Friday 08 November 2024 02:49 PM IST : By സ്വന്തം ലേഖകൻ

വിവാഹമോചനത്തിനു ശേഷം ഡിപ്രഷനിലേക്ക് വീണു, ആത്മഹത്യയെ അതിജീവിച്ചു: വേദനകൾ കരുത്താക്കി ആര്യയുടെ സംരഭം

snana-arya

ആയുർവേദത്തിലെ നാട്ടറിവുകളാണു ‘സ്നാന നാച്ചുറൽസി’ന്റെ വിജയം

ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച നിമിഷത്തെ അതിജീവിച്ചത് എങ്ങനെയെന്ന് ആ ലപ്പുഴക്കാരിയായ ആര്യ ജയരാജന് അറിയില്ല. പക്ഷേ, നിലച്ചു പോയി എന്നു തോന്നിയിടത്തു നിന്നു ജീവിതത്തിന്റെ രണ്ടാമധ്യായം ആര്യ തുടങ്ങിയത് സ്നാന നാച്ചുറൽസ് എന്ന സ്വന്തം ആയുർവേദ ബ്രാൻഡിന്റെ കൈപിടിച്ചാണ്.

ചേർത്തലയിലെ സ്നാനയുടെ യൂണിറ്റിൽ സോപ്പു നി ർമാണത്തിനു തയാറെടുക്കുകയാണ് ആര്യ. കെമിക്കലുകളില്ലാതെ ഉണ്ടാക്കുന്ന തന്റെ പ്രോഡക്ടുകളെല്ലാം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ സുരക്ഷിതമാണെന്ന് ആര്യ പറയുന്നു. ‘‘ഇലക്ട്രോണിക്സ് എൻജിനീയറിങ്ങി ൽ ഡിഗ്രി പാസ്സായ പിറകേ ക്യാംപസ് സെലക്‌ഷൻ കിട്ടി ഇൻഫോസിസിലേക്കു പോയതാണു ഞാൻ. അന്ന് ഏറ്റവുമധികം സന്തോഷിച്ചത് അച്ഛൻ ഡോ. ജയരാജനും അമ്മ ഡോ. സുധർമണിയുമാണ്. പിന്നാലെ വിവാഹം.

ഡൽഹി നാഷനൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് ഫാഷൻ ടെക്നോളജിയിൽ നിന്ന് ഉയർന്ന മാർക്കിൽ എംെടക് പാസ്സായി യുഎസ് കമ്പനിയിൽ ജോലിക്കു ചേർന്നു. പക്ഷേ, നാലു മാസത്തിനു ശേഷം ഭർത്താവു പറഞ്ഞു, ജോലി വേണ്ട, തിരികെ വരൂ. സ്നേഹത്തോടെയെന്നു തെറ്റിദ്ധരിച്ച ആ വിളിയിൽ ജോലി രാജിവച്ചു വരുമ്പോൾ എല്ലാവരും കുറ്റപ്പെടുത്തി. പക്ഷേ, വിവാഹമോചനത്തിനു മുന്നോടിയായി നടത്തിയ കൗൺസലിങ്ങിലാണു ഭർത്താവിനു ഗുരുതര മനോരോഗമുണ്ടെന്നു ‍തിരിച്ചറിഞ്ഞത്. വിവാഹമോചനത്തിനു ശേഷം ഡിപ്രഷനിലായി.

ജീവിതത്തിന്റെ രണ്ടാമധ്യായം

പഞ്ചാബിലെ ഒരു യൂണിവേഴ്സിറ്റിയിൽ അധ്യാപികയായാണു ജീവിതത്തിന്റെ രണ്ടാം തുടക്കം. പിന്നെ ഡൽഹിയിൽ കോർപറേറ്റ് കമ്പനിയിൽ കൺസൽറ്റന്റായി. ആ സമയത്തു ചർമം വല്ലാതെ വരണ്ടുണങ്ങി പ്രശ്നങ്ങൾ വന്നു. പ ല ക്രീമുകളും മരുന്നുകളും പരീക്ഷിച്ചിട്ടും മാറ്റമില്ല.‍

പൂർണമായും നാച്ചുറൽ ചേരുവകൾ ചേർത്തുണ്ടാക്കിയ ഹാൻഡ്മെയ്ഡ് സോപ്പ് ഉപയോഗിച്ചപ്പോഴാണു മാറ്റം കണ്ടത്. പിന്നീട് തനിയെ സോപ്പ് ഉണ്ടാക്കി ഉപയോഗിച്ചു. അതിലും ഫലം പോസിറ്റീവ്. കൂടുതൽ റിസർച് നടത്തി ബാത് സ്ക്രബും ലിപ് ബാമും കൂടി നിർമിച്ചു. അതോടെ ഡൽഹിയിലെ തണുപ്പ് എന്റെ വരുതിയിലായി.

ആയിടയ്ക്ക് അഹമ്മദാബാദ് ഐഐഎമ്മിൽ ഒരു ലേണിങ് പ്രോഗ്രാം ചെയ്യാൻ അവസരം കിട്ടി. അവിടെ സ്നാന എന്ന പേരിൽ എന്റെ സോപ്പ് റിസർച് പ്രോജക്ടാക്കി അവതരിപ്പിച്ചു. മികച്ച പ്രതികരണം ലഭിച്ചപ്പോഴാണു ബിസിനസ് സ്വപ്നം മനസ്സിൽ നാമ്പിട്ടത്.

പിന്നീടു നാട്ടിൽ വന്നപ്പോൾ വീട്ടുകാർക്കു വേണ്ടി കുറച്ചു സോപ്പുണ്ടാക്കി. നാട്ടിലൊരു എക്സിബിഷനിലും പങ്കെടുത്തു. കുറച്ചു ദിവസത്തിനു ശേഷം ഒരു ഫോൺ, ‘എക്സിബിഷനിൽ വാങ്ങിയ സോപ്പ് നല്ലതാണ്, ഇനിയും വേണം.’ മനസ്സു നിറഞ്ഞു സന്തോഷിച്ച ആ നിമിഷം സ്നാന നാച്ചുറൽസ് പിറന്നു. മൂന്നു പ്രോഡക്ടിൽ നിന്ന് ഇപ്പോൾ അൻപതിലെത്തി നിൽക്കുന്ന സ്നാനയുടെ വൈവിധ്യം. ബോഡി ഡിയോഡറന്റും കൺമഷിയുമൊക്കെ അതിൽ ചിലതു മാത്രം. എല്ലാത്തിലും പ്രകൃതിദത്ത ചേരുവകൾ മാത്രമാണ് ഉപയോഗിക്കുന്നത്, കെമിക്കലുകൾ ഇല്ലേയില്ല.

സ്നാനയ്ക്ക് മാർക്കറ്റിങ്ങും ഇല്ല, ഒരിക്കൽ വാങ്ങിയവ രിൽ നിന്നു കേട്ടറിഞ്ഞും സോഷ്യൽ മീഡിയ പേജ് വഴിയുമാണു സ്നാനയുടെ ബിസിനസ് വിപുലമായത്.

  </p>