Thursday 12 May 2022 12:03 PM IST : By സ്വന്തം ലേഖകൻ

കയറ്റവും ഇറക്കവുമായി 48 കിലോമീറ്റര്‍, കീഴടക്കി അഗസ്ത്യാർകൂടം; ആതുര ശുശ്രൂഷയ്ക്കൊപ്പം സാഹസികതയും ചേർന്ന നഴ്സ് ജിസിയുടെ ജീവിതം

jisssyyuuu

ആതുരശുശ്രൂഷയ്ക്കൊപ്പം സാഹസികതയും ചേർന്നതാണ് ചേർത്തല തുറവൂർ താലൂക്ക് ആശുപത്രിയിലെ നഴ്സ് ടി.ജെ. ജിസിയുടെ ജീവിതം. കേരള – തമിഴ്നാട് അതിർത്തി പങ്കിടുന്ന പശ്ചിമഘട്ടത്തിന്റെ ഭാഗമായ അഗസ്ത്യാർകൂടം കൊടുമുടി കീഴടക്കിയതാണ് ഒ‌ടുവിലത്തെ സാഹസികത. ഭർത്താവ് അർത്തുങ്കൽ കുരിശിങ്കൽ ജിജുവിനും സുഹൃത്തുക്കളായ രാജകൃഷ്ണൻ, ലീസൺ എന്നിവർക്കൊപ്പമാണ് യാത്ര നടത്തിയത്. 

ഫെബ്രുവരി 13ന് രാവിലെ 8.30ന് തുടങ്ങിയ യാത്ര 15ന് വൈകിട്ട് 2ന് സമാപിച്ചു. നടന്നുള്ള കയറ്റവും ഇറക്കവുമായി 48 കിലോമീറ്ററായിരുന്നു യാത്ര. 1868 മീറ്ററാണ് കൊടുമുടിയുടെ ഉയരം. ആദ്യ ഭാഗം 16 കിലോമീറ്റർ കയറി വിശ്രമിച്ച ശേഷമാണ് കൂടുതൽ കുത്തനെയുള്ള 8 കിലോമീറ്റർ കയറി കൊടുമുടിയുടെ അഗ്രത്തിൽ എത്തിയത്. 

കയറ്റത്തിനും ഇറക്കത്തിനുമിടെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെങ്കിലും കോട‌മഞ്ഞിലും വന്യജീവികളുടെ ഭീഷണിയിലും തളരാതെ ലക്ഷ്യം പൂർത്തിയാക്കുകയായിരുന്നു. യാത്രകൾക്ക് അഡ്വഞ്ചറസ് ബൈക്ക് സ്വന്തമായുണ്ട് ജിസിക്ക്. മൂന്നാറിലേക്ക് അടക്കം വിനോദ– സാഹസിക യാത്രകൾക്കു ബൈക്കാണ് ഉപയോഗിക്കുന്നത്.