരായ വിദ്യാർഥികൾ വെറുതേ നിൽക്കും. അവർ കേൾക്കുന്നില്ലല്ലോ. ദേശീയഗാനം സൈൻ ലാംഗ്വേജിലുള്ളതു ഞാനവരെ പഠിപ്പിച്ചു. ശ്രദ്ധിച്ചപ്പോൾ അവർക്ക് നല്ല താളമുണ്ട്. പിന്നീട് വന്ന ‘നിഷ് ഡേ’ യ്ക്കു വന്ദേമാതരം ചെയ്യിപ്പിച്ചു. അതും നന്നായി ചെയ്തു. ഒരു ക്രിസ്മസ് പരിപാടിക്ക് ഇവിടുത്തെ ടീച്ചേഴ്സിലൊരാൾ പാട്ടു പാടി. അന്നത്തെ ഡയറക്ടറായിരുന്ന ഡോ. സാമുവൽ എൻ. മാത്യു സർ ‘ സിൽവി, അതൊന്നു സൈൻ ലാംഗ്വേജിൽ കാണിച്ചു കൂടേ’ എന്നാവശ്യപ്പെട്ടു. അതവർക്കു മനസ്സിലാകുകയും നന്നായി ആസ്വദിക്കുകയും ചെയ്തു. പാട്ടുകൾ ഇത്ര നന്നായി മനസ്സിലാവുന്നെങ്കിൽ അതു നൃത്തരൂപത്തിലാക്കിക്കൂടേ?
പാട്ടുകളുടേയും ക്ലാസിക്കൽ കൃതികളുടേയും ലോകത്തേക്ക് എന്റെ വിദ്യാർഥികളെ എത്തിക്കാൻ എന്തു മാർഗം? ‘അളിവേണി എന്തു ചെയ്‍വൂ...’ എന്ന സ്വാതിതിരുനാൾ കൃതിയിൽ ഇന്ത്യൻ സൈൻ ലാംഗ്വേജിലെ മുദ്രകൾ ഉൾപ്പെടുത്തിയുള്ള നൃത്തരൂപം മനസ്സിലുണർന്നു. അതു വീട്ടിൽ മാക്സിയേട്ടന്റെയും മകൾ കൃപയുടെയും മുൻപിൽ അവതരിപ്പിച്ചപ്പോൾ അവർക്ക് നന്നായി ഇഷ്ടപ്പെട്ടു. ‘മുദ്രനടനം’ മാക്സിയേട്ടൻ ഉടൻ നാമകരണം ചെയ്തു. അഞ്ചു വിദ്യാർഥികളെ പഠിപ്പിച്ച് 2016ലെ നിഷ് ഡേയ്ക്ക് മുദ്രനടനം അവതരിപ്പിച്ചപ്പോൾ അത് എല്ലാവരും നന്നായി ആസ്വദിച്ചു. അങ്ങനെ ഇന്ത്യൻ സൈൻ ലാംഗ്വേജിലെ സൈനുകൾ നൃത്തത്തിലുൾപ്പെടുത്തിയ ഒരു കലാരൂപം ആദ്യമായി അരങ്ങിലെത്തി. അതിന്റെ ഉപജ്ഞാതാവായ എന്നോടൊപ്പം എന്റെ ബധിര വിദ്യാർഥികളും.
‘പാട്ടു കേൾക്കാതെ ഇവരെങ്ങനെയാണ് ഇതു ചെയ്യുന്നത്.’ മുദ്രനടനത്തെക്കുറിച്ച് അറിഞ്ഞ സൂര്യ കൃഷ്ണമൂർത്തി സർ അതിശയിച്ചു. സൂര്യ ഫെസ്റ്റിവലിൽ വിദ്യാർഥികളുമായി മുദ്രനടനം അവതരിപ്പിക്കാൻ അദ്ദേഹം ക്ഷണിക്കയും ചെയ്തു. സൂര്യ വേദിയിൽ 2019 ഡിസംബറിൽ ചുവടു വച്ച എന്റെ കുഞ്ഞുങ്ങളിൽ ഏഴു പേരിൽ അഞ്ചുപേർ ആദ്യമായി ചിലങ്ക കെട്ടുന്നവരാണ്.
പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ ഞാൻ ഭരതനാട്യം പഠിച്ചിരുന്നു. കരാട്ടെയിൽ ബ്ലാക്ക്ബെൽറ്റ് നേടിയിട്ടുണ്ട്. 2013 ലെ സംസ്ഥാന ചാംപ്യനുമായിരുന്നു. നിഷിലെ കുട്ടികളെ കരാട്ടെ പഠിപ്പിക്കാറുമുണ്ട്. കരാട്ടെയും മുദ്രനടനത്തിന് മുതൽക്കൂട്ടായി. തിരുവിതാംകൂർ രാജകുടുംബത്തിലെ സംഗീതജ്ഞൻ പ്രിൻസ് രാമവർമ, സ്വാതിതിരുനാൾ കൃതികൾ പഠിപ്പിക്കാറുണ്ട്. കർണാടക അതിർത്തിക്ക് അടുത്തുള്ള പെർള എന്ന സ്ഥലത്ത് ഗുരുകുല സമ്പ്രദായത്തിലായിരുന്നു ക്ലാസുകൾ. ഇടയ്ക്ക് അവിടെ പോയി കൃതികൾ പഠിക്കുമായിരുന്നു. എല്ലാം ഈ കലാരൂപത്തിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങളായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്.
വീൽചെയറിലുള്ളവർക്കും മുദ്രനടനം ചെയ്യാൻ പറ്റും. മാജിക് പ്ലാനറ്റിൽ ഓട്ടിസവും ഡൗൺ സിൻഡ്രമും ഉള്ള ഭിന്നശേഷിക്കാരെയും സൗജന്യമായി മുദ്രനടനം പഠിപ്പിച്ചിരുന്നു. അവരിപ്പോൾ അവിടെ വരുന്ന സന്ദർശകർക്കു മുൻപിൽ ഈ കലാരൂപം അവതരിപ്പിക്കുന്നുണ്ട്. എല്ലാ ഭിന്നശേഷിക്കാരെയും ഉൾപ്പെടുത്തി സൂര്യ ഫെസ്റ്റിവലിൽ ചെയ്തതുപോലെ ഒരു പെർഫോമൻസ് ചെയ്യണമെന്നുണ്ട്.
മോഹിനിയാട്ടത്തിന്റെ വേഷമാണ് ഇതുവരെ മുദ്രനടനത്തിന്റെ കോസ്റ്റ്യൂമായി ഉപയോഗിച്ചതെങ്കിൽ സ്വന്തമായി ഒരു കോസ്റ്റ്യൂം മുദ്രനടനത്തിന് രൂപകല്പന ചെയ്തത് ഈ വർഷമാണ്. പ്രമുഖ നൃത്താചാര്യനായ, കലാമണ്ഡലം അംഗീകരിച്ച മോഹിനിയാട്ട വേഷത്തിന്റെ രൂപഘടന നിർവഹിച്ചിട്ടുള്ള നൂപുര രവീന്ദ്രനാഥക്കുറുപ്പിന്റെ നിർദേശം ഇക്കാര്യത്തിൽ ഞാൻ സ്വീകരിച്ചിരുന്നു.
ഇന്ത്യയിൽ ആറു കോടി മുപ്പതു ലക്ഷം വരുന്ന ബധിരവിഭാഗക്കാർ ഉപയോഗിക്കുന്ന വ്യക്തിത്വമുള്ള ഭാഷയാണ് ഇന്ത്യൻ സൈൻ ലാംഗ്വേജ്. സാധാരണ ജനങ്ങളിൽ ആ അവബോധം സൃഷ്ടിക്കാനും കലയിലൂടെ ബധിരരും അല്ലാത്തവരുമായുള്ള അകലം ഇല്ലാതാക്കാനുമുള്ള മാധ്യമമായി മുദ്രനടനം വികസിക്കുന്നതാണ് എന്റെ ആഹ്ലാദം.
ആടുജീവിതത്തിലെ പാട്ടിനൊപ്പം
‘ആടുജീവിതം’ സിനിമയിലെ ഗാനങ്ങൾക്ക് മുദ്രനടന ഭാഷ്യമൊരുക്കിയതാണ് ഏറ്റവും പുതിയ വിശേഷം. സംവിധായകൻ ബ്ലെസി മുദ്രനടനത്തെ പൊതുയിടത്തിൽ പരാമർശിച്ചത് എന്നെ ഏറെ ആഹ്ലാദിപ്പിച്ചു. അതൊരു വലിയ അംഗീകാരമായി കാണുന്നു.
വീട്ടിലെ ചുവരിൽ പച്ചവിരിച്ച് തയാറാക്കിയ സ്റ്റുഡിയോയിൽ മകൾ കൃപ മൊബൈൽ ഫോണിൽ ഷൂട്ടു ചെയ്ത് രാവെളുക്കുവോളം എഡിറ്റ് ചെയ്തുണ്ടാക്കിയ മുദ്രനടന വിഡിയോകൾ ആടുജീവിതത്തിന്റെ പ്രൊഡക്‌ഷൻ കമ്പനിയായ വിഷ്വൽ റൊമാൻസിന്റെ ബാനറിൽ യുട്യൂബിലൂടെ പുറത്തുവരുന്നു. പത്തു പതിനാലുവർഷത്തെ പഠനനിരീക്ഷണങ്ങൾക്കു ദൈവം തന്ന സമ്മാനമാണത്.
ഒരു വാർത്താ ചാനലിൽ ഗായകൻ ജിതിൻ രാജിന്റെ പെരിയോനേ... റഹ്മാനേ... ലൈവ് ആലാപനത്തിനൊപ്പം ബധിരവിഭാഗത്തിനായി മുദ്രനടനത്തിൽ അവതരിപ്പിക്കാനും കഴിഞ്ഞു. ഈയൊരു കലാരൂപത്തെ ജിതിൻ രാജ് അപ്പോൾത്തന്നെ അഭിനന്ദിക്കുകയും ചെയ്തു.