Friday 31 July 2020 12:38 PM IST : By ശ്യാമ

പണിപാളാതിരിക്കാൻ ഗായത്രി വക; ക്വാറന്റീന്‍ കാലത്ത് തലയിലുദിച്ച വൈറല്‍ പാട്ട്

singer1e33ee

ഒന്‍പത് കൊല്ലം സ്കൂൾ കലാതിലകം,  കോളേജിൽ എത്തിയപ്പോ അവിടെയും കലാതിലകം... കഥാപ്രസംഗം,  മോണോആക്ട്,  പാട്ട് ഈസ്റ്റേൺ,  വെസ്റ്റേൺ,  കുച്ചിപ്പുടി,  ഭരതനാട്യം,  പദ്യപാരായണം തുടങ്ങി എന്തിനും ഏതിനും റെഡി ആയിരുന്ന ഗായത്രി നമ്പ്യാർ കോർപ്പറേറ്റ് ജോലിയിലേക്ക് കടന്നപ്പോൾ കലകളൊക്കെ മടക്കി പെട്ടിയിൽ പൂട്ടി ജോലിത്തിരക്കിന്റെ ഓട്ടപ്പാച്ചിലിലായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് കൊറോണ വരുന്നത്. കോയമ്പത്തൂർ റോബർട്ട്‌ ബോഷ് എന്ന കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി ജോലി ചെയ്യുമ്പോഴാണ് ഓൺസൈറ്റിനായി അമേരിക്കയിലേക്ക് പോകേണ്ടി വന്നത്. തിരികെ പോരാനിരിക്കുമ്പോൾ കൊറോണ കാരണം അവിടെ കുടുങ്ങി. തിരികെ വന്ന് റൂം ക്വാറന്റീനിൽ ഇരിക്കുമ്പോഴാണ് ഈ പാട്ട് പിറക്കുന്നത്. 

"റൂം ക്വാറന്റീനിൽ ഒറ്റയ്ക്കിരുന്ന് ബോർ അടിച്ചപ്പോ ചുമ്മാ ഒരു രസത്തിനു ചെയ്ത് നോക്കിയതാ. തിരികെ എത്തി വർക്‌ ഫ്രം ഹോം ചെയ്യുകയായിരുന്നു. ഒരു ശനിയാഴ്ച ഈ പാട്ട് മനസ്സിൽ വന്നു ഞായറാഴ്ച തന്നെ പാടി വിഡിയോയും എടുത്തു. എന്നിട്ട് മിക്സ് ചെയ്തു. വേറെ ആർക്കും സഹായിക്കാൻ വരാൻ പറ്റാത്തതുകൊണ്ട് പാട്ടുകാരിയും ക്യാമറാമാനും ഒക്കെ ഞാൻ തന്നെ. 

gayuffdf2

റെക്കോർഡ് ചെയ്തിട്ട് ആദ്യം അനിയന് അയച്ചു,  ഇത്രേം വേഗത്തിൽ ശ്വാസം പിടിച്ചുള്ള പാട്ട് ഇതിനു മുൻപ് പാടിയിട്ടേയില്ല, സംഗതി പാളിയില്ല എന്ന് അവന്റെ 'ആ... കുഴപ്പമില്ല'യിൽ നിന്ന് മനസിലായി. വീഡിയോ എഡിറ്റ് ചെയ്‌തും പരിചയമില്ല. അപ്പൊ കണ്ട ഏതോ ആപ്പ് ഒക്കെ പരീക്ഷിച്ചാണ്‌ അത് നടത്തിയത്.

തിങ്കളാഴ്ച പണിയുള്ളതുകൊണ്ട് ഞായർ തന്നെ ഇൻസ്റ്റഗ്രാമിലങ്ങ് പോസ്റ്റും ചെയ്തു. കൂടുതൽ ആലോചിക്കാനൊന്നും നിന്നില്ല. 

ഫ്രണ്ട്സ് വഴി ഒരു 500 ലൈക്‌ ഒക്കെ കിട്ടുമെന്നോർത്തിരുന്നു ഒപ്പം തന്നെ ഇനി എങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന് പറയുമ്പോലെ നീരജ് സർ കണ്ടിട്ട് ഒരു ലൈക്കൊ ഷെയറോ ഒക്കെ ചെയ്യുമായിരിക്കും എന്നൊക്ക ഇട്ടപ്പോ വെറുതെ ഓർത്തിരുന്നു... പക്ഷേ,  പുള്ളി ഇത് കണ്ടില്ലെന്ന് തോന്നുന്നു. 

കേരള ഡിസാസ്റ്റർ മാനേജ്മെന്റ് വീഡിയോ ഷെയർ ചെയ്തപ്പോ ഭയങ്കര സന്തോഷായി. 

ഞാൻ പാട്ടൊക്കെ ഇടയ്ക്ക് പാടുമെങ്കിലും വീഡിയോ ചെയ്തിരുന്നില്ല, എന്തോ ക്യാമറയിൽ കാണാൻ രസോണ്ടാവില്ല എന്നൊരു മടി. ഈ പാട്ടിന് വീഡിയോ ഇല്ലെങ്കിൽ ശരിയാവില്ല  എന്ന് തോന്നിയപ്പോഴാ അഭിനയിക്കാം എന്നോർത്തത്. ഒരു രാത്രി പകലാകുന്ന നേരം കൊണ്ട് ലക്ഷങ്ങളോളം ലൈക്കും ഷെയറും കമന്റും ഒക്കെ കിട്ടുന്നത് ആദ്യമായിട്ടാ,  അതിന്റെ ഒരു ത്രിൽ ഉണ്ട്. കുഞ്ഞി പിള്ളേരൊക്കെ ഈ വിഡിയോ വച്ച് പാടി അഭിനയിക്കുന്നത് കാണുമ്പോഴും സന്തോഷം. അത്രേം ആളുകളിലേക്ക് ഇത്ര നല്ലൊരു സന്ദേശം എത്തുന്നുണ്ടല്ലോ...

കോഴിക്കോടുകാരിയാണ് ഗായത്രി. അച്ഛൻ സനാതനൻ വെള്ളുവ ദേവഗിരി  സെന്റ് ജോസഫ് കോളേജിലെ അസ്സോസിയേറ്റ് പ്രഫസറും എച്ച്ഒഡിയുമാണ്.  അമ്മ ലീന ചേവായൂർ ഭാരതീയ വിദ്യാഭവനിലെ പ്ലസ്‌വൺ പ്ലസ്‌ടു  അദ്ധ്യാപികയാണ് ആണ്.  അനിയൻ ഭരത് ,  എഎഫ്എംസി പൂനെയിൽ പഠിക്കുന്നു.