Saturday 28 March 2020 04:42 PM IST : By S Suhas IAS

‘നാടിനെ സേവിക്കാൻ സിവിൽ സർവീസിനെക്കാൾ മികച്ച കരിയറില്ല’; പ്രചോദനമായത് അച്ഛന്റെ വാക്കുകൾ! എറണാകുളം കലക്ടർ സുഹാസിന്റെ വിജയവഴികൾ

suhas-career-column

‘കർണാടകയിൽ അഡീഷനൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് ആയിരുന്നു അച്ഛൻ സി.കെ. ശിവണ്ണ ഐഎഫ്എസ്. അമ്മ ശുഭ വീട്ടമ്മ. അച്ഛന്റ സ്ഥലംമാറ്റങ്ങൾക്കനുസരിച്ച് വിവിധ സ്ഥലങ്ങളിലായിരുന്നു സ്കൂൾ പഠനം. അന്നുമുതലേ പുസ്തകങ്ങൾ വായിക്കാൻ അച്ഛനും അമ്മയും പ്രേരിപ്പിക്കുമായിരുന്നു. കായിക ഇനങ്ങളോടും എനിക്കു താൽപര്യമായിരുന്നു. പഠിക്കാൻ വലിയ ഇഷ്ടമാണ്. പത്താം ക്ലാസിൽ രണ്ടാം റാങ്കുണ്ടായിരുന്നു. ബെംഗളൂരുവിലെ പിഇഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഇലക്ട്രോണിക്സ് എൻജിനീയറിങ് കഴിഞ്ഞ് ഗ്രാജുവേറ്റ് റെക്കോർഡ് എക്സാം മികച്ച ഗ്രേഡോടെ പാസായി. മേരിലാൻഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് എംഎസ് പൂർത്തിയായതിനു പിന്നാലെ ആക്സെൻചർ സ്കോളർഷിപ്പും ക്യാംപസ് പ്ലേസ്മെന്റും കിട്ടി. അപ്പോഴാണ് സ്വപ്നങ്ങളിൽ സിവിൽ സർവീസ് തന്നെയാണ് മുന്നിലെന്ന് തിരിച്ചറിഞ്ഞത്.

സിവിൽ സർവീസിൽ വിവിധ സ്ഥാനങ്ങൾ അലങ്കരിച്ച അച്ഛനാണ് എന്റെ പ്രചോദനം. ‘നാടിനെ സേവിക്കാൻ സിവിൽ സർവീസിനെക്കാൾ മികച്ച കരിയറില്ല’ എന്ന അച്ഛന്റെ വാക്കുകൾ അക്ഷരാർഥത്തിൽ ശരിയാണെന്ന് എനിക്കും തോന്നിയിരുന്നു. സ്വപ്നം പോലെ 2012 ൽ ആദ്യ ശ്രമത്തിൽ തന്നെ സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചു.

മസൂറി ഡേയ്സ്

മനോഹരമായ പ്രകൃതിയും ശാന്തമായ അന്തരീക്ഷവുമാണ് മസൂറിക്ക്. അവിടെ വച്ച് ഹിമാലയത്തിലേക്ക് ട്രെക്കിങ്ങിനും സാഹസിക കായിക വിനോദങ്ങൾക്കുമൊക്കെ അവസരം കിട്ടി. അന്നു പലരും ചോദിച്ചു, ‘പേടിയില്ലേ.’ ഭയത്തെ കീഴടക്കുമ്പോഴാണ് ആത്മവിശ്വാസം ഇരട്ടിയാകുന്നതെന്നാണ് അനുഭവം. ഫോർട് കൊച്ചി സബ് കലക്ടറായി ആദ്യ പോസ്റ്റിങ് കിട്ടി കേരളത്തിലെത്തിയ കാലത്താണ് ക ർണാടക ട്രാൻസ്പോർട് കമ്മിഷനറായിരുന്ന രാമഗൗഡ ഐഎഎസിന്റെ മകൾ ഡോ. വൈഷ്ണവി ഗൗഡയുമായുള്ള വിവാഹം.

ഔദ്യോഗിക ജീവിതത്തിന്റെ പല ഘട്ടത്തിലും പ്രകൃതി ദുരന്തങ്ങളെ നേരിടേണ്ടതോ മുൻകൂട്ടി കണ്ട് പരിഹരിക്കേണ്ടതോ ആയ അ നുഭവം ഉണ്ടായി. വയനാട് കലക്ടറായിരിക്കെ ഗോത്രവർഗക്കാരുടെ ഉന്നമനത്തിനായും പ്രകൃതി ചൂഷണത്തിനെതിരെയും പ്രവർത്തിക്കാനായി. മലയിറങ്ങി ആലപ്പുഴയിലെത്തിയപ്പോഴാണ് പ്രളയം. പിന്നീടാണ് എറണാകുളത്തേക്ക് വന്നത്. അവിടെ കാത്തിരുന്നത് മരട് ഫ്ലാറ്റ് പൊളിക്കൽ എന്ന ചരിത്ര ദൗത്യം.

ദുരന്തനിവാരണം പ്രധാനം

‘ആലപ്പുഴയിൽ ജോലി ചെയ്താൽ ദുരന്തനിവാരണ വിദഗ്ധനാകാ’മെന്നു പറഞ്ഞത് ആയിടെ വല്ലാതെ വാർത്താപ്രാധാന്യം നേടി. പകുതി ഫലിതമായി പറഞ്ഞതാണെങ്കിലും പ്രവചനാതീതമായ കാലാവസ്ഥാ മാറ്റങ്ങൾ വരുന്ന കാലത്ത് ദുരന്തനിവാരണ വിദഗ്ധരെ കൂടുതൽ വേണ്ടിവരുമെന്നത് സത്യമാണ്.

പ്രകൃത്യായോ മനുഷ്യനിർമിതമോ ആയ ഒരു ദുരന്തത്തിന്റെ പ്രത്യാഘാതം കുറയ്ക്കുന്നതിനുള്ള ജോലികളെയെല്ലാം കൂടിയാണ് ദുരന്തനിവാരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ദുരന്തം വരാതെ നോക്കുക, ദുരന്തത്തെ നേരിടുക, രക്ഷാപ്രവർത്തനം, പുനരധിവാസം തുടങ്ങിയവയൊക്കെ ഇതിന്റെ ഭാഗമാണ്.

ദുരന്തത്തിലേക്ക് വഴിവയ്ക്കാവുന്ന അവസ്ഥകളുമുണ്ട്, തകർന്നുവീഴാറായ ഫ്ലാറ്റ്, ഉരുൾപൊട്ടൽ സാധ്യതയുള്ള ഭാഗത്തെ റോ ഡ് തുടങ്ങി യുദ്ധവും രാസായുധ പ്രയോഗവും വരെ. ഇവയെല്ലാം ഹസാർഡ് ഗണത്തിലാണ് പെടുക. ഹസാർഡ് ഉണ്ടാകാൻ സാധ്യതയുള്ള അവസ്ഥകൾ പരിഹരിക്കുന്നതും ദുരന്തനിവാരണമാണ്. സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച്, അപകട ഭീഷണി ഉയർത്തി നിലനിന്ന മരടിലെ ഫ്ലാറ്റ് പൊളിച്ചുനീക്കിയത് വരാനിരിക്കുന്ന അപകടം മുൻകൂട്ടി കണ്ടാണ്.

ഹസാർഡ് സംഭവിച്ചാൽ ഉൾപ്പെടാൻ സാധ്യതയുള്ള ആളുകളെയും വസ്തുവകകളെയും സംരക്ഷിക്കാനുള്ള നടപടികൾ പ്ലാൻ ചെയ്യുന്നതും ദുരന്ത നിവാരണ വിദഗ്ധന്റെ ജോലിയാണ്. പക്ഷേ, പ്രവചിക്കാനാകാത്ത തരത്തിലും വേഗത്തിലും സംഭവിക്കുന്ന ദുരന്തങ്ങളാണെങ്കിലോ? രക്ഷാപ്രവർത്തനം, ആളുകളെ മാറ്റി പാർപ്പിക്കൽ, പുനരധിവാസം തുടങ്ങിയ ഘട്ടങ്ങളുണ്ട് അതിനും.

പ്രായോഗിക പരിശീലനം പ്രധാനം

ലക്ഷക്കണക്കിനു പേർ ഒറ്റയടിക്ക് മരിക്കുകയും രോഗബാധിതരാകുകയും ചെയ്യുന്ന തരത്തിലുള്ള ദുരന്തങ്ങൾ ലോകത്തു നടക്കുന്നുണ്ട്. ഇന്ത്യയിൽ അപൂർവമായിട്ടാണ് വൻദുരന്തങ്ങൾ ഉണ്ടാകുന്നത്. കേരളത്തിൽ മിക്കവാറും സംഭവിക്കുന്നതു സുരക്ഷാപിഴവുകൾ കൊണ്ടുള്ള ദുരന്തങ്ങളാണ്. വേണ്ടത്ര സുരക്ഷയില്ലാതെ ബോട്ടിങ് നടത്തിയുണ്ടാകുന്ന അപകടം, ഡ്രൈവിങ് എന്നു തുടങ്ങി മരടിലെ ഫ്ലാറ്റു നിർമാണം വരെ ഇതിൽ പെടും.

വിദേശ രാജ്യങ്ങളിൽ മിക്ക തൊഴിലിടങ്ങളിലും സുരക്ഷാ വിദഗ്ധരും ഉണ്ടാകും. ഇന്ത്യയിലും അധികം താമസിയാതെ ഇത്തരം നിയമനിർമാണം നടക്കുമെന്ന് ഉറപ്പാണ്. കാലാവസ്ഥാ മാറ്റവും ഹിമപാതവും പേമാരിയും കാട്ടുതീയുമൊക്കെ മുൻകൂട്ടി പ്രവചിക്കാനാകുന്ന വിദഗ്ധരെയും നമുക്കു വേണം. ഡിസാസ്റ്റർ മാനേജ്മെന്റിൽ ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെ പഠിക്കാം. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റാണ് ഈ മേഖലയിൽ ഇന്ത്യയിലെ ഏറ്റവും മികച്ച പരിശീലന സ്ഥാപനം. എല്ലാ പഠന ശാഖയ്ക്കൊപ്പവും പ്രൈമറി തലം മുതൽ കുട്ടികളെ ഡിസാസ്റ്റർ മാനേജ്മെന്റ് കൂടി പഠിപ്പിക്കണം. ഏതു സാഹചര്യത്തിലും ആപത്തിനെ നേരിടാൻ അപ്പോഴേ നമ്മൾ സജ്ജരാകൂ. എത്ര തിയറി പഠിച്ചാലും ദുരന്തനിവാരണത്തിൽ വിദഗ്ധനാകാൻ കഴിയില്ല. ഓരോ തരത്തിലുമുള്ള അപകടങ്ങളിൽ ഇടപെട്ട് അനുഭവ പരിചയം നേടണം.

ഇന്ത്യയിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയാണ്. ദുരന്തത്തിൽ പെടുന്നവരെ തിരഞ്ഞു കണ്ടുപിടിക്കാനും സുരക്ഷിത മേഖലയിലെത്തിക്കാനുമൊക്കെ വിദഗ്ധ പരിശീലനം ലഭിച്ച നാഷനൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സും ഉണ്ട്. ഇന്ത്യയ്ക്കു പുറത്തും മികച്ച കരിയർ സാധ്യതയുള്ള മേഖലയാണ് ഇത്.

ഏതു തൊഴിലായാലും

ദുരന്തനിവാരണം പ്രത്യേക കാറ്റഗറിയായി മാത്രം ചെയ്യേണ്ട ജോലിയല്ല. ഏതു മേഖലയിൽ പ്രവർത്തിക്കുന്നവരായാലും അതുമായി ബന്ധപ്പെട്ട് ഉണ്ടാകാവുന്ന ആപത്തിനെ നേരിടാനുള്ള പരിശീലനം ആവശ്യമാണ്. പാചകവാതകം ചോർന്നു തീപിടിച്ചാൽ കെടുത്താൻ ആദ്യമിറങ്ങേണ്ടത് വീട്ടിലുള്ളവർ തന്നെയല്ല? അപ്പോഴല്ലേ അപകടത്തിന്റെ വ്യാപ്തി കുറയൂ. അതുപോലെ തന്നെയാണ് എല്ലാ പ്രഫഷനും. പൊതുവായ ദുരന്തങ്ങളെ നേരിടാൻ ധാരണ ഉണ്ടാകുന്നതിനൊപ്പം തന്നെ അവരവരുടെ തൊഴിലുമായി ബന്ധപ്പെട്ട ദുരന്തങ്ങളെ നേരിടാനും പഠിക്കണം.