Saturday 27 October 2018 11:23 AM IST : By സ്വന്തം ലേഖകൻ

ഇനിയും പാടി തെറ്റിക്കേണ്ട; സോഷ്യൽ മീഡിയ ആഘോഷമാക്കുന്ന ഏ കച്ചുവാ എന്താണ്?

troll

‘ഏ കച്ചുവാ....’ സോഷ്യൽ മീഡിയ ഉറങ്ങുന്നതും ഉണരുന്നതുമെല്ലാം ഇപ്പോൾ ഈ വാക്കു കേട്ടു കൊണ്ടാണ്. ഫെയ്സ്ബുക്ക് ഡബ്സ്മാഷ്, ടിക് ടോക്ക് എന്നു വേണ്ട എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും ‘ഏ കച്ചുവാ’ പാടി നിറഞ്ഞു നിൽക്കുന്ന കുമാരൻമാരേയും കുമാരിമാരേയും മാത്രമേ കാണാനുള്ളൂ.

സ്റ്റൈലും ഹീറോയിസവും കാട്ടാനുള്ള പശ്ചാത്തല ഗീതം മാത്രമായിരുന്നു ആദ്യമൊക്കെ പലർക്കും ഈ ഗാനവും അതിലെ വരികളും. പിന്നാലെ ഈ രണ്ടു വാക്കുകളെ കൂട്ടുപിടിച്ച് ട്രോളുകള്‍ പിറന്നതോടെ സംഗതി കൈവിട്ടു പോയി. നിലയ്ക്കൽ സമരത്തിന്റെ മേമ്പൊടിയിലായിരുന്നു ഒട്ടുമിക്ക ട്രോളുകളും. പ്രത്യേകിച്ച് സംഘ്പരിവാർ സംഘടനകളെ ട്രോളാനായിരുന്നു ഈ പ്രയോഗം ഉപയോഗിച്ചിരുന്നത്. ചുരുക്കത്തിൽ സംഘപരിവാറിന്റെ അനുകൂല പ്രയോഗമാണ് ഏ കച്ചുവാ എന്നതായിരുന്നു സോഷ്യൽ മീഡിയയുടെ വ്യാഖ്യാനം.

സോഷ്യൽ മീഡിയ വാ തോരാതെ പാടി നടക്കുമ്പോഴും എന്താണ് ഇതിന്റെ അർത്ഥമെന്നോ ഈ പാട്ട് എവിടുന്ന് വന്നുവെന്നോ ഇന്നും പലർക്കുമറിയില്ല. ചുമ്മാ വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ടെന്ന തരത്തിലായിരുന്നു പലരുടേയും പാട്ടും അതിലെ പ്രയോഗവും. പക്ഷേ ആ പാട്ടിനു പിന്നിൽ വലിയൊരു ചരിത്രമുണ്ട്. ആ വരികളിൽ വലിയൊരു പോരാട്ടത്തിന്റെ കഥയുണ്ട്.

മുഗള്‍ സൈന്യത്തിന്റെ തലവനായിരുന്ന ഷേയ്സ്താ ഖാന്‍ എന്ന മിര്‍സ അബു താലിബിനെ മറാത്താ രാജാവായിരുന്ന ശിവാജി പരാജയപ്പെടുത്തിയതിനെ പ്രകീര്‍ത്തിച്ചുള്ള മറാത്തി ഭാഷയിലുള്ള പാട്ടില്‍ നിന്നുമാണ് ഏ കച്ചുവായുടെ ഉദയം. ആദ്യമേ പറയട്ടേ ഏ കച്ചുവാ എന്നത് തെറ്റായ പ്രയോഗമാണ്. ഒറ്റ യുദ്ധം എന്നര്‍ത്ഥമുള്ള ഏകച് വാര്‍ എന്ന പദത്തെയാണ് ട്രോളൻമാരും സൈബർ ചേട്ടൻമാരും ഏ കച്ചുവാ ആക്കിയത്.

കനത്ത സുരക്ഷയും വമ്പൻ ആൾബലവും ഉണ്ടായിട്ട് പോലും മുഗള്‍ ഭരണാധികാരിയായ ഷേയ്സ്താ ഖാനെ, ചെറിയ സേനയെ ഉപയോഗിച്ച്‌ കൊണ്ട് പോരാട്ടത്തിലൂടെ തോല്‍പിച്ച ശിവജിയുടെ വിജയ സ്മരണയില്‍ ഉള്ള ഗാനമാണ് സംയൂക്ത് ജൂനാ ബുധവാര്‍ എന്ന ഗാനം. ഈ ഗാനത്തിലെ വരികളായ ഏകച് വാർ‍, ജുനാ ബുധവാര്‍ എന്നീ പദങ്ങളാണ് സജീവമാധ്യമങ്ങളില്‍ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.

ഈ ഗാനത്തിലെ വരികളായ ഏകച് വാര്‍, ജുനാ ബുധവാര്‍ , പേത്ത് എന്നീ പദങ്ങളാണ് വ്യാപകമായി ഇപ്പോള്‍ സജീവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പണ്ടത്തെ ആ ബുധനാഴ്ച നടന്ന യുദ്ധത്തില്‍ വിജയിച്ച സിംഹക്കുട്ടി ശിവജി എന്നാണ് സംയൂക്ത് ജൂനാ ബുധവാര്‍ എന്ന ഗാനത്തിന്റെ സാരാംശം.