Thursday 30 September 2021 04:36 PM IST

‘ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ സൗദി രാജാവിന്റെ പാലസിലേക്ക്, വൈകുന്നേരത്തെ ചായക്ക് ബഹ്റൈനിലേക്ക്’; രസമുള്ള യാത്രകളെ കുറിച്ച് താര ജോർജ്

Roopa Thayabji

Sub Editor

thara334545nnn ഫോട്ടോ: ബേസിൽ പൗലോ

ഖത്തർ രാജാവിന്റെ സ്വന്തം എയർലൈനിൽ കാബിൻ ക്രൂ ആയിരുന്ന താര ജോർജ്...

പറന്നുനടക്കുക എന്ന വിശേഷണം ഏറ്റവും നന്നായി ചേരുന്നത് താര ജോർജിനാണ്. വിമാനത്തിലെ കാബിൻ ക്രൂവായി 15 വർഷം താര പറന്നു നടക്കുക തന്നെയായിരുന്നു. മലയാളിക്ക് താരയെ പരിചയപ്പെടുത്താൻ മറ്റൊരു വിശേഷണം കൂടിയുണ്ട്, പ്രിയ സംവിധായകൻ കെ.ജി. ജോർജിന്റെ മകൾ.  

ഖത്തർ രാജകുടുംബത്തിന്റെ സ്വകാര്യ വിമാനസർവീസായ അമീറി ഫ്ലൈറ്റിലേക്ക് കാബിൻ ക്രൂവായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യാക്കാരിയും ആദ്യ മലയാളിയും താരയാണ്. പ്രൈവറ്റ് എ യർലൈനിലെയും കമേഴ്സ്യൽ എയർലൈനിലെയും ഏറ്റവും സീനിയർ പദവിയിൽ ജോലി ചെയ്ത ശേഷം നാട്ടിലെത്തിയ താരയ്ക്ക് ഒരു സ്വപ്നമേ ഉള്ളൂ. ‘‘നൂറ്റിയൻപതിലധികം രാജ്യങ്ങൾ കണ്ടു. വ്യോമയാന ഭൂപടത്തിൽ ഇല്ലാത്ത ദ്വീപുകളിൽ വരെ പോയി. പക്ഷേ, ഇപ്പോഴും ഇന്ത്യ മുഴുവൻ കണ്ടിട്ടില്ല. എന്റെ നാടു കാണണമെന്നാണ് സ്വപ്നം.’’ സ്വാതന്ത്ര്യദിനത്തിന് ജനിച്ചതു കൊണ്ടാകും ഓരോ നിമിഷവും ചിറകുവിരിച്ച് പറക്കുകയാണ് താരയുടെ മനസ്സ്.

പറക്കണമെന്ന മോഹം എങ്ങനെ മനസ്സിൽ കയറി?

ഐഎഫ്എസ് നേടി വിദേശരാജ്യങ്ങളിൽ കറങ്ങിനടക്കണമെന്ന മോഹം മനസ്സിലേക്ക് ഇട്ടുതന്നത് ഡാഡിയാണ്. പക്ഷേ, എന്റെ ആഗ്രഹം ഫൈറ്റർ ജെറ്റ് പൈലറ്റാകണം എന്നായിരുന്നു. അന്ന് എയർഫോഴ്സ് ഫൈറ്റർ വിമാനങ്ങളിൽ സ്ത്രീകളെ എടുക്കില്ല. പക്ഷേ, ഷോർട് സർവീസ് കമ്മിഷനിൽ ചേരാം. എറണാകുളം സെന്റ് തെരേസാസ് കോളജിൽ ബിഎസ്‌സി അവസാന വർഷ പരീക്ഷയോടൊപ്പം ബെംഗളൂരുവിലെ എയർഫോഴ്സ് അക്കാദമിയിലേക്കും പരീക്ഷയെഴുതി. ആദ്യഘട്ടങ്ങളെല്ലാം പാസായെങ്കിലും പൈലറ്റ് ആപ്റ്റിറ്റ്യൂഡ് ബാറ്ററി ടെസ്റ്റിൽ പരാജയപ്പെട്ടു.

എയ്റോനോട്ടിക്കൽ എൻജിനീയറിങ് പഠിക്കാനായി പിന്നെ ശ്രമം. പട്നയിലെ എയ്റോനോട്ടിക്കൽ എൻജിനിയറിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ അഡ്മിഷൻ കിട്ടിയെങ്കിലും ബിഹാറിലേക്കു വിടാൻ ഡാഡിക്ക് പേടി. അതോടെ വിമാനത്തിൽ ‘കയറിപ്പറ്റാനു’ള്ള മോഹം പൊലിഞ്ഞു.

പിന്നെ, എങ്ങനെ കാബിൻ ക്രൂ ആയി ?

നിരാശ മാറ്റാനായി മൂന്നുമാസത്തെ വിസിറ്റിങ് വീസ എടുത്ത് ദുബായിലേക്ക് വിമാനം കയറി, ഷോപ്പിങ് ഫെസ്റ്റിവൽ കാണാൻ. അവിടെ ലോക്കൽ ഗാർഡിയനായിരുന്ന ഡേവിഡ് അങ്കിൾ ഗൾഫ് എയറിന്റെ മാനേജരായിരുന്നു. അങ്കിളാണ് പറഞ്ഞത്, ‘കാബിൻ ക്രൂ ആകാൻ ട്രൈ ചെയ്യൂ’ എന്ന്. അവിടെ വച്ചു തന്നെ എമിറേറ്റ്സിലേക്കും ഇതിഹാദിലേക്കും അപേക്ഷ അയച്ചു. ഇന്റർവ്യൂ കഴിഞ്ഞ് ആദ്യം ഓഫർ ലെറ്റർ വന്നത് ഇതിഹാദിൽ നിന്നാണ്. എമിറേറ്റ്സിന്റെ ഓഫർ ലെറ്റർ വന്നപ്പോഴേക്കും ബെംഗളൂരുവിലെ കോൾ സെന്ററിൽ ജോലിക്കു കയറിയിരുന്നു.

പൈലറ്റിനെ പോലെയല്ല കാബിൻ ക്രൂവിന്റെ ജോലി. വിമാനം ഒരു മെഷീനല്ലേ, ഏതു നിമിഷം എന്തും സംഭവിക്കും. ഫ്ലൈറ്റ് എമർജൻസിക്കായി അലർട് ആയിരിക്കുകയാണ് കാബിൻ ക്രൂവിന്റെ ഉത്തരവാദിത്തം. സർവീസൊക്കെ അതു കഴിഞ്ഞേ വരൂ. ശല്യപ്പെടുത്തുന്ന യാത്രക്കാരെ അത്യാവശ്യം കൈകാര്യം ചെയ്യാനുള്ള ട്രെയ്നിങ്ങും കിട്ടും. ഇക്കണോമിക് ക്ലാസിലായിരുന്നു നിയമനം. പിന്നീട് ഓരോരോ ക്ലാസുകളിലേക്ക് പ്രമോഷൻ കിട്ടും. മൂന്നു വർഷം കഴിഞ്ഞപ്പോഴേക്കും കാബിൻ ഇൻചാർജ് ആയി. അതിനും മുകളിലാണ് പഴ്സർ. എല്ലാ ക്ലാസ്സുകളിലെയും ക്രൂവിന്റെ മുഴുവൻ ഇൻ ചാർജ്. എമിറേറ്റ്സ് വിടുമ്പോഴേക്കും ഞാൻ പഴ്സറായിട്ട് രണ്ടു വർഷം കഴിഞ്ഞിരുന്നു.

_BAP3126

അമീറി എയർലൈനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ?

എമിറേറ്റ്സിൽ ജോലി ചെയ്യുന്ന കാലം. ന്യൂയോർക്കിലേക്കുള്ള വിമാനം ടേക് ഓഫ് ചെയ്തു കുറച്ചു സമയം കഴിഞ്ഞപ്പോൾ മുന്നിലെ സീറ്റിലെ വിദേശ ദമ്പതികളിലൊരാൾക്ക് അനക്കമില്ല. ഹാർട് അറ്റാക്ക് ആണെന്നു മനസ്സിലാക്കി ഫസ്റ്റ് എയ്ഡ് കൊടുത്തു. അപ്പോഴേക്കും അവർ മരിച്ചിരുന്നു. 13 മണിക്കൂർ കൂടി നീണ്ട ആ യാത്ര കഴിഞ്ഞപ്പോൾ മനസ്സാന്നിധ്യം കൈവിടാതെ സർവീസ് പൂർത്തിയാക്കിയതിനു പ്രശംസാപത്രവും കാഷ് പ്രൈസും കാത്തിരിപ്പുണ്ടായിരുന്നു.

അതിനു ശേഷമാണ് ഖത്തർ അമീറി എയർലൈനിലേക്ക് ക്ഷണിച്ചു കൊണ്ട് ഇമെയിൽ കിട്ടിയത്. ഇന്റർവ്യൂവിന് ചെല്ലാനുള്ള ഫ്ലൈറ്റ് ടിക്കറ്റും അയച്ചുതന്നു. ലോകത്തെ ഏറ്റവും ധനികനായ രാജാവിന്റെ സ്വകാര്യ വിമാനസർവീസല്ലേ. ടാക്സ് ഇല്ല ഖത്തറിൽ. അതുകൊണ്ട് ശമ്പളവും ഒട്ടും കുറയാതെ കയ്യിൽ കിട്ടും.

രാജാവിന്റെ വിമാനയാത്രകൾ രാജകീയമാകുമല്ലോ?

14 വിമാനങ്ങളാണ് അമീറി എയർലൈനിൽ ഉള്ളത്. ഓരോ വിമാനവും ഓരോരുത്തരുടെ ഇഷ്ടത്തിനനുസരിച്ച് ബെഡ്റൂമും ലിവിങ് റൂമും തിയറ്ററും സ്പായുമൊക്കെയായി കസ്റ്റമൈസ് ചെയ്തതാണ്.  അമീറും കുടുംബാംഗങ്ങളും കൂടാതെ അമീറി ദിവാനിലെ (ഭരണകൂടം) അംഗങ്ങൾ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങി എല്ലാവരുടെയും യാത്ര അമീറി ഫ്ലൈറ്റിലാണ്. 80 ശതമാനം യാത്രകളും ഔദ്യോഗികമാകും. ബാക്കി വിനോദയാത്രകളും. സുരക്ഷാനിർദേശങ്ങ ൾ ഉള്ളതു കൊണ്ട് ആരാണ് വിമാനത്തിൽ ഉള്ളതെന്നോ, എങ്ങോട്ടു പോകുന്നു എന്നോ തുടങ്ങി യൂണിഫോമിലുള്ള ചിത്രങ്ങൾ പോലും  എടുക്കാനും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാനും അനുവാദമില്ല.

_BAP3174

അമീറിനൊപ്പമുള്ള യാത്രയ്ക്കും പ്രോട്ടോകോൾ ഉണ്ട്. ഏറ്റവും മുന്നിലെ കാബിനിലാകും  അമീറും രാജകുടുംബാംഗങ്ങളും. അതിനു പിന്നിലെ കാബിനിൽ അദ്ദേഹത്തിന്റെ തൊട്ടുതാഴെ വരുന്ന ഉദ്യോഗസ്ഥരും അനുചരന്മാരും. ഏറ്റവും പിറകിലെ കാബിനിൽ നിന്നു ഗ്രേഡ് കൂടുന്നതിനനുസരിച്ച് മുന്നിലെ കാബിനുകളിലേക്ക് കാബിൻ ക്രൂവിന് പ്രമോഷൻ കിട്ടും. അമീറിന്റെ കാബിനിലെ ആദ്യദിവസം മറക്കാനാകില്ല. നെഞ്ചിടിപ്പോടെയാണ് ‍ഞാൻ നിൽക്കുന്നത്. പെട്ടെന്ന് അമീറും രണ്ടുപേരും കയറി വന്നു. ഞാൻ വിഷ് ചെയ്യും മുമ്പുതന്നെ അദ്ദേഹത്തിന്റെ ചോദ്യം വന്നു, ‘ഹലോ താരാ, ഹൗ ആർ യൂ...’ ഞാൻ മലയാളിയാണ് എന്നൊക്കെ അദ്ദേഹത്തിന് മുൻപേ അറിയാമായിരുന്നു.

ഔദ്യോഗികം അല്ലാത്ത യാത്രകളുടെ രസവുമുണ്ടാകും ?

എമിറേറ്റ്സിൽ ജോലി ചെയ്ത ഏഴു വർഷം കൊണ്ട് അറുപതോളം രാജ്യങ്ങളിലേക്കാണ് പറന്നത്. പക്ഷേ, അമീറി ഫ്ലൈറ്റിലെ ഏഴു വർഷം കൊണ്ട് നൂറോളം രാജ്യങ്ങളിലേക്ക് യാത്ര ചെയ്ത് മൂന്നാമത്തെ പാസ്പോർട്ടും തീരാറായി. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ സൗദി രാജാവിന്റെ പാലസിലേക്ക്, വൈകുന്നേരത്തെ ചായക്ക് ബഹ്റൈനിലേക്ക് അങ്ങനെയാണ് ചില രസങ്ങൾ.

ഒരിക്കൽ സൗദിയിലേക്കുള്ള യാത്രയ്ക്ക് പെട്ടെന്നു റെഡിയാകണം എന്ന് മെസേജ് വന്നു. ജിദ്ദ എയർപോർട്ടിൽ അമീറിനെ ഇറക്കിയ ശേഷം കാത്തിരിക്കുമ്പോൾ വിമാനത്തിനുള്ളിലേക്ക് വിഭവസമൃദ്ധമായ ഭക്ഷണം വരുന്നു. അന്വേഷിച്ചപ്പോഴാണ് കാര്യം മനസ്സിലായത്, സൗദി രാജകുടുംബത്തിലെ ആരുടെയോ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാനാണ് അമീർ വന്നിരിക്കുന്നത്.  

ഭൂപടത്തിൽ ഇല്ലാത്ത ദ്വീപുകളിലേക്ക് പോയതെങ്ങനെ?

രാജകുടുംബത്തിലെ പലർക്കും ഹണ്ടിങ്ങും ഫിഷിങ്ങുമൊക്കെയാണ് ഹോബി. ഒരിക്കൽ പസഫിക് സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഇടത്ത് ചൂണ്ടയിടാനായി പോയി. എയർലൈൻ ഭൂപടത്തിൽ രേഖപ്പെടുത്താത്ത സ്ഥലത്താണ് ആ ദ്വീപ്. മിലിറ്ററി എയർക്രാഫ്റ്റുകളുടെ യാത്രാപ്ലാൻ പ്രകാരമാണ് ഇത്തരം യാത്രകളെല്ലാം. സൈനിക താവളത്തിന്റെ ബേസ് ക്യാംപിൽ ലാൻഡ് ചെയ്താൽ വിശ്രമിക്കുന്നതൊക്കെ അവിടെ തന്നെയാകും.

രാജകുടുംബത്തിനൊപ്പം വിനോദയാത്രയ്ക്ക് പുറപ്പെട്ട് 35ാം ദിവസം തിരിച്ചുവന്നതാണ് ഏറ്റവും വലിയ ട്രിപ്. ഓസ്ട്രേലിയ, അമേരിക്കയിലെ വിവിധയിടങ്ങൾ, ലണ്ടൻ, പാരിസ്, മിലാൻ, മാഡ്രിഡ്, മാലിദ്വീപ് എന്നിവിടങ്ങളൊക്കെ കറങ്ങിയാണ് തിരിച്ചെത്തിയത്. ലാൻഡ് ചെയ്യുന്ന സ്ഥലത്തെ കാഴ്ചകൾ കാണാൻ നമുക്കും പോകാം. പക്ഷേ, വിമാനം പുറപ്പെടുന്നതിന് അര മണിക്കൂർ മുൻപ് തിരികെ റിപ്പോർട്ട് ചെയ്യണം.

കാബിൻ ക്രൂ ആയിരുന്ന 15 വർഷം ഏറ്റവും റിസ്ക് തോന്നിയ കാര്യം ?

ജോയിൻ ചെയ്യുന്ന സമയത്ത് ഉള്ള നമ്മുടെ ‘സൈസ്’ തന്നെ എല്ലാ കാലവും നിലനിർത്തുന്നത് കുറച്ച് റിസ്കല്ലേ. എല്ലാ വർഷവും പുതിയ യൂണിഫോം കിട്ടും. പക്ഷേ, സൈസ് മാറില്ല. ജിമ്മിലെ വർക് ഔട്ടും നീന്തലുമാണ് ഒട്ടും വണ്ണം കൂടാതിരിക്കാൻ സഹായിച്ചത്.

ഡാഡിക്കും മമ്മിക്കും പ്രായമായപ്പോഴാണ് നാട്ടിലേക്കു വരാൻ തീരുമാനിച്ചത്. അങ്ങനെ 2019ൽ രാജിവച്ചു. സദ്ഗുരുവിന്റെ കോയമ്പത്തൂരിലെ ആശ്രമത്തിലും തിരുവണ്ണാമലയിലെ രമണമഹർഷിയുടെ ആശ്രമത്തിലുമൊക്കെ കറങ്ങി കൊച്ചിയിൽ വന്നപ്പോഴേക്കു ലോക്ഡൗൺ വന്നു. ഹോളിസ്റ്റിക് ആൻഡ് വെൽനസ് കോച്ച് ആണ് ഇപ്പോൾ. കളരിയും പഠിക്കുന്നു.

ഇതിനിടെ വിവാഹം കഴിക്കാൻ മറന്നോ ?

വിവാഹം കഴിക്കാത്തവരെയേ ചില എയർലൈനുകൾ റിക്രൂട്ട് ചെയ്യൂ. എമിറേറ്റ്സിൽ അങ്ങനെ നിബന്ധന ഇല്ല. മെറ്റേണിറ്റി ലീവും കിട്ടും. അമീറി ഫ്ലൈറ്റിലും ഇങ്ങനെ നിബന്ധനയില്ല. പറന്നുപറന്ന് സമയവും വർഷവുമൊന്നും പോയത് അറിഞ്ഞേയില്ല എന്നതാണ് സത്യം. കല്യാണം ഒരു നിമിത്തമല്ലേ, ഇനിയാണ് അതിന്റെ ആകാശം തെളിയുന്നതെങ്കിലോ?

അച്ഛന്റെ വഴിയിൽ നിന്നു മാറിനടന്നു ?

‘പഞ്ചവടിപ്പാലം’ റിലീസായതിനു പിന്നാലെയാണ് ഞാൻ ജനിച്ചത്. ഡാഡിയുടെ എനിക്കേറ്റവും ഇഷ്ടപ്പെട്ട സിനിമയും അതാണ്. ചെന്നൈയിലാണ് ജനിച്ചതും ആറു വയസ്സുവരെ വളർന്നതും. മക്കളെ മലയാളം നന്നായി സംസാരിക്കാനും എഴുതാനും പഠിപ്പിക്കണമെന്ന് ഡാഡിക്ക് നിർബന്ധമായിരുന്നു. അങ്ങനെയാണ് തിരുവന്തപുരത്തേക്കു വന്നത്. കോട്ടൺഹിൽ സ്കൂളിലാണ് പത്തുവരെ പഠിച്ചത്. മാർ ഇവാനിയസിൽ പ്രീഡിഗ്രി. ഡാഡി മാക്ടയുടെ അധ്യക്ഷനായി എറണാകുളത്തേക്കു വന്നതിനൊപ്പം അവിടേക്കു മാറി.

മൂന്നു മാസം പ്രായമുള്ളപ്പോൾ കൈക്കുഞ്ഞായി  ‘ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്കി’ൽ മുഖം കാണിച്ചതല്ലാതെ തിരിച്ചറിവായ ശേഷം ക്യാമറയെ ഫെയ്സ് ചെയ്തിട്ടേയില്ല. എല്ലാ വെക്കേഷനും ഡാഡിയുടെ സിനിമാ ലൊക്കേഷനിലേക്കു പോകുമായിരുന്നു. അപ്പോൾ ബഹളമുണ്ടാക്കി കളിച്ചു നടക്കാൻ പാടില്ല എന്നൊക്കെ നേരത്തേ തന്നെ മമ്മി നിബന്ധനകൾ വയ്ക്കും. മിക്കവാറും സിനിമയിൽ മമ്മൂട്ടിയാണ് നായകൻ. ദുൽഖറും സുറുമിയും ഞാനും ചേട്ടനുമൊക്കെ ലൊക്കേഷനിൽ കളിച്ചുരസിക്കും. ഡാഡി അവസാനം സംവിധാനം ചെയ്ത ‘ഇലവങ്കോടു ദേശ’ത്തിന്റെ പാലക്കാട്ടെ ലൊക്കേഷനിലും പോയിരുന്നു. പക്ഷേ, അഭിനയിക്കാനോ പാടാനോ അന്നും ഇന്നും ആത്മവിശ്വാസമില്ല.    

tharaaagghhf6667