Tuesday 26 June 2018 10:54 AM IST : By സ്വന്തം ലേഖകൻ

‘തീപ്പെട്ടിക്കൊള്ളികൾ പറയുന്നു, ആരും പറയാത്ത പ്രണയം’; ‘സോംഗ് ഓഫ് ലവ്’ ആസ്വാദകരോട് പറയുന്നത്- വിഡിയോ

match-stick

രണ്ട് തീപ്പെട്ടിക്കൊള്ളികളിൽ നിന്നും പ്രണയം വിടരുമോ?. വെറും വാക്കല്ല, സംഗതി സത്യമാണ്. മരംചുറ്റി പ്രേമവും ഇൻസ്റ്റന്റ് മോഡേൺ പ്രണയങ്ങളുമെല്ലാം കണ്ടുമടുത്ത ന്യൂ ജെൻ പിള്ളേരുടെ ഇടയിലേക്ക് പ്രണയം പങ്കുവച്ച് രണ്ട് തീപ്പെട്ടിക്കൊള്ളികൾ എത്തുകയാണ്.

തീപ്പെട്ടിക്കൊള്ളി ഉപയോഗിച്ചുള്ള ആദ്യ വീഡിയോയായ ‘സോംഗ് ഓഫ് ലവ്’  കണ്ടാൽ ആശയം കുറച്ചു കൂടി വ്യക്തമാകും. ഇവിടെ നായകനോ നായികയോ ഇല്ല. മനോഹര സംഗീതത്തിന്റെ പശ്ചാത്തലത്തിൽ പ്രണയം പങ്കു വയ്ക്കാൻ രണ്ടേ രണ്ട് തീപ്പെട്ടിക്കൊള്ളികൾ മാത്രം.

മാച്ച്സ്റ്റിക് മാന്‍ എന്നറിയപ്പെടുന്ന ഫോട്ടോഗ്രാഫര്‍ ബിവിന്‍ ലാല്‍ ആണ് പുതുതലമുറയെ പിടിച്ചിരുത്തുന്ന ഈ അഡാർ ആശയത്തിന് പിന്നിൽ. വലിയൊരു കഠിനാദ്ധ്വാനത്തിന്റെ കഥയും ഈ തീപ്പെട്ടിക്കൊള്ളി ക്രിയേഷന് പങ്കു വയ്ക്കാനുണ്ട്. ഒന്നരമാസത്തിനുള്ളിൽ പകര്‍ത്തിയ 10,000 ലേറെ ചിത്രങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 5200 ചിത്രങ്ങളിലൂടെയാണ് ഈ വിഡിയോ ഒരുക്കിയിരിക്കുന്നത്.

ബിവിന്‍ ലാലിന്റെ ഫൊട്ടോഗ്രാഫിയില്‍ ഏറെയും തീപ്പെട്ടിക്കൊള്ളികള്‍ കൊണ്ട് കഥ പറയുന്ന രീതിയില്‍ ഒരുക്കിയ ചിത്രങ്ങളാണ്. ഇവ പലപ്പോഴും ഇവ നവമാധ്യമങ്ങളിൽ തരംഗമാകാറുമുണ്ട്. ഇതിനു മുമ്പും ബിവിന്‍ ലാല്‍ ഇത്തരം ചെറിയ വീഡിയോകള്‍ ചെയ്തിട്ടുണ്ട്.

തീപ്പെട്ടിക്കൊള്ളിയെന്ന നിസാര വസ്തുവിൽ ജീവൻ തുടിക്കുന്ന ആശയമുണ്ടെന്ന് പഠിപ്പിച്ച സംഗീതകാരൻ ഷഹബാസ് അമനോടുള്ള സ്നേഹാദരം കൂടിയാണ് ഈ ‘സോംഗ് ഓഫ് ലവ്’. രഞ്ജിത്ത്-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ സ്പിരിറ്റ് എന്ന ചിത്രത്തിലെ റഫീഖ് അഹമദിന്റെ വരികള്‍ക്ക് ഷഹബാസ് അമന്‍ ഈണം നല്‍കി ഉണ്ണി മേനോന്‍ ആലപിച്ച മരണമെത്തുന്ന നേരത്ത് എന്ന് തുടങ്ങുന്ന ഗാനത്തിനാണ് തീപ്പെട്ടിക്കൊള്ളി കൊണ്ട് ദൃശ്യാവിഷ്‌കാരം നല്‍കിയിരിക്കുന്നത്.

തീപ്പെട്ടിക്കൊള്ളികള്‍കൊണ്ട് കഥ പറയുന്ന രീതിയില്‍ ഒരുക്കിയ ചിത്രങ്ങളാണ് ബിവിന്‍ ലാലിന്റെ ഫോട്ടോഗ്രാഫിയില്‍ ഏറെയും . ഇതിനു മുമ്പും തീപ്പെട്ടിക്കൊള്ളികൊണ്ട് സ്വാഭാവിക ചലനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ചെറു വിഡിയോകള്‍ ബിവിന്‍ലാല്‍ ചെയ്തിട്ടുണ്ട്.